പാക്കിസ്ഥാനിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ക്രൈസ്തവദേവാലയം വീണ്ടും തുറന്നു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലുള്ള ജരൺവാലയിൽ ഇസ്ലാംമതവിശ്വാസികൾ അഗ്നിക്കിരയാക്കിയ ക്രൈസ്തവദേവാലയം ഭാഗികമായി തുറന്ന് വിശുദ്ധ ബലിയുൾപ്പെടെയുള്ള കൂദാശകൾ ആരംഭിച്ചു. ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആൾക്കൂട്ടം ദേവാലയം ആക്രമിച്ചത്. ആഗസ്റ്റ് 16 -ന് നടന്ന ആക്രമണത്തിൽ നിരവധി ഭവനങ്ങൾ ഉൾപ്പെടെ ആൾക്കൂട്ടം നശിപ്പിച്ചിരുന്നു.

രാജാ ആമിർ എന്നയാളും സഹോദരനും ഖുറാന്റെ താളുകൾ കീറി ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇരുനൂറോളം വരുന്ന ജനക്കൂട്ടം അവിടുത്തെ ക്രൈസ്തവദേവാലയം അഗ്നിക്കിരയാക്കുകയും മുന്നൂറോളം ക്രൈസ്തവഭവനങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവം രാജ്യത്തൊട്ടാകെ ചെറുതല്ലാത്ത പ്രതികരണങ്ങൾ ഉയർത്തിയിരുന്നു. പാക്കിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രി അൻവർ ഉൽ ഹഖ്, ലാഹോർ ആർച്ചുബിഷപ്പ് അഭിവന്ദ്യ സെബാസ്റ്റ്യൻ ഷോ, ഫൈസലാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഇന്ദ്രിയാസ് റഹ്മത്, പാക്കിസ്ഥാൻ മെത്രാൻസമിതിയുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷൻ അധ്യക്ഷൻ ബിഷപ് ജോസഫ് അർഷാദ് തുടങ്ങിയവർ അക്രമങ്ങൾക്കിരകളായവരെ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംഭവത്തെ അപലപിച്ചിരുന്നു.

ജരൺവാല ഇടവകയിലെ വി. യോഹന്നാന്റെ നാമത്തിലുള്ള ചാപ്പലാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. എന്നാൽ അവിടെയുള്ള മറ്റൊരു ചാപ്പലും (നസ്രായനായ യേശു) സെന്റ് പോൾസ് ഇടവകദേവാലയവും ഇപ്പോഴും തുറക്കാനായിട്ടില്ലെന്നും ഫൈസലാബാദ് രൂപതാ വൈദികനായ ഫാ. ഖാലിദ് മുഖ്‌താർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.