ലോക യുവജനദിനങ്ങളിലെ അവിസ്മരണീയമായ അനുഭവങ്ങൾ

കത്തോലിക്കാ സഭയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ പരിപാടികളിലൊന്നാണ് ആഗോള യുവജനദിനങ്ങൾ. ലോകം മുഴുവന്റെ തന്നെയും ഭാവിയും ഊർജ്ജവും ഒന്നിക്കുന്ന ഒരിടം എന്നുവേണമെങ്കിൽ യുവജന ദിനങ്ങളെ വിശേഷിപ്പിക്കാവുന്നതാണ്. വർഗ-വർണ്ണഭേദമന്യേ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് യുവജനങ്ങൾ ഒന്നിച്ചുചേരുന്ന യുവജനദിനങ്ങൾ ലോകചരിത്രത്തിലെ തന്നെ നിർണായക നിമിഷങ്ങളിലൊന്നാണ്. മതചിന്തകൾക്കതീതമായി പരിശുദ്ധ മാർപാപ്പയോടൊപ്പം ഒന്നിച്ചുചേരുന്ന യുവജനങ്ങളുടെ മാനസാന്തരകഥകളെക്കുറിച്ചും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. ആഗോള യുവജനദിനങ്ങളിൽ ഒന്നിലധികം പ്രാവശ്യം സംബന്ധിക്കാൻ അവസരമുണ്ടായ ഫ്രാൻസിസ് മാർപാപ്പയുടെയും അനുഭവങ്ങൾ വ്യത്യസ്തമല്ല. 2013-ൽ റിയോയിലും 2016-ൽ ക്രാക്കോവിലും 2019-ൽ പനാമയിലും നടന്ന യുവജനസമ്മേളനങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായിരുന്നു. ഇന്നും അദ്ദേഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ആ യുവജനദിന അനുഭവനിമിഷങ്ങളെ ചുവടെ ചേർക്കുന്നു.

1. ഈശോ നൽകുന്ന വാഗ്ദാനം ഒന്നിനോടും ഉപമിക്കാവുന്നതല്ല

2013-ലെ ലോക യുവജനദിനം ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജൂലൈ 22 മുതൽ 28 വരെയായിരുന്നു നടന്നത്. ഫ്രാൻസിസ് മാർപാപ്പ അവിടെ സന്നിഹിതനായിരുന്നു. ആ യുവജനദിനത്തിലെ പ്രധാന സമ്മേളനം നടന്നത് കോപകബാന ബീച്ചിൽ വച്ചായിരുന്നു. അവിടെ ഒത്തുകൂടിയ 30 ലക്ഷത്തോളം വരുന്ന യുവജനങ്ങളോടായി മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ലോകകപ്പിനേക്കാൾ മഹത്തരമായ വാഗ്ദാനമാണ് ക്രിസ്തു നൽകുന്നത്. എല്ലായ്‌പ്പോഴും മുന്നോട്ടു കളിക്കുക.” ക്രിസ്തുവിന്റെ ആധികാരികത എല്ലാ മനുഷ്യരെയും സ്നേഹപൂർവം ഉൾക്കൊള്ളുക എന്നതായിരുന്നു. യഥാർഥത്തിൽ സഭയുടെ ജീവനുള്ള മൂലക്കല്ലായിരുന്നു ക്രിസ്തു എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ വികാരനിർഭരമായി ആ സദസ്സിൽ നിന്നത്.

2. യുവജനദിനത്തിലെ ഓർമ്മകളിൽ ഇന്നും ഓർക്കുന്ന ഒരു ചുംബനം

2013-ലെ ആഗോള യുവജനദിനം. മാർപാപ്പ തന്റെ ഔദ്യോഗികവാഹനത്തിലൂടെ എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് നഥാൻ ഡി ബ്രിട്ടോ എന്ന ബ്രസീലിയൻ ബാലൻ അപ്രതീക്ഷിതമായി മാർപാപ്പയുടെ വാഹനത്തിൽ ഓടിക്കയറിയത്. ആ കൊച്ചുകുട്ടി ഫ്രാൻസിസ് മാർപാപ്പായെ പലതവണ കെട്ടിപ്പിടിച്ച് ചുംബിച്ചു. മാർപാപ്പയിൽ നിന്ന് അവനെ പിടിച്ചുമാറ്റുമ്പോൾ അവൻ കരയുന്നുണ്ടായിരുന്നു. ആ യുവജനദിനത്തിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നായിരുന്നു അത്; ആ കൊച്ചുബാലൻ ഇന്ന് പുരോഹിതനാണ് എന്ന് മാർപാപ്പ അനുസ്മരിക്കുന്നു.

3. ‘എനിക്ക് പ്രശ്നങ്ങൾ വേണം’

2013-ലെ തന്നെ ആഗോള യുവജനദിനത്തിൽ റിയോ ഡി ജനീറോയിലെ കത്തീഡ്രലിൽ വച്ച് മാർപാപ്പ ആയിരക്കണക്കിന് അർജന്റീനക്കാരുമായി കൂടിക്കാഴ്ച നടത്തി. അവിടെ വച്ച് മാർപാപ്പ, പ്രശ്നങ്ങളെ ഇഷ്ടപ്പെടണമെന്നും പ്രശ്നങ്ങളിലൂടെ ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടുത്തണമെന്നും ഓർമ്മപ്പെടുത്തി.

“ഞാൻ രൂപതയിലും സഭയിലും പ്രശ്നങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്നു. അങ്ങനെ ലൗകികമായ എല്ലാറ്റിൽ നിന്നും പുറത്തുകടക്കണം. നമ്മിൽത്തന്നെ അടച്ചിരിക്കേണ്ട എല്ലാറ്റിൽ നിന്നും പുറത്തുകടക്കണം. പ്രശ്നങ്ങളില്ലെങ്കിൽ ഞാൻ പുറത്തുവരികയില്ല. പുറത്തുവന്നില്ലെങ്കിൽ ഞാൻ, സഭ ഒരു എൻജിഒ ആയിത്തീരും. സഭ ഒരിക്കലും ഒരു എൻജിഒ ആകാൻ പാടില്ല” – എന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ.

4. കുടുംബങ്ങൾക്കായി മൂന്ന് നുറുങ്ങുചിന്തകൾ പങ്കുവച്ച ദിനം

2016-ലെ ക്രാക്കോവ് വേൾഡ് യൂത്ത് ഡേ യിലായിരുന്നു സംഭവം. ക്രാക്കോവ് അതിരൂപതയുടെ ബാൽക്കണിക്കു മുന്നിൽ തന്നെ കാത്തിരിക്കുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തപ്പോൾ, കുടുംബജീവിതത്തെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മൂന്ന് ഓർമപ്പെടുത്തലുകൾ പരിശുദ്ധ പിതാവ് പങ്കുവച്ചു. “ഇതിനോടകം വിവാഹം ചെയ്തവരും വിവാഹം ചെയ്യാനൊരുങ്ങുന്നവരും നിങ്ങളുടെ ഇടയിലുണ്ട്. വിവാഹജീവിതത്തിന്റെ വിജയത്തിനായി നിങ്ങൾ മൂന്നു കാര്യങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കണം. ക്ഷമിക്കാനും നന്ദിപറയാനും അനുവദിക്കാനും നിങ്ങൾ മറന്നുപോകരുത്. ഇത് വിവാഹജീവിതത്തിന്റെ വിജയത്തിന് ആധാരമായ കാര്യങ്ങളാണ്.”

5. വി. മാക്സിമിലിയൻ കോൾബെയുടെ “പട്ടിണി അറയുടെ” സന്ദർശനം

ഫ്രാൻസിസ് മാർപാപ്പ പോളണ്ടിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയിൽ ഓഷ്വിറ്റ്സിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ വി. മാക്സിമിലിയൻ കോൾബെ താമസിച്ച ‘പട്ടിണി അറ’ സന്ദർശിക്കാനിടയായി. ആ ഇരുണ്ടമുറിയിൽ അതിന്റെ ഭിത്തിയുടെ മധ്യഭാഗത്തായി മെഴുകുതിരികളുടെ ഒരു കൊത്തുപണിയുണ്ട്. അവിടെ തടവിൽ കഴിഞ്ഞിരുന്നവർ ചെയ്തതായിരുന്നു അത്. അവിടെ അദ്ദേഹം ഏതാനും നിമിഷങ്ങൾ പ്രാർഥിച്ചു. അത് തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് മാർപാപ്പ പങ്കുവയ്ക്കുന്നു.

6. യുവജനങ്ങളോടൊപ്പം കൈ കോർത്തുകൊണ്ട് വിശുദ്ധ വാതിലിലൂടെ

2016-ലെ ക്രാക്കോവിലെ യുവജനദിനത്തിന്റ മറക്കാത്ത ഓർമയായിരുന്നു അത്. ഫ്രാൻസിസ് മാർപാപ്പ തന്നെ പ്രഖ്യാപിച്ച ആ ‘കരുണയുടെ വാതിലിലൂടെ’ ക്യാമ്പസ് മിസെറികോർഡിയയുടെ അൾത്താരയിൽ എത്തുന്നതുവരെയുള്ള നിമിഷങ്ങൾ ഇന്നും പച്ചകടാത്ത അനുഭവമായി അദ്ദേഹം അനുസ്മരിക്കുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലോകം മുഴുവനെയും വഹിച്ചുകൊണ്ടുള്ള ഒരു യാത്രയായി അദ്ദേഹം ഇന്നും ആ ഓർമകളെ സൂക്ഷിക്കുന്നു.

7. വൈറലായ ഒരു ഫോട്ടോയുടെ കഥ

ലാറ്റിനമേരിക്കൻ തീർഥാടകരുടെ ശക്തമായ സാന്നിധ്യത്തിൽ 2019-ൽ പനാമയിൽ നടന്ന ലോക യുവജനദിനത്തിലെ അനുഭവമാണ് മറ്റൊന്ന്. 17 വയസ്സുള്ള ലൂക്കാസ് എന്ന യുവാവിനെ അവന്റെ സുഹൃത്തുക്കൾ വീൽചെയറിൽ നിന്ന് എടുത്തുപൊക്കുന്നുണ്ടായിരുന്നു. അവന്റെ ആഗ്രഹം മനസ്സിലാക്കിയ ഫ്രാൻസിസ് മാർപാപ്പ ആൾക്കൂട്ടത്തിനിടയിലൂടെ അവനെ അനുഗ്രഹിക്കുന്നുണ്ട്. ആ മനോഹരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.