തെക്കേ അമേരിക്കയുടെ സ്വന്തം ‘മദർ തെരേസ’

87,000-ത്തിലധികം കുട്ടികളുടെ പരിചരണത്തിനായും ദുർബലരും നിരാലംബരുമായ നൂറുകണക്കിന് ആളുകളുടെ സമുദ്ധാരണത്തിനായും ജീവിതം സമർപ്പിച്ച അനാഥയായിരുന്നു സി. മരിയ റോസ ലെഗോളിന. അനാഥത്വത്തിന്റെ നോവനുഭവങ്ങളെ അറിയാവുന്ന ആ സന്യാസിനി പിന്നീട് ഒരു മദർ തെരേസയായി മാറുകയായിരുന്നു. തന്റെ വേദനകളിലൂടെ ആരും കടന്നു പോകാതിരിക്കാൻ സമർപ്പണത്തിന്റെ കരുത്തിൽ എല്ലാവരുടെയും അമ്മയായി അവൾ മാറി. “തെരുവിൽ വേദനയിൽ കഴിയുന്ന ഒരു കുഞ്ഞ് ഉള്ളിടത്തോളം കാലം മരിയ റോസയ്ക്ക് സന്തോഷിക്കാൻ കഴിയില്ല.” എന്നായിരുന്നു ഈ സന്യാസിനിയുടെ വാക്കുകൾ.

അനാഥയായ ഹോണ്ടുറാസിന്റെ മകൾ

1926 ഹോണ്ടുറാസിലായിരുന്നു മരിയ റോസയുടെ ജനനം. പിതാവ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നതിനാൽ മരിയ റോസയുടെ അമ്മ അവളെ ഒരു അനാഥാലയത്തിലാക്കി. അങ്ങനെ മരിയ റോസാ തന്റെ ചെറുപ്പകാലം ചെലവഴിച്ചത് ആ അനാഥാലയത്തിലായിരുന്നു. അവിടെ വച്ചാണ് എസ് എസ് എസ് എഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്രാൻസിസ്കൻ സഹോദരിമാരെ പരിചയപ്പെടുന്നത്. ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ ചേരാൻ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന മരിയ റോസയ്ക്ക് സഭാ പ്രവേശനം നിഷേധിക്കപ്പെട്ടു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം 1948 ൽ മരിയയുടെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അവളെ ഫ്രാൻസിസ്കൻ സഹോദരികളുടെ സഭയിൽ സ്വീകരിച്ചു. പരിശീലനങ്ങൾക്കൊടുവിൽ 1949 ൽ ഫ്രാൻസിസ്കൻസ് സന്യാസിനിയായിത്തീർന്നു.

പുതിയ ദൗത്യത്തിലേക്ക്

സന്യാസിനി ആയതിനുശേഷം ഹോണ്ടുറാസിലേക്ക് തിരിച്ചുപോയ സി. മരിയ റോസ ഹോണ്ടുറാസിന്റ തലസ്ഥാന നഗരമായ ടെഗുസിഗാൽപയിലെ ഒരു ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റ് സൂപ്പർവൈസറായി ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടു. അവിടെ ഏറ്റവും നല്ല പരിചാരക എന്ന പേരിലാണ് ആ സന്യാസിനി ശ്രദ്ധനേടിയത്. അനാഥത്വത്തിന്റെ വേദന അറിഞ്ഞിരുന്ന മരിയ റോസ എന്ന സന്യാസിനി ദരിദ്രരായ കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തടവിലാക്കപ്പെട്ട മാതാപിതാക്കളുടെ മക്കൾ വിദ്യാഭ്യാസമില്ലാതെയും സുരക്ഷിതത്വമില്ലാതെയും കഴിയേണ്ടി വരുന്നത് ആ സന്യാസിനിയെ ഏറെ ദുഃഖിപ്പിച്ചിരുന്നു. അങ്ങനെ 1960-കളുടെ തുടക്കത്തിൽ ഇത്തരം കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അവർക്കുവേണ്ടിയുള്ള പുതിയ സംരംഭങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും കുട്ടികളുടെ സമുദ്ധാരണം ലക്ഷ്യമാക്കി സോസിഡാഡ് അമിഗോസ് ഡി ലോസ് നിനോസ് (SAN) സ്ഥാപിച്ചു. 2020 ഒക്ടോബർ 16-ന് മരിക്കുന്നതുവരെ മരിയ റോസയായിരുന്നു സൊസൈറ്റിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചത്.

93-ാം വയസ്സിലും അതിരുകളില്ലാത്ത ഊർജമുള്ള ഒരു സ്ത്രീ

“93-ാം വയസ്സിലും അതിരുകളില്ലാത്ത ഊർജമുള്ള ഒരു സ്ത്രീയായിരുന്നു അവർ” സി. മരിയ റോസയെ ആദ്യമായി കണ്ടപ്പോൾ നിക്കോൾ ബെർണാഡി-റെയ്‌സിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളായിരുന്നു ഇത്. “ഞാൻ ആദ്യമായി ആ സന്യാസിനിയെ കണ്ടുമുട്ടിയപ്പോൾ അവർക്ക് എന്നെക്കാൾ ഇരട്ടി പ്രായം ഉണ്ടായിരുന്നു. എന്നാലും എന്നെക്കാൾ നാലിരട്ടി ഊർജവും ഞാൻ ചെയ്യുന്നതിനെക്കാൾ ഏറെ കാര്യങ്ങളുമാണ് അവർ ചെയ്യുന്നത്. ഈ ലോകത്ത് എനിക്ക് ഇനിയും ചെയ്യാവുന്ന കൂടുതൽ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ ആ കൂടിക്കാഴ്ച എനിക്ക് ഉപകരിച്ചു. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ആ സന്യാസിനി എന്തുമാത്രം കാര്യങ്ങൾ ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ദൈവത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവൾക്ക് കൂടുതൽ മെച്ചപ്പെട്ടത് ചെയ്യുവാൻ സാധിക്കുന്നു.”

പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്നവൾ

സി. മരിയ റോസ പരിഹാരം കണ്ടെത്തുന്നവൾ മാത്രമായിരുന്നില്ല പരിഹാരത്തിനായി പ്രവർത്തിക്കുന്നവൾ കൂടിയായിരുന്നു. “എനിക്ക് ഒരു പ്രശ്നമുണ്ട്, ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു.” എന്ന് ആ സന്യാസിനി പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ടുതന്നെ ദൈവത്തോടൊത്ത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവൾ ജീവിതത്തിൽ വിജയിച്ചു.

“അവൾക്കു ഭ്രാന്ത് ഉണ്ടായിരുന്നു”

“അവൾക്ക് ഭ്രാന്തുണ്ടായിരുന്നു. ആ ഭ്രാന്ത് അവളുടെ വിശ്വാസമായിരുന്നു. നമുക്ക് കാണാൻ കഴിയാത്തതും കേൾക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ കാണാനും കേൾക്കാനും അവളെ സഹായിക്കുന്നത് അവളുടെ വിശ്വാസമാണ്.” -ബെർണാഡി-റെയ്‌സ് സി. മരിയ റോസയെക്കുറിച്ച് പങ്കുവയ്ക്കുന്നു. സി. മരിയ റോസയുടെ ജീവിതത്തെ ആധാരമാക്കി 2023 ൽ പുറത്തിറങ്ങിയ ‘വിത്ത്‌ ദിസ്‌ ലൈറ്റ്’ എന്നചിത്രത്തിൽ ആ സന്യാസിനി പങ്കുവയ്ക്കുന്ന വാക്കുകൾ ശ്രദ്ധേയമാണ്. “ദൈവത്തിന്റെ വേല ചെയ്യാൻ അല്പം ഭ്രാന്തനായിരിക്കണം.”

കൈയിൽ കരുതുന്ന കുരിശുരൂപം

ദൈവത്തിന്റെ സാന്നിധ്യമില്ലാതെ ആ സന്യാസിനി ഒരിടത്തും പോകാറില്ല. ഒരു സുരക്ഷാകവചമെന്ന പോലെ എപ്പോഴും ഒരു കുരിശുരൂപം കൈയിൽ കരുതാറുണ്ട്. അത് പല അപകടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ആ സന്യാസിനിയെ സംരക്ഷിച്ചിട്ടുണ്ട് എന്ന് അനുഭവങ്ങളിലൂടെ സി. മരിയ റോസ പങ്കുവയ്ക്കുന്നു.

ഒരിക്കലും കുഞ്ഞുങ്ങളെ നിഷേധിക്കാത്ത അമ്മ

ഒരിക്കൽ 50 ഓളം കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി സി. മരിയ റോസയോട് ആവശ്യപ്പെട്ടു. ആ കുഞ്ഞുങ്ങളെ പാർപ്പിക്കാനുള്ള സാധ്യതകൾ ഇല്ലാതിരുന്നിട്ടുകൂടി സന്യാസിനി അവരെ സ്വീകരിച്ചു.

മറ്റൊരു സന്ദർഭത്തിൽ ഫിഫി ചുഴലിക്കാറ്റ് ഫോണ്ടുറാസിൽ നാശം വിതച്ച സമയം. അതുമൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആ സന്യാസിനിയും അവളുടെ സഹപ്രവർത്തകരും കൂടി വീടുകൾതോറും കയറിയിറങ്ങി ആളുകളെ രക്ഷിക്കുകയായിരുന്നു. ആ സമയത്ത് വളരെ ദൂരെ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. വെള്ളപ്പൊക്കത്തിൽ പൊങ്ങി കിടന്നിരുന്ന ഒരു കിടക്കയിൽ ഉറങ്ങുന്ന കുഞ്ഞിന്റെ കരച്ചിൽ ആയിരുന്നു അത്. ആ കുഞ്ഞിനെ കണ്ടെത്തുവോളം ആ സന്യാസിനി തിരഞ്ഞു കൊണ്ടേയിരുന്നു.

ജീവിച്ചിരുന്നപ്പോൾ അനേകരുടെ ഹൃദയം കവർന്ന ആ സന്യാസിനിയെ പുതുതലമുറയെ പരിചയപ്പെടുത്താനും ഒരു വിളക്കുമരം പോലെ പ്രകാശം പരത്തിയ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാര്യങ്ങൾ ലോകത്തിനുവേണ്ടി ചെയ്യാൻ മുന്നിട്ടിറങ്ങാനും സി. മരിയ റോസ ലെഗോളിന എന്ന തെക്കേ അമേരിക്കയുടെ സ്വന്തം മദർ തെരെസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം ‘വിത്ത്‌ ദിസ്‌ ലൈറ്റ്’ എന്ന പേരിൽ 2023 ഓഗസ്റ്റിൽ പുറത്തിറക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.