
കടലിന്റെ ആഴങ്ങളിൽ അധ്വാനത്തിന്റെ വിയർപ്പു തുള്ളികൾ വീഴ്ത്തുന്ന തീരദേശ ഗ്രാമങ്ങൾക്ക് സ്വപ്നങ്ങൾ കാണാൻ അതിരുകളില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം പൂന്തുറ സ്വദേശിയായ കരിഷ്മ ബിൻരാജ്. തിരുവനന്തപുരം നഗരത്തിലെ തീരദേശമായ പൂന്തുറയിൽ നിന്ന് ഒരു പെൺകുട്ടി ആകാശത്തേക്ക് പറന്നുയരുമ്പോൾ അത് സ്വന്തം സ്വപ്നങ്ങളുടെ വിജയത്തോടൊപ്പം ഒരു പ്രദേശത്തിന്റെ മുഴുവൻ അഭിമാനമായി മാറുകയാണ്.
മത്സ്യബന്ധനം ഉപജീവനമാക്കിയ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന കരിഷ്മ ബിൻരാജ് എന്ന ഇരുപത്തേഴുകാരിയാണ് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി ഈ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പൂന്തുറയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യത്തെ വനിതയാണ് കരിഷ്മ.
കുട്ടിക്കാലത്തെ ആഗ്രഹം
പൂന്തുറയിലെ സഹായരാജുവിന്റെയും മേരി വസന്തയുടെയും മകളായ കരിഷ്മയുടെ സ്കൂൾ വിദ്യാഭ്യാസം പൂന്തുറയിൽ തന്നെയായിരുന്നു. മത്സ്യത്തൊഴിലാളിയായ തന്റെ പിതാവിനെക്കുറിച്ച് അഭിമാനത്തോടെയാണ് കരിഷ്മ സംസാരിക്കുന്നത്. പത്താം വയസ്സിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തിരുന്ന ബന്ധു ശ്രുതിമോളിൽ നിന്നാണ് കരിഷ്മയ്ക്ക് വ്യോമയാന മേഖലയെക്കുറിച്ചുള്ള ആദ്യ അറിവുകൾ ലഭിക്കുന്നത്. വിമാനയാത്രകളെക്കുറിച്ചും വനിതാ പൈലറ്റുമാരെക്കുറിച്ചും ശ്രുതിമോൾ പങ്കുവച്ച കഥകളാണ് കരിഷ്മയുടെ ഉള്ളിൽ പൈലറ്റാകണമെന്ന ആഗ്രഹത്തിന് തിരികൊളുത്തിയത്.
കഠിനാധ്വാനവും പ്രതിസന്ധികളും
തുടക്കത്തിൽ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റാകാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് ഉപരിപഠനത്തിനും ജോലിക്കുമായാണ് അവൾ ഇറ്റലിയിലേക്കും ഓസ്ട്രേലിയയിലേക്കും യാത്ര ചെയ്തത്. പിന്നീട് നാട്ടിൽ മടങ്ങിയെത്തി പൂന്തുറയിൽ ഒരു ചെറിയ ആഭരണ വ്യാപാരം ആരംഭിച്ചു. എന്നാൽ ഉള്ളിലെ പൈലറ്റ് മോഹം മാഞ്ഞുപോയിരുന്നില്ല. ഇരുപത്തഞ്ചാം വയസ്സിൽ തന്റെ ലക്ഷ്യത്തിനായി അവൾ വീണ്ടും തീവ്രമായി പരിശ്രമിച്ചു.
ബാങ്ക് വായ്പയെടുത്താണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള ഫ്ലൈറ്റ് സ്കൂളിൽ പരിശീലനത്തിനായി ചേർന്നത്. വിദേശത്തെ കഠിനമായ പരിശീലനങ്ങളും സാമ്പത്തിക പ്രയാസങ്ങളും തരണം ചെയ്താണ് കരിഷ്മ ഒടുവിൽ തന്റെ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയെടുത്തത്.
”കുട്ടിക്കാലം മുതൽ ഞാൻ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യത്തോട് അടുത്തതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിയിട്ടില്ല ഇത് എന്റെ യാത്രയുടെ തുടക്കം മാത്രമാണ് ” കേപ്ടൗണിൽ നിന്ന് പരിശീലനം തുടരുന്നതിനിടയിൽ കരിഷ്മ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ലക്ഷ്യം: കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്
നിലവിൽ കേപ്ടൗണിലെ ഫ്ലൈറ്റ് സ്കൂളിൽ തന്നെ താമസിച്ച് തന്റെ അടുത്ത ലക്ഷ്യമായ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള പരിശീലനത്തിലാണ് കരിഷ്മ. പരിശീലനം പൂർത്തിയാക്കി ഭാവിയിൽ ഏതെങ്കിലും ഇന്ത്യൻ എയർലൈൻസിൽ കൊമേഴ്സ്യൽ പൈലറ്റായി പറക്കാനാണ് ഈ മിടുക്കിയുടെ ആഗ്രഹം.
പ്രതിസന്ധികളെ തോൽപ്പിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കരിഷ്മയുടെ വിജയം പൂന്തുറയ്ക്കും കേരളത്തിനും ഒരുപോലെ മാതൃകയാണ്.




