ക്ഷയരോഗത്തിനെതിരെ പോരാടുന്ന സന്യാസിനി

ഏഷ്യയിലെ പല രാജ്യങ്ങളിലും ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി നിലനിൽക്കുന്ന ഒരു രോഗമാണ് ക്ഷയം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ ക്ഷയരോഗം കൂടുതലുള്ള രാജ്യങ്ങളിൽ ആറ് എണ്ണം ദക്ഷിണേഷ്യയിലും തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിലുമാണ്. ക്ഷയരോഗം പകരുന്ന അപകടകരമായ സാഹചര്യത്തിലും അത്തരം രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് ദൈവസ്നേഹത്തിന്റെ മാതൃക പകരുകയാണ് മിഷനറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹത്തിൽ അംഗമായ സി. റോബർട്ട പിഗ്‌നോൺ.

കഴിഞ്ഞ 12 വർഷമായി ബംഗ്ലാദേശിൽ ക്ഷയരോഗത്തിനെതിരെ പോരാടുകയാണ് സി. റോബർട്ട. ഡാമിയൻ ഹോസ്പിറ്റലിലെ പ്രോജക്ട് ഡയറക്ടറും ഡോക്ടറുമാണ് സി. റോബർട്ട പിഗ്‌നോൺ. ഖുൽന രൂപതയിലെ ചേരികളിൽ പാവപ്പെട്ടവരും കുഷ്ഠരോഗികളും ആയവർക്കിടയിൽ പ്രവർത്തിക്കുകയാണ് ഈ സന്യാസിനി. 33 കിടക്കകളുള്ള ഒരു ചെറിയ ആശുപത്രി, 3 ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, 15 ടിബി കൺട്രോൾ സെന്ററുകൾ എന്നിവക്കു പുറമേ, ഖുൽനയിലെ തെരുവുകളിലൂടെ ആളുകളെ ബോധവൽക്കരിക്കാനും ദുരിതമനുഭവിക്കുന്നവരെ ചികിത്സിക്കാനും ഈ സന്യാസിനി മുൻപന്തിയിലുണ്ട്.

ദിവസവും നാൽപതോളം രോഗികളെ ഇവർ സ്നേഹപൂർവ്വം പരിചരിക്കുന്നു. “ക്ഷയരോഗികൾക്കു വേണ്ടിയുള്ള പരിചരണം യേശുവിനോടുള്ള എന്റെ സ്നേഹത്തിന്റെ അടയാളമാണ്. ദരിദ്രരായതിനാൽ, പല രോഗികൾക്കും പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാൻ കഴിയില്ല. അതിനാൽ മരുന്നിനു പുറമേ ഞങ്ങൾ അവർക്ക് സൗജന്യ പോഷകാഹാരവും നൽകുന്നു” – സിസ്റ്റർ ഡോക്ടർ പറയുന്നു.

മിഷനറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് നിരവധി വർഷങ്ങളായി ബംഗ്ലാദേശിൽ കുഷ്ഠരോഗികളെ സേവിക്കുന്നുണ്ട്. 2012 മുതലാണ് അവർ ടിബി രോഗികളെ പരിചരിക്കാൻ തുടങ്ങിയത്. “കുഷ്ഠരോഗികൾ ക്രമേണ കുറയുന്നതായി ഞങ്ങൾ കണ്ടെത്തി. പക്ഷേ ടിബി രോഗികൾ വർദ്ധിക്കുന്നു. ഇപ്പോൾ ഖുൽനയിലെ ഞങ്ങളുടെ ആശുപത്രിയിൽ, കിടക്കകളുടെ പകുതി അവർക്കുള്ളതാണ്. പലർക്കും ക്ഷയരോഗത്തെക്കുറിച്ച് അറിയില്ല. രോഗം ഗുരുതരമാകുമ്പോഴാണ് പലരും ചികിത്സ തേടിയെത്തുന്നത്. ഈ സാഹചര്യത്തിൽ മറ്റ് കുടുംബാംഗങ്ങളെയും രോഗനിർണ്ണയം നടത്താനും പ്രത്യേക ചികിത്സ നൽകാനും ഞങ്ങൾ രോഗികളെ ഉപദേശിക്കുന്നു. കൂടാതെ, ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി ഞങ്ങൾ ഒരു ബോധവൽക്കരണ പരിപാടി നടത്തുന്നു” – സിസ്റ്റർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നു.

ബംഗ്ലാദേശ് സർക്കാർ മരുന്നുകൾ നൽകുന്നു, കാരിത്താസ് ആശുപത്രി നടത്തിപ്പിന് സഹായിക്കുന്നു. മതവ്യത്യാസമില്ലാതെ ബംഗ്ലാദേശിലെ ജനങ്ങളെ ഇത്തരത്തിൽ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി. റോബർട്ട പറയുന്നു. “ഞങ്ങളുടെ ആശുപത്രിയിൽ, രോഗികളിൽ 95 ശതമാനത്തിലേറെയും ക്രിസ്ത്യാനികളല്ല, അവർക്ക് സ്നേഹം വാഗ്ദാനം ചെയ്തുകൊണ്ട് ഞാൻ യേശുവിന്റെ സുവിശേഷത്തിന്റെ സാക്ഷ്യം കൊണ്ടുവരുന്നു” ഈ വാക്കുകളിൽ യേശുവിനായി പ്രവർത്തിക്കാനുള്ള സിസ്റ്ററിന്റെ തീഷ്ണതയും ആഗ്രഹവും തെളിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.