സാന്തിയാഗോയിലേയ്ക്കു യാത്ര ചെയ്യുന്ന തീര്‍ഥാടകർ 

ഫാ. തോമസ് കുഴിയടിച്ചിറ MCBS

‘സാന്തിയാഗോ ദേ കോംപാസ്‌തേല’ ഒരു യാത്രയാണ്. ഇവിടേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളാണ്. കല്ലുകളും മുള്ളുകളും നിറഞ്ഞ വഴികളിലൂടെ ഇവർ യാത്ര ചെയ്യുന്നു. പകലിന്റെ ചൂടും രാത്രിയിലെ തണുപ്പും സഹിച്ച് വഴിയരികിലും സത്രങ്ങളിലും താമസിച്ചാണ് ഭൂരിഭാഗം പേരും യാത്രചെയ്യുന്നത്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി കണ്ണീര്‍ പൊഴിക്കുന്നത് സാന്തിയാഗോയിലെ ഒരു പതിവുകാഴ്ചയാണ്. തുടർന്ന് വായിക്കുക. മാഡ്രിഡിൽ നിന്നും  ഫാ. തോമസ് കുഴിയടിച്ചിറ എഴുതുന്നു.     

ആളുകളെ ‘ചിരിപ്പിച്ച’ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍

സ്‌പെയിനിലെ വടക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗലീസിയ (Galicia) എന്ന സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് സാന്തിയാഗോ അഥവാ സാന്തിയാഗോ ദേ കോംപാസ്‌തേല. കേരളത്തില്‍ തോമാശ്ലീഹാ വന്ന് ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ച് രക്തസാക്ഷിയായതുപോലെ, പാരമ്പര്യമനുസരിച്ച് യാക്കോബ് ശ്ലീഹാ സ്‌പെയിനില്‍ സുവിശേഷം പ്രസംഗിക്കുകയും മരണശേഷം സാന്തിയാഗോയില്‍ അടക്കം ചെയ്യപ്പെട്ടു എന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുകയും ചെയ്യുന്നു. സ്‌പെയിനിലെ അപ്പസ്‌തോലനായ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ എല്ലാ വര്‍ഷവും ജൂലൈ 25-ന് കടമുള്ള ദിവസമായി ഇവിടെയുള്ള കത്തോലിക്കര്‍ ആഘോഷിക്കുന്നു.

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത, ഇന്നും കൗതുകത്തോടെ ഓര്‍ക്കുന്ന ഒരു തിരുനാള്‍ കുര്‍ബാനയും പ്രസംഗവുമുണ്ട്. സാധാരണ സ്പാനിഷ് ഭാഷയില്‍ എല്ലാ വിശുദ്ധരുടെയും പേരിനുമുമ്പ് വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ്, വിശുദ്ധ തോമാശ്ലീഹാ എന്ന് ചേര്‍ത്തുപറയണം. പക്ഷേ, സാന്തിയാഗോ എന്ന വാക്കിനു മുമ്പ് വിശുദ്ധന്‍ എന്ന് അര്‍ഥമുള്ള സാന്‍ (san) എന്ന പദം ഉപയോഗിക്കാറില്ല. കാര്യമായിട്ട് പ്രസംഗം ഒരുക്കാത്തതിനാലും സ്പാനിഷ് ഭാഷ വലിയ വശമില്ലാതിരുന്നതിനാലും ഓരോ പ്രാവശ്യവും ഞാന്‍ ‘സാന്‍ സാന്തിയാഗോ’ എന്ന് സ്പാനിഷില്‍ പറയുമ്പോള്‍ കുര്‍ബാനയ്ക്കു വന്നവര്‍ ചിരിക്കുമായിരുന്നു. പ്രസംഗം കഴിഞ്ഞയുടനെ, കപ്യാര്‍ ചേട്ടന്‍ വന്ന് ചെവിയില്‍ പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. എന്റെ പ്രസംഗത്തിലെ തമാശ കേട്ടല്ല ആളുകള്‍ മുഴുവന്‍ സമയവും ചിരിച്ചത്, മറിച്ച് തെറ്റായി രണ്ടുപ്രാവശ്യം വിശുദ്ധന്‍ എന്ന് അര്‍ഥമുള്ള ‘സാന്‍ സാന്തിയാഗോ’ എന്ന് പറഞ്ഞതുകൊണ്ടാണെന്ന്.

സ്‌പെയിനില്‍ വന്നിറങ്ങിയ അന്നുമുതല്‍ എന്നില്‍ ലഹരിയായിക്കിടന്നിരുന്ന ഒരു ആഗ്രഹമായിരുന്നു സാന്തിയാഗോയിലേക്കുള്ള തീര്‍ഥാടനം. ഇന്ത്യന്‍ എംബസിയില്‍ വച്ചാണ് ആ കനല്‍ വീണ്ടും ആളിക്കത്തിയത്. ഒരു സ്വാതന്ത്യദിനാഘോഷത്തിനുശേഷം എംബസിയിലെ ഒരു മലയാളി ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇന്ത്യയിലായിരിക്കുമ്പോള്‍ത്തന്നെ കുടുംബസമേതം സ്‌പെയിനില്‍ വന്ന് 100 കിലോമീറ്റര്‍ നടന്ന് സാന്തിയാഗോ തീര്‍ഥാടനം നടത്തി. ഇനി മാഡ്രിഡില്‍ നിന്നു നടന്ന് (ഏകദേശം 575 കിലോമീറ്റര്‍) അടുത്തവര്‍ഷം സാന്തിയാഗോയിലേക്കു പോകണം.”

വര്‍ഷങ്ങളായി ഈ രാജ്യത്തുതന്നെ താമസിക്കുന്ന എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. അന്ന് തീരുമാനിച്ചതാണ് ഏറ്റവും അടുത്തദിവസം തന്നെ യാക്കോബ് ശ്ലീഹായുടെ കബറിടത്തിലേക്ക് തീര്‍ഥാടനം പോകണമെന്ന്. അങ്ങനെ 2018-ല്‍ മറ്റ് രണ്ട് വൈദികരുടെ കൂടെ തീര്‍ഥാടനം നടത്താന്‍ സാധിച്ചു. സ്പാനിഷ് ഭാഷ അറിയാമായിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ഥനകള്‍ ചൊല്ലാനും അവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായ വലിയ ധൂപക്കുറ്റിയില്‍ (Botafumeiro) കുന്തുരുക്കമിടാനുമുള്ള ഭാഗ്യം ലഭിച്ചു.

എല്ലാ തീര്‍ഥാടനങ്ങളും വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കാന്‍ ദിവസവും നമ്മള്‍ നല്ല ഭക്ഷണവും വ്യായാമവും ചെയ്യുന്നു. എന്നാല്‍ ആത്മാവിന്റെ കാര്യമോ? ആത്മാവിനെയും മനസ്സിനെയും പുഷ്ടിപ്പെടുത്താന്‍ ജിമ്മില്‍ പോകുന്നതിനു തുല്യമാണ് ഓരോ തീര്‍ഥാടനവും. ആയതിനാല്‍ ആത്മീയ ഉണര്‍വ് നല്‍കുന്നതിനോടൊപ്പംതന്നെ ശരീരത്തിന്റെ ആരോഗ്യപരിപാലനത്തിനും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ ‘Camino de Santiago’ നമ്മെ സഹായിക്കും.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആത്മീയമായി ഒരുങ്ങി, ഉപവസിച്ചു പ്രാര്‍ഥിച്ചാണ് ഈ തീര്‍ഥാടനത്തിന് തയാറെടുക്കുന്നത്. ഏറ്റവും കുറഞ്ഞത് 100 കിലോമീറ്ററുകളെങ്കിലും നടക്കേണ്ട ഈ വഴികള്‍ കല്ലുകളും മുള്ളുകളും നിറഞ്ഞതാണ്. പകലിന്റെ ചൂടും രാത്രിയിലെ തണുപ്പും സഹിച്ച് വഴിയരികിലും സത്രങ്ങളിലും താമസിച്ചാണ് ഭൂരിഭാഗം പേരും യാത്രചെയ്യുന്നത്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി കണ്ണീര്‍ പൊഴിക്കുന്നത് സാന്തിയാഗോയിലെ ഒരു പതിവുകാഴ്ചയാണ്. തുടര്‍ന്നുള്ള കുമ്പസാരവും വിശുദ്ധ കുര്‍ബാനയര്‍പ്പണവും വിശുദ്ധ കുര്‍ബാന സ്വീകരണവും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ ഇവരെ യോഗ്യരാക്കുന്നു.

ഇവിടേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നതാണ് കത്തോലിക്കാസഭയുടെ ഭാവിയെക്കുറിച്ച് കുടൂതല്‍ പ്രതീക്ഷ നല്‍കുന്നത്. 95% കത്തോലിക്കരുള്ള സ്‌പെയിനില്‍ നിന്നും വരുന്നവരേക്കാള്‍ കൂടുതലാണ് ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍.

സാന്തിയാഗോയിലെ തീര്‍ഥാടനം പഠിപ്പിച്ച മൂന്നു പാഠങ്ങള്‍1

  • ഏറ്റവും മിനിമം ആയിട്ട് ജീവിക്കുക

സാന്തിയാഗോയിലേക്കുള്ള തീര്‍ഥാടനം നടത്താന്‍ ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം സ്വന്തം മനസ്സിനെ പലയാവര്‍ത്തി പറഞ്ഞുപഠിപ്പിക്കുന്ന ഒരു സത്യമുണ്ട് – ഏറ്റവും കുറച്ചു സാധനങ്ങള്‍ മാത്രം ബാഗില്‍ കരുതുക. ഒരു ദിവസത്തെ യാത്രയ്ക്കു പോകുമ്പോള്‍പോലും വലിയ ഭാണ്ഡക്കെട്ടുമായി പോകുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നൂറും ഇരുനൂറും മുന്നൂറും കിലോമീറ്ററുകള്‍ ഒരു ചെറിയ ബാക്ക്പാക്കുമായി കടന്നുപോകുന്നവരെ കാണുമ്പോള്‍ ആദ്യദിവസം തന്നെ പല അനാവശ്യസാധനങ്ങളും നമ്മള്‍ വഴിയിലുപേക്ഷിക്കും. കാരണം മറ്റൊന്നുമല്ല, ‘less luggauge more comfortable.’ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ നാം പഠിക്കുന്നു. നമ്മുടെ ലക്ഷ്യത്തിലെത്താന്‍ ഒത്തിരിയേറെ സാധനങ്ങള്‍ നമുക്ക് ആവശ്യമില്ല. ഉള്ളതിനെ വിലമതിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ ഈ തീര്‍ഥാടനം നമ്മെ പഠിപ്പിക്കുന്നു. അതുപോലെ തന്നെ അഹങ്കാരത്തിന്റെയും സ്വാര്‍ഥതയുടെയും മുഖംമൂടികള്‍ മാറ്റി വിനയവും എളിമയുമുള്ളവരാകാന്‍ ഈ തീര്‍ഥാടനം സഹായിക്കും.

  • ഈ ലോകത്ത് നാം ആരും തനിച്ചല്ല എന്ന വലിയ പാഠം

ഈ ഭൂമിയിലേക്ക് കരഞ്ഞുകൊണ്ട് കൈകാലിട്ടടിച്ചുകൊണ്ട് പിറന്നുവീഴുന്ന കുഞ്ഞിനെ മാറോടുചേര്‍ക്കുമ്പോള്‍, താന്‍ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന കരുതല്‍ അവനെ ശാന്തനായി ഉറങ്ങാന്‍ സഹായിക്കും. സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിട്ട് തീര്‍ഥാടനം ചെയ്യുന്ന നിങ്ങള്‍, വഴയില്‍ ആയിരങ്ങളെ കാണും. ഒറ്റയ്ക്കും കൂട്ടായും കുടുംബവുമായി പോകുന്ന എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യമേയുള്ളൂ; യാക്കോബ് ശ്ലീഹായുടെ കബറിടത്തിലെത്തി ശാന്തമായി അല്പനേരം പ്രാര്‍ഥിക്കുക. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഈ വഴിയില്‍ നിങ്ങള്‍ക്ക് സൗഹൃദം പങ്കുവയ്ക്കാന്‍, ഭാഷകള്‍ക്കും രാജ്യങ്ങള്‍ക്കുമപ്പുറം അനേകരുണ്ട്. ഇവര്‍ക്കെല്ലാം ഒരേയൊരു വികാരം – സാന്തിയാഗോ.

കണ്ടുമുട്ടുന്ന അനേകം വ്യക്തികളില്‍ നിങ്ങള്‍ക്ക് പലരും സഹോദരങ്ങളായും മാതാപിതാക്കളായും മാറും. ഈ വഴിയില്‍ നിങ്ങള്‍ തനിച്ചാണെന്നോ, ഒറ്റപ്പെട്ടവനാണെന്നോ വേര്‍തിരിക്കപ്പെട്ടവനെന്ന തോന്നലോ ഒരിക്കലുമുണ്ടാകില്ല. ഒരുപക്ഷേ, നിങ്ങള്‍ നടന്നുക്ഷീണിച്ചെങ്കില്‍ ഏതൊരാവശ്യത്തിനും സാന്ത്വനവചനങ്ങളുമായി, ഭക്ഷണവുമായി അനേകര്‍ നിങ്ങളുടെ അരികിലുണ്ട്. നിരാശയോടെ എമ്മാവൂസിലേക്കുപോയ ശിഷ്യരുടെ കൂടെനടന്ന് ഈശോ അവരുടെ ഹൃദയം ജ്വലിപ്പിച്ചതുപോലെ അനേകര്‍ സ്‌നേഹത്തോടെ നിങ്ങളുടെ സഹായത്തിനെത്തും. പുഞ്ചിരിയോടെയല്ലാതെ ഒരു വ്യക്തിയെപ്പോലും നിങ്ങള്‍ക്ക് ഈ വഴിയില്‍ കണ്ടെത്താനാവില്ല. ഇവിടെ സമ്പന്നനെന്നോ, പാവപ്പെട്ടവനെന്നോ, ഏകരാജ്യക്കാരെന്നോ, ഭാഷക്കാരെന്നോ വ്യത്യാസമില്ല. ഈ തീര്‍ഥാടനവഴിയില്‍ നാമെല്ലാവരും ഒരേ പിതാവിന്റെ മക്കളും ഈ തീര്‍ഥാടകസഭയിലെ തീര്‍ഥാടകരുമാണെന്ന സത്യം അനുഭവിക്കാന്‍ കഴിയും. അങ്ങനെ കല്ലുകളും മുള്ളുകളും നിറഞ്ഞ ജീവിതയാത്രയിലെ പ്രതിസന്ധികളെ മറ്റുള്ളവരുടെ സഹായത്തോടെ മുന്നേറി ജീവിതലക്ഷ്യം നേടാനും സഹായിക്കുന്നു.

  • പ്രകൃതിയെ കൂടുതല്‍ സ്‌നേഹിക്കാന്‍ പഠിക്കുന്നു

പ്രകൃതിയെ സ്‌നേഹിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനമാണ് ‘Laudato Si’ (അങ്ങേക്ക് സ്തുതിയായിരിക്കട്ടെ). യൂറോപ്പിലെ രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ ചാക്രികലേഖനം ഭാവിയിലെ ഭൂമിയെക്കുറിച്ചുള്ള ആകുലതയാണ് പ്രകടിപ്പിക്കുന്നത്. സ്‌പെയിനിലെ മാഡ്രിഡിന്റെ നഗരഹൃദയത്തില്‍ താമസിക്കുന്ന എനിക്ക് മണ്ണില്‍ ചവിട്ടണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം. അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ക്കിലെ കൃത്രിമമായി മണ്ണിട്ടൊരുക്കിയിരിക്കുന്ന വഴിയില്‍ക്കൂടി നടക്കണം. പലതരത്തിലുള്ള മരങ്ങളെയും പല വര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളെയും പുല്‍ച്ചാടികളെയും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നല്ല ശുദ്ധമായ ഓക്‌സിജന്‍ ശ്വസിക്കണമെന്ന ആഗ്രഹം നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ സാന്തിയാഗോയിലേക്കുള്ള തീര്‍ഥാടനം നിങ്ങളെ നിരാശപ്പെടുത്തില്ല. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ പ്രകൃതിയെ സ്‌നേഹിക്കാനും ജീവിതലാളിത്യം സ്വന്തമാക്കാനും സാന്തിയാഗോ തീര്‍ഥാടനം നിങ്ങള്‍ക്ക് പ്രചോദനം തരും, തീര്‍ച്ച.

കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന വിശ്വാസികളുടെ ശ്രദ്ധയ്ക്ക്, സാന്തിയാഗോ ദേ കോംപാസ്‌തേല ഒരു യാത്രയാണ്. ജീവിതത്തിലെ പല മേഖലകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനും വിശുദ്ധിയുടെ പാരമ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു യാഥാര്‍ഥ്യം കൂടിയാണ്. ഇത് രക്ഷയുടെ ലക്ഷ്യം തേടിയുള്ള യാത്രയാണ്. ഇവിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ – സാന്തിയാഗോ. സാന്തിയാഗോ, ഞങ്ങളുടെ ജീവിതങ്ങളെ രക്ഷിക്കണമേ. ഈ യാത്ര ഒരു അനുഭവമായി മാറട്ടെ. ഉറപ്പ്, ഈ തീര്‍ഥാടനം നിങ്ങളുടെ ജീവിതത്തിലും അനുഗൃഹമായി മാറും. അത്ഭുതങ്ങള്‍ സംഭവിക്കും. തീര്‍ച്ച.

ഫാ. തോമസ് കുഴിയടിച്ചിറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.