വി. അൽഫോൻസാമ്മയെ നേരിട്ടുകണ്ട സി. ഫ്ലോറെൻസ മേരി സ്വർഗസമ്മാനത്തിനായി യാത്രയായി

സി. സൗമ്യ DSHJ

“ഞങ്ങൾ എല്ലാവരുംകൂടെ മരിച്ച സിസ്റ്ററിനെ കാണാൻപോയി. ആ സമയം പള്ളിയിൽ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളും ഓടി ഫോട്ടോ എടുക്കാൻ നിന്നു” – വി. അൽഫോൻസാമ്മയെ നേരിട്ടുകാണുകയും അൽഫോൻസാമ്മയുടെ മൃതസംസ്കാരചടങ്ങിൽ അപ്രതീക്ഷിതമായി പങ്കെടുക്കുകയും ആ ഗ്രൂപ്പ് ഫോട്ടോയില്‍ ഇടം പിടിക്കുകയും ചെയ്ത ഫ്ലോറെൻസ മേരി എന്ന സന്യാസിനി കഴിഞ്ഞ ദിവസം നിത്യമായി യാത്രയായി. തുടര്‍ന്നു വായിക്കുക.

“ഞങ്ങൾ എല്ലാവരുംകൂടെ മരിച്ച സിസ്റ്ററിനെ കാണാൻപോയി. ആ സമയം പള്ളിയിൽ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളും ഓടി ഫോട്ടോ എടുക്കാൻ നിന്നു” – വി. അൽഫോൻസാമ്മയെ നേരിട്ടുകാണുകയും അൽഫോൻസാമ്മയുടെ മൃതസംസ്കാരചടങ്ങിൽ അപ്രതീക്ഷിതമായി പങ്കെടുക്കുകയും ചെയ്ത ഫ്ലോറെൻസ മേരി എന്ന സന്യാസിനി പങ്കുവച്ച ഓർമ്മകളായിരുന്നു ഇത്.

‘മഠത്തിലെ ഒരു സിസ്റ്റർ മരിച്ചു’ എന്ന വാർത്ത കേട്ട് ആ സന്യാസിനിയെ കാണാൻ ഓടിയെത്തിയ കുട്ടികളിൽ സി. ഫ്ലോറെൻസ മേരിയും ഉൾപ്പെട്ടിരുന്നു. അന്ന്, ഒരു കാലഘട്ടത്തിന്റെ വിശുദ്ധമായ ഓർമ്മയിൽ സൂക്ഷിക്കാനെന്നോണം അൽഫോൻസാമ്മയുടെ മൃതസംസ്ക്കാര ഫോട്ടോയിൽ മുഖംപതിഞ്ഞ ആ കുട്ടി അതേ സന്യാസിനീ സമൂഹത്തിൽ തന്നെ ചേർന്നു. അൽഫോൻസാമ്മയുടെ ഒരുപിടി നല്ല ഓർമ്മകൾ പങ്കുവച്ചുകൊണ്ട് അനേകരെ വിശുദ്ധിയിലേക്ക് കൈപിടിച്ചുനടത്തിയ ഈ അമ്മ 2023 സെപ്റ്റംബർ 20 -ന് തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞ് തന്റെ സ്വർഗീയമണവാളന്റെ സന്നിധിയിലേക്കു യാത്രയായി.

മോനിക്ക എന്ന സി. ഫ്ലോറെൻസ

ചെറുപ്പത്തിൽ മോനിക്ക എന്ന പേരിലാണ് സി. ഫ്ലോറെൻസ അറിയപ്പെട്ടിരുന്നത്. മോനിക്ക ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഭരണങ്ങാനത്താണ് പഠിച്ചത്. വി. അൽഫോൻസാമ്മയും ആ സമയത്ത് ഭരണങ്ങാനത്തെ മഠത്തിലുണ്ടായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ മോനിക്കയും കൂട്ടുകാരും ഇടയ്ക്കിടക്ക് അൽഫോൻസാമ്മയെ പോയിക്കാണുമായിരുന്നു. ആ വർഷം തന്നെയാണ് വി. അൽഫോൻസാമ്മ മരിക്കുന്നതും. മരണവാർത്ത കേട്ടപ്പോൾ മോനിക്കയ്ക്കും കൂട്ടുകാരികള്‍ക്കും സന്തോഷമായി. ഒരു ദിവസം അവധി കിട്ടുമല്ലോ – അതായിരുന്നു ആ സന്തോഷത്തിന്റെ കാരണം! അങ്ങനെ കുട്ടികള്‍ എല്ലാവരുംകൂടി മരിച്ചുപോയ സിസ്റ്ററിനെ – അൽഫോൻസാമ്മയെ – കാണാൻ പോയി.

മരിച്ചടക്കും ഫോട്ടോ എടുപ്പും

അവര്‍ ചെന്ന സമയത്തായിരുന്നു പള്ളിയിൽ ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്നതുകണ്ട് ഈ കുട്ടികളെല്ലാവരും കൂടി വലിയ ഉത്സാഹത്തിൽ ഫോട്ടോ എടുക്കുവാൻ കയറിനിന്നു. അൽഫോൻസാമ്മ മരിച്ച സമയത്തെ ഫോട്ടോയിൽ നോക്കിയാൽ കുറച്ചുകുട്ടികൾ മുകളിൽ നിൽക്കുന്നതായികാണാം. ആ കുട്ടികളിൽ സി. ഫ്ലോറെൻസയുമുണ്ടായിരുന്നു. അങ്ങനെ ആ കുട്ടികൾ അൽഫോൻസാമ്മയുടെ മരിച്ചടക്കുംകൂടി.

പിന്നീട്, ഇടയ്ക്കിടക്ക് കല്ലറയിലൊക്കെ പോയി ഈ കുട്ടികൾ പ്രാർഥിക്കുമായിരുന്നു. നല്ല സുന്ദരിയായിരുന്ന അൽഫോൻസാമ്മയെ ‘നല്ലമ്മ’ എന്നായിരുന്നു ഈ കുട്ടികൾ വിളിച്ചിരുന്നത്.

ആദ്യം അദ്ധ്യാപിക, പിന്നീട് സിസ്റ്റര്‍

പാലാ രൂപതയിൽ പെരിങ്ങളം സേക്രട്ട് ഹാർട്ട് ഇടവകയിൽ വലിയപറമ്പിൽ വർക്കി – അന്നമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത മകളായിട്ടാരുന്നു മോനിക്ക എന്ന പെൺകുട്ടിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ മോനിക്ക, മുത്തോലി ട്രെയിനിങ് സ്കൂളിൽനിന്ന് ടി.ടി.സിയും പാസ്സായി. ഒരു വർഷം പെരിങ്ങളം സ്കൂളിലും മൂന്നുവർഷം അടിവാരം സ്കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു. അതിനുശേഷം 25 -ാമത്തെ വയസ്സിൽ ക്ലാരസഭയിൽ ചേരുന്നു. കുടമാളൂർ ക്ലാരമഠത്തിലായിരുന്നു ചേർന്നത്. കുടമാളൂർ ദേവാലയത്തിൽവച്ച് 1960 ജൂലൈ എട്ടാം തീയതി സഭാവസ്ത്രം സ്വീകരിച്ച് മോനിക്ക, സി. ഫ്ലോറൻസ് മേരി എന്ന പേര് സ്വീകരിച്ചു.

അൽഫോൻസാമ്മ സ്വപ്നത്തിൽ

സി. ഫ്ലോറെൻസ് കുടമാളൂർ മഠത്തിലുണ്ടായിരുന്ന കാലം. ഒരിക്കൽ മഠത്തിൽ മൂന്ന് വലിയ ആൾരൂപങ്ങൾ ഉണ്ടാക്കിക്കൊണ്ടുവന്നു. അതിൽ അൽഫോൻസാമ്മയുടെ രൂപസാദൃശ്യമുള്ള രൂപം ഏതെന്നു കണ്ടെത്താൻ അൽഫോൻസാമ്മയെ നേരിൽകണ്ട ഫ്ലോറെൻസാമ്മയുടെ സഹായംതേടി. കൊണ്ടുവന്ന രൂപങ്ങളിൽ ഒരെണ്ണം മാത്രമേ അൽഫോൻസാമ്മയുടെ രൂപവുമായി സാദൃശ്യമുള്ളതുണ്ടായിരുന്നുള്ളു. സി. ഫ്ലോറെൻസയാണ് അത് സ്ഥിരീകരിച്ചത്. അന്നു രാത്രി, അൽഫോൻസാമ്മ സി. ഫ്ലോറെൻസായുടെ സ്വപ്നത്തിൽവന്നിട്ട് ‘ഇത് ഞാൻ തന്നെയാണ്’ എന്ന ഉറപ്പും സിസ്റ്ററിനു നൽകിയെന്ന് സിസ്റ്റർ തന്നെ പിന്നീട് തന്റെ സഹസന്യാസിനിമാരോട് പറയുകയുണ്ടായി.

പ്രവര്‍ത്തന മേഖലകള്‍

1964 മെയ് 30 -നായിരുന്നു ഫ്ലോറെൻസാമ്മയുടെ നിത്യവ്രത വാഗ്ദാനം. 1960 മുതൽ കുടമാളൂർ സെന്റ് മേരീസ് സ്കൂളിൽ അധ്യാപികയായി. പിന്നീട് പുറക്കാട്, കായൽപ്പുറം, മ്ലാമല, കുറുമ്പനാടം, വായ്പൂർ, മണ്ണാർകുന്ന്, കിടങ്ങറ എന്നിവിടങ്ങളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു. കൂടാതെ, കുടമാളൂർ, അൽഫോൻസാ ഭവൻ, ചെറുവാണ്ടുർ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സുപ്പീരിയർ, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് എന്നീ നിലകളിലും അമ്മ ശുശ്രൂഷ നിർവഹിച്ചു.

വിശുദ്ധമായ വാര്‍ധക്യം

തന്റെ ഔദ്യോഗികജീവിതത്തിൽ നിന്ന് വിശ്രമിച്ചെങ്കിലും താൻ ആയിരുന്ന സമൂഹത്തിൽ അവർ വിശ്രമമറിയാതെ തന്നെക്കൊണ്ട് ആവുന്നവിധം ശുശ്രൂഷകൾ ചെയ്തു. 2021 -ലുണ്ടായ സ്ട്രോക്ക് ഫ്ലോറെൻസാമ്മയുടെ ആരോഗ്യനില മോശമാക്കി. കിടപ്പിലായെങ്കിലും കുറച്ചുനാളുകൾക്കുശേഷം അമ്മ പതിയെ വീണ്ടും നടക്കാൻ തുടങ്ങിയിരുന്നു. സമൂഹത്തിലെ ചെറിയ ശുശ്രൂഷകളിലൊക്കെ തന്നെക്കൊണ്ടാകുംവിധം സഹായിച്ചു. സമൂഹപ്രാർഥനയ്ക്ക് ഫ്ലോറെൻസാമ്മ ഒരിക്കലും മുടക്കംവരുത്തിയിരുന്നില്ല. ആരോഗ്യം കുറഞ്ഞ സമയങ്ങളിലും വളരെ ഉത്സാഹത്തോടെ പ്രാർഥനയിൽ പങ്കെടുക്കാനെത്തുമായിരുന്നു.

മരിക്കുന്നതിന് നാലാഴ്ചകൾക്കു മുൻപാണ് വീണ്ടും അടുത്ത സ്ട്രോക്ക് ഉണ്ടാകുന്നത്. അതോടെ ഫ്ലോറെൻസാമ്മ വീണ്ടും കിടപ്പിലായി. വലതുവശം തളർന്നുപോയി. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു മുൻപ് കുടമാളൂർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. അലോഷ്യസ് വല്ലാത്തറ രോഗീലേപനം നൽകിയിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരവും സഹോദരങ്ങളുടെ ആഗ്രഹപ്രകാരവും അമ്മയെ ആശുപത്രിയിൽനിന്നും തിരികെ ഭവനത്തിലേക്ക് കൊണ്ടുവന്നു. കാരണം, ഇനി, മറ്റ് ചികിത്സകളൊന്നുംതന്നെ നൽകാനുണ്ടായിരുന്നില്ല.

മരിക്കുന്നതിന് മൂന്നുദിവസങ്ങൾക്കുമുൻപ് സിസ്റ്റർ കോമാസ്റ്റേജിലായി. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങൾവരെ വിശുദ്ധ കുർബാന സ്വീകരിക്കുമായിരുന്നു. അത് ഇറക്കാൻ ബുദ്ധിമുട്ടായതിനാൽ കുറച്ചുസമയമെടുത്ത് വെള്ളത്തിൽ ചാലിച്ചാണ് വിശുദ്ധ കുർബാന ഉൾക്കൊണ്ടിരുന്നത്.

സെപ്റ്റംബർ 17, ഞായറാഴ്ച ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പിതാവും കുടമാളൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. മാണി പുതിയിടവും ഇതരപുരോഹിതരും ഭവനത്തിലെത്തി അമ്മയ്ക്കുവേണ്ടി പ്രാർഥിച്ചു; ഒരു ജപമാല സമ്മാനിക്കുകയും ചെയ്തു.

സെപ്റ്റംബർ 20, ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ഫ്ലോറെൻസാമ്മയുടെ ആരോഗ്യനില അതീവഗുരുതരമായി. ഇടവകയിലെ അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോയൽ പുന്നശ്ശേരി, ഫാ. കുര്യൻ അമ്പലത്തിങ്കൽ എന്നിവരും ഇടവകയിലെ ഇതര ഭാരവാഹികളും അമ്മയ്ക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് കൂടെ ആയിരുന്നു.

ഫ്ലോറെൻസാമ്മ മരണത്തോടടുക്കുന്ന നിമിഷങ്ങളിൽ ഫാ. കുര്യൻ അമ്പലത്തിങ്കൽ അമ്മയുടെ ശിരസ്സിൽ കരങ്ങൾ വച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു. ഏകദേശം അഞ്ചുമിനിറ്റോളം ആ പ്രാർഥന നീണ്ടുനിന്നു. ആ സമയത്തുതന്നെ സിസ്റ്ററിന്റെ ആത്മാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

“ഫ്ലോറെൻസാമ്മ ഈ മഠത്തിൽതന്നെ ഉണ്ടെന്ന തോന്നലാണ് ഇപ്പോഴും. മരിച്ചുവെന്ന് തോന്നുന്നതേയില്ല. ഞങ്ങളുടെ കൂടെ ഇപ്പോഴും ഉള്ളതുപോലെ” – ഫ്ലോറെൻസാമ്മയെക്കുറിച്ചു പറയുമ്പോൾ കൂടെയുണ്ടായിരുന്ന സി. അസംപ്ഷൻ പറയുന്നു.

90 വർഷങ്ങൾ ഈ ലോകത്തിൽ ജീവിച്ചു കടന്നുപോയ സി. ഫ്ലോറെൻസ മേരി അവശേഷിപ്പിച്ച നന്മയുടെ ചിരാതുകൾ ഇപ്പോഴും ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

(സി. അസംപ്ഷൻ എഫ്. സി. സി, സി. ജ്യോതി എഫ്. സി. സി എന്നിവരോടു സംസാരിച്ചു തയാറാക്കിയത്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.