അവർ ദൈവഹിതത്തിന് ‘ആമ്മേൻ’ പറഞ്ഞു; തിരുസഭക്ക് ലഭിച്ചത് ഒരു വൈദികനെയും സന്യാസിനിയെയും

ദൈവം ഓരോരുത്തരുടെയും ജീവിതത്തിൽ ഇടപെടുന്നത് വ്യത്യസ്തമായ രീതികളിലാണ്. അത്തരത്തിൽ, വ്യത്യസ്തമായ രീതിയിൽ ഇടപെടുകയും അവരെ തനിക്കായി നേടുകയും ചെയ്ത ഒരു സാക്ഷ്യമാണ് ആഞ്ചലോ റഗോസ്റ്റയുടെയും മരിയ ജ്യൂസെപ്പിനയുടെയും. ഇരുവരും കൗമാരപ്രായത്തിൽ കണ്ടുമുട്ടുകയും ആ ബന്ധം വളർന്ന്, വിവാഹിതരാകുക എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന്, റഗോസ്റ്റ വൈദികനും മരിയ ജ്യൂസെപ്പിന മിണ്ടാമഠത്തിലെ സന്യാസിനിയുമാണ്. വ്യത്യസ്തമായ ദൈവതിരഞ്ഞെടുപ്പിന്റെ അനുഭവം വായിക്കാം.

“ഞങ്ങൾ വിവാഹിതരാകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ദൈവത്തിന് ഞങ്ങളെക്കുറിച്ചുള്ള പദ്ധതി മറ്റൊന്നായിരുന്നു. ദൈവത്തിന് അവളെ വേണമെന്ന് അവിടുന്ന് അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തു. അങ്ങനെ അവൾ മിണ്ടാമഠത്തിൽ പ്രവേശിച്ച് മരിയ ജ്യൂസെപ്പിന എന്ന പേര് സ്വീകരിച്ചു” – കഴിഞ്ഞ പത്തു വർഷങ്ങളായി വൈദികശുശ്രൂഷ തുടരുന്ന ആഞ്ചലോ റഗോസ്റ്റ തങ്ങളുടെ വിളിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയത് ഇപ്രകാരമാണ്.

കൗമാരപ്രായത്തിൽ കണ്ടുമുട്ടുകയും പിന്നീട് പരസ്പരം അടുത്തറിഞ്ഞ് ജീവിതത്തിൽ ഒരുമിക്കാനും വിവാഹം എന്ന കൂദാശ സ്വീകരിക്കാനും തീരുമാനിച്ചവരായിരുന്നു ആഞ്ചലോ റഗോസ്റ്റയും മരിയ ഗ്യൂസെപ്പിനയും. എന്നാൽ തന്റെ വിളി വിവാഹജീവിതമല്ല എന്ന് തിരിച്ചറിഞ്ഞ മരിയ ഈ ബന്ധത്തിൽ നിന്നും പിന്മാറി. മഠത്തിൽ ചേരാനും സന്യാസിനി ആകാനുമുള്ള അവളുടെ ആഗ്രഹവും തീരുമാനവും അംഗീകരിക്കാൻ ആഞ്ചലോക്ക് കഴിഞ്ഞിരുന്നില്ല.

പൗരോഹിത്യത്തിലേക്കുള്ള വിളി തിരിച്ചറിയുന്നു

മരിയ മഠത്തിൽ പോയതിനു ശേഷമുള്ള ആഞ്ചലോയുടെ ജീവിതം വളരെ ദുസ്സഹമായിരുന്നു. ഒരു ഇലക്ട്രീഷ്യനായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു. എങ്കിലും ഒന്നിലും സംതൃപ്തി ലഭിക്കുന്നുണ്ടായിരുന്നില്ല. “എന്റെ ഹൃദയത്തിൽ ഞാൻ കൂടുതൽ അസ്വസ്ഥനായി. എനിക്ക് ശമ്പളം കിട്ടുന്നുണ്ടായിരുന്നു; കൂട്ടുകാർക്കൊപ്പം പുറത്തുപോയി. പക്ഷേ എല്ലാം അസഹ്യമായിരുന്നു. എനിക്ക് എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ സന്തോഷവാനല്ലായിരുന്നു” – അദ്ദേഹം തന്റെ ആ സമയത്തെ അവസ്ഥ പറയുന്നത് ഇപ്രകാരമാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം ഏറെ തളർന്നപ്പോൾ ‘ഞാൻ എന്തിനാണ് ഭൂമിയിൽ? എന്നിൽ നിന്ന് നിനക്ക് എന്താണ് ആവശ്യം?’ എന്ന് കണ്ണീരോടെ ദൈവത്തോട് ചോദിച്ചു. അന്ന് ദൈവം നൽകിയ ഉത്തരമായിരുന്നു ജെറമിയ 1: 4-5 വരെയുള്ള വാക്യങ്ങൾ – “ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞിരുന്നു. നീ ജനിക്കുന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ചു; ഞാൻ നിന്നെ ജനതകൾക്ക് പ്രവാചകനായി നിയമിച്ചു.” ഈ തിരുവചനഭാഗം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.

ആ യുവാവിൽ ദൈവവിളിയുടെ വിത്തുകൾ പാകാൻ ആ തിരുവചന ഭാഗത്തിനു കഴിഞ്ഞു. അന്നുമുതൽ പൗരോഹിത്യം എന്ന വലിയ കൂദാശ സ്വീകരിക്കാൻ ആഞ്ചലോ ഒരുങ്ങിത്തുടങ്ങി. ആഞ്ചലോ സെമിനാരിയിൽ പ്രവേശിച്ചു, ഏഴു വർഷത്തിനു ശേഷം പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് പത്തു വർഷമായി ദൈവം തനിക്കായി കാട്ടിത്തന്ന പൗരോഹിത്യവിളിയിൽ തുടരുകയാണ് ഈ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.