നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പതിനഞ്ചാം ദിനം – വി. പാദ്രെ പിയോ

“വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല” – വി. പാദ്രെ പിയോ (1887-1968).

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25-ന് ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമ്മോദീസാ നാമം.

15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പിയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില് അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റ്‌ പത്താം തീയതി പൗലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. 1918 സെപ്തംബർ 20-ാം തീയതി മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ആദ്യമായി ശരീരത്ത് പഞ്ചക്ഷതമുണ്ടായി. സഭാചരിത്രത്തിൽ പഞ്ചക്ഷതമുണ്ടാകാൻ ഭാഗ്യം ലഭിച്ച ആദ്യ വൈദികനാണ് പിയോ അച്ചൻ.

സാൻ ജിയോവാനി റോന്റോണ്ടോ ആശ്രമത്തിൽ 51 വർഷം ജീവിച്ച വി. പിയോ ഒരിക്കൽപ്പോലും അവധിയെടുത്തിട്ടില്ല. പാദ്രെ പിയോയുടെ ജീവിതം ഈശോയോടുകൂടിയാണ് എന്നും ആരംഭിച്ചിരുന്നത്. രാവിലെ 2.30-ന് ഉണർന്നിരുന്ന ഫാ. പിയോ മണിക്കൂറുകൾ പ്രാർഥിച്ചൊരുങ്ങിയാണ് ബലിക്ക് തയ്യാറായിരുന്നത്. പ്രഭാതബലികൾ മണിക്കൂറുകളോളം നീണ്ടിരുന്നു. പരിശുദ്ധ കുർബാനയുടെ മഹത്വം തിരിച്ചറിഞ്ഞതുമൂലമുള്ള ആത്മനിർവൃതിയിലും പഞ്ചക്ഷതങ്ങളുടെ തീവ്രമായ സഹനങ്ങളും മൂലമായിരുന്നു പരിശുദ്ധ കുർബാന ദീർഘനേരം നീണ്ടുനിന്നിരുന്നത്.

“പരിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല”, “ലോകം മുഴുവനും അതിന്റെ നിലനിൽപ്പിനായി പരിശുദ്ധ കുർബാനയെ ആശ്രയിക്കുന്നു” തുടങ്ങിയ വി. പിയോയുടെ വാക്കുകൾ ഭുവനപ്രസിദ്ധമാണ്.

ഈശോ-മറിയം നാമം ഉച്ചരിച്ചുകൊണ്ട് 1968 സെപ്തംബർ 23-ാം തീയതി 81-മത്തെ വയസ്സിൽ പാദ്രെ പിയോ സ്വർഗത്തിലേക്കു യാത്രയായി. 1947-ൽ വൈദികനായിരിക്കെ പിയോ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാൻ പോളണ്ടിൽ നിന്നു വന്ന ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 2002 ജൂണ് 16-ന് പിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വി. പാദ്രെ പിയോയോടൊപ്പം നമുക്കു പ്രാർഥിക്കാം…

വി. പാദ്രെ പിയോയേ, പരിശുദ്ധ കുർബാനയെ മറ്റെന്തിനെക്കാളും സ്നേഹിച്ച നിന്റെ ജീവിതമാതൃക പിഞ്ചെന്ന് ഭയഭക്തിയോടും സ്നേഹത്തോടുംകൂടി കർത്താവിന്റെ ബലിവേദിയെ സമീപിക്കാനും ജീവിതവിശുദ്ധിയിൽ വളരാനും എന്നെ സഹായിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.