‘മതം മാറുക, നികുതി നൽകുക, അല്ലെങ്കിൽ മരിക്കുക’: കോംഗോയിലെ ‘നിശബ്ദ’ രക്തസാക്ഷികൾ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (DRC) കിഴക്കൻ മേഖലകൾ തോക്കിൻമുനയിലാണ്. വംശീയ ഗ്രൂപ്പുകളും വിമതരും തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളിൽ ഇതിനകം ലക്ഷക്കണക്കിന് മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകൾ അഭയാർഥികളായി. എന്നാൽ, ഇന്ന് കോംഗോയിലെ ജനങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തെ ഏറ്റവും കൂടുതൽ ഭീതിയിലാഴ്ത്തുന്നത് മറ്റാരുമല്ല—’അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്’ (ADF) എന്ന ഭീകര സംഘടനയാണ്.

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോട് (IS) ആഭിമുഖ്യം പുലർത്തുന്ന എ. ഡി. എഫ്, തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്രൂരമായ ക്രൈസ്തവ വേട്ടയാണ് ഇവിടെ നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വയലുകളിൽ വീഴുന്ന കർഷകരുടെ രക്തം

കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ആ നടുക്കുന്ന സംഭവം. കൃഷിയിടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന രണ്ട് കർഷകരെ എ. ഡി. എഫ്. ഭീകരർ ക്രൂരമായി കൊലപ്പെടുത്തി. തൊട്ടുപിന്നാലെ മൻസൂബ, മുസാന്ദ്വ, വസാഫി എന്നീ ഗ്രാമങ്ങളിലെ ക്രൈസ്തവ കർഷകർക്ക് നേരെയും ആക്രമണമുണ്ടായി. അന്ന് മാത്രം പൊലിഞ്ഞത് 24 ജീവനുകളാണ്.

ആക്രമണം അവിടെയും തീർന്നില്ല. തൊട്ടടുത്ത ദിവസങ്ങളിൽ നോർത്ത് കിവുവിലെ ബെനി പ്രദേശത്ത് 25 പേരെയും, ഇറ്റൂരി പ്രവിശ്യയിൽ 15 പേരെയും ഭീകരർ കൊലപ്പെടുത്തിയതായി പ്രാദേശിക മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്.

“ഓരോ മനുഷ്യന്റെ മുഖത്തും ആ വേദന പ്രകടമായിരുന്നു. നഗരം ഒന്നടങ്കം വിലാപത്തിലായിരുന്നു. ബാപ്റ്റിസ്റ്റ്, കാത്തലിക്, അഡ്വന്റിസ്റ്റ് തുടങ്ങി വിവിധ സഭകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഹൃദയം തകരുന്ന കാഴ്ചയായിരുന്നു അത്. തകർന്ന മനസ്സുകളെ ദൈവം സൗഖ്യമാക്കട്ടെ,” ഒന്നിലധികം മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഓയിച്ചയിലെ സഭാ നേതാവായ റവ. പലുകു വേദനയോടെ ഓർക്കുന്നു.

‘ജിസ്‌യ’ നികുതിയും കൂട്ടപ്പലായനവും

വെറുമൊരു ആക്രമണമല്ല, മറിച്ച് കൃത്യമായ അജണ്ടയോടെയുള്ള പീഡനമാണ് കോംഗോയിൽ നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ, തങ്ങൾ ഏർപ്പെടുത്തിയ 30,000 കോംഗോളീസ് ഫ്രാങ്ക് നികുതി അടയ്ക്കാൻ വിസമ്മതിച്ചതിന് ഒരു കർഷകനെ അദ്ദേഹത്തിന്റെ തൊഴിലാളികളുടെ മുന്നിലിട്ടാണ് ഭീകരർ വെടിവെച്ചു കൊന്നത്. തുടർച്ചയായ ആക്രമണങ്ങൾ ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ ബെനി, ബ്യൂട്ടെംബോ നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

ആഗോള ക്രിസ്ത്യൻ പീഡനവിരുദ്ധ സംഘടനയായ ‘ഓപ്പൺ സോഴ്സ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കോംഗോയിലെ ക്രൈസ്തവ കർഷകരുടെ അവസ്ഥ ദയനീയമാണ്. ഓരോ വ്യക്തിക്കും പത്ത് ഡോളറും, ഓരോ ഹെക്ടർ കൃഷിഭൂമിക്ക് 25 ഡോളറും വീതം ഭീകരർക്ക് നികുതി നൽകണം. “ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കിൽ ‘ജിസ്‌യ’ (ഇസ്ലാമിക നികുതി) നൽകുക, അതുമല്ലെങ്കിൽ മരണത്തിന് കീഴടങ്ങുക,” ഭീകരരുടെ അന്ത്യശാസനം ഇതാണ്.

ഭീകരവാദം കോംഗോയിലെ ജനങ്ങളുടെ ജീവനെ മാത്രമല്ല, വരുംതലമുറയുടെ ഭാവിയെയും ബാധിച്ചിരിക്കുകയാണ്. മെയ് മാസം നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പ്രാഥമിക ടെസ്റ്റുകളിൽ പങ്കെടുക്കാൻ മേഖലയിലെ 40 ശതമാനത്തോളം വിദ്യാർഥികൾക്കും സാധിച്ചില്ല. നിരന്തരമായ അക്രമങ്ങൾ കാരണം സ്കൂളുകളും മിഷനറി ട്രെയിനിങ് സെന്ററുകളും അടഞ്ഞു കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.