“ഞാൻ ക്ഷമിക്കുന്നു”: സൊമാലിയയിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട മിഷനറി സന്യാസിനിയുടെ അവസാന വാക്കുകൾ

“എന്നെ കൊലപ്പെടുത്താനായി ഒരു വെടിയുണ്ട ഒരുങ്ങുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത് എപ്പോൾ എത്തുമെന്ന് അറിയില്ല. അത് എത്തുന്നതുവരെ ഞാൻ സൊമാലിയയിൽ തുടരും” – ഇറ്റലിയിൽ നിന്നുള്ള സിസ്റ്റർ ലിയോണെല്ല സ്‌ഗോർബാറ്റിയുടെ വാക്കുകളായിരുന്നു ഇത്. ഭീഷണികൾക്കിടയിലും സോമാലിയയിലെ സാധാരണക്കാർക്കിടയിൽ ശുശ്രൂഷ ചെയ്യുകയും ഭീകരരാൽ കൊല്ലപ്പെടുകയും ചെയ്ത സന്യാസിനിയാണ് സി. ലിയോണെല്ല സ്‌ഗോർബാറ്റി. ഭീകരരാൽ കൊല്ലപ്പെടുമ്പോഴും ജീവിതത്തിന്റെ അവസാന നിമിഷത്തിലും തന്റെ ഘാതകരോട് ക്ഷമിച്ചു എന്നതായിരുന്നു ഈ സന്യാസിനിയുടെ അവസാന വാക്കുകൾ.

1970 -കളിൽ, ഇറ്റലിയിൽനിന്നും സിസ്റ്റർ ലിയോണെല്ല സ്‌ഗോർബാറ്റി ആദ്യമായി ആഫ്രിക്കയിൽ സേവനത്തിനായി എത്തുന്നത്. 2006 -ൽ കൊല്ലപ്പെടുന്നതിന് ഏതാനും നാളുകൾക്കുമുൻപുവരെ ആഫ്രിക്കയിലായിരുന്നു സിസ്റ്റർ സേവനംചെയ്തിരുന്നത്. ആദ്യനാളുകളിൽ കെനിയയിൽ മിഡ് വൈഫ് ആയി ശുശ്രൂഷ ചെയ്യുകയായിരുന്നു ഈ സന്യാസിനി; ഒപ്പം കൺസോളറ്റ നേഴ്‌സിങ് സ്‌കൂളിന്റെ നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസവും ആത്മീയപിന്തുണയും ലഭ്യമാക്കുന്നതിനുള്ള ഒരു അക്കാദമിക് സ്ഥാപനമായ കെമിചെമി ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിക്കാനും ഈ കാലയളവിൽ സി. ലിയോണെല്ല സ്‌ഗോർബാറ്റിക്കു കഴിഞ്ഞു.

അവിടെനിന്നും ഈ സന്യാസിനി സൊമാലിയയിലെത്തി. ഈ സമയം രാജ്യത്ത് വ്യാപകമായി തീവ്രവാദ ആക്രമണം നടന്നിരുന്നു. സ്‌ഗോർബതി വരുംതലമുറയിൽ പ്രതീക്ഷ പുലർത്തി. തലസ്ഥാന നഗരമായ മൊഗാദിഷുവിൽ ഒരു നഴ്സിംഗ് സ്കൂൾ ആരംഭിക്കാൻ സിസ്റ്റർ സഹായിച്ചു. കൂടാതെ, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക്  തിരിയാൻ സാധ്യതയുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് അവരെ നന്മയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ഈ സന്യാസിനി ശ്രമിച്ചിരുന്നു. “യുവാക്കൾക്ക് വ്യത്യസ്തമായ എന്തെങ്കിലും അവസരംനൽകിയാൽ അവർ ആയുധങ്ങൾ താഴെയിടുമെന്ന് ഞങ്ങൾ ആഴത്തിൽ വിശ്വസിച്ചിരുന്നു. ഈ ആശയത്തിലൂടെ ഞാൻ റിസ്ക് എടുക്കുകയാണെന്ന് എനിക്കറിയാം; ഞാൻ എന്റെ സ്വന്തം ജീവൻ അപകടത്തിലാക്കുമെന്നും എനിക്കറിയാം. പക്ഷേ, ഞാൻ അത് സ്നേഹത്തിനായി ചെയ്യും” – സി. സ്‌ഗോർബാറ്റിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

“പരസ്പരം ബഹുമാനമുള്ളിടത്തോളംകാലം മറ്റു സംസ്കാരത്തിലും മതത്തിലുമുള്ള ആളുകളുമായി പ്രവർത്തിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും ഭയമുള്ളിടത്ത് സ്നേഹമില്ലെന്നും സിസ്റ്റർ എപ്പോഴും പറയുമായിരുന്നു. ദൈവസ്നേഹത്തിലേക്ക് നയിക്കുന്നതായിരുന്നു സിസ്റ്ററിന്റെ എല്ലാ പ്രവർത്തികളും. അത് തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് ഇഷ്ടമായില്ല. നാളുകളായുള്ള മിഷൻപ്രവർത്തനത്തിലൂടെ അനേകം ആളുകളെ സിസ്റ്റർ ദൈവത്തിനായി നേടി. അതോടെ സിസ്റ്ററിനുനേരെയുള്ള തീവ്രവാദികളുടെ ഭീഷണികളും വർധിച്ചു.

അങ്ങനെയിരിക്കെയാണ് 2006 -ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ജർമ്മനിയിൽ ഒരു പ്രസംഗം നടത്തിയത്. ഒരു ക്രിസ്ത്യൻ നേതാവ് ഇസ്ലാമിനെ വിമർശിച്ചുകൊണ്ടുപറഞ്ഞ കാര്യങ്ങളും ആ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ സൊമാലിയയിലുൾപ്പെടെ, ലോകമെമ്പാടും ക്രിസ്ത്യൻവിരുദ്ധ വികാരത്തിന്റെ പുതിയ തരംഗത്തിനു കാരണമായി.

അതോടെ, സി. ലിയോണെല്ല സ്‌ഗോർബാറ്റി ശുശ്രൂഷചെയ്തിരുന്ന മേഖലയിൽ ക്രിസ്ത്യൻവിരുദ്ധ വികാരങ്ങൾ പരസ്യമായി ഉയർന്നുതുടങ്ങി. സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ മതപരിവർത്തനാമാണെന്ന് തീവ്രവാദികൾ തെറ്റിധരിച്ചു. അവർ ആ സന്യാസിനിയെ ഇല്ലതാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. തനിക്കെതിരെ ഒരുങ്ങുന്ന മരണത്തെക്കുറിച്ച് ഈ സന്യസിനിയും ബോധവതിയായിരുന്നു. എങ്കിലും ധീരതയോടെ അവർ അവിടെ ക്രിസ്തുവിന് സാക്ഷ്യംവഹിച്ചു.

താൻ അധികം വൈകാതെ കൊല്ലപ്പെടുമെന്ന് സിസ്റ്റർ പരസ്യമായി, ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന് ഏതാനും മാസങ്ങൾക്കുശേഷം, സ്ഗോർബത്തിയുടെ വാക്കുകൾ യാഥാർഥ്യമായി. 2006 സെപ്റ്റംബർ 17 -ന്, നഴ്‌സിംഗ് സ്‌കൂളിൽനിന്നു പുറത്തിറങ്ങിയ സ്‌ഗോർബതിയെയും അവളുടെ അംഗരക്ഷകനെയും തോക്കുധാരികൾ വെടിവച്ചുവീഴ്ത്തി; അവരെ ക്രൂരമായി മർദ്ദിച്ചു. അങ്ങനെ ഇരുവരും മരണത്തിനു കീഴടങ്ങി.

ജീവിതത്തിന്റെ അവസാനംവരെ സി. സ്‌ഗോർബതി തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു. ഭയത്തേക്കാൾ ആ സന്യാസിനി തിരഞ്ഞെടുത്തത് സ്നേഹമായിരുന്നു. സി. സ്‌ഗോർബതിയുടെ അവസാനനിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച ഒരുകൂട്ടം സഹോദരിമാർ പറയുന്നതനുസരിച്ച്, ഈ സന്യാസിനിയുടെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു: “ഞാൻ ക്ഷമിക്കുന്നു, ഞാൻ ക്ഷമിക്കുന്നു, ഞാൻ ക്ഷമിക്കുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.