പ്രതിസന്ധികളുടെ മുൻപിൽ പ്രതീക്ഷയോടെ

സി. സൗമ്യ DSHJ

“സന്യാസ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ദൈവവിളിയുടെ കുറവു തന്നെയാണ്. സന്യാസഭവനങ്ങളിൽ പ്രായമായ ആളുകളുടെ എണ്ണം വർദ്ധിക്കുകയാണ്. സമർപ്പിതർക്കിടയിൽ തന്നെ സമർപ്പണത്തിന്റെ ആഴം കുറഞ്ഞതായി കാണപ്പെടുന്നു. വ്യക്തികേന്ദ്രീകൃതമായ ജീവിതം കൂടിവരുന്നു. സന്യാസത്തെ തകർത്തെങ്കിലേ, സഭയെ തകർക്കാൻ സാധിക്കൂ എന്ന ഒരു അജണ്ട തന്നെ നിലനിൽക്കുന്ന സാഹചര്യം ഇന്നുണ്ട്.” കെസിഎംഎസ് – ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ സന്യാസിനിയായ സി. ആർദ്ര SIC -യുമായി സി. സൗമ്യ DSHJ നടത്തുന്ന സംഭാഷണം. എല്ലാ മേജർ സുപ്പീരിയർമാരും സന്യസ്തരും നിർബന്ധപൂർവ്വം വായിച്ചിരിക്കേണ്ടത്.  

കേരള കത്തോലിക്കാ സഭയിലെ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സിന്റെ കൂട്ടായ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ സന്യാസിനിയാണ് ബഥനി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ  ജനറലായ സി. ആർദ്ര എസ് ഐ സി. കേരളാ കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (കെസിഎംഎസ്) എന്ന പ്രസ്ഥാനം ആരംഭിച്ചിട്ട് 52 വർഷങ്ങൾ ആകുന്നു. ഈ 52 വർഷങ്ങൾക്കിടയിൽ ആദ്യമായി ഒരു സന്യാസിനി ഈ സ്ഥാനത്തേക്കു കടന്നുവന്നു എന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്. കേരള കത്തോലിക്കാ സഭയിൽ ഒരു മാറ്റത്തിന്റെ ചുവടുവയ്പ്പ് കൂടിയാണ് ഈ പുതിയ നേതൃത്വസ്ഥാനം. സി. ആർദ്ര, തന്റെ പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ലൈഫ് ഡേ യുമായി പങ്കുവയ്ക്കുന്നു.

ഒരു സന്യാസ സമൂഹത്തിന്റെ ജനറലായിരിക്കെ ഈ ഒരു സ്ഥാനവും കൂടി വന്നപ്പോൾ സിസ്റ്റർ ആദ്യം വിമുഖതയാണ് പ്രകടിപ്പിച്ചത്. “എന്നാൽ, കുറച്ചു സമയം ശാന്തമായി ഇരുന്നപ്പോൾ, ദൈവം എനിക്ക് തരുന്ന ഒരു നിയോഗമാണ് ഇതെന്ന് മനസ് പറഞ്ഞു. നമ്മുടെ സഹോദരങ്ങളെ ഒന്നിച്ചുനിർത്താനും അവരോടൊപ്പം ആയിരിക്കാനും ലഭിക്കുന്ന അവസരമാണല്ലോ ഇതെന്ന് ഞാനോർത്തു. പ്രത്യേകിച്ച് സിനഡാത്മകത ചർച്ച ചെയ്യപ്പെടുന്ന ഈ അവസരങ്ങളിൽ സന്യസ്തരെ ഒന്ന് ശ്രവിക്കാൻ, സന്യസ്തർക്കൊപ്പം പല കാര്യങ്ങളിലും പങ്കാളിയാകാൻ കേരള സഭക്കു വേണ്ടി നമ്മളാൽ കഴിയുന്ന സംഭാവനകൾ ചെയ്യാൻ ദൈവം എന്നെ ഒരു ഉപകരണമാക്കാൻ ആഗ്രഹിക്കുന്നു എന്ന് എനിക്കു തോന്നി. ഇത്തരം ചിന്തകൾ മനസിൽ നിറഞ്ഞപ്പോൾ, ദൈവം തന്ന പുതിയ നിയോഗത്തെ ഞാൻ ഒരു അനുഗ്രഹമായി സ്വീകരിക്കുകയായിരുന്നു” – തന്റെ പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച് സി. ആർദ്ര മനസ് തുറന്നത് ഇങ്ങനെയായിരുന്നു.

കേരളത്തിലെ സന്യാസ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ 

സമകാലീന കേരളത്തിൽ പുരുഷ – വനിതാ സന്യസ്ത സമൂഹങ്ങൾ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സഭയിലാണ് സന്യാസം നിലനിൽക്കുന്നത്. അതിനാൽ തന്നെ സഭയുടെ ആത്മീയ നവീകരണം, വിശുദ്ധീകരണം എന്നിവയാണ് സന്യാസ ദൈവവിളിയുടെ ലക്ഷ്യം. കാരണം സഭ ക്രിസ്തുവിന്റെ തുടർച്ചയാണ്. സഭ നേരിടുന്ന വെല്ലുവിളി തന്നെയാണ് പുരുഷ – വനിതാ സന്യസ്ത സമൂഹങ്ങളും നേരിടുന്നത്.

എന്തൊക്കെയാണ് സഭ ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്നു ചോദിച്ചാൽ, പ്രധാനമായും സഭയോടുള്ള ശത്രുതാമനോഭാവം ഏറെ പ്രകടമായി കാണപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സന്യാസത്തെ തകർത്തെങ്കിലേ, സഭയെ തകർക്കാൻ സാധിക്കൂ എന്ന ഒരു അജണ്ട തന്നെ നിലനിൽക്കുന്ന സാഹചര്യം. അതുപോലെ സന്യാസിമാരുടെ മനോവീര്യം തകർക്കാനുള്ള പരിശ്രമങ്ങൾ ഏറെയും നടക്കുന്നുണ്ട്. പ്രത്യേകിച്ച് കത്തോലിക്കാ സന്യസ്തരെ അവഹേളിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. ‘കക്കുകളി’ നാടകമൊക്കെ ഈ ശ്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. സന്യസ്തരുടെ ജീവിതത്തെ മോശമായി ചിത്രീകരിക്കുക, ഇല്ലാത്തതും വല്ലാത്തതുമായ ദുഷ്പ്രചരണങ്ങൾ നടത്തുക, അപകീർത്തിപ്പെടുത്തലുകൾ നടത്തുക ഇവയൊക്കെയുണ്ട് ഇന്ന് കേരളത്തിൽ.

മാത്രമല്ല, വൈദികരും സമർപ്പിതരും നടത്തുന്ന സ്ഥാപനങ്ങളുടെ ഉയർച്ചയിലും വളർച്ചയിലും ഭയങ്കരമായ അസഹിഷ്ണുതാ മനോഭാവം ഇന്ന് കേരളത്തിൽ വളർന്നുവരുന്നുണ്ട്. അമൽജ്യോതി കോളേജിൽ അരങ്ങേറിയ സംഭവവികാസങ്ങൾ സമീപകാലത്തെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ്. അതുപോലെ കരുണയുടെയും ത്യാഗത്തിന്റേതുമായ സമർപ്പിതരുടെ ശുശ്രൂഷകളെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമം വളരെ ശക്തമായി തന്നെ സമൂഹത്തിൽ നടക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചരണങ്ങൾ വഴിയും ഈ അപകീർത്തിപ്പെടുത്തലുകൾ വളരെ സജീവമാണ്.

സന്യാസ സമൂഹങ്ങൾക്കുള്ളിൽ നേരിടുന്ന പ്രതിസന്ധികൾ 

ലോകമതങ്ങളിലെല്ലാം തന്നെ സന്യാസം ഉണ്ട്. എല്ലാക്കാലത്തും അതിന് ഏറെ പ്രസക്തിയുമുണ്ട്. സന്യാസം ഭാരതത്തിന്റെ ആത്മീയസമ്പത്താണ്. സന്യാസം സമൂഹത്തിനും ജനങ്ങൾക്കും എല്ലാക്കാലത്തും ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച്, ആത്മീയജീവിതത്തിനും വിദ്യാഭ്യാസത്തിനും പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനുമൊക്കെ എന്നും സന്യസ്തർ മുൻപന്തിയിൽ തന്നെയായിരുന്നു. ‘കരുണയുടെ മാലാഖമാർ’ എന്നാണ് സമർപ്പിതർ അറിയപ്പെട്ടിരുന്നതു തന്നെ. ‘ദിവ്യജ്ഞാനമാകുന്ന സന്യാസം’ എന്നാണ് മലങ്കരക്രമത്തിൽ സന്യാസത്തെ വിശേഷിപ്പിക്കുന്നത്. അനേകം പേർ വിശുദ്ധി പ്രാപിച്ചതും ഈ ജീവിതത്തിലൂടെയാണ്. ആയതിനാല്‍ ഇന്നും സന്യാസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇത് ദൈവികമായ ഒരു മാർഗ്ഗമാണ്. മോക്ഷപ്രാപ്തിക്കുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാർഗ്ഗവുമാണ്.

ഇന്ന് സന്യാസിനീ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ദൈവവിളിയുടെ കുറവു തന്നെയാണ്. ദൈവവിളി കുറയുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം ശിഥിലമായ കുടുംബങ്ങളുടെ ആധിക്യമാണ്. ഇന്ന് കുടുംബബന്ധങ്ങളുടെ തകർച്ച വ്യാപകമായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും ഒരു പ്രധാനപ്പെട്ട കാരണമാണ്. കുടുംബങ്ങളിൽ നിന്നും ലഭിക്കേണ്ട വിശ്വാസം, സ്നേഹം, പ്രതീക്ഷ, മറ്റ് ജീവിതമൂല്യങ്ങൾ ഒക്കെ വളരെ കുറവാണ്. അതൊക്കെത്തന്നെ കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ഏറെ സ്വാധീനിക്കുന്നു. കുടുംബങ്ങളിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ, പ്രശ്നങ്ങൾ ഒക്കെ കുഞ്ഞുങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് ദൈവത്തോടോ, ദൈവീക കാര്യങ്ങളോടോ, സഭയോടോ, സഭയുടെ കാര്യങ്ങളോടോ ഒന്നും ബന്ധമോ, സ്നേഹമോ കുടുംബങ്ങളിൽ നിന്നു കിട്ടുന്നില്ല. അതിന്റെ ഫലമായി ഈ കുട്ടികൾ സഭാപരമായ കാര്യങ്ങളിൽ നിർബന്ധം കൊണ്ട് മാത്രം വരുന്നവരായി മാറുന്നു. കുടുംബങ്ങളിലെ പ്രശ്നങ്ങൾ മൂലം തന്നെ കുഞ്ഞുങ്ങൾ സ്നേഹം തേടി മറ്റ് പലയിടത്തേക്കും പോകുന്ന ഒരു പ്രവണതയുണ്ട്. ലൗ ജിഹാദ്, മയക്കുമരുന്ന് മാഫിയ എന്നിങ്ങനെയുള്ള കെണികളിൽ കുട്ടികൾ പെടുന്നതിന് ഇത് കാരണമാകുന്നു. വൈകാരിക പക്വതക്കുറവ്, സ്വഭാവത്തിന്റെ വൈകല്യങ്ങൾ എന്നിവ കുഞ്ഞുങ്ങളെ ദൈവവിളി സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.

മറ്റൊരു കാര്യം നമ്മുടെ സന്യാസ ഭവനങ്ങളിൽ പ്രായമായ ആളുകളുടെ എണ്ണം വർദ്ധിക്കുകയാണ്. സമർപ്പിത സമൂഹങ്ങൾ നടത്തിക്കൊണ്ടു പോന്നിരുന്ന സ്ഥാപനങ്ങൾ പൂട്ടാനും പ്രവർത്തനരഹിതമാകാനും ഒക്കെയുള്ള സാധ്യതകൾ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സമർപ്പിതർക്കിടയിൽ തന്നെ സമർപ്പണത്തിന്റെ ആഴം കുറഞ്ഞതായി കാണപ്പെടുന്നു. അതിനാൽ സന്യാസികൾക്കിടയിൽ ഉത്തരവാദിത്വക്കുറവും ഒരു ജോലി ഏൽപിച്ചാൽ അത് നന്നായി ചെയ്യാനോ, പൂർത്തിയാക്കാനോ ഉള്ള സന്നദ്ധതയും കുറഞ്ഞുവരുന്നു. വ്യക്തികേന്ദ്രീകൃതമായ ജീവിതം കൂടിവരികയും സമൂഹത്തോടുള്ള താത്പര്യം കുറഞ്ഞുവരികയും ചെയ്യുന്നു. ഇതൊക്കെ എന്ന് സന്യാസ സഭാസമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളാണ്.

പ്രതിസന്ധികളുടെ മുൻപിൽ പ്രതീക്ഷയോടെ

കുഞ്ഞുങ്ങളിൽ ദൈവവിളിയുടെ അർത്ഥം കൂടുതൽ മനസിലാക്കിക്കൊടുക്കണം. വ്യക്തിപരമായി കുഞ്ഞുങ്ങളെ അവർ ആയിരിക്കുന്നതുപോലെ അനുധാവനം ചെയ്യാനുള്ള ഒരു സാധ്യത കൂടുതൽ സംജാതമാകണം. സ്നേഹത്തോടെയുള്ള പരിശീലനം അവർക്ക് നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സന്യാസ ജീവിതത്തോട് താത്പര്യം പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയണം. അവർ ആയിരിക്കുന്ന അവസ്ഥയോടു കൂടി അവരെ കേൾക്കാനും അവരുടെ സങ്കടങ്ങളിൽ കൂടെയുണ്ട് എന്ന ഉറപ്പ് നൽകാനും സാധിക്കണം.

സമർപ്പിതർ സന്തോഷമുള്ളവരും നല്ല സാക്ഷ്യം നൽകുന്നവരുമാകുക എന്നത് ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. സന്യാസികളിൽ പ്രാർത്ഥനയുടെ മനോഭാവവും ജീവിതക്രമവും മാതൃകാപരമായ ഒരു ജീവിതവും പെരുമാറ്റശൈലിയും ആവശ്യമാണ്. നമ്മുടെ സ്ഥാപനങ്ങളിൽ, ഇടവകളിൽ, സ്‌കൂളുകളിൽ ഒക്കെ ഒരു ഹൃദ്യത, ഊഷ്മളത, ആത്മാർത്ഥത ഒക്കെ പെരുമാറ്റക്രമത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ലഭിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ജ്വലിപ്പിക്കുന്ന വ്യക്തികളാക്കണം സന്യാസിനിമാർ. പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിൽ മാതൃത്വം നിറഞ്ഞ ഒരു നേതൃത്വം കൊടുക്കാൻ ഇന്ന് സമർപ്പിതർക്കാവണം. ലോകത്തെ വിളിച്ചുണർത്താൻ പറ്റിയവരായി നാം ലോകത്തിന് കാണപ്പെടണം എന്ന് പരിശുദ്ധ പിതാവ് പറയുന്നുണ്ട്. ദൈവവിളി വർദ്ധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം പ്രാർത്ഥന തന്നെയാണ്. പ്രാർത്ഥനയും ഉപവാസവും ഒക്കെയുണ്ടെങ്കിൽ മാത്രമേ ഈ കുഞ്ഞുങ്ങളെ ദൈവത്തിന്റെ വിളിക്ക് യോഗ്യരാക്കാൻ സാധിക്കുകയുള്ളൂ.

ലോകത്തിന്റെ മുൻപിൽ വിവേകത്തോടെ

“സമർപ്പിതർക്കു നേരെയുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളോട് വിവേകത്തോടും സ്നേഹത്തോടും കൂടി പ്രതികരിക്കാൻ സാധിക്കണം. ഇപ്പോൾ പോലും നമുക്കെതിരെ ഒരുപാട് കാര്യങ്ങൾ വന്നപ്പോൾ പോലും വളരെ അച്ചടക്കത്തോടെ പക്വതയോടെ ഇടപെടാൻ സാധിച്ചിട്ടുണ്ട്. ക്രിസ്തുവിനെ മുൻനിർത്തിയുള്ള ഒരു ജീവിതമാതൃക നമുക്കാവശ്യമാണ്. അതുപോലെ തന്നെ സുവിശേഷമൂല്യങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ജീവിക്കാൻ സാധിക്കണം. നമ്മൾ പ്രതിനിധീകരിക്കുന്നത് മതത്തെയല്ല, മറിച്ച് ക്രിസ്തുവിനെയാണ്. ക്രിസ്‌തുവിനെയും ക്രിസ്തുവിന്റെ ജീവിതത്തെയുമാണ് ഒരു സമർപ്പിതസമൂഹം സാക്ഷ്യപ്പെടുത്തേണ്ടത്. നമ്മെ കാണുമ്പോൾ ക്രിസ്തുവിനെ കാണുന്ന ഒരു അനുഭവം ഉണ്ടാകണം. അതിനായിട്ടുള്ള ഒരു പരിശ്രമം ആയിരിക്കണം സമർപ്പിതരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. സ്നേഹത്തിൽ അടിയുറച്ച ഒരു ജീവിതം, മറ്റുള്ളവർക്ക് പ്രേരണയും പ്രചോദനവും നൽകുന്ന ഒരു ജീവിതം നമുക്ക് ആവശ്യമാണ്” – സി. ആർദ്ര പറയുന്നു.

ബഥനി സന്യാസിനീ സമൂഹം     

താൻ അംഗമായിരുന്ന ബഥനി സന്യാസിനീ സമൂഹത്തെക്കുറിച്ചും സിസ്റ്റർ സംസാരിച്ചു. 1925 സെപ്റ്റംബർ 21 -ന് തിരുവല്ലയിലെ തിരുമൂലപുരത്ത് ദൈവദാസന്‍ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമായ ഒരു സന്യാസിനീ സമൂഹമാണ് മിശിഹാനുകരണ സന്യാസിനീ സമൂഹം. ബഥനി സമൂഹം എന്ന പേരിലും ഈ സന്യാസിനീ സമൂഹം അറിയപ്പെടുന്നു. ഈ സമൂഹം ആദ്യം രൂപപ്പെട്ടത് മലങ്കര  ഓര്‍ത്തഡോക്സ് സഭയിലാണ്. അതായത്, കൂനൻകുരിശു സത്യത്തിനു ശേഷം പഴയ കൂറ്റുകാർ, പുതിയ കൂറ്റുകാർ എന്നിങ്ങനെ കേരളത്തിലെ സഭ വിഭജിച്ചപ്പോൾ അതിൽ പുത്തൻ കൂറ്റുകാർ എന്ന വിഭാഗത്തിൽ തുടർന്നുവന്നവരാണ് ഓര്‍ത്തഡോക്സ് സഭ. വിഭജനത്തെ തുടർന്ന് സഭാംഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ മാർ ഇവാനിയോസ് തിരുമേനിയെ ചെറുപ്പം മുതൽ വേദനിപ്പിച്ചിരുന്നു. തുടർന്ന് ഉപരിപഠനത്തിനു ശേഷം അദ്ദേഹം വൈദികനായി. എം.എ ബിരുദധാരിയായിരുന്ന അച്ചൻ, വിദ്യാഭ്യാസത്തിലൂടെ സഭാസമൂഹത്തിൽ ആദ്ധ്യാത്മിക പുരോഗതി കൈവരുത്തുവാൻ കഴിയുമെന്ന ചിന്തയാൽ ചെറുപ്പക്കാരായ കുറച്ചു യുവതീയുവാക്കളെ കൽക്കട്ടയിലെ ബാരിസോളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ യുവതികൾക്ക് ഉന്നത വിദ്യാഭ്യാസവും ഒപ്പം ഓക്സ്ഫോർഡ് മിഷൻ സിസ്റ്റേഴ്സ് ഓഫ് എപ്പിഫനി സന്യാസ സമൂഹത്തിന്റെ കീഴിൽ 1915 മുതൽ 20 വരെയുള്ള കാലയളവിൽ പരിശീലനവും നൽകി.

1920-ൽ തിരുവല്ലയിൽ തിരിച്ചെത്തിയ ഇവരിൽ മൂന്നുപേരുടെ സന്യാസജീവിത സ്വീകരണത്തോടെ 1925-ലാണ് ബഥനി സന്യാസിനീ സമൂഹം ആരംഭിക്കുന്നത്. വിദ്യാഭ്യാസം നൽകിയതുകൊണ്ടു മാത്രം സഭയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല എന്നു മനസിലാക്കിയ ഈവാനിയോസ് തിരുമേനി, കുടുംബങ്ങളിലെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അമ്മമാർക്ക് ബോധവൽക്കരണം നൽകുന്നതിനും അവരെ സമൂഹത്തിൽ ശക്തരാക്കുന്നതിനും സന്യാസിനികൾ സഭയിൽ ആവശ്യമാണെന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് ഈ സന്യാസിനീ സമൂഹം ആരംഭിച്ചത്. തന്റെ പഠനങ്ങളുടെ വെളിച്ചത്തിൽ കത്തോലിക്കാ സഭയാണ് യഥാർത്ഥ സഭ എന്നു മനസിലാക്കിയതിനെ തുടർന്ന് 1930 സെപ്റ്റംബർ 20-ന് അഭിവന്ദ്യ മാർ ഇവാനിയോസ് തിരുമേനി തന്റെ നാല് സഹചരന്മാരോടൊപ്പം കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. അങ്ങനെ മലങ്കര കത്തോലിക്കാ സഭ രൂപം കൊണ്ടു. അതോടൊപ്പം അദ്ദേഹം സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലെ അംഗങ്ങളും മലങ്കര കത്തോലിക്കാ സഭയിൽ ചേർന്നു.

മിശിഹാനുകരണം കാരിസം

‘ഉത്തമം ദൈവസേവനം; അത്യുത്തമം ദൈവസമ്പാദനം’ എന്നതായിരുന്നു തിരുമേനിയുടെ ആപ്തവാക്യം. അതിൽ അടിസ്ഥാനപ്പെടുത്തി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുകരിക്കുന്ന സന്യാസിനികളുടെ സഹായത്താൽ കുടുംബങ്ങളിൽ സ്ത്രീകളെ ദൈവത്തോട് ചേർത്തുനിർത്താനും അങ്ങനെ വിശുദ്ധിയിലേക്ക് വളർത്താനും കഴിയുമെന്ന് ഈവാനിയോസ് തിരുമേനി വിശ്വസിച്ചു. മിശിഹായെ അനുകരിക്കുക എന്നതാണ് ഈ സന്യാസിനീ സമൂഹത്തിന്റെ കാരിസം. മിശിഹായെ അനുകരിക്കുക എന്നാൽ, പ്രാർത്ഥനാജീവിതത്തിലും ഒപ്പം കർമ്മത്തിലും മിശിഹായെ അനുകരിക്കുക എന്നതാണെന്ന് ഈ സന്യാസിനീ സമൂഹം പഠിപ്പിക്കുന്നു. സർവ്വസംഗ പരിത്യാഗം, ലാളിത്യം, വിനീതത്വം എന്നീ ജീവിതശൈലികളിലധിഷ്ഠിതമായി ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങൾ സ്വീകരിച്ചുകൊണ്ടാണ് സന്യാസിനികൾ ഈ സന്യാസിനീ സമൂഹത്തിന്റെ ഭാഗമാകുന്നത്.

ബഥനി സിസ്റ്റേഴ്‌സിന്റെ വളർച്ച

ഈ സന്യാസിനി സമൂഹം 1956-ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 98 വർഷങ്ങൾ പിന്നിടുന്ന ബഥനി സന്യാസിനീ സമൂഹം, അതിന്റെ വളർച്ചയുടെ ഭാഗമായി തിരുവനന്തപുരം, തിരുവല്ല, ബത്തേരി, പത്തനംതിട്ട, മൂവാറ്റുപുഴ എന്നീ അഞ്ചു പ്രൊവിൻസുകൾക്ക് രൂപം കൊടുത്തു. സന്യാസിനികളും അർത്ഥിനികളുമായി 900-ഓളം അംഗങ്ങൾ ഇന്ന് ബഥനിക്കുണ്ട്. നാലു ഭൂഖണ്ഡങ്ങളിലായി 150 സ്ഥലങ്ങളിൽ സിസ്റ്റേഴ്‌സ് പ്രേഷിതപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മലങ്കര സഭയുടെ ആത്മീയനവീകരണം, വിശ്വാസപരിശീലനം, അകത്തോലിക്കാ സമൂഹങ്ങളുടെ പുനരൈക്യം, ഇതരമതസ്ഥരുടെ ഇടയിലുള്ള സുവിശേഷപ്രഘോഷണം, സ്ത്രീജനോദ്ധാരണം, വിദ്യാഭ്യാസം, ആതുരസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കുടുംബപ്രേഷിതത്വം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, മാധ്യമ പ്രേഷിതത്വം എന്നിവയാണ് സന്യാസ സമൂഹത്തിന്റെ വിവിധ പ്രവർത്തനമേഖലകൾ. എത്യോപ്യയിൽ ഏറ്റവും പാവപ്പെട്ടവരായ ആളുകളുടെ ഇടയിലും ഈ സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു.

ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായവരെ, വലിയ കാര്യങ്ങൾ ഭരമേൽപിക്കുന്ന ദൈവം 

സിസ്റ്റർ ആർദ്ര 1978-ലാണ് ബഥനി സന്യാസ സമൂഹത്തിൽ ചേരുന്നത്. 1980-ലായിരുന്നു ആദ്യ വ്രതവാഗ്ദാനം. പ്രീഡിഗ്രി പഠനത്തിനു ശേഷമാണ് മഠത്തിൽ ചേരുന്നത്. ഡിഗ്രി പഠനകാലഘട്ടത്തിൽ കോളേജ് ടോപ്പേർ തന്നെ സിസ്റ്റർ ആയിരുന്നു. നേഴ്‌സറി, എൽ.പി സ്‌കൂൾ ഇവയിലോക്കെ കുറച്ചു നാളുകൾ സിസ്റ്റർ പഠിപ്പിച്ചു. പിന്നീട് പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ കരസ്ഥമാക്കി. തുടർന്ന് ഏഴു വർഷക്കാലം സന്യാസാർത്ഥിനികളുടെ പരിശീലനത്തിന് സഹായിക്കുകയായിരുന്നു സിസ്റ്റർ. നോവിസ് മിസ്ട്രസ്, ആസ്പിറൻസി, പോസിലൻസി മിസ്ട്രസ് ആയിട്ടൊക്കെ അക്കാലയളവിൽ ശുശ്രൂഷ ചെയ്തു. പിന്നീട് റോമിലേക്ക് ദൈവശാസ്ത്ര പഠനത്തിനായി സിസ്റ്ററിനെ അയച്ചു.

2004-ൽ റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പൊന്തിഫിക്കൽ മൊണാസ്റ്റിക്ക് സ്പിരിച്വാലിറ്റിയിൽ ഡോക്ടറേറ്റ് നേടി. പിന്നീട് കൗൺസലർ, രണ്ടു പ്രാവശ്യം പ്രൊവിഷ്യൽ സുപ്പീരിയർ, മലങ്കര മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയയിൽ ഓഫീസ് സെക്രട്ടറി, അസ്സിസ്റ്ററ് സുപ്പീരിയർ ജനറൽ, ഓർഫനേജ്, ഇടവക പ്രവർത്തനങ്ങൾ തുടങ്ങി ചെറുതും വലുതുമായ നിരവധി ശുശ്രൂഷകൾ ദൈവം സിസ്റ്ററിനെ ഭരമേൽപ്പിച്ചു. ഫിലോസഫി, ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ മാസ്റ്റേഴ്സും കൗൺസിലിംഗിൽ ഡിപ്ലോമയും ഉണ്ട് സി. ആർദ്രക്ക്.

മണർകാട് അടുത്തുള്ള കീച്ചാൽ ഇടവകയിൽ ഇടവക പ്രവർത്തനങ്ങളിലും പങ്കാളിയായി. സി. ആർദ്രക്ക് ഏറ്റവും ഇഷ്ട്മുള്ള ഒരു മേഖലയാണ് ഇടവക പ്രവർത്തനങ്ങളുടെ ഭാഗമാകുക എന്നത്. ആ സമയം സിസ്റ്റർ അസിസ്റ്റന്റ് ജനറലും ആയിരുന്നു. കഴിഞ്ഞ ആറു വർഷമായി സിസ്റ്റർ ആർദ്ര, കേരള ദൈവശാസ്ത്ര സമിതിയുടെ വൈസ് പ്രസിഡന്റും ആയിരുന്നു. 2021 ഡിസംബർ 20-നാണ് സിസ്റ്റർ, സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കളത്തിപ്പടിയിലാണ് ബഥനീ സന്യാസിനീ സമൂഹത്തിന്റെ ജനറലേറ്റ്.

ഒരു സന്യാസിനീ സമൂഹത്തിന്റെ ജനറൽ എന്ന ഭാരിച്ച ഉത്തരവാദിത്വത്തോടൊപ്പം പരിശീലന കാലഘട്ടത്തിലെ കുഞ്ഞുങ്ങൾക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. എല്ലാ പ്രൊവിൻസിലുമുള്ള സിസ്റ്റേഴ്സിന്റെ ആത്മീയ നവീകരണാർത്ഥമുള്ള പരിപാടികളുടെ ഭാഗവുമാണ് സിസ്റ്റർ. ഒപ്പം കോട്ടയം എം.ഓ.സിയിലെ വിസിറ്റിങ് പ്രൊഫസർ, 2005 മുതൽ മലങ്കര മേജർ സെമിനാരിയിലെ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിൽ സേവനം ചെയ്തുവരുന്നു.

വീട്ടിലെ പ്രാർത്ഥനാമുറിയിൽ നിന്നും ഉരുത്തിരിഞ്ഞ ദൈവവിളി

പത്തനംതിട്ടയിലെ ഓമല്ലൂർ എന്ന ഗ്രാമത്തിൽ കുഴിനാപ്പുറത്തു കുടുംബാംഗമാണ് സി. ആർദ്ര. അഞ്ചു മക്കളിൽ ഏറ്റവും മൂത്തയാളാണ് സിസ്റ്റർ. ഏറ്റവും ഇളയ സഹോദരിയും ബഥനി സന്യാസിനീ സമൂഹത്തിലെ ഒരു സിസ്റ്ററാണ്. നിരവധി വൈദികരും സന്യാസിനികളുമുള്ള ഒരു കുടുംബം. സി. ആർദ്ര ദൈവവിളി സ്വീകരിച്ചത് ഇവർ ആരുടേയും പ്രേരണയോ, നിർബന്ധമോ ഒന്നും കൊണ്ടായിരുന്നില്ല. ചെറുപ്പം മുതൽ സിസ്റ്റേഴ്സിനെയും വൈദികരെയും കണ്ടുവളർന്നതിനാൽ അതൊരു പ്രചോദനമായിരുന്നു.

“എനിക്ക് ദൈവവിളി സ്വീകരിക്കാൻ കൂടുതൽ പ്രചോദനം നൽകിയത് എന്റെ വീട്ടിലെ പ്രാർത്ഥനാമുറിയായിരുന്നു. അവിടെ ഈശോയുടെ തിരുഹൃദയത്തിന്റെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ഞങ്ങൾ എന്നും രാവിലെയും വൈകിട്ടും അവിടെ പ്രാർത്ഥിക്കുമായിരുന്നു. അവിടെ ചെന്നുകൊണ്ട് സങ്കടങ്ങളിൽ കണ്ണീരൊഴുക്കി, സന്തോഷങ്ങൾ ഈശോയോട് പങ്കുവച്ച് പ്രാർത്ഥിക്കുമായിരുന്നു. ഒരു കൂട്ടുകാരനോടെന്നതുപോലെ ഈശോയുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാൻ എനിക്ക് സാധിച്ചത് അവിടെ നിന്നുമാണ്. പിന്നീട്, വല്യപ്പച്ചന്റെയും വല്യമ്മയുടെയും കൂടെ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ പോകുമായിരുന്നു. അങ്ങനെയാണ് എനിക്ക് ഈശോയുടെ പിന്നാലെ വരണമെന്ന ആഗ്രഹം ചെറുപ്പം മുതൽ തോന്നാൻ തുടങ്ങിയത്. ഈ സന്യാസിനീ സമൂഹത്തിൽ ചേരാനൊന്നും പദ്ധതിയില്ലായിരുന്നു. വേറെയൊരു മഠത്തിൽ പോകാനെല്ലാം ഒരുങ്ങിയതായിരുന്നു. എന്നാൽ ക്യാമ്പിൽ സംബന്ധിച്ചത് ബഥനി സന്യാസിനീ സമൂഹത്തിൽ ആയിരുന്നു. അതായിരിക്കും എന്നെ സംബന്ധിച്ച ദൈവനിശ്ചയം” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

എതിർപ്പുകളെ ബലമായി സ്വീകരിച്ച സിസ്റ്റർ   

മഠത്തിൽ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആദ്യം സിസ്റ്ററിന്റെ അപ്പച്ചൻ എതിർത്തു. നന്നായി പഠിക്കുന്ന ആളായതിനാൽ ഒരു നല്ല നിലയിൽ എത്തിക്കണമെന്ന ചിന്തയായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇക്കാര്യം വീട്ടിൽ അറിയിക്കുന്നത്. വീട്ടിൽ നിന്നും എതിർപ്പ് ഉണ്ടായപ്പോൾ സി. ആർദ്ര, ആറു മാസക്കാലത്തോളം കരയുകയും വിഷമിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷമാണ് മഠത്തിൽ ചേരാൻ സിസ്റ്ററിന് അനുവാദം കിട്ടിയത്. മഠത്തിൽ ചേർന്നതിനുശേഷം ഒരു വർഷത്തേക്ക്, എഴുതുന്ന കത്തിന് ഒരു മറുപടിയോ, ബന്ധമോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ അന്ന് ഫോൺ ഒന്നും ഇല്ലാതിരുന്ന കാലം. എപ്പോഴും തിരിച്ചുചെല്ലാനുള്ള ഒരു സ്വതന്ത്ര്യം വീട്ടുകാരുടെ ഭാഗത്തു നിന്നും നൽകിയിരുന്നു. എതിർപ്പുകളും വിമർശങ്ങളും നിരുത്സാഹപ്പെടുത്തലുകളും ഒക്കെ ഉണ്ടായപ്പോൾ സിസ്റ്റർ തന്റെ ദൈവവിളിയിൽ കൂടുതൽ ബലപ്പെടുകയായിരുന്നു. മഠത്തിൽ വന്നതിനു ശേഷം ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ യാതൊരു പരിഭവവും കൂടാതെ ചെയ്യാനുള്ള സന്നദ്ധതയും തീക്ഷണതയും സിസ്റ്ററിന് ഉണ്ടായിരുന്നു.

“എന്റെ ദൈവവിളിയിൽ ഏറെ സന്തോഷം അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. 43 വർഷങ്ങൾ സന്യാസത്തിൽ ജീവിച്ച എന്നെ ദൈവം എല്ലായ്‌പ്പോഴും കരം പിടിച്ച് വഴിനടത്തുകയായിരുന്നു. എന്നെ എന്നും ബലപ്പെടുത്തിയിരുന്ന ഒരു ദൈവവചനം ‘ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട;, സംഭ്രമിക്കണ്ട ഞാൻ നിന്റെ ദൈവമാണ്’ എന്നുള്ള തിരുവചനമാണ്. ഇന്നും ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. ദൈവം എന്റെ കൂടെയുണ്ട്. അതിനാൽ, അവിടുന്ന് എല്ലാം ഭദ്രമായി നോക്കിക്കൊള്ളും” – സി. ആർദ്ര പറഞ്ഞുനിർത്തി.

പുതിയ ഉത്തരവാദിത്വങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന ദൈവികമായ ശുശ്രൂഷകളും ഒക്കെ കൂടുതൽ ഫലദയാകമാകാൻ സി. ആർദ്രക്ക് ലൈഫ് ഡേ യുടെ ആശംസകൾ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.