50 നോമ്പ് ധ്യാനം 14: ജനക്കൂട്ടം – ആത്മാവിനേറ്റ ആതങ്കങ്ങള്‍

എന്‍ ജനമേ ചൊല്‍ക ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍?!
പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു!

കാല്‍വരിയുടെ കല്പപാദപങ്ങളുടെ രക്തരോദനം… പാലും തേനും ഒഴുകുന്ന നാട് നല്‍കിയവന് ജനം നല്‍കിയ പാരിതോഷികം. എല്ലാം മറന്ന് നന്ദിയില്ലാതെ ആത്മാവിനേറ്റിയ ആതങ്കങ്ങള്‍! തന്നവരില്‍ ആരെയും നഷ്ടപ്പെടുത്താതെ, കരതലാമലകം പോലെ കാപ്പാറ്റിയവന് (യോഹ. 18:9) ഉറ്റവര്‍ നല്‍കിയത് ക്രൂരപീഡ. അവനെ ക്രൂശിക്കുക (യോഹ. 19:6) എന്ന് ആര്‍ത്തലയ്ക്കുന്ന ജനം! അവരുടെ മധ്യത്തിലൂടെയാണ് അവന്‍ കുരിശും പേറി നടന്നുനീങ്ങുന്നത്. സ്‌നേഹിച്ചതിന്റെ പേരില്‍ മരണം വരിക്കേണ്ടിവന്ന നിസ്സഹായന്‍! മര്‍ത്യപാപങ്ങളുടെ മരക്കുരിശു പേറി മരണത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്ന നിസ്സഹായനായ ദൈവം! അഴകും ആകാരവടിവുമില്ലാത്തവനെ നോക്കി അവര്‍ മുഖംതിരിച്ചു നടക്കുന്നു. ‘എന്റെ പുത്രനെ അവര്‍ മാനിക്കാതിരിക്കില്ല’ എന്ന് ശാന്തി കൊണ്ട പിതാവിന്റെ സ്വപ്നം പോലും തച്ചുടച്ചവര്‍ അവനെ കൊന്ന് അവകാശം നേടുന്ന ക്രൂരത.

അതെ, ജനം എന്നും അങ്ങനെയാണ്. അവന്‍ വന്നത് അവര്‍ക്കുവേണ്ടി ആയിരുന്നെങ്കിലും അവന് പിറക്കാന്‍ അവര്‍ ഇടം കൊടുത്തില്ല. സ്വന്തം നാട്ടില്‍ അവനെ അവര്‍ നിഷേധിച്ചു. സ്വന്തപ്പെട്ടവനായിരുന്നിട്ടും അവനെ അവര്‍ തിരിച്ചറിഞ്ഞുമില്ല. അവസാനം അവര്‍ അവന് മരണകാളിമ കലര്‍ന്ന കൊടുങ്കാറ്റ് സമ്മാനിക്കുകയും ചെയ്തു. ഇന്നും അവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പള്ളിയില്‍ പ്രാർഥിക്കാന്‍ പോയതിന്റെ പേരില്‍, മധ്യപ്രദേശില്‍ ഒരു പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലുന്നതുകണ്ട് ആസ്വദിക്കുന്ന ജനം ഇന്നും മനോഭാവങ്ങളില്‍ മാറ്റമില്ലാത്തവര്‍ തന്നെ. ‘യേശുവിനെ ഞങ്ങള്‍ക്കു വേണ്ട, ബറാബ്ബാസിനെ മതി’ എന്നു വിളിച്ചുകൂവുന്നവര്‍ക്കിടയില്‍ ഞാനുണ്ടോ എന്നുമാത്രം നോക്കുക! ‘അവനെ ക്രൂശിക്കുക’  എന്ന് ആക്രോശിക്കുന്നവര്‍ക്കിടയില്‍ ഞാനുണ്ടോ എന്നു തെരയുക!

ഇരുവഴിയില്‍ പെരുവഴി നല്ലൂ; പെരുവഴിയേ പോ ചങ്ങാതീ – എന്നാണ് പൊതുജനമതം. പൊതുജനമതത്തില്‍നിന്ന് ഭിന്നമായി അവന്റെ ഇടുങ്ങിയ വഴികളെ താണ്ടിയ നിമിഷങ്ങള്‍ വിരളമായതിനാല്‍ ഞാനും അവരിലൊരാളാണെന്ന് ഉറപ്പാണ്. നാഥാ, കുരിശിന്റെ ഈ നടവഴിയില്‍നിന്ന് നിന്റെ കണ്ണുകള്‍ എന്നില്‍ പതിക്കുമ്പോള്‍ എന്റെ ഹൃദയം നിന്റെ പാദങ്ങളെ സ്പര്‍ശിക്കുന്നു!

ആറടി മണ്ണിനു ഭിക്ഷയാചിക്കുന്നു
ആത്മാവുണരുക ഭൂമി രാജാക്കളേ!
ഞങ്ങളീ ഭൂമിക്കവകാശികളെ, ന്നാ-
രോ ഫലിതം പറഞ്ഞു ചിരിക്കുന്നു (നില്‍ക്കുന്ന ജന്മങ്ങള്‍, ദേവമനോഹര്‍).

ഫാ. ജോയി ചെഞ്ചേരില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.