മാതാപിതാക്കളുടെ മരണത്തിലും ദൈവവിളിയെ നെഞ്ചോട് ചേർത്തു; ഇന്ന് വൈദികൻ

വൈദിക പരിശീലന കാലഘട്ടത്തിൽ മാതാപിതാക്കൾ മരണപ്പെട്ടെങ്കിലും തന്റെ ദൈവവിളിയിൽ ഉറച്ചുനിന്ന ഒരു വൈദികാർത്ഥി. വൈദികപരിശീലന കാലഘട്ടത്തിൽ വി. ചാവറ പിതാവ് കടന്നുപോയതും ഇതേ രീതിയിലുള്ള പരീക്ഷണങ്ങളിലൂടെ ആയിരുന്നു. അതുപോലെ ജീവിതത്തിലെ പരീക്ഷണങ്ങളെ അദ്ദേഹം ദൈവഹിതത്തോട് ചേർത്തുവച്ച് സ്വീകരിച്ചു. ഇന്നദ്ദേഹം വൈദികനാണ്. സി എം ഐ സന്യാസ സമൂഹത്തിന്റെ ഭോപ്പാൽ പ്രൊവിൻസിലെ ഫാ. ലിജോ ബേബി കളപ്പറമ്പത്ത് CMI.

സന്യാസ വൈദിക പരിശീലനത്തിന്റെ പടവുകളിൽ തത്വശാസ്ത്ര പഠനകാലത്ത് അമ്മയും, ദൈവശാസ്ത്ര പഠനകാലത്ത് അപ്പച്ചനും ഈ ലോകത്തോട് യാത്ര പറഞ്ഞു. എന്നിട്ടും വിളിച്ചവനോടുള്ള കടപ്പാടും ദൈവവിളിയോടുള്ള അതിരറ്റ സ്നേഹവും ബഹുമാനവും ആത്മാർത്ഥതയും പുലർത്തി 2021 ഡിസംബർ 29 -ന് തൃശൂർ അതിരൂപതയിലെ വരാക്കര ഇടവകപ്പള്ളിയിൽ വച്ച് അഭിവന്ദ്യ മാർ. പ്രിൻസ് പാണേങ്ങാടൻ പിതാവിന്റെ കൈവയ്പ്പിലൂടെ ശുശ്രൂഷാപൗരോഹിത്യ പദവിയിലേക്ക് ഫാ. ലിജോ ബേബി ഉയർത്തപ്പെട്ടു.

മാതാപിതാക്കളുടെ നഷ്ടം തിരുപ്പട്ട നിമിഷങ്ങളിൽ അനേകരുടെ കണ്ണുകളെ ഈറനണിയിച്ചെങ്കിലും സ്വർഗ്ഗത്തിലിരുന്ന് തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മാതാപിതാക്കളെ മനസ്സിൽ കണ്ട് അൾത്താരയുടെ പടികൾ നടന്നുകയറിയ ലിജോ അച്ചന്റെ മുഖത്ത് തെളിഞ്ഞ ശോഭയും ധീരതയും ഇന്ന് അനേകരെ ആകർഷിക്കുന്നു. മാതാപിതാക്കളുടെ നഷ്ടം നികത്തി പൗരോഹിത്യ ശുശ്രൂഷയിലേക്കുള്ള വഴിയിൽ കൂടെ നിൽക്കുന്ന ഏകസഹോദരൻ ലിബിൻ ബേബിയുടെയും കുടുംബത്തിന്റേയും പിന്തുണയും ലിജോ അച്ചന്റെ ജീവിതത്തെ കൂടുതൽ നിറമുള്ളതാക്കുന്നു.

തിരുപ്പട്ട സ്വീകരണ ഒരുക്കങ്ങൾക്കിടയിൽ തന്റെ ചേട്ടന് സംഭവിച്ച അപകടവും ബുദ്ധിമുട്ടുകളും ലിജോ അച്ചന്റെ പുഞ്ചിരിയുടെ ശോഭ കെടുത്തിയില്ല. കാരണം താൻ കൈവച്ച കലപ്പ നിത്യമായ സന്തോഷം പ്രദാനം ചെയ്യുന്ന സൗഭാഗ്യ പൂങ്കാവനമാണെന്നുള്ള ബോധ്യം ലിജോ അച്ചനുണ്ടായിരുന്നു. പ്രതിബന്ധങ്ങളുടെ അലയടികൾ ജീവിതവഴികളിൽ ചോദ്യങ്ങളുയർത്തുമ്പോഴും ദൈവവിളിയുടെ അർത്ഥവും ആഴവും വെളിപ്പെട്ടുകിട്ടി, അൾത്താരക്കരികിൽ അഭയം കണ്ടെത്തി, ദൈവജനത്തിനു വേണ്ടി ബലിയാടായിത്തീരുന്ന ലിജോ അച്ചൻ സന്യാസ പൗരോഹിത്യവഴികളിൽ ഒരുപാടു പേർക്ക് ബലമേകുമെന്ന് ഉറപ്പാണ്.

മാതാപിതാക്കളുടെ മരണശേഷം വൈദികപഠനം ഉപേക്ഷിച്ച് തിരിച്ചുപോകാനുള്ള ഉൾവിളികൾ ജീവിതത്തെ പിടിച്ചുലച്ചപ്പോഴും മാതാപിതാക്കളുടെ സ്വപ്നങ്ങളെ തന്റെ സ്വപ്നങ്ങളാക്കിത്തീർത്ത് മുന്നോട്ടു പോകാനുള്ള ദൈവനിയോഗത്തെ തിരിച്ചറിയാൻ കഴിഞ്ഞുവെന്നത് ലിജോ അച്ചന്റെ ജീവിതത്തിന് തനിമ നൽകുന്ന ഒന്നാണ്. വൈദികപരിശീലനത്തിന്റെ ആദ്യനാളുകളിൽ റെക്ടറായിരുന്ന പോൾസൻ തളിയത്ത് അച്ചൻ പഠിപ്പിച്ചതനുസരിച്ച്, കയറിച്ചെല്ലുന്ന ദേവാലയങ്ങളിലൊക്കെ ലിജോ അച്ചൻ സമർപ്പിച്ചിരുന്ന മൂന്ന് നിയോഗങ്ങൾ ഇവയാണ്. അപ്പച്ചന്റെ അസുഖം മാറണം, മാതാപിതാക്കൾ തന്റെ പൗരോഹിത്യസ്വീകരണത്തിന് കൂടെയുണ്ടാകണം, തന്നെ വിശുദ്ധിയുള്ള വൈദികനാക്കണം. പക്ഷേ, അപ്രതീക്ഷിതമായ അമ്മയുടെ മരണവും അസുഖം മൂർച്ഛിച്ചുള്ള അപ്പച്ചന്റെ മരണവും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ വിഫലമാക്കുന്നവയായിരുന്നു. എന്നാൽ ഇന്ന് തന്റെ പ്രാർത്ഥനകളേക്കാൾ ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ എന്നും വിശുദ്ധിയുള്ള ഒരു വൈദികനാക്കണേ എന്നും മാത്രമാണ് ലിജോ അച്ചന്റെ പ്രാർത്ഥന. ഒപ്പം ഭൂമിയിൽ തന്നെ ചേർത്തുപിടിക്കുന്ന മാതാപിതാക്കളേക്കാൾ സ്വർഗ്ഗത്തിൽ ദൈവസന്നിധിയിലിരുന്ന് തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മാതാപിതാക്കളുടെ ആത്മീയസാന്നിധ്യം ലിജോ അച്ചന് കൂടുതൽ കരുത്തു നൽകുന്നു.

മധ്യപ്രദേശിലും അരുണാചൽപ്രദേശിലും ഉഗാണ്ടയിലും വ്യാപിച്ചുകിടക്കുന്ന സി എം ഐ ഭോപ്പാൽ പ്രവിശ്യയുടെ പ്രേഷിത കർമ്മമണ്ഡലങ്ങളിൽ ജീവിതം പകുത്തു നൽകാനുളള അച്ചന്റെ യാത്ര ദൈവാനുഗ്രഹങ്ങളാൽ സമ്പന്നമാകട്ടെ. ചാവറ പിതാവ് കൊളുത്തിവച്ച പ്രേഷിതപ്രയാണത്തിന്റെ അലയടികൾ തന്റെ ജീവിതത്തിലൂടെ അനേകർക്ക് അനുഭവപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

സോണിച്ചൻ CMI

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.