ധൈര്യപൂർവം ദൈവവിളി തിരഞ്ഞെടുക്കുക: യുവജനങ്ങളോട് ആഹ്വാനം ചെയ്ത് യുവ സന്യാസിനി

പലോമ ആൾട്ടോനാഗ എന്ന യുവതി 24 വയസ്സുള്ളപ്പോൾ, തന്റെ ജീവിതം പൂർണ്ണമായും ക്രിസ്തുവിന് സമർപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അവൾ കർമ്മലീത്താ മഠത്തിൽ ചേർന്നു. മഠത്തിന്റെ നിശബ്ദതയിൽ നിന്നും ദൈനംദിന പ്രാർഥനകളിൽ നിന്നും, അവൾ തന്റെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തി. ഇന്നവൾ സന്യാസിനിയാണ്, സിസ്റ്റർ പലോമ ഡി ജെസൂസ് മരിയ. ആധുനിക കാലഘട്ടത്തിലെ യുവതലമുറയ്ക്ക് പ്രചോദനമാണ് ഈ സന്യാസിനിയുടെ ദൈവവിളി അനുഭവം.

അർജന്റീനയിലെ ലാ പ്ലാറ്റയിൽ വിശ്വാസത്തിൽ വേരൂന്നിയ ഒരു കുടുംബത്തിലാണ് പലോമ ജനിച്ചത്. ഗുരുതരമായ രോഗവും കുടുംബബന്ധങ്ങളിലെ അരക്ഷിതാവസ്ഥയും മൂലം പ്രയാസകരമായ സമയത്ത്, അവളുടെ അമ്മ കുഞ്ഞായിരിക്കുമ്പോൾ തന്നെ പലോമയെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു.

“എന്റെ അമ്മയ്ക്ക് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു. എന്റെ അച്ഛനുമായുള്ള ബന്ധവും സങ്കീർണ്ണതനിറഞ്ഞതായിരുന്നു. അങ്ങനെ അവർ തന്റെ കുഞ്ഞിനെ, എന്നെ, പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു. അത് വിശ്വാസത്തിന്റെ പ്രഭാവലയം എപ്പോഴും എന്നെ പിന്തുടരുന്നതിന് കാരണമായി.” പലോമ പറയുന്നു.

പലോമ കോൺവെന്റിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ വിവിധ ശുശ്രൂഷകളിൽ വളരെ സജീവമായിരുന്നു, സുവിശേഷ വേലയ്ക്കായി ആവേശത്തോടെ സ്വയം സമർപ്പിച്ചു. എങ്കിലും, കോവിഡ് ക്വാറന്റൈൻ സമയത്ത്, തന്റെ ജീവിതത്തിൽ എന്തോ ഒരു പോരായ്മ അവൾ തിരിച്ചറിഞ്ഞു.

“ക്വാറന്റൈൻ സമയത്ത്, ആ നിർബന്ധിത ഇടവേളയിൽ, സുവിശേഷവേലയിൽ ഞാൻ സജീവമാണെന്ന് മനസ്സിലാക്കി. എന്നാൽ അതേ സമയം, എന്റെ ഹൃദയം എവിടെയും ഉണ്ടായിരുന്നില്ല. ഞാൻ സന്തോഷവതിയായിരുന്നു. പക്ഷേ എനിക്ക് സംതൃപ്തി തോന്നിയില്ല. അതിനാൽ ഞാൻ കാർമ്മലീത്താ മഠത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു, പക്ഷേ അത് ലാ പ്ലാറ്റയിലായിരിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു,” അവർ തന്റെ ദൈവവിളി അനുഭവം വിശദീകരിച്ചു.

ഒരു പുരോഹിതന്റെ മാർഗ്ഗനിർദ്ദേശത്തോടെ, തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിക്കുന്നതിനിടയിൽ അവർ തന്റെ വിളി വിവേചിച്ചറിയാൻ തുടങ്ങി. അപ്പോഴാണ് ബ്യൂണസ് ഐറിസിലെ ലൂയിസ് ഗില്ലണിലുള്ള ഔവർ ലേഡി ഓഫ് പീസ് മൊണാസ്ട്രിയിലെ ഡിസ്കാൽസ്ഡ് കാർമെലൈറ്റുകളെ കണ്ടുമുട്ടിയത്.

“ഞാൻ അവരെ അടുത്തറിയാൻ തുടങ്ങി, പിന്നീട് ഒരു വർഷം മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന ആസ്‌പിരൻസി ആരംഭിച്ചു. സിസ്റ്റേഴ്സിനൊടൊപ്പം താമസിക്കുന്ന ഒരു ഘട്ടമാണിത്. പക്ഷേ ഒരു തവണയെങ്കിലും പുറത്തു പോകേണ്ടതുണ്ട്. പോകേണ്ട സമയമായപ്പോൾ, പുറത്തു പോകാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ കരയാൻ തുടങ്ങി,” തുടക്ക കാലഘട്ടത്തെക്കുറിച്ച് പലോമ പറയുന്നു.

ഒരു ആസ്പിരന്റും തുടക്കക്കാരിയുമായി നാല് വർഷത്തെ രൂപീകരണത്തിന് ശേഷം, ജൂലൈ 23 ന് അവൾ തന്റെ ലളിതമായ സമർപ്പിത ജീവിതം ആരംഭിച്ചു. ആദ്യ വ്രത വാഗ്ദാനത്തിലൂടെ അവൾ ക്രിസ്തുവിന്റെ മണവാട്ടിയായി. “ദെവവിളിയിൽ ഒരാൾ കർത്താവുമായി ഉണ്ടാക്കുന്ന ഒരു ഉടമ്പടി അടങ്ങിയിരിക്കുന്നു. അത് ഒരാളുടെ മുഴുവൻ വ്യക്തിയെയും അവന്റെ സേവനത്തിനും, സഭയുടെയും, മാനവികതയുടെയും സേവനത്തിനായി മുഴുവനായി നൽകുന്നു.” അവർ വിശദീകരിച്ചു.

സഭയുടെ ദൗത്യം സന്യാസസമൂഹത്തിനുള്ളിൽ നിലനിൽക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ട സിസ്റ്റർ പലോമ, പ്രാർത്ഥനയ്ക്കും ലളിതമായ ജോലിക്കും വേണ്ടി തന്റെ ദിവസങ്ങൾ നീക്കിവയ്ക്കുന്നു.

“പ്രാർത്ഥനയിലൂടെയും സുവിശേഷ വേലയിലൂടെയും, സഭയ്ക്കും മാനവരാശിക്കും വേണ്ടി ശുശ്രൂഷ ചെയ്യാൻ എനിക്ക് കഴിയും എന്ന് തോന്നുന്നതിനാലാണ് ഞാൻ കർമ്മലീത്താ മഠത്തിൽ പ്രവേശിച്ചത്. ദൈവമാണ് എന്റെ എല്ലാം: എന്റെ പിതാവ്, എന്റെ അമ്മ, എന്റെ സുഹൃത്ത്, എന്റെ ഭർത്താവ്.” സിസ്റ്റർ പറയുന്നു.

യുവജനങ്ങൾക്കുള്ള യുവ സന്യാസിനിയുടെ സന്ദേശം

തന്റെ ദൈവവിളിയെ ഒരു പരിത്യാഗമായി കാണുന്നതിനുപകരം, സിസ്റ്റർ പലോമ തന്റെ വിളിയെ ഒരു പൂർത്തീകരണത്തിലേക്കുള്ള പാതയായി കാണുന്നു.

“ഒരു പുരോഹിതനുമായി സംസാരിക്കുന്നതിനിടയിൽ, ദൈവത്തിന്റെ വിളിക്ക് മറുപടി നൽകുന്നതിൽ നിന്ന് എന്നെ തടയുന്ന എന്തെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയൊന്നുമില്ലെന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ, ഇനി കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു,” അവൾ പറഞ്ഞു.

“യുവജനങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, നമ്മൾ പലപ്പോഴും കേൾക്കാറുള്ളത് ഇതാണ്: ‘ക്രിസ്തു അതിന് അർഹനാണ്’ എന്നാണ്. ക്രിസ്തു ജീവന് വില നല്കുന്നവനാണ്! നിങ്ങളുടെ ഉള്ളിൽ ആ സ്വാതന്ത്ര്യം അനുഭവപ്പെടുമ്പോൾ, ‘അതെ, ഇതാണ് എന്റെ ഹൃദയത്തിൽ എനിക്ക് അനുഭവപ്പെടുന്ന നിമിഷം’ എന്ന് പറയുമ്പോൾ, അത് ചെയ്യുക. അതിനായി പരിശ്രമിക്കുക. നല്ല തിരഞ്ഞെടുപ്പിന് നിങ്ങളെ സഹായിക്കുന്ന നല്ല സൗഹൃദങ്ങളും നല്ല കൂട്ടുകെട്ടും തേടുക. നിങ്ങൾക്ക് സമാധാനം നൽകുന്നതെന്തും, നിങ്ങൾക്ക് സന്തോഷം നൽകുന്നതെന്തും, നിങ്ങളെ തൃപ്തിപ്പെടുത്തുന്നതെന്തും: അതാണ് നിങ്ങളുടെ വിളി.” യുവജനങ്ങളോടായി സി. പലോമ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.