
വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അമ്പതിനായിരത്തിലധികം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോ ഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽമാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,769 ആണെന്ന് ആഗസ്റ്റ് 29-നു പുറത്തുവന്ന ‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇസ്ലാമിക തീവ്രവാദികളുടെ കിരാതമായ നരവേട്ടകളുടെ തുടർച്ചയായി കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ട വാർത്ത ലോകം നടുക്കത്തോടെയാണ് കേട്ടത്. നൈജീരിയയിലെ കൂട്ടക്കൊലപാതകങ്ങൾ ഓരോവർഷം പിന്നിടുന്തോറും വർധിക്കുന്നതിനുപുറമെയാണ് കോംഗോ, ബുർക്കിന ഫാസോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ വ്യാപിക്കുന്നത്. 94.5% ക്രൈസ്തവർ ജീവിക്കുന്ന കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും കൊലപാതകപരമ്പരകളും പതിവായിരിക്കുന്നു. മുസ്ലീം ഭൂരിപക്ഷരാജ്യമെങ്കിലും സമീപകാലം വരെയും സമാധാനാന്തരീക്ഷം തുടർന്നിരുന്ന ബുർക്കിന ഫാസോയിലെ 40% വരുന്ന ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു മതസ്ഥർ ഇപ്പോൾ അരക്ഷിതാവസ്ഥയിലാണ്.
ബുർക്കിന ഫാസോയിലെ വിവിധ സ്ഥലങ്ങളിൽ ആഗസ്റ്റ് 24, 25 തീയതികളിലായി നടന്ന ഭീകരാക്രമണങ്ങളിൽ ഇരുനൂറിലേറെപ്പേർ കൊല്ലപ്പെടുകയുണ്ടായി. അതിൽ സനാബ ഗ്രാമത്തിലെ 12 വയസ്സിനുമുകളിൽ പ്രായമുള്ള പുരുഷന്മാരെയെല്ലാം ഭീകരർ തടവിലാക്കുകയും അവരിൽ 26 പേരെ അവിടെയുള്ള ക്രൈസ്തവ ദൈവാലയത്തിനുള്ളിൽവച്ച് കഴുത്തറുത്തു വധിക്കുകയും ചെയ്തു. അയ്യായിരത്തിൽപ്പരം സ്ത്രീകളും കുട്ടികളും സമീപപ്രദേശങ്ങളിൽ പ്രാണരക്ഷാർഥം അഭയം പ്രാപിച്ചിരിക്കുന്നതായാണ് വിവിധ പ്രാദേശിക സന്നദ്ധസംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തടവിലാക്കപ്പെട്ടവർ ജീവനോടെയുണ്ടോ എന്നതിൽ അവ്യക്തത തുടരുകയാണ്.
ബുർക്കിന ഫാസോയിൽ നടന്ന ഭീകരാക്രമണത്തെ ആഗസ്റ്റ് 31-ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ അപലപിക്കുകയും ഭീകരവാദം ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ആവർത്തിക്കുകയും ചെയ്തു. ഇത്തരം ഭീകരാക്രമണങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലോ, മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിലോ ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സംഭവിക്കുന്ന ഭീകരാക്രമണങ്ങളിൽ പലതും യഥാസമയം ആഗോളസമൂഹം അറിയുന്നതുപോലുമില്ല എന്നുള്ളതാണ് വാസ്തവം. നൂറുകണക്കിനുപേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾപോലും വേണ്ടവിധം ചർച്ച ചെയ്യപ്പെടുകയോ, വാർത്തയാവുകയോ ചെയ്യാതെ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
2024 – എട്ടുമാസം പിന്നിടുമ്പോൾ
ലോകത്തെ നടുക്കിയ പ്രധാന ഭീകരാക്രമണങ്ങളിൽമാത്രം കഴിഞ്ഞ എട്ടുമാസങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിലായി ആയിരത്തോളം ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. 2024 ജനുവരി മുതലുള്ള കാലയളവിൽ മുപ്പതിൽപ്പരം ഭീകരാക്രമണങ്ങളാണ് ഐ. എസ്. ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകരസംഘടനകൾ നടത്തിയിട്ടുള്ളത്. ജനുവരി മൂന്നിന് 105 പേരുടെ മരണത്തിനു കാരണമായ ഇറാനിലെ ചാവേർ ആക്രമണമാണ് ഈ വർഷം ആദ്യമുണ്ടായത്.
ജനുവരി മാസത്തിൽത്തന്നെ ടർക്കിയിലെ ഇസ്താൻബുള്ളിൽ ഞായറാഴ്ചയിലെ ദിവ്യബലിക്കുമധ്യേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രൊവിൻസ് ഭീകരവാദികളുടെ നേതൃത്വത്തിൽ മറ്റൊരു ആക്രമണം നടന്നത് മാർച്ച് 22-ന് റഷ്യയിലാണ്. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 145 പേർ കൊല്ലപ്പെടുകയും 550-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും ജൂൺ 23-ന് റഷ്യയിൽ ക്രൈസ്തവ ദൈവാലയങ്ങളിലും സിനഗോഗുകളിലും നടന്ന ആക്രമണങ്ങൾക്കുപിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് കോക്കസസ് പ്രൊവിൻസിലെ ഭീകരരായിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകൾ തിരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെതന്നെ പല ഗ്രൂപ്പുകളും ചെറുതും വലുതുമായ എണ്ണമറ്റ മറ്റു ഭീകരപ്രസ്ഥാനങ്ങളും ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പശ്ചിമ ജർമ്മനിയിലെ സോലിങ്കൻ നഗരത്തിൽ ആഘോഷപരിപാടിക്കിടെ ഒരു സിറിയൻ പൗരൻ നടത്തിയ കത്തി ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തത് ആഗസ്റ്റ് 23-നാണ്. ആഗസ്റ്റ് 24-ന് ഫ്രാൻസിൽ ഒരു യഹൂദ സിനഗോഗിനു സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്നു സംശയിക്കപ്പെടുന്നു. ആഗസ്റ്റ് അവസാന ആഴ്ചയിലാണ് നൂറ്റിമുപ്പതിൽപ്പരം പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങൾ പാക്കിസ്ഥാനിലും ഉണ്ടായത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ബൊക്കോ ഹറാം ഭീകരരും ഫുലാനി ഭീകരരും മത്സരസ്വഭാവത്തോടെ ആക്രമണങ്ങൾ നടത്തുന്ന നൈജീരിയയിൽ കുറഞ്ഞത് 13 ക്രൈസ്തവരെങ്കിലും തങ്ങളുടെ വിശ്വാസത്തെപ്രതി ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോകുന്നവർ ഇതിലും ഏറെയാണ്. മാനവിക ഇടപെടലുകൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഓഫീസിന്റെ വിലയിരുത്തലുകൾപ്രകാരം, 80% സ്ത്രീകളും കുട്ടികളുമടങ്ങുന്ന 83 ലക്ഷം മനുഷ്യർ നൈജീരിയയിൽ അടിയന്തിര പരിഗണന അർഹിക്കുന്നുണ്ട്.
ഒറ്റപ്പെട്ട കൈയേറ്റങ്ങളും ആക്രമണശ്രമങ്ങളുമാണ് ഇസ്ലാമിക തീവ്രവാദസംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിലെ മറ്റൊരു ഭീഷണി. കഴിഞ്ഞ ഏപ്രിലിൽ ഓസ്‌ട്രേലിയയിലെ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്പ്, മാർ മാറി ഇമ്മാനുവൽ ദൈവാലയത്തിൽ ശുശ്രൂഷയ്ക്കിടെ ആക്രമിക്കപ്പെട്ടത് ഉദാഹരണമാണ്. പ്രതിയുടെ പ്രായം കേവലം 16 വയസ്സു മാത്രമായിരുന്നു. തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് പതിനാലിനും പതിനേഴിനുമിടയിൽ പ്രായമുള്ള അഞ്ച് കൗമാരപ്രായക്കാരെക്കൂടി ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഭീകരവാദപ്രവർത്തനങ്ങളിലേക്കുള്ള ആകർഷണമാണ് ഈ കുറ്റകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അഭയാർഥികളും കുടിയേറ്റക്കാരുമായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തിച്ചേർന്ന വ്യക്തികളുടെയും അവരുടെ പിന്മുറക്കാരുടെയും ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഭീകരസംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിൽപ്പോലും വളരെ വ്യക്തമായ റാഡിക്കലൈസേഷൻ നടക്കുന്നതായി ഇത്തരം സംഭവങ്ങളിൽനിന്നു വ്യക്തമാണ്. ഇസ്ലാമിക ഭീകരസംഘടനകൾ പ്രവർത്തനം വ്യാപിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതും എല്ലായിടത്തുംതന്നെ ക്രൈസ്തവർ ഇരകളാക്കപ്പെടുന്നതും അത്യന്തം ആശങ്കാജനകമാണ്.
വേട്ടയാടപ്പെടുന്ന ക്രൈസ്തവസമൂഹം
2024-ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, 36.5 കോടി ക്രൈസ്തവർ ഇന്ന് തങ്ങളുടെ വിശ്വാസത്തെപ്രതി കടുത്ത ഭീഷണിയിൽ ജീവിക്കുന്നു. ക്രൈസ്തവർ അതിരൂക്ഷമായ പ്രതിസന്ധികൾ നേരിടുന്ന 13 രാജ്യങ്ങളിൽ പതിനൊന്നും ഇസ്ലാമിക രാജ്യങ്ങളാണ്. നൈജീരിയയുടെ തൊട്ടുതാഴെയുള്ള രാജ്യം നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനാണ്.
പാക്കിസ്ഥാനിലെ ക്രൈസ്തവർ ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് പതിനഞ്ചിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ 26 ക്രൈസ്തവ ദൈവാലയങ്ങളും ഇരുനൂറിലേറെ ക്രൈസ്തവഭവനങ്ങളും തകർക്കപ്പെടുകയുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി, മതനിന്ദ ആരോപണത്തിൽ ഒരു ക്രിസ്ത്യൻ യുവാവിന് പാക്ക് കോടതി വധശിക്ഷ വിധിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്. മതനിന്ദ ആരോപണങ്ങളെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണങ്ങളും കോടതിവിധികളും പാക്കിസ്ഥാനിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ആഗസ്റ്റ് 25, 27 തീയതികളിലായി പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ 130-ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സോമാലിയ, ലിബിയ, എറിത്രിയ, സുഡാൻ, ഇറാൻ, അഫ്ഘാനിസ്ഥാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും അവശേഷിക്കുന്ന ക്രൈസ്തവർ ഏതുസമയത്തും ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തേക്കാമെന്ന ദയനീയമായ അവസ്ഥയാണുള്ളത്. വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പ്രകാരം 2023-ൽ മാത്രം 4,998 ക്രൈസ്തവർ കൊല്ലപ്പെട്ടു. 4,125 പേർ തടവിലാക്കപ്പെട്ടു. 14,700-ലധികം ക്രൈസ്തവ ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് ലോകവ്യാപകമായി അക്രമിക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. മുൻവർഷത്തേതിനെക്കാൾ വൻവർധനവാണ് ഇത്തരം അക്രമസംഭവങ്ങളിൽ ഉണ്ടായിട്ടുള്ളത്. 2022-ൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം 2023-ൽ പലായനം ചെയ്യാൻ നിർബന്ധിതരായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകവ്യാപകമായി മതവിശ്വാസത്തിന്റെപേരിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന ഒരു ജനതയായി ക്രൈസ്തവസമൂഹം മാറിയിരിക്കുന്നു എന്നതാണ് ഭീകരമായ യാഥാർഥ്യം.
പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന അതിക്രമങ്ങൾ
കലാപങ്ങളും കൂട്ടക്കൊലകളും മാത്രമല്ല, ഭീകരസംഘടനകൾ ലക്ഷ്യംവച്ചിട്ടുള്ള രാജ്യങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന സമാനതകളില്ലാത്ത ക്രൂരതയും ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വിവിധ രാജ്യങ്ങളിൽ തടവിലാക്കപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അടിമകളാക്കപ്പെട്ട് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുന്നുണ്ട്. ഗർഭിണികളാക്കുക എന്ന ലക്ഷ്യത്തോടെ പതിനായിരക്കണക്കിനു സ്ത്രീകൾ ബലാത്സംഗങ്ങൾക്കു വിധേയമാകുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നതുവഴിയായി വംശശുദ്ധി നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരവാദികൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
നൈജീരിയ, ഈജിപ്ത്, പാക്കിസ്ഥാൻ തുടങ്ങി രാജ്യങ്ങളിൽ അനേകം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനു വിധേയരാക്കി വിവാഹം ചെയ്യുന്ന സംഭവങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നൈജീരിയയിൽ വർഷങ്ങളായി ഗർഭിണികളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഗർഭഛിദ്രം ചെയ്യുന്നതായി ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
വാസ്തവങ്ങളിൽനിന്നു മുഖംതിരിക്കുന്നവർ
ഗൗരവപരിഗണന ആവശ്യമുള്ള ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ വ്യാപിക്കുന്നത് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും സൂക്ഷമമായി നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും വ്യക്തവും നിക്ഷിപ്തതാല്പര്യങ്ങളോടു കൂടിയതുമായ തമസ്കരണവും പ്രകടമാണ്. കേരളത്തിൽ, പശ്ചാത്തലത്തിൽ അത് കൂടുതൽ വ്യക്തമാണ്.
കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിനുനേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ, ഇസ്രയേലിനെതിരെ പ്രസ്താവനകളും ആശയപ്രചരണങ്ങളും നടത്തുന്ന വ്യക്തികളിൽ ആരുംതന്നെ നൈജീരിയയിലോ, കോംഗോയിലോ, സുഡാനിലോ ഭീകരവാദികളുടെ കൈകളാൽ മരിച്ചുവീഴുന്ന നൂറുകണക്കിനു പേരെക്കുറിച്ച് സഹതപിച്ചുകാണാറില്ല. ഒട്ടേറെ രാജ്യങ്ങളിൽ ഭീകരവാദികളുടെ ആക്രമണം ഭയന്ന് ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന ജനലക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു മാധ്യമങ്ങളും സംവാദം സംഘടിപ്പിച്ചുകാണാറുമില്ല.
തീവ്രവാദനീക്കങ്ങൾ ഏതു കോണിൽനിന്ന് ഉടലെടുക്കുന്നതായാലും അതിനെ മത-രാഷ്ട്രീയവ്യത്യാസമില്ലാതെ ഒരുപോലെ എതിർക്കാനും തള്ളിപ്പറയാനുമാണ് എല്ലായിടത്തും ജനങ്ങൾ മുന്നോട്ടുവരേണ്ടത്. എന്നാൽ, ഇവിടെ അതിന് വിപരീതമായാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത് എന്നതാണ് ദൗർഭാഗ്യകരം. ഇത്തരമൊരു പ്രവണതയ്ക്ക് മാറ്റംവരേണ്ടതുണ്ട്. ചില വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ പാടില്ല എന്ന നിർബന്ധബുദ്ധിയും അപ്രഖ്യാപിത കീഴ്‌വഴക്കവും തിരുത്തപ്പെട്ടേ മതിയാവൂ.
അതീവരഹസ്യമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ പ്രചരിപ്പിച്ചുവരുന്ന ‘വോയ്‌സ് ഓഫ് ഖുറാസാൻ’ എന്ന പ്രസിദ്ധീകരണത്തിന്റെ മെയ് ലക്കം (dhu al qidah 1445) ചില ഹാക്കർമാർ പുറത്തുവിടുകയുണ്ടായിരുന്നു. ഇതേ പ്രസിദ്ധീകരണത്തിന്റെയും സമാനമായ മറ്റു ചിലവയുടെയും ചില മു ലക്കങ്ങളും ഇത്തരത്തിൽ ലഭ്യമായിട്ടുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇവയിലുളളത്. ഇന്ത്യയെ സംബന്ധിച്ച ഭാവിപദ്ധതികളും ലക്ഷ്യങ്ങളും സംബന്ധിച്ച സൂചനകളും അവയിൽ വ്യക്തം. ഇബ്നു നുഹാസ് എന്നപേരിൽ അറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുസ്ലീം മതപണ്ഡിതൻ രചിച്ച ജിഹാദിനെക്കുറിച്ചുള്ള ഒരു കൃതി ‘വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ’ എന്നപേരിൽ അടുത്തകാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഉള്ളടക്കം, യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നതാണ് എന്ന കണ്ടെത്തലിനുപിന്നാലെ കേരളത്തിൽ അത് നിരോധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ മുമ്പും നിരോധിക്കപ്പെട്ടിട്ടുണ്ട്. രഹസ്യമായി വിതരണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങൾ ഇത്തരത്തിൽ പലതുണ്ടായിരിക്കാം.
തീവ്രവാദബന്ധമുള്ള വ്യക്തികൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും തീവ്രവാദബന്ധങ്ങളുടെപേരിൽ പ്രമുഖ സംഘടനകൾപോലും നിരോധിക്കപ്പെടുകയും അതിന്റെ പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയും ഒട്ടനവധി കേസുകൾ പലപ്പോഴായി രജിസ്റ്റർ ചെയ്യപ്പെടുകയും നൂറുകണക്കിനുപേർ ഇത്തരം പല കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്തിട്ടും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദവും ഭീകരവാദവും എന്ന പരസ്പരബന്ധിതമായ ഭീഷണിയെ ഗൗരവത്തോടെ കാണാൻ കേരളസമൂഹത്തിനും ചിന്തകർക്കും മാധ്യമങ്ങൾക്കും കഴിയാത്തത് വിചിത്രമാണ്. തുറന്നു ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ അത്തരത്തിൽ ചർച്ച ചെയ്യാനും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളെ നിരുത്സാഹപ്പെടുത്താനും തള്ളിപ്പറയേണ്ടവയെ തള്ളിപ്പറയാനും പ്രബുദ്ധസമൂഹം തയ്യാറാകണം.
തീവ്രവാദം പിടിമുറുക്കുമ്പോൾ
തീവ്രമായ മതചിന്ത പുലർത്തുകയോ, മതതീവ്രവാദികൾക്ക് വിധേയപ്പെടുകയോ ചെയ്യാത്ത മുസ്ലീം സഹോദരങ്ങളെപ്പോലും വധിക്കാൻ ഇസ്ലാമിക തീവ്രവാദികൾ മടിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നൈജീരിയയിൽ കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഒരുലക്ഷത്തോളം ആളുകളിൽ അമ്പതിനായിരത്തിൽപരം ആളുകൾ ക്രിസ്ത്യാനികളായിരുന്നെങ്കിലും മുപ്പതിനായിരത്തോളം ആളുകൾ മിതവാദികളായ മുസ്ലീങ്ങളായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽമാത്രം പാക്കിസ്ഥാനിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട നൂറോളം പേരും മറ്റുമതസ്ഥരല്ല. ബഹുസ്വരതയെ അംഗീകരിച്ചു ജീവിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് തീവ്രമതവാദികൾ ഭീകരപ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. സ്വസമുദായത്തിൽ പിടിമുറുക്കുന്ന തീവ്രവാദത്തിനെതിരെ പ്രതികരിക്കാനും അത്തരക്കാരെ തള്ളിപ്പറയാനും സമുദായനേതൃത്വവും അംഗങ്ങളും സമയാസമയങ്ങളിൽ തയ്യാറായിരുന്നുവെങ്കിൽ ഇത്തരമൊരു ദുര്യോഗം ഒഴിവാക്കാമായിരുന്നു. ഈ കാര്യത്തിലെ പരാജയം തീവ്രവാദികളുടെ അപ്രമാദിത്വത്തിനും ബഹുസ്വരതയുടെ ബലികൊടുക്കലിനും കാരണമാകുമെന്ന് വിവിധ രാജ്യങ്ങളിലെ തിക്താനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
ബഹുസ്വരതയെ മാനിക്കാതെ തീവ്രമായ മതവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തങ്ങൾക്കുള്ളിലെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കാൻ എല്ലാ മതങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. മതങ്ങൾക്കുപരിയായ പരസ്പരസാഹോദര്യവും കരുതലും ബഹുമാനവും ഒരു സമൂഹത്തിലെ പൗരന്മാർക്കിടയിൽ അന്യമാകുന്നുണ്ടെങ്കിൽ, ഒഴിവാക്കലിന്റെ സമീപനങ്ങൾ നമുക്കിടയിൽ പ്രകടമാകുന്നുണ്ടെങ്കിൽ ഗൗരവമായ തിരുത്തൽ നടപടികൾക്ക് നാം വിധേയരാക്കപ്പെടേണ്ടതുണ്ട്. ഇതരമതസ്ഥരെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുന്ന എല്ലാത്തരം സമീപനങ്ങൾക്കുമെതിരായ ശക്തമായ നിലപാടുകൾ ആത്മീയനേതാക്കന്മാരും മാധ്യമങ്ങളും ഭരണനേതൃത്വങ്ങളും പൊതുസമൂഹവും സ്വീകരിച്ചേ മതിയാകൂ.
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI, സെക്രട്ടറി, കെ. സി. ബി. സി. ജാഗ്രതാ കമ്മീഷൻ