
വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗത്തിന്റെ (ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ) പ്രീഫെക്ട് ആയി അൽമായ വനിതയായ മരിയ മോണ്ട്സെറാറ്റ് അൽവരാഡോയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവിൽ പ്രമുഖ കത്തോലിക്കാ മാധ്യമശൃംഖലയായ ഇഡബ്ല്യുടിഎൻ (EWTN) ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ് അൽവരാഡോ. 2026 നവംബർ ഒന്നിന് ഇവർ ചുമതലയേൽക്കും.
ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ച റോമൻ കൂരിയയുടെ (വത്തിക്കാൻ ഭരണകൂടം) നവീകരണപ്രക്രിയയുടെ തുടർച്ചയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് വത്തിക്കാന്റെ ഒരു മന്ത്രാലയത്തിന്റെ തലപ്പത്ത് സന്ന്യാസിനിയോ, വൈദികനോ അല്ലാത്ത ഒരാൾ നിയമിതയാകുന്നത്. നിലവിലെ പ്രീഫെക്ട് പൗലോ റുഫീനിയുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് നിയമനം.
മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവരാഡോ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. 2009 മുതൽ 2023 വരെ മതസ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനും വേണ്ടി നിലകൊള്ളുന്ന ‘ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടി’ എന്ന സംഘടനയുടെ നേതൃനിരയിൽ അവർ പ്രവർത്തിച്ചു. 2023 മുതൽ ഇഡബ്ല്യുടിഎൻ ന്യൂസിന്റെ തലപ്പത്തിരിക്കുന്ന അൽവരാഡോ, ടെലിവിഷൻ, റേഡിയോ, അച്ചടി, ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി ഏഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന അന്താരാഷ്ട്ര മാധ്യമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.
റോമൻ കൂരിയ പരിഷ്കരണത്തിന്റെ ഭാഗമായി 2015 ജൂൺ 27 നാണ് ഫ്രാൻസിസ് മാർപാപ്പ വാർത്താവിനിമയ മന്ത്രാലയം സ്ഥാപിക്കുന്നത്. വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ റേഡിയോ, ലൊസ്സെർവത്തോറെ റൊമാനോ (പത്രം), വത്തിക്കാൻ മീഡിയ, പ്രസ്സ് ഓഫീസ്, വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് തുടങ്ങിയ എല്ലാ മാധ്യമവിഭാഗങ്ങളും ഈ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സാങ്കേതികവും പ്രവർത്തനപരവുമായ ചുമതലകൾക്കു പുറമെ, മാധ്യമരംഗത്തെ സഭയുടെ ദൈവശാസ്ത്ര-അജപാലനപരമായ വശങ്ങൾ വികസിപ്പിക്കുക എന്നതും ഈ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. 2018 ൽ ഇതേ മന്ത്രാലയത്തിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു അൽമായനെ (പൗലോ റുഫീനി) നിയമിച്ചതും ഫ്രാൻസിസ് മാർപാപ്പയായിരുന്നു.




