‘യേശുവാണെന്റെ ഹീറോ’

മാതാപിതാക്കൾ പകരുന്ന വിശ്വാസം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത്.

നഴ്സറി ക്ലാസിൽ എല്ലാവരോടുമായി ടീച്ചർ ചോദിച്ചു: “നിങ്ങളുടെ ഹീറോയെക്കുറിച്ച് പങ്കുവയ്ക്കാൻ തയ്യാറായല്ലേ എല്ലാവരും വന്നിരിക്കുന്നത്? ആരാണ് തന്റെ ഹീറോയെക്കുറിച്ച് പറഞ്ഞുതുടങ്ങുക?”

അധികം വൈകാതെ, ‘ഞാൻ പറയാം’ എന്ന് പറഞ്ഞുകൊണ്ട് ഒരു കുട്ടി എല്ലാവരുടെയും മുന്നിലേക്ക് കയറിവന്നു. അവന്റെ പേര് കായി മാഡിസൺ ബ്രാഡ്‌ഫോർഡ് എന്നായിരുന്നു. അവന്റെ ചുറുചുറുക്കും ധൈര്യവും കണ്ട് ടീച്ചറും സഹപാഠികളും അവനെ നോക്കിനിൽക്കുമ്പോൾ അവൻ തന്റെ ഹീറോയെക്കുറിച്ചു തയാറാക്കിയ പോസ്റ്റർ ഭിത്തിയിൽ ചാരിവച്ച് ഇങ്ങനെ പറയാൻ തുടങ്ങി.

“ഞാൻ യേശുക്രിസ്തു.” ആദ്യവാചകത്തിൽ തന്നെ എല്ലാവരും ആകാംക്ഷയോടെ അവനെ നോക്കി. കൈകൾ കെട്ടി വളരെ പ്രസന്നമായി അവൻ തുടർന്നു, “2000 വർഷങ്ങൾക്കുമുമ്പ് ബെത്‌ലഹേമിലാണ് ഞാൻ ജനിച്ചത്; ഞാൻ ദൈവപുത്രനാണ്.”

അവൻ പോസ്റ്ററിലേക്ക് ഒന്നുനോക്കിയതിനുശേഷം വീണ്ടും ആരംഭിച്ചു, “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” വി. യോഹന്നാന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് അവൻ പറഞ്ഞു.

ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചതിനെക്കുറിച്ച് വളരെ രസകരമായി തന്റെ സഹപാഠികളോട് അവൻ പറഞ്ഞത് ഇങ്ങനെയാണ്:

“ഞാൻ ഒരു ഹീറോയാണ്. കാരണം ഞാൻ ഒരു ശിശുവായി വന്നു. പാപമില്ലാത്തവനായി ജീവിച്ചു, നിങ്ങളുടെ പാപങ്ങൾക്കായി ഞാൻ കുരിശിൽ മരിച്ചു. മൂന്ന് ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.  അത് എന്തിനാണെന്നോ? നിങ്ങളും നിത്യജീവന് അവകാശികളായി സ്വർഗത്തിൽ എത്തിച്ചേരാൻ വേണ്ടി. ഇതാണ് ‘സുവിശേഷം.”

ഇത്രയും കാര്യങ്ങൾ തന്റെ ഹീറോയെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞുകൊണ്ട് കായി മാഡിസൺ തന്റെ ഇരിപ്പിടത്തിൽ പോയിരുന്നു.

“അവൻ തന്റെ നായകനെ സ്വന്തമായി തിരഞ്ഞെടുത്തു. അവന് തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും വലിയ നായകനെയാണവൻ തിരഞ്ഞെടുത്തത്. എന്റെ കുഞ്ഞേ! നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു” എന്നാണ് കായിയുടെ അമ്മ ക്രിസ്റ്റിക്ക് തന്റെ മകനെക്കുറിച്ച് പങ്കുവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.