കൺമുമ്പിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു; അഫ്‌ഗാനിലെ നിസ്സഹായരായ അമ്മമാർ

ഒരു ചെറിയ മുറിയിൽ രോഗബാധിതരായ ഒന്നിലധികം കുട്ടികൾ. ഓരോ കിടക്കയിലും കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ഉണ്ടാവും; ഭൂരിഭാഗവും ന്യുമോണിയ ബാധിതർ. അവർക്കിടയിൽ തന്റെ മകൻ/ മകൾ ശ്വസിക്കുന്നുണ്ടോ അല്ലെങ്കിൽ അവരിൽ ജീവന്റെ തുടിപ്പ് അവരിൽ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ ഇടക്കിടെ മൂക്കിന്റെ അറ്റത്ത് വിരൽ വച്ച് പരിശോധിക്കുന്ന അമ്മമാർ. അതിനിടയിൽ മക്കളുടെ വേർപാടിന്റെ വേദനയിൽ നിന്ന് ഉയരുന്ന നിലവിളികളും! അഫ്ഗാനിസ്ഥാനിലെ ഘോർ എന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രധാന ആശുപത്രിയിലെ കാഴ്ചയാണ് ഇത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം അന്ത്യശ്വാസം വലിക്കുന്ന കുഞ്ഞുങ്ങൾക്കു മുന്നിൽ നിസ്സഹായരായി, തളർന്ന്, നോക്കി നിൽക്കേണ്ടിവരുന്ന അമ്മമാരുടെ ഹൃദയവേദനകളിലൂടെ ഒരു യാത്ര….

മൂന്നു മാസം പ്രായമുള്ള തയാബുള്ള ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിക്കിടക്കയിൽ കൃത്രിമശ്വാസത്താൽ ജീവൻ നിലനിർത്തിയിരുന്ന തന്റെ കുഞ്ഞ്‌ അനക്കമില്ലാതെ കിടക്കുന്നതു കണ്ടാണ് അവന്റെ അമ്മ പെട്ടെന്ന് ഓക്സിജൻ സപ്ലയർ നീക്കി മൂക്കിന്റെ താഴെ വിരൽ വച്ചു നോക്കിയത്. തന്റെ മകൻ മരണപ്പെട്ടു എന്ന യാഥാർഥ്യം വൈകാതെ തന്നെ ആ അമ്മ തിരിച്ചറിഞ്ഞു. പുത്രന്റെ അകാലവിയോഗത്തിൽ ഉരുകുന്ന ആ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റുമുള്ളവർ കുഴങ്ങി. ഇത്തരത്തിലുള്ള നിലവിളികൾ ഇവിടെ പതിവുകാഴ്ചയായി മാറുകയാണ്.

അഫ്ഗാനിസ്ഥാനിലെ ഈ ആശുപത്രിയിൽ ഒരു വെന്റിലേറ്റർ പോലും പ്രവർത്തിക്കുന്നില്ല. അമ്മമാർ അവരുടെ കുഞ്ഞുങ്ങളുടെ മൂക്കിനു സമീപം ഓക്സിജൻ ട്യൂബുകൾ പിടിക്കുന്നു. കാരണം അവരുടെ ചെറിയ മുഖത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത മാസ്കുകൾ ലഭ്യമല്ല. കൂടാതെ, പരിശീലനം ലഭിച്ച സ്റ്റാഫുകളോ, മെഡിക്കൽ ഉപകരണങ്ങളോ ഇല്ലാതാനും. യുഎന്നിലെ കുട്ടികളുടെ സംഘടനയായ യുണിസെഫ് പറയുന്നതനുസരിച്ച്, പ്രതിരോധിക്കാവുന്ന രോഗങ്ങളാൽ അല്ലെങ്കിൽ ശരിയായ മരുന്ന് ഉപയോഗിച്ച് സുഖപ്പെടുത്താൻ കഴിയുന്ന രോഗങ്ങൾ മൂർച്ഛിച്ച് അഫ്ഗാനിസ്ഥാനിൽ പ്രതിദിനം 167 കുട്ടികൾ മരിക്കുന്നു. ഇത് ഏകദേശ കണക്കുകളാണെങ്കിലും ഈ സംഖ്യ വളരെ പേടിപ്പിക്കുന്നതാണെന്ന് യു എൻ വെളിപ്പെടുത്തുന്നു.

പലപ്പോഴും അഫ്ഗാനിസ്ഥാനിലെ ജനറൽ ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാറില്ല. പല ആശുപത്രികളിലും 60 കുട്ടികളെ പരിപാലിക്കുന്നത് രണ്ട് നഴ്‌സുമാർ മാത്രമാണ്. ഒരു മുറിയിൽ, ഗുരുതരാവസ്ഥയിലുള്ള രണ്ട് ഡസൻ കുഞ്ഞുങ്ങളെങ്കിലും കഴിയുന്നു. അങ്ങനെയുള്ള അവസ്ഥയിൽ കഴിയുന്ന കുട്ടികളെ തുടർച്ചയായി പരിചരിക്കാനോ, ഇവർക്ക് മതിയായ ചികിത്സ നൽകാനോ കഴിയുന്നില്ല. എങ്കിലും ആളുകൾ അവിടേക്കു തന്നെ എത്താൻ നിർബന്ധിതരാകുന്നു. കാരണം, അവർക്ക് മറ്റു മാർഗ്ഗങ്ങളില്ല എന്നതു തന്നെ.

അഫ്ഗാനിസ്ഥാനിലെ പൊതുജനാരോഗ്യ സംരക്ഷണം ഒരിക്കലും പര്യാപ്തമായിരുന്നില്ല. 2021 ആഗസ്റ്റിൽ, താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ പൊതുജനാരോഗ്യത്തിനായി ധനസഹായം നൽകിയ വിദേശപണം പൂർണ്ണമായും മരവിപ്പിച്ചു. കഴിഞ്ഞ 20 മാസങ്ങളായി, ഈ രാജ്യത്തുടനീളമുള്ള ആശുപത്രികളും ക്ലിനിക്കുകളും തകരുന്നതാണ് കാണുന്നത്. എൻ‌ജി‌ഒകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ താലിബാൻ വിലക്കിയതോടെ ആരോഗ്യസംരക്ഷണരംഗം കൂടുതൽ അപകടകരമായ അവസ്ഥയിലേക്കു പോകുകയാണ് എന്ന സൂചനയാണ് നൽകുന്നത്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.