ഭൂമിയിൽ സ്വർഗം അനുഭവിക്കാൻ വി. മാക്സിമില്യന്‍ കോൾബേയുടെ കുറുക്കുവഴികൾ

ദുരിതം നിറഞ്ഞ നമ്മുടെ നൂറ്റാണ്ടിന്റെ സ്വർഗീയമധ്യസ്ഥൻ എന്നാണ് മാക്സിമില്യൻ കോൾബേയെ പരിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ചിരുന്നത്. ചെറുപ്പം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിക്കുകയും അവസാനം മറ്റുള്ളവർക്കുവേണ്ടി ജീവൻ കൊടുത്ത് മറയുകയും ചെയ്ത ഒരു മനുഷ്യസ്‌നേഹിയായിരുന്നു വി. മാക്സിമില്യൻ കോൾബേ.

ഒരിക്കൽ കോൾബേയുടെ അമ്മ ചോദിച്ചു: “മകനേ, നിനക്ക് ആരാകാനാണ് ആഗ്രഹം?” കോൾബേ ഉടനെ പരിശുദ്ധ അമ്മയുടെ രൂപത്തിനുമുന്നിൽ പ്രാർഥനാനിരതനായി നിന്നു. പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന്റെ ദർശനത്തിൽ, വെള്ളയും ചുവപ്പും നിറമുള്ള രണ്ട് കിരീടങ്ങൾ കാണിച്ചുകൊടുത്തു. വെള്ള, പരിശുദ്ധിയെയും ചുവപ്പ്, രക്തസാക്ഷിത്വത്തെയും സൂചിപ്പിക്കുന്നതായിരുന്നു. ഇതിൽ ഏതാണ് തിരഞ്ഞെടുക്കുന്നതെന്നു  ചോദിച്ചപ്പോൾ, രണ്ടും എന്നായിരുന്നു കോൾബേയുടെ മറുപടി.

റെയ്മണ്ട് കോൾബേ പോളണ്ടിലെ സഡൻസ്ക വോള (Zdunska Wola) യിൽ 1894 ജനുവരി 8-ന് ജനിച്ചു. 1907-ൽ കോൾബയും സഹോദരൻ ഫ്രാൻസിസും ഫ്രാൻസിസ്കൻ സഭയിൽ ചേരാനായി ഇറങ്ങിത്തിരിച്ചു. മൂന്നു വർഷങ്ങൾക്കുശേഷം ഫ്രാൻസിസ്കൻ നവസന്യാസിയായി മാക്സിമില്യൻ എന്ന പേര് സ്വീകരിച്ചു. പഠനത്തിൽ മികച്ചുനിന്ന കോൾബേ, 1915-ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയായ സെന്റ് ബോനവന്തുരായിൽ പഠനം തുടർന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1918-ല്‍ പുരോഹിതനായി അഭിഷിക്തനായ അദ്ദേഹം പോളണ്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവഭക്തി പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 1919 മുതൽ 1922 വരെ ക്രാക്കോവിലെ സെമിനാരിയിൽ അധ്യാപകനായി ജോലിചെയ്തു.

1922 ജനുവരിയിൽ Knight of the Immaculate എന്ന മാസിക അദ്ദേഹം ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണ ശ്രമങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടുനീങ്ങി. 1927-ൽ Warsaw സമീപം Niepokalanow വിൽ ഒരു ഫ്രാൻസിസ്കൻ ആശ്രമം അദ്ദേഹം തുടങ്ങി. 726 അംഗങ്ങളുണ്ടായിരുന്ന ഈ ആശ്രമം അക്കാലത്തെ ഏറ്റവും വലിയ ഫ്രാൻസിസ്കൻ ആശ്രമമായിരുന്നു. 1939-ൽ ജർമ്മനി പോളണ്ടിനെ ആക്രമിച്ചപ്പോൾ ഈ ആശ്രമം 3000 പോളണ്ടുകാർക്കും 1500 യഹൂദർക്കും അഭയം നൽകി.

1940-ലെ പല മാസങ്ങളിലും ഫാ. കോൾബേയെ അറസ്റ്റ് ചെയ്യുകയും താൽക്കാലികമായി വിട്ടയയ്ക്കുകയും ചെയ്തു. 1941 ഫെബ്രുവരി 17-ന് വീണ്ടും അറസ്റ്റ് ചെയ്തു. മെയ് മാസത്തിൽ നാസി തടങ്കൽപ്പാളയമായ ഔഷ്വിറ്റ്സിലേക്കു മാറ്റി. 16670 ആയിരുന്നു ഫാ. കോൾബേയുടെ തടങ്കൽപ്പാളയത്തിലെ നമ്പർ. ദുരിതപൂർണ്ണമായ സാഹചര്യത്തിലും പൗരോഹിത്യകടമകൾ അദ്ദേഹം നിർവഹിച്ചു. സഹതടവുകാർക്ക് ശക്തിയും ധൈര്യവും പകർന്നുനൽകി. അവസാനം ഫ്രാൻസിസ് ഗവോണിഷെക് എന്ന മനുഷ്യനുപകരം 1941 ആഗസ്റ്റ് 14-ന് രക്തസാക്ഷിത്വമകുടം ചൂടി. 1982 ഒക്ടോബർ 10-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോൾബയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

സ്വർഗ്ഗം മുന്നിൽക്കണ്ടു ജീവിച്ച കോൾബേ, ഭൂമിയിൽ സ്വർഗ്ഗരാജ്യത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാൻ ചില കുറുക്കുവഴികൾ നിർദേശിക്കുന്നു.

  • ആത്മാർഥതയോടും ജാഗ്രതയോടും പാപത്തെപ്പറ്റിയുള്ള തീവ്രമായ ദു:ഖത്തോടും ജീവിതം നവീകരിച്ചുകൊള്ളാമെന്ന ദൃഢപ്രതിജ്ഞയോടും കൂടി കുമ്പസാരത്തിനണയുക.
  • പരിപൂർണ്ണ ഒരുക്കത്തോടെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും വിശുദ്ധ  കുർബാന സ്വീകരിക്കുകയും ചെയ്യുക.
  • പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.
  • സ്വന്തം കടമകൾ കൃത്യമായി നിർവഹിക്കുക.
  • പരിശുദ്ധ കന്യാകാമറിയത്തിന്റെ മധ്യസ്ഥത്തിലൂടെ എളിമയോടും നിരന്തരമായും ദൈവസിംഹാസനത്തിലേക്ക് പ്രാർഥനകൾ ഉയർത്തുക.
  • സഹോദരങ്ങളെ, സ്നേഹിക്കുന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുക. ജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തെപ്രതി സഹിക്കുക.
  • ദൈവസ്നേഹത്തെപ്രതി എല്ലാവരോടും നന്മ ചെയ്യുക; ശത്രുക്കളോടും പോലും. അല്ലാതെ മറ്റുള്ളവരുടെ സ്തുതിയും നന്ദിയും ആകരുത് നന്മയുടെ മാനദണ്ഡം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.