ദൈവത്തിന്റെ കരുണയൊഴുകിയ ആഗോള യുവജനസമ്മേളനത്തിലെ ‘അനുരഞ്ജന പാർക്ക്’

ആഗോള യുവജനസമ്മേളനത്തിൽ ആയിരക്കണക്കിനു യുവജനങ്ങളാണ് അനുരഞ്ജനകൂദാശ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നത്. കടുത്ത വെയിലിനെയും ദീർഘമായ കാത്തിരിപ്പിനെയും അഭിമുഖീകരിച്ചുകൊണ്ട് പാപസങ്കീർത്തന വേദിയിലേക്കണഞ്ഞിരുന്ന യുവജനങ്ങളുടെ ദൈവകരുണയ്ക്കായുള്ള ദാഹം വളരെ ശക്തമായിരുന്നു. ക്രിസ്തുവിന്റെ ഹൃദയത്തോടെയായിരുന്നു ഓരോ പുരോഹിതരും പാപസങ്കീർത്തനം കേട്ടിരുന്നത്. മരത്തണലിലും അവർ യുവജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടേയിരുന്നു. ബെലെമിലെ ഹൈറോണിമൈറ്റ്സ് ആശ്രമത്തിനു മുന്നിലാണ് കുമ്പസാരത്തിനുള്ള സ്ഥലം സ്ഥാപിച്ചിരുന്നത്. ദൈവത്തിന്റെ കരുണയൊഴുകിയ ആ അനുരഞ്ജന പാർക്കിൽ മാർപാപ്പ മൂന്നു യുവജനങ്ങളെ കുമ്പസാരിപ്പിച്ചിരുന്നു.

യുവജനങ്ങളുടെ അനുഭവങ്ങളിലൂടെ

ടെക്‌സസ്സിൽ നിന്നുള്ള സിൽവിയ എന്ന 19 വയസ്സുകാരിയും ആഗോള യുവജനസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഏറെ ശ്രമകരമായാണ് അവൾ സമ്മേളനത്തിന് എത്തിച്ചേർന്നത്. കത്തോലിക്കർ ന്യൂനപക്ഷമായ യു.എസ്.എ, സ്കോട്ട്ലൻഡ് പോലുള്ള പ്രൊട്ടസ്റ്റന്റ് പാരമ്പര്യമുള്ള രാജ്യങ്ങളിൽ നിന്നും അനേകം യുവജനങ്ങൾ എത്തിയിരുന്നു.

“പ്രൊട്ടസ്റ്റന്റ് പാരമ്പര്യമുള്ള രാജ്യങ്ങളിൽ നിന്നും അനേകം യുവജനങ്ങളെ ഞാൻ കണ്ടുമുട്ടി. പുരോഹിതർക്കുചുറ്റും അവർ ഒന്നിച്ചുനിന്നു സംസാരിക്കുന്ന ദൃശ്യം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്” – സിൽവിയ പങ്കുവച്ചു.

മൗറീഷ്യസിൽ നിന്നുള്ള അനേൽ കുമ്പസാരത്തെക്കുറിച്ചു പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: “എന്നെ അലട്ടുന്ന ഒരു കാര്യത്തെക്കുറിച്ച് യേശുവുമായി ഹൃദയപൂർവം സംസാരിച്ച നിമിഷങ്ങളായിരുന്നു.”

“വളരെക്കാലമായി ഞാൻ കുമ്പസാരിച്ചിരുന്നില്ല. എന്നാൽ കുമ്പസാരിച്ചുകൊണ്ടിരുന്ന മറ്റു യുവജനങ്ങളെ കണ്ടപ്പോൾ എനിക്കും എന്തുകൊണ്ട് കുമ്പസാരിച്ചുകൂടാ എന്ന ചിന്ത അലട്ടികൊണ്ടിരുന്നു. ഒടുവിൽ ഞാനും കുമ്പസാരിച്ചു” എന്നാണ് പോർച്ചുഗീസ് യുവാവായ റൂബന്റെ അനുഭവം.

“മടിച്ചുമടിച്ചാണ് ഞാൻ കുമ്പസാരിക്കാൻ പോയത്. കാരണം കുറച്ചു വർഷങ്ങളായി ഞാൻ കുമ്പസാരിച്ചിരുന്നില്ല. പക്ഷേ, കുമ്പസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ മനസ്സ് ശാന്തമാണ്. ഒരു പുതിയ തുടക്കത്തിനുള്ള ശക്തിയും ആത്മധൈര്യവും എനിക്കു ലഭിച്ചു.”

ഒരു മിഷനറി വൈദികന്റെ അനുഭവം

ആഗോള യുവജനസമ്മേളനത്തിൽ ഒന്നാം ദിനം മുതൽ 10,000 നും 15,000 നുമിടയിൽ യുവജനങ്ങൾ പ്രതിദിനം കുമ്പസാരിച്ചിരുന്നു. 50-ഓളം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വൈദികരും അവിടെ സംലഭ്യരായിരുന്നു. 150-ഓളം വരുന്ന കുമ്പസാരക്കൂടുകളിൽ ഓരോ പുരോഹിതരും ക്രിസ്തുവിന്റെ പ്രതിനിധികളായി വർത്തിച്ചു. അവരുടെയും അനുഭവങ്ങൾ വ്യത്യസ്തങ്ങളായിരുന്നു.

വൈറ്റ് ഫാദേഴ്സ് സന്യാസ സമൂഹാംഗവും അൽജീരിയയിലെ ലഗൗട്ട് രൂപതയുടെ വികാരി ജനറലുമായ ഫാ. വിൻസെന്റ് കീരേസി അൽജീരിയയിൽ നിന്നുള്ള 20 അംഗ സംഘവുമായാണ് ലിസ്ബണിൽ എത്തിയത്. പാപസങ്കീർത്തനവേദിയിൽ ചെലവഴിച്ച അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത് ഇപ്രകാരമായിരുന്നു: “ഞാൻ അനുരഞ്ജനകൂദാശ അർപ്പിച്ചപ്പോൾ ദൈവത്തിന്റെ നന്മയിൽ നിന്നൊഴുകുന്ന സന്തോഷം അനുഭവിക്കാൻ എനിക്കു സാധിച്ചു. യുവാക്കൾക്ക് ദൈവത്തിന്റെ സ്‌നേഹവും കരുണയും ലഭിക്കുന്നു. തുടർന്ന് ദൈവത്തിന്റെ കരുണ മറ്റെല്ലാവരുമായും പങ്കിടാൻ അവർ വിളിക്കപ്പെടുന്നു.”

ഈ മിഷനറി വൈദികൻ ആദ്യമായാണ് ആഗോള യുവജനസമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈദികജീവിതത്തിൽ പത്തുവർഷങ്ങൾ പിന്നിടുന്ന ഇദ്ദേഹം പറയുന്നത്, “യുവജനസമ്മേളനത്തെ ആഘോഷമാക്കിയ ജനക്കൂട്ടത്തേക്കാൾ എന്റെ ഹൃദയത്തെ കൂടുതൽ സ്പർശിച്ചത് നിശബ്ദത നിറഞ്ഞ പാപസങ്കീർത്തനവേദികളായിരുന്നു” എന്നാണ്.

അക്ഷരാർഥത്തിൽ ദൈവത്തിന്റെ കരുണയൊഴുകിയ വേദിയായിരുന്നു ആഗോള യുവജനസമ്മേളനത്തിലെ ‘അനുരഞ്ജന പാർക്ക്’ അവിടെ നിറഞ്ഞുനിന്ന ആരവങ്ങളെ അതിലംഘിക്കുന്ന ആത്മീയനിശ്ശബ്ദതയിൽ അനേകം യുവഹൃദയങ്ങളും പുരോഹിതരും ക്രിസ്തുവിനെ കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.