‘കുവൈറ്റിലെ പാദ്രെ പിയോ’ എന്നറിയപ്പെടുന്ന വൈദികൻ

‘കുവൈറ്റിലെ പാദ്രെ പിയോ’ എന്നറിയപ്പെടുന്ന ഫാ. ഡൊമിനിക് സാന്താ മരിയ യഥാർഥത്തിൽ ഒരു ഇന്ത്യൻ വൈദികനാണ്. അദ്ദേഹത്തിന് ഇപ്പോൾ 79 വയസ്സുണ്ട്. യെമനിൽ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം കുവൈറ്റിലേക്കു നിയമിക്കപ്പെടുന്നത്. കഴിഞ്ഞ 50 വർഷത്തിലേറെയായി അദ്ദേഹം കുവൈറ്റിൽ തന്റെ ശുശ്രൂഷ തുടരുന്നു. കുമ്പസാരക്കൂട്ടിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നതുകൊണ്ട് പ്രദേശവാസികളുടെ ഇടയിൽ ‘പാദ്രെ പിയോ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.

അദ്ദേഹം ഉൾപ്പെടുന്ന നോർത്ത് അറേബ്യയിലെ അപ്പോസ്തോലിക് വികാരിയേറ്റ് പറയുന്നതനുസരിച്ച്, 1945 ഏപ്രിൽ 17-ന് ഗോവയിലെ മാപുസ പട്ടണത്തിലാണ് ഫാ. സാന്താ മരിയ ജനിച്ചത്. ബെത്‌ലഹേമിനു സമീപം സ്ഥിതിചെയ്യുന്ന ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ സെമിനാരിയിലാണ് അദ്ദേഹം പഠിച്ചത്. 1970 ജൂൺ 27-ന് അന്നത്തെ ലത്തീൻ പാത്രിയർക്കീസ് ​​ബിഷപ്പ് ആൽബർട്ട് ഗോറിയുടെ കൈവയ്പ്പ് ശുശ്രൂഷ വഴി ജറുസലേമിലെ ഡോർമിഷന്റെ ബസിലിക്കയിൽ വച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി.

“25 വയസ്സുള്ളപ്പോൾ, യെമനിലെ ഏഡനിലെ ക്രേറ്ററിലുള്ള ഹോളി ഫാമിലി പള്ളിയുടെ ഇടവക വികാരിയായി ഞാൻ നിയമിക്കപ്പെട്ടു. കുവൈറ്റിൽ സ്ഥാനമേൽക്കുന്നതിനുമുമ്പ് ഞാൻ അവിടെ താമസിച്ചു. ഞാൻ ഇപ്പോഴും യെമനിനെ ഓർത്ത് പ്രാർഥിക്കാറുണ്ട്” – അദ്ദേഹം വെളിപ്പെടുത്തുന്നു.

1973 ഒക്‌ടോബർ 27-ന് കുവൈറ്റിലെ ഹോളി ഫാമിലി കത്തീഡ്രലിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തെ നിയമിച്ചു. വടക്കേ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ആൽഡോ ബെരാർഡിയുടെ അധികാരത്തിൻകീഴിലുള്ള മറ്റ് പത്ത് വൈദികരുമായി അദ്ദേഹം കുവൈറ്റിൽ സുവിശേഷവത്കരണത്തിൽ പങ്കാളിയായി.

‘കുവൈറ്റിലെ പാദ്രെ പിയോ’

54 വർഷത്തെ തന്റെ പൗരോഹിത്യത്തിൽ ഫാ. സാന്താ മരിയ 18,000-ത്തിലധികം പരിശുദ്ധ കുർബാന അർപ്പിച്ചിട്ടുണ്ട്. 8,140 കുട്ടികൾക്ക് മാമ്മോദീസ നൽകിയിട്ടുണ്ട്. 748 വിവാഹങ്ങൾ ആശീർവദിച്ചിട്ടുണ്ട്. ഈ വർഷത്തെ ഈസ്റ്റർ വരെയുള്ള കണക്കുകളാണിത്.

“ആളുകൾ എന്നെ സ്നേഹപൂർവം ഡോൺ ബോസ്കോ എന്നും വിളിക്കുന്നു. കാരണം ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എനിക്ക് ചുറ്റും കുട്ടികളുണ്ട്. ഇനിയും കൂടുതൽ കുട്ടികൾക്ക് മാമ്മോദീസ നൽകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. യേശുവിനെ അവർക്ക് നൽകാൻ കഴിയുന്നത് വലിയ സന്തോഷമാണ്” – ഈ വൈദികൻ പറയുന്നു.

ഇറാഖി സൈന്യത്തിന്റെ അധിനിവേശസമയത്ത് താനും കുവൈറ്റിൽ ഉണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. 2005-ൽ ഫാ. സാന്താ മരിയക്ക് ബിഷപ്പ് മൗംഗഡ് എൽ-ഹാക്കെമിന്റെ കൈകളിൽ നിന്ന് ‘ക്രോസ് ഓഫ് ഓണർ പ്രോ എക്ലീസിയ എറ്റ് പൊന്തിഫിസ്’ ലഭിച്ചു. സഭയ്ക്കും മാർപാപ്പയ്ക്കും നൽകിയ സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.