നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പന്ത്രണ്ടാം ദിനം – വി. ഓസ്കാർ റോമേരോ

“നമ്മൾ പ്രഘോഷിക്കുന്ന വിപ്ലവം വാളിന്റേതല്ല, വിദ്വേഷത്തിന്റേതല്ല. അത് സ്നേഹത്തിന്റെ വിപ്ലവമണ്, സാഹോദര്യത്തിന്റെ വിപ്ലവമാണ്” – വി. ഓസ്കാർ റോമേരോ (1917-1980).

1980 മാർച്ച് മാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഒരു വലിയ കുടുംബത്തിൽ ജനിച്ചുവളർന്ന ഓസ്കാറിന്റെ ജീവിതശൈലിയും ലളിതമായിരുന്നു.

വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം. ഓസ്കാറും സഹോദരങ്ങളും നിലത്താണ് കിടന്നുറങ്ങിയിരുന്നത്. പന്ത്രണ്ടു വയസ്സുവരെ സ്കൂളിൽപോയി. പിന്നീട് കുടുംബത്തിന്റെ ഉപജിവനത്തിനായി ജോലിചെയ്യാൻ ആരംഭിച്ചു. ദൈവവിളി തിരിച്ചറിഞ്ഞ ഓസ്കാർ, പതിനാലാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ, 1942-ൽ വൈദികനായി അഭിഷിക്തനായി.

വലിയ ഒരു വാഗ്മി എന്ന നിലയിൽ പേരെടുത്ത ഓസ്കാറച്ചന്റെ ശബ്ദം എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. 1970-ൽ സാൻ സാൽവദോർ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഓസ്കാറച്ചൻ നാലു വർഷങ്ങൾക്കുശേഷം സാൻറിയാഗോ ദേ മരിയ എന്ന രൂപതയുടെ മെത്രാനും പിന്നിട് 1977-ൽ സാൻ സാൽവദോർ അതിരൂപതയുടെ അതിരൂപതാധ്യക്ഷനുമായി നിയമിതനായി. എൽ സാൽവദോറിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥയും അക്രമണവും കൊടികുത്തിവാണ സമയത്ത് ഓസ്കാർ മെത്രാൻ പാവങ്ങളുടെ പടത്തലവനായി. സൈനിക അടിച്ചമർത്തലിനും മനുഷ്യവകാശ ധ്വംസനത്തിനുമെതിരെ അദ്ദേഹം അൾത്താരയിലും തെരുവോരങ്ങളിലും ശബ്ദമുയർത്തി. അത് ഓസ്കാർ മെത്രാന് ധാരാളം ശത്രുക്കളെ സമ്മാനിച്ചു.

കാൻസർ രോഗികളുടെ ആശുപത്രിയിൽ ചാപ്പലിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റു മരിക്കുകയാണുണ്ടായത്. 2018 ഒക്ടോബർ പതിനാലാം തീയതി ആർച്ചുബിഷപ്പ് ഓസ്കാർ റോമാരെയേ ഫ്രാൻസിസ് പാപ്പാ വിശുദ്ധപദവിയിലേക്കുയർത്തി.

വി. ഓസ്കാർ റോമേരയ്ക്കൊപ്പം പ്രാർഥിക്കാം…

വി. ഓസ്കാർ റോമേരയേ, സ്നേഹത്തിന്റെ വിപ്ലവത്താൽ ലോകത്തെ കീഴടക്കേണ്ട സമയമാണല്ലോ നോമ്പുകാലം. എന്റെ ചുറ്റുമുള്ളവരിൽ ദൈവസ്നേഹത്തിന്റെ പ്രഭ പ്രചരിപ്പിക്കാൻ എന്നെ സഹായിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.