
മ്യാന്മറിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട രോഹിംഗ്യൻ അഭയാർഥികളെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ആ ജനവിഭാഗത്തിനിടയിൽ സർവവും നഷ്ടപ്പെട്ട്, സ്വന്തം സഹോദരങ്ങളാൽ പോലും ഒറ്റപ്പെട്ട് കഴിയുന്ന ഒരു ചെറിയ ക്രിസ്ത്യൻ ന്യൂനപക്ഷമുണ്ട് – വെറും 1,500 ഓളം മാത്രം വരുന്ന മനുഷ്യർ. രോഹിംഗ്യൻ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പകുതി പോലും വരാത്ത ഈ പാവങ്ങൾ ഇന്ന് നേരിടുന്നത് കടുത്ത പീഡനങ്ങളാണ്!
നാടും വീടും നഷ്ടപ്പെട്ട് അഭയാർഥിയാവുക എന്നത് തന്നെ ദാരുണമായ ഒരു വിധിയാണ്. എന്നാൽ ആ വിധി രോഹിംഗ്യൻ ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതിലേറെ ക്രൂരമാണ്. വംശീയമായ ഒറ്റപ്പെടലിനും രാഷ്ട്രരഹിതാവസ്ഥയ്ക്കും പുറമെ, സ്വന്തം സമുദായത്തിൽ നിന്നുള്ള മതഭ്രഷ്ടും ഭീഷണികളും ഇവർക്ക് നേരിടേണ്ടി വരുന്നു.
മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്ത് തലമുറകളായി ജീവിച്ചുപോന്നവരാണ് രോഹിംഗ്യകൾ. എങ്കിലും മ്യാന്മർ സർക്കാർ ഇവർക്ക് പൗരത്വം നൽകാൻ തയ്യാറായില്ല. അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് ഭരണകൂടം ഇവരെ ചിത്രീകരിച്ചത്.
2017-ൽ മ്യാന്മർ സൈന്യം നടത്തിയ അതിക്രൂരമായ നടപടികൾ രോഹിംഗ്യകളുടെ ജീവിതം തകർത്തെറിഞ്ഞു. വംശഹത്യയും കൂട്ടബലാത്സംഗങ്ങളും ഗ്രാമങ്ങൾ തീ വച്ച് നശിപ്പിക്കലും സാധാരണമായതോടെ ഏഴു ലക്ഷത്തിലധികം രോഹിംഗ്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. 50 ലക്ഷത്തോളം രോഹിംഗ്യകൾ ഇന്നും ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാന്മറിൽ ഭയത്തോടെ കഴിയുന്നു.
ക്യാമ്പുകളിലെ ഭീതിദമായ ദിനങ്ങൾ
ഇന്ത്യയിൽ അഭയം തേടിയ രോഹിംഗ്യൻ ക്രിസ്ത്യാനിയായ സാദെക് ഷാലോം തന്റെ സമുദായത്തിന്റെ സങ്കടക്കടൽ പങ്കുവയ്ക്കുന്നു. സ്വന്തം നാട്ടിൽ ഇന്ന് വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികൾ മാത്രമേ ബാക്കിയുള്ളൂ. മ്യാന്മർ സൈന്യത്തിന്റെയും സായുധ വിമതഗ്രൂപ്പുകളുടെയും ആക്രമണങ്ങൾക്കിടയിൽ അവിടെ ജീവൻ നിലനിർത്തുക അസാധ്യമാണ്.
ഭൂരിഭാഗം രോഹിംഗ്യൻ ക്രിസ്ത്യാനികളും ഇന്ന് ബംഗ്ലാദേശിലെ കൂറ്റൻ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. എന്നാൽ അവിടെയും അവർ സുരക്ഷിതരല്ല. സ്വന്തം സമുദായത്തിൽപെട്ട തീവ്രവാദികളിൽ നിന്ന് വ്യാജ ആരോപണങ്ങളും ശാരീരിക ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അവർക്ക് നേരിടേണ്ടി വരുന്നു. കൂടാതെ, നിർബന്ധിത മതപരിവർത്തനത്തിനും ഇവർ ഇരയാക്കപ്പെടുന്നു.
സുരക്ഷാ ഭീഷണിയുള്ള ചിലർ പൊലീസിന്റെ കാവലിലുള്ള ട്രാൻസിറ്റ് സെന്ററുകളിലാണ് കഴിയുന്നത്. എന്നാൽ ഈ കേന്ദ്രങ്ങളും ഉടൻ അടച്ചുപൂട്ടുമെന്നാണ് കേൾക്കുന്നത്.
ഇന്ത്യയിലെ അതിജീവന പോരാട്ടം
ബംഗ്ലാദേശിനെ അപേക്ഷിച്ച് ഇന്ത്യയിൽ രോഹിംഗ്യൻ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷം കുറവാണെങ്കിലും കാര്യങ്ങൾ സുഗമമല്ല. 2014-ൽ സാദെക് ഇന്ത്യയിലെത്തിയ സമയത്ത് ഒരു ക്രിസ്ത്യൻ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം വരെയുണ്ടായി.
നിലവിൽ 150-ഓളം രോഹിംഗ്യൻ ക്രിസ്ത്യാനികളാണ് ഇന്ത്യയിലുള്ളത്. എന്നാൽ സമീപകാലത്തായി അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കടുപ്പിച്ചതോടെ ഇവരുടെ ജീവിതം വീണ്ടും വഴിമുട്ടി.
2025 മേയ് മാസത്തിൽ, സാദെക്കിന്റെ സഹോദരൻ അടക്കം 15 ക്രിസ്ത്യാനികളുൾപ്പെടെ 40 രോഹിംഗ്യകളെ ഇന്ത്യൻ അധികൃതർ നാടുകടത്തി. മ്യാന്മർ തീരത്തിന് സമീപമുള്ള അന്താരാഷ്ട്ര സമുദ്രത്തിൽ ലൈഫ് ജാക്കറ്റ് നൽകി ഇവരെ ഉപേക്ഷിക്കുകയായിരുന്നു. വംശഹത്യ ഭയന്ന് ഓടിപ്പോന്ന അതേ നാട്ടിലേക്ക് തന്നെ അവരെ തിരിച്ചയച്ചെങ്കിലും, എങ്ങനെയൊക്കെയോ അവർ മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് രക്ഷപെടുകയായിരുന്നു.
2026 സെപ്റ്റംബറിൽ, വർഷങ്ങളായി നിർമ്മിച്ചുണ്ടാക്കിയ താൽക്കാലിക വീടുകളും കടകളും ഒഴിപ്പിച്ച് അധികൃതർ നൂറുകണക്കിന് കുടുംബങ്ങളെ തെരുവിലിറക്കി. 15 വർഷമായി പടുത്തുയർത്തിയ ജീവിതമാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്.
ഐക്യരാഷ്ട്രസഭയുടെ (UN) അഭയാർഥി കാർഡ് കൈവശമുണ്ടെങ്കിലും അതുകൊണ്ട് യാതൊരു സുരക്ഷയും ലഭിക്കുന്നില്ലെന്ന് ഷാലോം പറയുന്നു. “ഞങ്ങൾക്ക് ആരും ജോലി നൽകുന്നില്ല, കുട്ടികളെ സ്കൂളിൽ ചേർക്കാൻ സാധിക്കുന്നില്ല. സമൂഹത്തിന്റെ ഏറ്റവും പുറമ്പോക്കിലാണ് ഞങ്ങളുടെ ജീവിതം.”
ഇത്രയും ദാരുണമായ സാഹചര്യത്തിലും ഇന്ത്യയിലെ പ്രാദേശിക ക്രിസ്ത്യാനികളോട് സഹായം ചോദിക്കാൻ ഇവർ ഭയപ്പെടുന്നു. “അവരുമായി ബന്ധപ്പെടുന്നത് ഇരുവിഭാഗത്തിനും അപകടമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നിലവിൽ തന്നെ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഞങ്ങളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാൽ അത് അവരുടെ സുരക്ഷയെപ്പോലും ബാധിച്ചേക്കാം,” ഷാലോം കൂട്ടിച്ചേർക്കുന്നു.
നിഴൽപോലെ പിന്തുടരുന്ന ഭയം; എങ്കിലും പ്രതീക്ഷയോടെ
ഇന്ത്യ വിട്ടുപോകാൻ ഇവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും എങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് ഇവരുടെ പക്കൽ ഉത്തരമില്ല. ലോകത്തൊരു രാജ്യത്തും ഇവർക്ക് സ്വാഗതമില്ല; സ്വന്തം വംശജർക്കിടയിൽ ഇവർ അന്യരുമാണ്.
“ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും മ്യാന്മറിലായാലും ഞങ്ങൾ ആരും തന്നെ സുരക്ഷിതരല്ല. ഒരേ ഭയവും മാനസിക ആഘാതവുമാണ് ഞങ്ങളെ വേട്ടയാടുന്നത്,” സാദെക് ഷാലോമിന്റെ വാക്കുകളിൽ നിരാശ നിഴലിക്കുന്നു.
ലോകത്ത് ഒരിടത്തും പൗരത്വമില്ലാത്ത ജനതയാണിവർ. ഇവരെ സഹായിക്കാൻ ഒരു രാജ്യത്തിനും നിയമപരമായ ബാധ്യതയുമില്ല. എങ്കിലും, ഏതെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളോ ക്രിസ്ത്യൻ സംഘടനകളോ തങ്ങൾക്ക് മാന്യമായി ജീവിക്കാനുള്ള ഒരിടം കണ്ടെത്തിത്തരുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഭൂപടങ്ങളിൽ സ്വന്തമായി ഒരിഞ്ച് മണ്ണില്ലെങ്കിലും, എന്നെങ്കിലും തങ്ങൾക്കൊരു വീട് ലഭിക്കുമെന്ന പ്രകാശപൂരിതമായ ആ പ്രതീക്ഷയിൽ തന്നെയാണ് ഈ മനുഷ്യർ മുന്നോട്ട് നീങ്ങുന്നത്.
“എന്നെങ്കിലും ഞങ്ങൾ കരപറ്റും എന്ന ആ ഒറ്റ പ്രതീക്ഷയിലാണ് ഞങ്ങൾ ഓരോ ദിവസവും ജീവിക്കുന്നത്,” സാദെക് ഷാലോം പറഞ്ഞു നിർത്തി.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ





