അമേരിക്കയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കത്തോലിക്കാ ദേവാലയങ്ങൾക്കു നേരെ നടന്നത് മുന്നൂറോളം ആക്രമണങ്ങൾ

കഴിഞ്ഞ രണ്ടു വർഷത്തിനിടെ അമേരിക്കയിൽ കത്തോലിക്കാ ദേവാലയങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ മുന്നൂറിലധികമെന്ന് കാത്തലിക് വോട്ടിന്റെ പുതിയ റിപ്പോർട്ട്. ജോർജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടർന്ന് 2020 മെയ് മുതൽ അമേരിക്കയിൽ ആഭ്യന്തരകലാപം പിടിമുറുക്കിയപ്പോൾ, കത്തോലിക്കാ ദേവാലയങ്ങൾക്കു നേരെ 275 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

പല നഗരങ്ങളിലും സ്വത്തുക്കൾ നശിപ്പിച്ച ജനക്കൂട്ടങ്ങളിൽ നിന്ന് ദേവാലയങ്ങൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. ദേവാലയങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുക, പൈശാചിക സന്ദേശങ്ങൾ എഴുതുക, ജനലുകളും വാതിലുകളും തകർക്കുക, വിശുദ്ധരുടെ രൂപങ്ങൾ തകർക്കുക തുടങ്ങി ദേവാലയങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ വിവിധ രീതികളിലായിരുന്നു.

2022 മെയ് ആദ്യം ചരിത്രപരമായ ഗർഭച്ഛിദ്ര വിധി മാറ്റാൻ നിർദ്ദേശിച്ച സുപ്രീം കോടതിയുടെ കരട് അഭിപ്രായത്തിന്റെ ചോർച്ചക്കു ശേഷം, ആക്രമണങ്ങളുടെ രണ്ടാം തരംഗം ഉണ്ടായതായി കാത്തലിക് വോട്ട് ചൂണ്ടിക്കാട്ടുന്നു. റിയോ വി വേഡ് കരട് ചോർന്നതിനു ശേഷം അമേരിക്കയിൽ ഉടനീളമായി കത്തോലിക്കാ ദേവാലയങ്ങൾക്കു നേരെ 118 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ആക്രമണങ്ങളിൽ കവർച്ചയും ഉൾപ്പെടുന്നെങ്കിലും, ബഹുഭൂരിപക്ഷവും സ്വത്ത് നശിപ്പിക്കൽ മാത്രമാണ് ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നത്. ഇത് ഭൗതികനേട്ടം പ്രാഥമിക ലക്ഷ്യമല്ലെന്ന് സൂചിപ്പിക്കുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടുന്ന 50 സംസ്ഥാനങ്ങളിൽ 42 എണ്ണവും വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ ഡിസ്ട്രിക്റ്റും ഇത്തരത്തിലുള്ള നശീകരണ പ്രവർത്തനങ്ങളുടെ ഇരയായി.

നോ-നതിംഗ്‌സ്, കു ക്ലക്സ് ക്ലാൻ തുടങ്ങിയ സംഘടിത ഗ്രൂപ്പുകൾ 1800 -കളുടെ അവസാനത്തിലും 1900 -കളുടെ തുടക്കത്തിലും നടത്തിയ നശീകരണ പ്രവർത്തനങ്ങളുടെ കാണാത്ത തലങ്ങളിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് കാത്തലിക് വോട്ടിന്റെ പ്രസിഡന്റ് ബ്രയാൻ ബർച്ച് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.