ക്രൈസ്തവ വിശ്വാസത്തോട് ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിക്കുന്ന രാജ്യം

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ഓപ്പൺ ഡോർസ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു. ഇതിൽ ക്രൈസ്തവ വിശ്വാസം ഏറ്റവും കൂടുതൽ എതിർക്കപ്പെടുകയും ക്രിസ്ത്യാനികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യമാണ് ഉത്തര കൊറിയ.

2023 -ലെ എൽഎംപി -യിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഉത്തര കൊറിയയാണ്. താലിബാൻ, അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തപ്പോൾ ക്രൈസ്തവർ ക്രൂരമായ പീഡനങ്ങൾക്ക് ഇരകളായിരുന്നു. അതിലും ക്രൂരമായ പീഡനങ്ങളാണ് ഉത്തര കൊറിയ ക്രൈസ്തവർക്കു നേരെ നടത്തുന്നതെന്ന് ഓപ്പൺ ഡോർസ് വെളിപ്പെടുത്തുന്നു. ഉത്തര കൊറിയയിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ കുറഞ്ഞിട്ടില്ലെന്നും പകരം ഓപ്പൺ ഡോർസ് രേഖപ്പെടുത്തിയ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പീഡനങ്ങളുടെ നിലയിലെത്തിയെന്നും 2023 -ലെ പട്ടികയുടെ പതിപ്പ് വെളിപ്പെടുത്തുന്നു.

“വിശ്വാസികൾക്ക് സമൂഹത്തിൽ ഇടമില്ല. പൊതുസ്ഥലത്തോ, സ്വകാര്യമായോ സേവനങ്ങൾക്കായി മറ്റ് ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്താൻ ഇവർക്ക് കഴിയില്ല. ആരെങ്കിലും ഒരു പള്ളി ആരംഭിക്കാൻ ശ്രമിച്ചാൽ അതിനും സാഹചര്യമില്ല എന്നു മാത്രമല്ല അത് ശിക്ഷാർഹവുമാണ്. ചുരുക്കത്തിൽ, അവർ നിരന്തരമായ ശിക്ഷാഭീഷണിയിലാണ് ജീവിക്കുന്നത്” – റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉത്തര കൊറിയൻ നിയമനിർമ്മാണം “ബൈബിൾ കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നു” എന്ന് ഓപ്പൺ ഡോർസ് അപലപിച്ചു.

ഒരു ഉത്തര കൊറിയൻ ക്രിസ്ത്യാനിയെ തടങ്കലിൽ വയ്ക്കുമ്പോൾ, അയാൾക്ക് സാധ്യമായ രണ്ട് വിധികൾ നേരിടേണ്ടിവരുന്നു – വധിക്കപ്പെടുകയോ അല്ലെങ്കിൽ നിർബന്ധിത ലേബർ ക്യാമ്പുകളിൽ ജീവിതം ചെലവഴിക്കുകയോ ചെയ്യുക. ലേബർ ക്യാമ്പുകളിൽ പീഡനം, പട്ടിണി, ലൈംഗികാതിക്രമം എന്നിവയുൾപ്പെടെയുള്ള വിവിധ മനുഷ്യാവകാശ ലംഘനങ്ങൾക്ക് അവർ വിധേയരാകുന്നു. കുടുംബാംഗങ്ങൾക്കും ഇതേ ശിക്ഷ ലഭിക്കും – റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.