സർജനിൽ നിന്ന് പുരോഹിതനിലേക്ക്: ദൈവംതൊട്ടപ്പോൾ സംഭവിച്ചത്

ചെറുപ്പം മുതലേ ഡോക്ടറാകാൻ സ്വപ്നം കണ്ട റോബർട്ടോ വാൻ ട്രോയ് റാമിറെസ് ഗാർസയുടെ ജീവിതം വിശ്വാസത്തിലൂടെ പുതിയ വഴിത്തിരിവിൽ എത്തിയ കഥയാണിത്. വൈദ്യശാസ്ത്രരംഗത്ത് വർഷങ്ങളോളം സേവനമനുഷ്ഠിച്ച അദ്ദേഹം ഒടുവിൽ പൗരോഹിത്യത്തിലേക്ക് ചുവടുറപ്പിച്ച അനുഭവങ്ങളെ വായിച്ചെടുക്കാം.

വൈദ്യശാസ്ത്രരംഗത്തെ സ്വപ്നങ്ങൾ

ആറു വയസ്സു മുതൽ ഡോക്ടർ ആകണമെന്നായിരുന്നു റോബർട്ടോയുടെ ആഗ്രഹം. ചെറുപ്പം മുതലേ തന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നതിനാൽ ഒരു റീഹാബിലിറ്റേഷൻ ടെക്‌നീഷ്യനാകാൻ മൂന്ന് വർഷം പഠിക്കാനും പിന്നീട് മെക്‌സിക്കോയിലെ ന്യൂവോ ലിയോണിലെ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ആറ് വർഷം പഠിക്കാനും, അതിനുശേഷം ആറ് വർഷം ജനറൽ സർജറിയിൽ സ്പെഷ്യലൈസ് ചെയ്യാനും അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. തുടർന്ന് ആറുവർഷം അദ്ദേഹം ജനറൽ സർജനായി ജോലി ചെയ്തു.

വിശ്വാസത്തിലേക്കുള്ള വഴിത്തിരിവ്

റോബർട്ടോയുടെ വിശ്വാസത്തിലേക്കുള്ള തികച്ചും വ്യത്യസ്തമായിരുന്നു. താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധം ശക്തിപ്പെടാൻ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കാൻ കൗൺസിലർ നിർദേശിച്ചു. റോബർട്ടോയ്ക്ക് ഇത് ആദ്യം ബുദ്ധിമുട്ടായി തോന്നിയെങ്കിലും 2002 ഡിസംബർ അഞ്ചിലെ ദിവ്യബലി അദ്ദേഹത്തിന്റെ ജീവിതത്തിൽ ആത്മീയ അനുഭവം നിറയ്ക്കുന്നതായിരുന്നു. അന്നുമുതൽ അദ്ദേഹം ദിവ്യബലി തന്റെ ദിനചര്യയുടെ ഭാഗമാക്കി. തന്റെ സ്നേഹിതയുമായുള്ള ബന്ധം വളർത്താൻ വേണ്ടി ആരംഭിച്ച ദിവ്യബലിയിലൂടെ അദ്ദേഹം അവളുമായുള്ള ബന്ധത്തോട് വിടപറഞ്ഞ് ക്രിസ്തുവിൽ ദൃഷ്ടി ഉറപ്പിക്കാൻ ആരംഭിച്ചു. വിശ്വാസപൂർവ്വം തുടങ്ങിയ യാത്ര ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാനും ദൈവത്തിന് തന്നെ സമർപ്പിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ഉൾവിളി

പരിശുദ്ധ കുർബാനയിലൂടെ അദ്ദേഹം വിശ്വാസത്തിൽ ഉത്തരോത്തരം വളർന്നു. ദിവ്യബലിയിൽ പങ്കുവയ്ക്കുന്ന സന്ദേശങ്ങളിലൂടെ ക്രിസ്തു തന്നോട് നേരിട്ട് സംസാരിക്കുന്നതായി റോബർട്ടോയ്ക്ക് തോന്നി. കൂടുതൽ ബൈബിൾ വായിക്കാനും ബൈബിൾ പഠന ക്ലാസുകളിൽ പങ്കുചേരാനും മറ്റ് ആത്മീയ ഗ്രന്ഥങ്ങൾ വായിക്കാനും ആരാധനകളിലും രോഗി സന്ദർശനങ്ങളിലും മറ്റു കൂട്ടായ്മകളിലും പങ്കുചേരാനും ദൈവശാസ്ത്രം പഠിക്കാനും അദ്ദേഹം തന്റെ സമയം ചെലവഴിച്ചു. ക്രിസ്തുവിനോടൊപ്പം ഡോക്ടറായി ജോലി ചെയ്ത നിമിഷങ്ങളിൽ പല രോഗികളും അദ്ദേഹത്തിൽ ‘ക്രിസ്തുവിന്റെ മുഖം’ കാണുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

ഒരിക്കൽ റോബർട്ടോയുടെ കുട്ടിക്കാലത്തെ ഒരു സുഹൃത്തിന്റെ അമ്മ കാൻസർ ചികിത്സയിൽ കഴിയുകയായിരുന്നു. റോബർട്ടോയും അമ്മയോടൊപ്പം ഉണ്ടായിരുന്നു. “ഒരുപക്ഷേ നിങ്ങളോട് ഇതു പറയാൻ വരുന്ന ഒരു മാലാഖയായിരിക്കാം ഞാൻ” എന്നു പറഞ്ഞുകൊണ്ട് ആ അമ്മ തന്റെ മരണത്തിനു രണ്ടാഴ്ച മുൻപ് റോബർട്ടോയുടെ വിളി പൗരോഹിത്യത്തിലേക്ക് ആണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

സെമിനാരിയിലേക്ക്

ദിവസവും ദിവ്യബലിയിൽ പങ്കെടുക്കാൻ തുടങ്ങിയതിന് അഞ്ച് വർഷത്തിന് ശേഷം, 35-ാം വയസ്സിൽ 2007-ൽ റോബർട്ടോ മോണ്ടറിയുടെ ആർച്ച്ഡയോസിയൻ സെമിനാരിയിൽ ചേർന്നു. 2017 ഓഗസ്റ്റിൽ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. “ഞാനൊരിക്കലും ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എല്ലാം ഉപേക്ഷിക്കാൻ ധൈര്യം കാണിച്ചോ എന്ന് ചോദിക്കുമ്പോൾ, ഞാൻ പറയും: ഈ ജീവിതാന്തസിൽ തുടരാനാണ് എനിക്ക് കൂടുതൽ ധൈര്യം വേണ്ടിയിരുന്നത്” വൈദ്യവൃത്തി ഉപേക്ഷിച്ചതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. “യേശു എന്നോട് പറഞ്ഞു: ‘എല്ലാം വിട്ട്, എന്നെ അനുഗമിക്കുക.’ അത് വിശ്വസിക്കാൻ പ്രയാസമാണ്. എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. എന്നാൽ, ഞാൻ സന്തോഷവാനാണ്, സംതൃപ്തനാണ്”- ദൈവം തന്നെ തിരഞ്ഞെടുത്തുവെന്ന ഉറച്ച വിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.

ദൈവം വച്ചു നീട്ടുന്ന പുതിയ ദൗത്യങ്ങളോട് സഹകരിക്കാൻ നമുക്കേവർക്കും റോബർട്ടോയുടെ ജീവിതം പ്രചോദനമാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.