ലോക യുവജനദിനം ഒരു യുവാവിനെ പൗരോഹിത്യത്തിലേക്കു നയിച്ച കഥ

2011-ൽ മാഡ്രിഡിൽ നടന്ന യുവജനദിനം. അനേകം യുവാക്കളിലൊരാളായി നെൽസൺ സിൻട്രയും പങ്കെടുത്തിരുന്നു. ആ അവസരത്തിൽ സിൻട്ര ഇങ്ങനെ പ്രാർഥിച്ചു: “യേശുവേ, എന്റെ ജീവിതം മുഴുവൻ ഞാൻ നിനക്കു തരുന്നു.” അന്ന് എല്ലാവരെയുംപോലെ ലോക യുവജനസമ്മേളനം കഴിഞ്ഞു മടങ്ങിയ സിൻട്ര ആവേശത്തിലായിരുന്നു; ആ ആവേശം അദ്ദേഹത്തെ നയിച്ചത്, ഒരു  വൈദികനായിത്തീരുക എന്ന വലിയ തീരുമാനത്തിലേക്കും. ലോക യുവജനദിനം ദൈവവിളിയുടെ വിത്തുകൾ പാകിയ ഒരു യുവാവിന്റെ ജീവിതം അറിയാം…

ഏതൊരു ക്രിസ്ത്യാനിയെയുംപോലെ കൂദാശകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും സിൻട്രയും കുടുംബവും നാമമാത്ര ക്രിസ്ത്യാനികളായിട്ടായിരുന്നു ജീവിതം നയിച്ചിരുന്നത്. ഹൈസ്കൂളിലും കോളേജിലും പഠിക്കുന്ന കാലയളവിൽ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുപോലും അദ്ദേഹം സംശയിച്ചിരുന്നു. അപ്രതീക്ഷിതമായി സിൻട്രയുടെ പിതാവ് കാൻസർ ബാധിതനായതും മരണമടഞ്ഞതും അദ്ദേഹത്തെ വല്ലാതെ തളർത്തി. ദൈവത്തിലുള്ള വിശ്വാസംപോലും നഷ്ടമാകാൻ അത് കാരണമായി.

“വളർച്ചയുടെ നാളുകളിൽ കത്തോലിക്കർ ആരായിരുന്നെന്നോ, വിശ്വാസം എന്തായിരുന്നെന്നോ എനിക്ക് യഥാർഥത്തിൽ അറിയില്ലായിരുന്നു. എങ്കിലും ജീവിതത്തിൽ നേരിടേണ്ടിവന്ന അപ്രതീക്ഷിതമായ പ്രതിസന്ധികളിലൊക്കെ ഉത്തരം തേടാൻ സഭയിലേക്കു നോക്കുമായിരുന്നു. ഉത്തരങ്ങൾക്കായി ദൈവത്തോട് സഹായം ചോദിക്കാനും തുടങ്ങിയിരുന്നു. കത്തോലിക്കാ സഭയെക്കുറിച്ച് എനിക്കറിയാവുന്ന അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ഞാൻ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അവയിൽ വിശ്വസിക്കാൻ കാരണങ്ങളുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണങ്ങളേറെയും” – സിൻട്ര പറയുന്നു.

യുവജനദിനത്തിൽ

അങ്ങനെയിരിക്കെ 2011-ൽ മാഡ്രിഡിൽ നടക്കുന്ന ആഗോള യുവജനദിനത്തെക്കുറിച്ചറിഞ്ഞ സിൻട്രയുടെ സഹോദരി നളിത മരിയ മുഗയാർ ഒരു ടിക്കറ്റ് വാങ്ങി സഹോദരനായ സിൻട്രയെ യുവജനദിനത്തിനയയ്ക്കാൻ പദ്ധതിയിട്ടു. ലോക യുവജനദിനത്തെക്കുറിച്ച് ഈ സമയം സിൻട്രയ്ക്ക് ഒരു അറിവുമില്ലായിരുന്നു. കുട്ടിക്കാലത്ത്, ബ്രസീലിൽ മാർപാപ്പ പങ്കെടുത്തിട്ടുള്ള കുടുംബങ്ങൾക്കായുള്ള ആഗോളസമ്മേളനത്തിൽ സിൻട്രയും കുടുംബവും പങ്കെടുത്തിരുന്നു. അന്ന് സിന്ട്രയ്ക്ക് 13 വയസ്സായിരുന്നു. അന്നത്തെ ഓർമ്മകളുമായാണ് അദ്ദേഹം ലോക യുവജനദിനത്തിൽ പങ്കെടുക്കാൻ പോയത്. അവിടെയെത്തിയ സിൻട്ര പറയുന്നത് ഇങ്ങനെയാണ്:

“അവിടെക്കൂടിയ ആളുകളുടെ എണ്ണമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ കൂടെയുണ്ടായിരുന്നവരുടെ വിശ്വാസമാണ്. ഞാൻ ആദ്യമായാണ് വിശ്വാസമുള്ള ഇത്രയും ആളുകളുടെ ഇടയിലെത്തുന്നത്. എന്താണ് വിശ്വസിക്കേണ്ടതെന്നല്ല ഞാൻ അപ്പോൾ ചിന്തിച്ചത്, മറിച്ച് എന്നെ സൃഷ്ടിച്ച സ്നേഹം ഞാൻ അനുഭവിക്കുകയായിരുന്നു.” അതോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നും അവിടെ വന്നുചേർന്നിരുന്നവരുടെ നന്ദിയോടും വിനയത്തോടും മാന്യതയോടെയുമുള്ള ഇടപെടലുകളും സിൻട്രയെ ആകർഷിച്ച മറ്റൊരു ഘടകമായിരുന്നു.

ബെനഡിക്ട് പാപ്പയെ കാത്ത്

മാർപാപ്പയെ കാത്തിരുന്ന ഹൃദയസ്പർശിയായിരുന്ന നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നു: “ആ സമയം വേറെ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. അദ്ദേഹത്തിനായി കാത്തിരുന്ന സമയമത്രയും മാർപാപ്പയെക്കുറിച്ചായിരുന്നു എന്റെ ചുറ്റുമുണ്ടായിരുന്നവർ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മാർപാപ്പയെത്തി. ദൈവത്തിന്റെ പ്രതിനിധിയെ അടുത്തുകണ്ട നിമിഷം ഞാൻ കോരിത്തരിച്ചുപോയി.” കൂടിക്കാഴ്ചയ്ക്കൊടുവിലെ മാർപാപ്പയുടെ പ്രസംഗം സിൻട്രയുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നുവെന്നും അദ്ദേഹം പങ്കുവച്ചു.

ജീവിതം സമർപ്പിച്ച നിമിഷങ്ങൾ

അനേകായിരങ്ങൾ ഒന്നിച്ചുകൂടിയിരുന്ന ആ സമയത്ത് അപ്രതീക്ഷിതമായ മഴയും കാറ്റുമുണ്ടായി. ഏകദേശം 2.5 ദശലക്ഷത്തോളം വരുന്ന ജനങ്ങൾ മഴയെ തരണംചെയ്യാൻ ഒരുമിച്ചു പ്രാർഥിക്കാൻ തുടങ്ങി. അതിൽ കുറേ ആളുകൾ അവരുടെ കയ്യിലുള്ള പതാകകൾ വീശി ആ മഴയിൽ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. മഴയുടെയും ആരവങ്ങളുടെയും പ്രാർഥനകളുടെയും ഇടയിൽ സിൻട്ര ഒരു നിമിഷം മുട്ടുകുത്തി ഇങ്ങനെ പ്രാർഥിച്ചു: “യേശുവേ, എന്റെ ജീവിതം മുഴുവൻ ഞാൻ നിനക്കു തരുന്നു. ഇതിന്റെ അർഥം എന്തെന്നോ, ഈ വാക്കുകൾ ഉച്ചരിക്കുന്നതിലൂടെ ഞാൻ എന്താണ് ചെയ്യുന്നതെന്നോ എനിക്കറിയില്ല. അങ്ങ് ആഗ്രഹിക്കുന്നത് എന്നിൽ ചെയ്തുകൊള്ളുക.” ഇത്രയും പറഞ്ഞത് അവ്യക്തതകളിൽ നിന്നായിരുന്നെങ്കിലും ദൈവത്തിന് സിൻഡ്രയെക്കുറിച്ച് ഒരു പദ്ധതിയുണ്ടായിരുന്നു.

ആ ചെറിയ പ്രാർഥന സിൻട്രയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. എങ്കിലും ദൈവം പൗരോഹിത്യത്തിലേക്കു നൽകിയ ക്ഷണമായിരുന്നു ഉള്ളിൽ നിന്നും ഉയർന്നുവന്ന ആ വാക്കുകളെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

പൗരോഹിത്യത്തിലേക്കുള്ള ക്ഷണം

ആ സംഭവത്തിനുശേഷം പിറ്റേദിവസം അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ ഒരു യുവതി, “നിങ്ങളെപ്പോഴെങ്കിലും ഒരു വൈദികനാകാൻ ആഗ്രഹിച്ചിട്ടുണ്ടോ” എന്ന് സിൻട്രയോട് ചോദിച്ചു. “ഇല്ല” എന്നായിരുന്നു സിൻട്രയുടെ മറുപടി. ഒരു വൈദികനാകാൻ എനിക്ക് കഴിയില്ലെന്നും എന്റെ ജീവിതം പാപപങ്കിലമാണെന്നും സിൻട്ര കൂട്ടിച്ചേർത്തു. ഇത്രയും പറഞ്ഞപ്പോൾ ആ യുവതി, “നിങ്ങൾ അഗസ്റ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ” എന്ന് സിൻട്രയോട് ചോദിച്ചു. അഗസ്റ്റിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ സിൻട്രയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും അഗസ്റ്റിനോട് ബന്ധപ്പെട്ടുകിടക്കുന്നതായി അവനു തോന്നി. കാരണം, അദ്ദേഹം ഒന്നു മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു അഗസ്തീനിയൻ കത്തോലിക്കാ സ്‌കൂളിലാണ് പഠിച്ചത്. ജ്ഞാനസ്നാന നാമമായി അദ്ദേഹം തിരഞ്ഞെടുത്തതും അഗസ്റ്റിൻ എന്ന പേരായിരുന്നു. കൂടാതെ, സിൻട്രയുടെ കയ്യിൽ അഗസ്റ്റിന്റെ കുമ്പസാരം എന്ന പുസ്തകവുമുണ്ടായിരുന്നു; പക്ഷേ, അതൊരിക്കലും തുറന്നുവായിച്ചിട്ടില്ല എന്നു മാത്രം.

പൗരോഹിത്യത്തെക്കുറിച്ചുള്ള ആശയം സിൻട്ര ആദ്യം നിരസിച്ചെങ്കിലും വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആ ചിന്ത അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങി. പിന്നീട് സിൻട്ര ദിവസവും ജപമാല ചൊല്ലാനും കത്തോലിക്കാ റേഡിയോയും മതപരമായ പോഡ്‌കാസ്റ്റുകളും കേൾക്കാനും തുടങ്ങി. കൂടാതെ, സഹപ്രവർത്തകരോടും യേശുവിനെയും കത്തോലിക്കാ വിശ്വാസത്തെയും കുറിച്ച് സംസാരിക്കാനും തുടങ്ങി. അങ്ങനെ 2013-ൽ അദ്ദേഹം സെമിനാരിയിൽ പോകാൻ തീരുമാനിച്ചു. ആ വർഷവും ബ്രസീലിൽ വച്ചുനടന്ന ലോക യുവജനസമ്മേളനത്തിൽ പങ്കെടുത്തു. രണ്ടാം തവണ പങ്കെടുക്കുമ്പോൾ വൈദികനാകാനുള്ള തന്റെ വിളി ഉറപ്പിക്കുക എന്നതായിരുന്നു സിന്ട്രയുടെ ലക്ഷ്യം. പിന്നീട് അദ്ദേഹം 2023 ജൂണിൽ പൗരോഹിത്യം സ്വീകരിച്ചു. ഇത്തവണ അദ്ദേഹം ലിസ്ബണിൽ എത്തുന്നത് ഒരു പുരോഹിതനായാണ്.

ഓരോ യുവജനങ്ങളോടും അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്: “നിങ്ങളുടെ ജീവിതം മുഴുവൻ യേശുവിനു സമർപ്പിക്കുക. അതിൽ നിന്ന് ഒന്നും നിങ്ങളെ പിന്തിരിപ്പികാതിരിക്കട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.