സേവനപാതയിൽ തീക്ഷ്ണതയോടെ ജോസഫ് കല്ലമ്പള്ളിലച്ചൻ

“ഒരു സന്യാസാശ്രമത്തിന്റെ കെട്ടുറപ്പ് എന്നു പറയുന്നത് ആ ആശ്രമത്തിലെ ചുമരുകളുടെ ബലമല്ല, മറിച്ച് ആ ആശ്രമത്തിലെ സഹോദരന്മാർ തമ്മിലുള്ള ഹൃദയ ഐക്യവും പുണ്യവുമാകുന്നു” എന്ന വി. ചാവറയച്ചന്റെ വാക്കുകൾക്ക് ജീവനേകുന്ന ഒരു വൈദികനെ പരിചയപ്പെടാം. സൗരാഷ്ട്രയുടെ മണ്ണിലെ ഒരു മിഷനറി വൈദികനായ ഫാ. ജോസഫ് കല്ലമ്പള്ളിൽ സി.എം.ഐ. 

ഫാ. ജിതിൻ പറശേരിൽ സിഎംഐ എഴുതുന്നു.

ആഗോള കത്തോലിക്കാ സഭയുടെ പ്രേഷിതപ്രവർത്തനത്തിന്റെ രണ്ട് മദ്ധ്യസ്ഥരാണ് വി. ഫ്രാൻസിസ് സേവ്യറും വി. കൊച്ചുത്രേസ്യയും. വി.ഫ്രാൻസിസ് സേവ്യർ ക്രിസ്തുവിനെപ്രതി പോർച്ചുഗലിൽ നിന്ന് മൈലുകൾ സഞ്ചരിച്ച് കടൽ താണ്ടി ഗോവയിൽ കപ്പലിറങ്ങി തീക്ഷ്ണതയോടെ പ്രവർത്തിച്ചു. കൊച്ചുത്രേസ്യയാകട്ടെ, സ്വന്തം സന്യാസാശ്രമത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ മാത്രം ജീവിച്ച് മിഷനായും മിഷനറിമാർക്കായും വേണ്ടി പ്രാർത്ഥിച്ചു. രണ്ടു പേരുടെയും പ്രവർത്തനരംഗങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും രണ്ടു പേരും മിഷനറിപ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥരാണ്.

മിഷനറി പ്രവർത്തനത്തെക്കുറിച്ചുള്ള സഭയുടെ വ്യത്യസ്ത വീക്ഷണങ്ങളും അതിന്റെ ശ്രേഷ്ഠതയുമാണ് 1972 -ൽ സിഎംഐ സഭ, രാജ്‌കോട്ട് മിഷൻ ഏറ്റടുത്ത നാൾ മുതൽ നടന്നത്. സഭയുടെ ഈ മിഷനറി ദർശനത്തിലൂന്നി, ഈ മിഷന്റെ സർവ്വോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവനകേന്ദ്രങ്ങളും അതോടൊപ്പം തന്നെ ഹെർമിറ്റേജും (Hermitage) കൊണ്ടംപ്ലേറ്റിവ് (Contemplative) ആശ്രമവും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ, സിഎംഐ സഭയിലെ നിരവധി യുവവൈദികരും സെമിനാരിക്കാരും ഈ മിഷന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാകാൻ ആഗ്രഹിച്ച് ഊർജ്ജസ്വലതയോടും മിഷൻ തീക്ഷ്ണതയോടും കൂടെ രാജ്‌കോട്ട് മിഷനിലെത്തി.

ഇങ്ങനെ സിഎംഐ സഭയിലെ പരിശീലന കാലഘട്ടത്തിൽ തന്നെ ഗുജറാത്തിലെ സൗരാഷ്ട്രയുടെ മണ്ണിൽ എത്തിച്ചേർന്ന ഒരു മിഷനറി വൈദികനാണ് ഫാ. ജോസഫ് കല്ലമ്പള്ളിൽ സിഎംഐ. ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ, സഭ തന്നെ ഏൽപിച്ച ദൗത്യങ്ങളും ഉത്തരവാദിത്വങ്ങളും പൂർണ്ണതയിൽ ചെയ്യുകയും സന്യാസ-വൈദികജീവിതം അതിന്റ പൂർണ്ണതയിൽ ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് ഗുജറാത്തി ഭാഷാപടുവായ ജോസഫ് കല്ലമ്പള്ളിലച്ചനെ ഏവരുടെയും പ്രിയങ്കരനാക്കുന്നത്.

1984 -ൽ പൂഞ്ഞാർ ലിറ്റിൽ ഫ്ലവർ യോഗാർത്ഥി ഭവനത്തിൽ സന്യാസപരിശീലനം ആരംഭിച്ച ജോസഫച്ചൻ, കപ്പാട് ദർശനാ നോവിഷിയേറ്റിൽ നവസന്യാസ പരിശീലനം നേടുന്ന അവസരത്തിലാണ് ഗുജറാത്ത്‌ മിഷനിൽ ജോയിൻ ചെയ്യുന്നത്. ഏതൊരു മിഷന്റെയും വിജയത്തിനു പിന്നിൽ ഭാഷാപരിജ്ഞാനമുള്ള മിഷനറിമാരുടെ കഥ പറയാനുണ്ടാകും. ഗുജറാത്ത്‌ മിഷനിൽ ഭാഷാവൈദഗ്ദ്യമുള്ള മിഷനറിമാർ അത്യന്താപേക്ഷിതമായ ആ കാലഘട്ടത്തിൽ, വാർദ്ധ സെമിനാരിയിലെ തത്വശാസ്ത്ര പഠനത്തിനു ശേഷം അധികാരികളുടെ പ്രോത്സാഹനത്തോടെ ജോസഫ് ബ്രദർ ഗുജറാത്തി ഭാഷ, മുഖ്യവിഷയമായി എടുത്ത് ബിരുദപഠനം ആരംഭിച്ചു. റീജൻസിക്കു ശേഷം ചേർന്ന ഗുജറാത്തി ബിരുദാനന്തര കോഴ്‌സിൽ, ഉത്തരേന്ത്യയിലെ പ്രശസ്തമായ എം.സ് (M.S) യൂണിവേഴ്സിറ്റിയിൽ നിന്ന്, ഗുജറാത്തികളായ സഹപാഠികളെപ്പോലും  അത്ഭുതപ്പെടുത്തിക്കൊണ്ട് എം.എ ഗുജറാത്തി, റാങ്കോടു കൂടെ പാസായി.

ദൈവശാസ്ത്ര പഠനം സമന്യയ (Samanvaya) സെമിനാരിയിൽ പൂർത്തിയാക്കി 2001 ഡിസംബർ മാസം ഇരുപത്തിയൊന്നാം തീയതി ആനക്കൽ സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിൽ വച്ച് മാർ മാത്യു അറക്കൽ പിതാവിന്റെ കൈവയ്പ്പുശുശ്രൂഷ വഴി പുരോഹിതനായി അഭിഷിക്തനായി.

ഗുജറാത്തി ഭാഷയിൽ നൈപുണ്യമുള്ള ഫാ. ജോസഫിന്, സഭാധികാരികൾ ഭാവനഗറിലെ സെന്റ് മേരിസ് ഗുജറാത്തി മീഡിയം സ്കൂളിന്റെ പ്രിൻസിപ്പൽ ആയിട്ടാണ് ആദ്യനിയമനം നൽകിയത്. ഭാവനഗർ സെന്റ് സേവ്യേഴ്സ് ഇടവക ദേവാലയം, അംറെലി സെന്റ് മേരിസ് സ്കൂൾ തുടങ്ങിയ മിഷൻ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷം ഇപ്പോൾ ബോട്ടാത് സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ പ്രിൻസിപ്പളായും വില്ലേജുകളിലെ സാധാരണക്കാരായ ഗുജറാത്തി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ഉദ്ദേശത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന മോട്ടാ സപ്പറിലെ സർവ്വോദയ ഹയർ സെക്കന്ററി സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിലെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ നഗരസഭ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ വാഗേല സർ അദ്ദേഹത്തിന്റ അനുഭവത്തിൽ നിന്ന് ജോസഫ് അച്ചനെ വിശേഷിപ്പിച്ചത് ‘A down to Earth person’ എന്നാണ്. അതിനു പിന്നിൽ ഒരു കാരണവുമുണ്ട്.

മുൻസിപ്പാലിറ്റിയിൽ നിന്ന് നേരിടേണ്ടിവന്ന ഒരു അന്യായത്തെ തുടർന്ന് ബോട്ടാത് സെന്റ് സേവ്യേഴ്സ് സ്കൂൾ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ അവസരത്തിൽ ചില ഉദ്യോഗസ്ഥർ ശത്രുതാമനോഭാവത്തോടെയാണ് പെരുമാറിയത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വിരളമായ ബോട്ടാതിൽ സാധാരണക്കാരായ ഗുജറാത്തി വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ ആധുനിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഉച്ചനീചത്വങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഈ സ്കൂൾ തുടർന്നുകൊണ്ടു പോവുക എന്നത് ഈ നാട്ടിലെ സാധാരണക്കാരുടെ ഒരു ആവശ്യവുമായിരുന്നു. ഈ ആവശ്യത്തെ മുൻനിർത്തി അച്ചൻ ഗവണ്മെന്റ് ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങി. തുടർച്ചയായ അവഗണകളാണ് അച്ചന് ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടിവന്നത്.

വർഷങ്ങൾ കടന്നുപോയപ്പോൾ ഓരോ തവണയും തങ്ങളുടെ മുൻപിൽ വിനയത്തോടെ, യാതൊരു വിദ്വേഷമനോഭാവവും ഇല്ലാതെയെത്തുന്ന ജോസഫ് അച്ചൻ, ഉദ്യോഗസ്ഥരെയും ഈ അവസരത്തിൽ പുതിയതായി നിയമിതനായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും അത്ഭുതപ്പെടുത്തി. അത് അവരിൽ അനുകൂലമായ ഒരു മനോഭാവം സൃഷ്ടിച്ചു. കുറച്ചു നാളുകൾക്കു ശേഷം സ്കൂളിന് അനുകൂലമായ രീതിയിൽ ഒരു തീരുമാനം വന്നു. നിരവധി വ്യക്തികളുടെ തുടർച്ചയായ പ്രാർത്ഥനകളും ഇതിന് നിതാന്തമായി.

തന്നിൽ ഏല്പിക്കപെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ അതിന്റെ പൂർണ്ണതയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ജോസഫ് അച്ചൻ, ആശ്രമത്തിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള, അദേഹം ചാപ്ലെയിൻ ആയിരിക്കുന്ന ഒരു മിഷൻ സ്റ്റേഷനിൽ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പണം സഹവൈദികരുടെ പങ്കാളിത്തത്തോടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂൾ സമയത്തിനു ശേഷം, ദുർഘടമായ വഴികൾ താണ്ടിയുള്ള ഈ യാത്ര ആയാസകരമെങ്കിലും വിശുദ്ധ കുർബായോടുള്ള സ്നേഹവും തീക്ഷ്ണതയും ദൈവപരിപാലനയും നിമിത്തം എല്ലാ ദിവസവും ആ മിഷൻ സ്റ്റേഷനിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു. ഈ കാര്യത്തിൽ അദ്ദേഹം നിതാന്തശ്രദ്ധ പുലർത്തുന്നു.

എല്ലാവരെയും ഒരേപോലെ സ്നേഹിക്കുകയും മറ്റുള്ളവരുടെ വളർച്ചകളിൽ അവരെ അകമഴിഞ്ഞ് പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജോസഫ് അച്ചനെക്കുറിച്ച്, അദ്ദേഹത്തിന്റെ പരിശീലനകാലഘട്ടം മുതൽ ഒപ്പമുണ്ടായിരിക്കുകയും ഇപ്പോൾ ജോസഫ് അച്ചന്റെ ആശ്രമാധിപനുമായ ഫാ. അബ്രഹാം കിഴക്കേക്കൂറ്റ് സിഎംഐ (ബോട്ടാത് സിഎംഐ ഭവൻ) നിരവധി വൈദികരും സന്യസ്തരും അത്മായരുമടങ്ങിയ ഒരു പൊതുസദസിൽ വച്ചു പറഞ്ഞത്, “നാളിതുവരെയും ജോസഫ് അച്ചൻ മറ്റൊരു വ്യക്തിയുടെ കുറ്റം പറഞ്ഞ് കേട്ടിട്ടില്ല” എന്നാണ്.

ജോസഫ് കല്ലംപള്ളി അച്ചനെ അറിയുന്ന ഏവരും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന ഒരു കാര്യവുമാണിത്. സന്യാസമൂല്യങ്ങളെ വിലമതിക്കുകയും അവ സ്വജീവിതത്തിൽ തീക്ഷ്ണതയോടെ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ജോസഫ് അച്ചൻ സന്യാസപരിശീലന ആശ്രമങ്ങളിൽ ഗുജറാത്തി ഭാഷയും സന്യാസമൂല്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും എടുക്കാറുണ്ട്. അച്ചന്റെ  പരിശീലനത്തിൻകീഴിലുണ്ടായിരുന്ന (റീജൻസി) നിരവധി പേർ ഇന്ന് വൈദികരായി രാജ്‌കോട്ട് രൂപതയിലെ ഭാവനഗർ മിഷനിൽ തീക്ഷ്ണതയോടെ സേവനമനുഷ്ഠിക്കുന്നു. അവരുടെ സമഗ്രമായ വളർച്ചക്കായി അച്ചൻ നൽകിയ പ്രോത്സാഹനത്തിന്റെയും സ്നേഹപൂർണ്ണമായ തിരുത്തലുകളുടെയും ഓർമ്മകൾ അവരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.

വി. ചാവറ പിതാവ് സന്യാസജീവിതത്തെകുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “ഒരു സന്യാസാശ്രമത്തിന്റെ കെട്ടുറപ്പ് എന്നു പറയുന്നത് ആ ആശ്രമത്തിലെ ചുമരുകളുടെ ബലമല്ല, മറിച്ച് ആ ആശ്രമത്തിലെ സഹോദരന്മാർ തമ്മിലുള്ള ഹൃദയ ഐക്യവും പുണ്യവുമാകുന്നു” (ചാവറയച്ചന്റെ കത്തുകൾ). സഭയിലെ സന്യാസജീവിതത്തിലെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് സമൂഹജീവിതം. സന്യാസമൂല്യങ്ങളെ മുറുകെപ്പിടിച്ച് ഹൃദയത്തിൽ നന്മകൾ സൂക്ഷിച്ച് ജീവിതത്തിൽ അത് പാലിച്ച് ജീവിതം നയിക്കുന്ന ജോസഫ് അച്ചനോടൊത്തുള്ള സന്യാസ സമൂഹജീവിതം ഏവർക്കും സന്തോഷകരമാണ്. അദ്ദേഹത്തിനു ലഭിച്ച അധികാരസ്ഥാനങ്ങളും ചുമതലകളുമെല്ലാം ഒരിക്കൽപ്പോലും സ്വന്തം നേട്ടങ്ങളായി പരിഗണിക്കാതെ, സഭയുടെയും സമൂഹത്തിന്റെയും ആശ്രമത്തിലുള്ളവരുടെയും സമഗ്രമായ വളർച്ചക്കും ഉന്നമനത്തിനുമായി വിനിയോഗിച്ചു. സഹായം ചോദിക്കുന്നവർക്കെല്ലാം അച്ചനാൽ സാധിക്കുന്നവിധം അച്ചന്റെ സമയവും കഴിവുകളും വിനിയോഗിച്ച് അത് ചെയ്‌തുനൽകുന്ന നല്ലൊരു മനോഭാവത്തിന് ഉടമയാണ് ജോസഫ് അച്ചൻ. കൂടെ ജീവിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും അവരുടെ കുറവുകളിൽ കുറ്റപ്പെടുത്താതെ സ്നേഹപൂർവ്വം തെറ്റുകളെ തിരുത്തി മറ്റുള്ളവരെ അവരുടെ കഴിവുകളെ എപ്പോളും പ്രോത്സാഹിപ്പിച്ചു ജീവിക്കുന്ന ജോസഫച്ചൻ മറ്റുള്ളവർക്ക് മാതൃകയായി ശ്രേഷ്ഠമായ സന്യാസജീവിതം നയിക്കുന്നു.

തനിക്ക് ഏല്പിക്കപ്പെട്ട ദൈവജനത്തെ തീക്ഷ്ണതയോടെ നയിക്കുന്ന ഒരു അജപാലകൻ കൂടിയാണ് ജോസഫച്ചൻ. ഭാവനഗർ സെന്റ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലും അംറെലി, ചിത്ര തുടങ്ങിയ മിഷൻ സ്റ്റേഷനുകളിലും അജപാലന ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുള്ള അച്ചൻ, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ “ആടുകളുടെ മണമുള്ള നല്ല ഒരു ഇടയനാണ്.” ചിത്ര മിഷനിൽ ആയിരിക്കുന്ന കാലഘട്ടത്തിൽ ആദ്യകാല മിഷനറിമാരിലുടെ ക്രൈസ്തവ വിശ്വസത്തിലേക്ക് കടന്നുവന്നവരുടെ ആത്മീയവളർച്ചക്കും ഉന്നമനത്തിനുമായി യത്നിക്കുകയും ആ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകുകയും ചെയ്തു. അംറെലി മിഷനിൽ സേവനം ചെയ്തിരുന്ന സമയത്ത് മൗവ്വ, വാങ്കർ, ഡോളത്തി തുടങ്ങിയ മിഷൻ സ്റ്റേഷനുകളിലും അച്ചൻ പൗരോഹിത്യ ശുശ്രൂഷകളിൽ സഹായിക്കാനായി പോയിരുന്നു. പ്രകൃത്യാ, ശാന്തസ്വഭാവക്കാരനായ ജോസഫച്ചൻ അജഗണങ്ങളുടെ വിഷമങ്ങളും ആവലാതികളും ക്ഷമയോടെ കേൾക്കുന്ന,  അജഗണങ്ങൾക്ക് സംലഭ്യനായ ഇടയനാണ്. ഏവരുടെയും വിഷമങ്ങൾ കേട്ട് അവ പരിഹരിക്കുന്നതിന് ഉതകുന്ന കൃത്യമായ നിർദ്ദേശങ്ങൾ നൽകാനുള്ള അച്ചന്റെ കഴിവ് ഏറെ പ്രശംസനീയമാണ്. അതിനാൽ തന്നെ വൈദികരും സന്യസ്തരും അത്മായരുമൊക്ക അവരുടെ വിഷമങ്ങൾ അച്ചനുമായി പങ്കുവയ്ക്കാറുമുണ്ട്. വൈദികർ ചുരുക്കമായ ഈ മിഷനിൽ നിരവധി മിഷൻ സ്റ്റേഷനുകളിലെ കുമ്പസാരക്കാരനായും അച്ചൻ ശുശ്രൂഷ ചെയ്യുന്നു.

വേദപാഠ ക്ലാസുകൾക്ക് ഒരിക്കലും മുടങ്ങാതെ പോയിരുന്ന ജോസഫ് അച്ചന് ബാല്യം മുതലേ ഒരു വൈദികനാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. സിഎംസി സന്യാസിനീ  സഭാംഗങ്ങളായ പിതൃസഹോദരിമാർ അച്ചന്റെ ബാല്യകാലത്ത്, ഒരു വൈദികൻ ആകാനായി തീക്ഷ്ണമായി പ്രാർത്ഥിക്കണമെന്ന് പറയുമായിരുന്നു. ഈ പ്രാർത്ഥനക്ക് ഉത്തരമെന്നവണ്ണം, ദൈവം കഴിഞ്ഞ 22 വർഷങ്ങളായി രാജ്‌കോട്ട് മിഷനിൽ പൗരോഹിത്യശുശ്രൂഷ ചെയ്യാൻ അച്ചനെ അനുഗ്രഹിച്ചു.

രാജ്‌കോട്ട് രൂപതയിലെ ഭാവനഗർ സെയിന്റ് ചാവറ പ്രൊവിൻസ് അംഗമായ ജോസഫ് അച്ചൻ തുടർച്ചയായി മൂന്നു തവണ ഈ മിഷന്റെ ഫൈനാൻസ് കൗൺസിലർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോസഫ് കല്ലംപള്ളിയച്ചന്റെ മാതൃ ഇടവക കാഞ്ഞിരപ്പള്ളി രൂപതയിലെ ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയമാണ്.

ഫാ. ജിതിൻ പറശേരിൽ സിഎംഐ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.