“ഞാൻ ഒരു വിശ്വാസിയല്ല; എങ്കിലും അന്ന് ഞാൻ അമ്മയോടു പ്രാർത്ഥിച്ചു” – മരണത്തെ അതിജീവിച്ച പർവ്വതാരോഹകന്റെ അനുഭവം

വടക്കൻ ഇറ്റലിയിലെ വില്ലനോവ മാർഷെസനയിൽ നിന്നുള്ള 54 -കാരനായ കാർലൂസിയോ സാർട്ടോറി ഒരു പർവ്വതാരോഹകനായിരുന്നു. ഓസ്ട്രിയയുമായി അതിർത്തി പങ്കിടുന്ന ഇറ്റലിയിലെ വാൽ ബാഡിയയിൽ മഞ്ഞുപാളിക്ക് അടിയിൽ ഇരുപതു മണിക്കൂറോളം കുടുങ്ങിയ കാർലൂസിയോ സാർട്ടോറിക്ക് മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ഒരു അത്ഭുതവും ഒപ്പം ദൈവാനുഭവവും ആയിരുന്നു.

“ഞാൻ ഒരു വിശ്വാസിയല്ല. പക്ഷേ, അന്ന് രാത്രി ഞാൻ എന്റെ അമ്മയോട് പ്രാർത്ഥിച്ചു” – മഞ്ഞിനടിയിൽ പെട്ടുപോയ ആ നിമിഷത്തെക്കുറിച്ച് കാർലൂസിയോ പറയുന്നത് ഇപ്രകാരമാണ്: തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ചെറിയൊരു അശ്രദ്ധ പോലും തന്റെ ജീവിതം അവസാനിപ്പിക്കും എന്ന തിരിച്ചറിവിൽ ഞാൻ പ്രാർത്ഥനയോടെ ആയിരുന്നു. എന്റെ ഒരേയൊരു ചിന്ത ജീവിച്ചിരിക്കുക എന്നതു മാത്രമായിരുന്നു. ഞാൻ പലപ്പോഴും പർവ്വതാരോഹകരുടെ സിനിമകൾ കാണാറുണ്ട്. ഉറങ്ങുന്ന ആളുകൾ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ കഴിവതും ഉറങ്ങാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു” – കാർലൂസിയോ പറയുന്നു.

അദ്ദേഹത്തിന്റെ കൈ ഉയർന്നുനിൽക്കുന്നത് കണ്ടിട്ടാണ് രക്ഷാപ്രവർത്തകർ ഓടിയെത്തിയതും അദ്ദേഹത്തെ മഞ്ഞിനടിയിൽ നിന്ന് രക്ഷപെടുത്തുന്നതും. ഉടൻ തന്നെ അവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ബോൾസാനോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കാർലൂസിയോ, ഡോക്ടർമാർക്ക് പോലും ഒരു അത്ഭുതമായിരുന്നു. കാരണം 14ºF താപനിലയിൽ 20 മണിക്കൂറോളം മഞ്ഞിൽ കഴിഞ്ഞ കാർലൂസിയോ സാർട്ടോറിയെ ജീവനോടെയും ബോധവാനായും കണ്ടെത്തിയത് അവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമായിരുന്നു.

ഞാൻ കുടുങ്ങി എന്ന് മനസിലായപ്പോൾ, എനിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന ആത്മവിശ്വാസം ഞാൻ ആദ്യം നേടി. പിന്നീട് കൈകൾ കൊണ്ട് മഞ്ഞുപാളികൾ തകർത്ത് അതിലൂടെ ഒരു വിടവുണ്ടാക്കി. എനിക്ക് ശ്വസിക്കാൻ കഴിയുന്ന ഒരു ഫണൽ ആയി അത് മാറി. മരണത്തെ മുന്നിൽ കാണുമ്പോൾ, നാം തനിച്ചാണെന്നു മനസിലാകുമ്പോൾ സ്വയം ആർജ്ജിച്ചെടുക്കുന്ന ഒരു കരുത്താണ് ഈ അവസരത്തിൽ തുണയായത് – കാർലൂസിയോ ഓർക്കുന്നു.

“ഹെലികോപ്റ്ററിന്റെ ശബ്ദം ഞാൻ ഒരിക്കലും മറക്കില്ല. മരണത്തിലേക്ക്  നടന്നടുക്കുമ്പോൾ, തണുപ്പ് എന്നെ കീഴടക്കാൻ തുടങ്ങിയപ്പോൾ, ഇത് എന്റെ സമയമല്ല എന്ന് ഞാൻ സ്വയം പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഉണ്ടാക്കിയ ദ്വാരം എന്നെ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാൻ അനുവദിച്ചു” – ഇത് പറയുമ്പോൾ കാർലൂസിയോയുടെ വാക്കുകളിൽ തന്നെ ദൈവം രക്ഷിച്ചു എന്ന ബോധ്യം നിറയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.