

നാല് വയസ്സുകാരൻ മിഖായേൽ ആദ്യമായി സ്കൂളിൽ പോകുകയാണ്. കുളിച്ച്, പുതിയ ഉടുപ്പൊക്കെ ഇട്ട് അവന്റെ അമ്മച്ചി അവനെ ഒരുക്കുകയാണ്. അവസാനം ഒരു കൊന്തമാല മിഖായേലിന്റെ കഴുത്തിൽ ഇട്ടുകൊടുത്തിട്ട് അമ്മച്ചി പറഞ്ഞു:
“ഈ കൊന്തമാല കാത്തുസൂക്ഷിക്കണം കേട്ടോ, കളയുകയേ ചെയ്യരുത്. കഴുത്തിൽ തന്നെ ഇട്ടേക്കണം. പിശാചിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാനുള്ളതാ കേട്ടോ.”
ഈശോയുടെ സംരക്ഷണത്തെക്കുറിച്ചൊക്കെ അമ്മച്ചി പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ അമ്മച്ചിയോട് ചോദിച്ചു:
“ഞാൻ ഒരു കാര്യം പറയട്ടെ, എന്തുപറഞ്ഞാലും ഈശോ തരുവോ”?
അമ്മയ്ക്ക് മനസ്സിലായില്ല. അപ്പോൾ അവൻ വീണ്ടും ചോദിച്ചു:
“ഈശോ എന്തുപറഞ്ഞാലും തരുവോ.”
“നമുക്ക് ആവശ്യമുള്ളതെല്ലാം ദൈവം നമുക്ക് തരുന്നുണ്ടല്ലോ” എന്നായിരുന്നു അമ്മയുടെ മറുപടി.
മിഖായേൽ എന്ന നാലു വയസ്സുകാരന്റെ മനസ്സിൽ ഈശോ എന്നാൽ എല്ലാം തരുന്ന ഒരാൾ ആയിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ അതൊന്ന് ഉറപ്പിക്കാൻ അവൻ ആ ചോദ്യം ചോദിച്ചത്. ഒരു നാല് വയസ്സുകാരന്റെ ലോകത്ത്, സംരക്ഷിക്കുന്നയാൾ എന്നാൽ ചോദിക്കുന്നതെല്ലാം തരുന്ന ഒരു ‘സൂപ്പർ ഹീറോ’ തന്നെയാണ്. കേൾക്കുമ്പോൾ ഒരുപക്ഷേ നമ്മുടെയൊക്കെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞേക്കാം. എന്നാൽ, ആ കുഞ്ഞുചോദ്യത്തിനു പിന്നിൽ കുഞ്ഞുമിഖായേലിന്റെ ഈശോയോടുള്ള നിഷ്കളങ്കമായ സ്നേഹവും ആഴമേറിയ വിശ്വാസവും ഒളിഞ്ഞുകിടപ്പുണ്ട്.
” ശരിക്കും ഈശോ എന്തുപറഞ്ഞാലും തരുമോ?” ഈ ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർക്ക് ഈശോ ‘സൂപ്പർ ഹീറോ’ ആണ്. ചോദിക്കുന്നതെല്ലാം തരുന്ന ഈശോ!
കുട്ടികളുടെ ചിന്തകൾ വളരെ ചെറുതാണ്. അവർക്ക് ദൈവം എന്നാൽ സ്നേഹമുള്ള ഒരു അപ്പച്ചനാണ്. ചോദിക്കുമ്പോൾത്തന്നെ മിഠായിയും കളിപ്പാട്ടങ്ങളും തരുന്ന ആൾ. അതുകൊണ്ടുതന്നെ മിഖായേലിന്റെ മനസ്സിൽ ഈശോ എല്ലാം തരുന്ന ഒരാളാണ്.
എന്നാൽ, അമ്മ നൽകിയ മറുപടിയിൽ ഉണ്ടായിരുന്നത് തികഞ്ഞ സംതൃപ്തിയാണ്. ‘നമുക്ക് ആവശ്യമുള്ളതെല്ലാം ദൈവം നമുക്ക് തരുന്നുണ്ടല്ലോ.’ അതായത്, നാം ആഗ്രഹിക്കുന്ന കാര്യങ്ങളല്ല, മറിച്ച് നമുക്ക് ഏറ്റവും ആവശ്യമുള്ള കാര്യങ്ങളാണ് ദൈവം നൽകുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ദൈവം നമുക്ക് നന്മയായിട്ടുള്ളത് മാത്രമേ നൽകൂ എന്ന് ആ അമ്മ ലളിതമായി കുഞ്ഞുമിഖായേലിനെ പഠിപ്പിക്കുകയാണ്. കുഞ്ഞുവാക്കുകളിലൂടെ പറഞ്ഞുതരുന്നു.
നാം വളരുന്തോറും പ്രാർഥനകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഒരു കുട്ടി മൂർച്ചയുള്ള കത്തി ചോദിച്ചാൽ സ്നേഹമുള്ള ഒരു മാതാപിതാക്കളും അത് അവർക്ക് നൽകില്ല. കാരണം, അത് അവന് അപകടം വരുത്തുമെന്ന് അവർക്കറിയാം. നമ്മൾ ചോദിക്കുന്ന പല കാര്യങ്ങളും നമ്മുടെ താൽക്കാലിക ആഗ്രഹങ്ങൾ മാത്രമായിരിക്കാം. എന്നാൽ, ദൈവം നമുക്ക് തരുന്നത് നമ്മുടെ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ കാര്യങ്ങളാണ്.
ചിലപ്പോൾ നമ്മൾ ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോൾ ദൈവം പ്രാർഥന കേട്ടില്ല എന്ന് നമ്മൾ വിചാരിക്കും. എന്നാൽ, ‘നോ’ പറയുന്നതും ദൈവത്തിന്റെ ഒരു ഉത്തരമാണ്. അതിനർഥം അതിനേക്കാൾ നല്ലതൊന്ന് ദൈവം നമുക്കായി കരുതിവച്ചിട്ടുണ്ട് എന്നാണ്. പ്രാർഥിക്കുന്ന ഉടനെ എല്ലാം ലഭിക്കണമെന്നില്ല. ശരിയായ സമയത്ത് ശരിയായ രീതിയിൽ ദൈവം അത് നൽകും.
”എന്തുപറഞ്ഞാലും ഈശോ തരുമോ?” എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നൽകുകയാണെങ്കിൽ “നമുക്ക് നന്മയായതെന്തും ഈശോ തരും” എന്നുവേണം പറയാൻ.
മിഖായേലിനെപ്പോലെ നിഷ്കളങ്കമായി ദൈവത്തെ ആശ്രയിക്കാൻ നമുക്ക് കഴിയണം. ചോദിക്കുന്നതെല്ലാം വാങ്ങിത്തരുന്ന ഒരു മാന്ത്രികനായല്ല, മറിച്ച് നമ്മുടെ ജീവിതത്തിന് ഏതാണ് നല്ലതെന്ന് കൃത്യമായി അറിയുന്ന, നമ്മെ കാത്തുസൂക്ഷിക്കുന്ന ഒരു വഴികാട്ടിയായി ഈശോയെ കാണാൻ ഈ ചെറിയ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞിന്റെ കഴുത്തിലെ കൊന്തമാല പോലെ ദൈവത്തിലുള്ള ഈ വിശ്വാസമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സംരക്ഷണം.
സീനിയ എൽസ ഇഗ്‌നേഷ്യസ്




