ഫൈസലാബാദിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രിസ്ത്യൻ പെൺകുട്ടി തിരികെയെത്തി

നിർബന്ധിത മതപരിവർത്തനവും വിവാഹവും ലക്‌ഷ്യം വച്ച് മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി. തട്ടിക്കൊണ്ടു പോയി മൂന്ന് മാസത്തിന് ശേഷം ആണ് 13 കാരിയായ ഹൂറബ് മസിഹിനെ കണ്ടെത്തുകയും നിയമപ്രകാരം അവളെ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തത്. ഡിസംബർ അവസാനം പഞ്ചാബിലെ ഫൈസലാബാദിനടുത്തുള്ള ചാക് 7 ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്ന മുസ്ലീം കടയുടമ ആണ് ഹൂറബ് മസിഹിനെ തട്ടിക്കൊണ്ടു പോയത്.

നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ ഹൂറബ് മസിഹിനെ കണ്ടെത്തിയ ശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നാണ് പിതാവ് ബഷാരത്തിനും സഹോദരങ്ങൾക്കും ഒപ്പം പോകുവാൻ അനുവദിച്ചത്. 2023 ഡിസംബർ 28-നാണ് ഹൂറബ് മസിഹ് തട്ടിക്കൊണ്ടു പോകലിന് ഇരയായത്. പതിവുപോലെ മുഹമ്മദ് മുസ്തഫയുടെ (ഉസ്മാൻ ജോലി ചെയ്തിരുന്ന) പലചരക്ക് കടയിലേക്ക് പോയി. അന്ന്, ഉസ്മാൻ അവളെ തട്ടിക്കൊണ്ടുപോയി. ഫൈസലാബാദിൽ നിന്ന് ചിനിയോട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും മതപരിവർത്തനം ചെയ്യുകയും തട്ടിക്കൊണ്ടുപോയയാളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ തനിക്കു അവകാശം ഉണ്ടെന്നു വാദിച്ചു. എന്നാൽ ചിനിയോട്ട് മുനിസിപ്പൽ കമ്മീഷൻ യൂണിയൻ ഈ വിവാഹത്തെ തെറ്റും കുറ്റകരവുമായി ചൂണ്ടിക്കാട്ടി. ഇതോടെയാണ് പെൺകുട്ടിക്ക് നീതി ലഭിച്ചത്.

വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ്, പെൺകുട്ടിയെ ദുരുപയോഗത്തിനും അക്രമത്തിനും ഇരയായ സ്ത്രീകൾക്കായുള്ള ഒരു വനിതാ അഭയകേന്ദ്രത്തിലേക്ക് അയച്ചു. അതിനു ശേഷം ആണ് പിതാവിന്റെ പക്കലേയ്ക്ക് പെൺകുട്ടിയെ വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.