വി. ബെന്നോ – മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ 

ജൂൺ പതിനാലിന് മ്യൂണിക് നഗരം അവളുടെ 865-ാം ജന്മദിനം ആലോഷിച്ച് രണ്ടു ദിവസങ്ങൾ കഴിഞ്ഞ് ജൂൺ മാസം പതിനാറാം തീയതി അവളുടെ സംരക്ഷകനായ വി. ബെന്നോയുടെ തിരുനാൾ ആഘോഷിക്കുന്നു.

ജർമ്മനിയിലെ മയിസ്സൻ (Meissen) രൂപതയുടെ മെത്രാനായിരുന്നു ബെന്നോ. ജർമ്മനിയിലെ നവോത്ഥാന പ്രസ്ഥാന സമയത്ത് (reformation) ബെന്നോയുടെ കബറിടം സ്ഥിതിചെയ്തിരുന്ന സ്ഥലം പ്രൊട്ടസ്റ്റൻ്റുകാർ ആക്രമിച്ചപ്പോൾ അന്നത്തെ മയിസ്സൻ ബിഷപ്പായിരുന്ന ജോഹാൻ ഒൻപതാമൻ വോൺ ഹൗഗ്വിറ്റ്സ് (Johann IX con Haugwitz) ബെന്നോയുടെ പൂജ്യാവശിഷ്ടങ്ങൾ ബവേറിയൻ ഭരണാധികാരിയായിരുന്ന ആൽബർട്ട് അഞ്ചാമനു കൈൈമാറി.

സാക്സണിലെ ഹിൽഡേസ്ഹൈമിൽ ഒരു പ്രഭുകുടുംബത്തിൽ 1010-ൽ ബെന്നോ ജനിച്ചു. അഞ്ചാം വയസു മുതൽ അവിടെയുണ്ടായിരുന്ന ഒരു ബനഡിക്ടൻ അശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. പിൽക്കാലത്ത് ബെന്നോ അവിടുത്തെ ആബട്ടായി. ഹെൻട്രി നാലാമൻ രാജാവിൻ്റെ ചാപ്ലയിനും ഗോസ്റ്റിലെ സഭാ നിയമപണ്ഡിതനുമായിരുന്ന ബെന്നോ 1066-ൽ മയിസ്സൻ രൂപതയുടെ പത്താമത്തെ മെത്രാനായി നിയമിക്കപ്പെട്ടു. നാൽപതു വർഷം മെത്രാനായി ശുശ്രൂഷ ചെയ്ത ബെന്നോ മെത്രാൻ, സാക്സണുമായുള്ള രാജാവിൻ്റെ യുദ്ധത്തിൽ സമാധാനം സ്ഥാപിക്കുന്നതിലും മെത്രാന്മാരെ നിയമിക്കുന്നതിൽ ഹെൻട്രി നാലാമനും ഗ്രിഗറി ഏഴാമനുമായുള്ള അഭിപ്രായഭിന്നത പരിഹരിക്കുന്നതിലും പ്രത്യേകം ശ്രമിച്ചിരുന്നു.

ചില അവസരങ്ങളിൽ അദ്ദേഹത്തിന് വിപ്രവാസത്തിൽ പോകേണ്ടിവന്നു. 1106 ജൂൺ പതിനാറിന് ബെന്നോ മെത്രാൻ മരണമടഞ്ഞു. 1523-ൽ ബെന്നോയെ വിശുദ്ധനായി പ്രഖ്യാപിച്ചു. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിൽ വിശുദ്ധൻ്റെ തിരുശേഷിപ്പ് നഷ്ടപ്പെടാതിരിക്കാൻ 1576-ൽ ജോഹാൻ ഒമ്പതാമൻ മെത്രാൻ ബെന്നോയുടെ പൂജ്യാവശിഷ്ടങ്ങൾ ബവേറിയൻ ഭരണാധികാരിയായിരുന്ന ആൽബർട്ട് അഞ്ചാമനു കൈൈമാറി. ബെന്നോയുടെ പൂജ്യമായ തിരുശേഷിപ്പ് മ്യൂണിക്കിലേയ്ക്കു കൈമാറ്റം ചെയ്യുന്നത് വിറ്റെൽസ്ബാക്ക് കുടുംബത്തിന് വിശ്വാസ സമരത്തിലെ വിജയം മാത്രമായിരുന്നില്ല, കുടുംബത്തിനു ലഭിച്ച ഒരു വലിയ ബഹുമതിയുമായിരുന്നു.  പിന്നീട് വിശുദ്ധൻ്റെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി കത്തീഡ്രൽ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു. 1580 മുതൽ ബവേറിയയുടെയും മ്യൂണിക് നഗരത്തിന്റെയും രക്ഷാധികാരിയായിരുന്ന വി. ബെന്നോയെ വണങ്ങുന്നു.

മത്സ്യവും താക്കോലും  

വി. ബെന്നോയെ മത്സ്യവും താക്കോലും ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനെപ്പറ്റി ഒരു ഐതീഹ്യമുണ്ട്. അക്കാലത്തെ രാഷ്ട്രീയ കോളിളക്കത്തിന്റെ പശ്ചാത്തലത്തിൽ, ബെന്നോയ്ക്ക് മൂന്നുവർഷത്തേയ്ക്ക് മയിസ്സനിൽ പലായനം ചെയ്യേണ്ടിവന്നു. 1088-ൽ മയിസ്സനിലേയ്ക്ക് തിരികെവന്ന ബെന്നോ ഒരു തീർത്ഥാടകനായി തന്റെ രൂപതയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരത്തിലെത്തി അവിടെ ഒരു സത്രത്തിൽ അഭയം തേടി. ആ ദിവസങ്ങളിൽ സത്രത്തിൻ്റെ ഉടമസ്ഥന്  വലിയ ഒരു മത്സ്യത്തെ കിട്ടി. വിരുന്നുകാർക്കായി മത്സ്യം തയ്യാറാക്കുമ്പോൾ അതിൻ്റെ ചെകിളകൾക്കിടയിൽ നിന്ന് ഒരു താക്കോലും കിട്ടി. താക്കോൽ തിരിച്ചറിഞ്ഞ ബെന്നോ, നടന്ന സംഭവങ്ങൾ വിവരിച്ചു.

മൂന്നു വർഷങ്ങൾക്കുമുമ്പ് മയിസ്സനിൽ പലായനം ചെയ്യുമ്പോൾ ശത്രുക്കൾ ദൈവാലയം നശിപ്പിക്കാതിരിക്കാൻ നദിയിലേയ്ക്കു താൻ വലിച്ചെറിഞ്ഞ കത്തീഡ്രൽ ദൈവാലയത്തിൻ്റെ താക്കോലാണ് അതെന്ന് ബെന്നോ വിശദീകരിച്ചു. ഈ സംഭവം കാട്ടുതീ പോലെ മയിസ്സൻ നഗത്തിൽ പടർന്നു. ബെന്നോ ബിഷപ്പ് തിരിച്ചുവന്ന വിവരമറിഞ്ഞ ഭരണാധികാരികളും പ്രഭുക്കന്മാരും അദ്ദേഹത്തെ കത്തീഡ്രലിലേയ്ക്ക് തിരികെ കൂട്ടിക്കൊണ്ടുപോയി. ഈ ഐതീഹ്യത്തിൽ നിന്നാണ്  മത്സ്യവും താക്കോലും ബെന്നോ വിശുദ്ധൻ്റ പ്രതീകമായത്.

മറ്റൊരു വ്യാഖ്യാനമനുസരിച്ച്  മത്സ്യം ക്രിസ്തുവിൻ്റെ അടയാളവും, താക്കോൽ ക്രിസ്തു ബന്ധിപ്പിക്കുന്നതിനും അഴിക്കുന്നതിനുമായി പത്രോസിനു നൽകിയ  അധികാരത്തിൻ്റെ പ്രതീകവുമാണ്.

മ്യൂണിക്കിലെ ബെന്നോഫെസ്റ്റ്

1976 മുതൽ മ്യൂണിക് ഫ്രൈസിംഗ് അതിരൂപതയുടെ നേതൃത്വത്തിൽ മ്യൂണിക്കിൽ ബെന്നോ ഫെസ്റ്റിവൽ ആഘോഷിക്കുന്നു. എല്ലാ വർഷവും ജൂൺ പതിനഞ്ചിന് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ വിശുദ്ധൻ്റെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം മുഖ്യഘടകമാണ്.

ജൂൺ 13, 14 തീയതികളിൽ നടത്താനിരുന്ന ബെന്നോഫെസ്റ്റ് കോറോണ പകർച്ചവ്യാധിയെ തുടർന്ന് ഈ വർഷം റദ്ദാക്കിയിരിക്കുന്നു. മ്യൂണിക്ക് നഗരത്തിൻ്റെ സ്ഥാപകദിനവും ബെന്നോ ഫെസ്റ്റും സാധാരണ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. 1158 ജൂൺ പതിനാലിനാണ് മ്യൂണിക്ക് നഗരത്തിൻ്റെ സ്ഥാപനം. അന്നേദിനം ഹോളി റോമൻ ചക്രവർത്തിയായ ഫെഡറിക് ഒന്നാമൻ ബാർബറോസ ഔഗ്സ്ബുർഗർ ഷീഡ് (Augsburger Schied) എന്ന പ്രമാണത്തിലാണ് മ്യൂണിക് (Munichen) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഔഗ്സ്ബുർഗർ ഷീഡ് അല്ലെങ്കിൽ ഔഗ്സ്ബുർഗർ വെർഗ്ലൈഹ് (Augusburger Vergleich) എന്ന പ്രമാണത്തെ മ്യൂണിക് നഗരത്തിൻ്റെ സ്ഥാപക സർട്ടിഫിക്കറ്റായാണ് പരിഗണിക്കുന്നത്.

മ്യൂണിക്ക് അതിരൂപതയെ കൂടാതെ ജർമ്മനിയിലെ ഡ്രെസ്ഡൺ – മയിസ്സൻ രൂപതയും വി. ബെന്നോയുടെ തിരുനാൾ സവിശേഷമായി ആഘോഷിക്കുന്നു.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.