“30 സെക്കന്റ്‌ കൊണ്ട് ദൈവം എന്റെ ഹൃദയം കീഴടക്കി”: നിരീശ്വരവാദത്തെ ഉപേക്ഷിച്ച വൈദികൻ സംസാരിക്കുന്നു

ക്രിസ്റ്റഫർ ക്രാൾക്ക എന്ന നിരീശ്വരവാദിക്ക് തന്റെ പൗരോഹിത്യം എന്ന ദൈവവിളി തിരിച്ചറിയാൻ വേണ്ടി ദൈവം കൊടുത്തത് വെറും 30 സെക്കൻഡ്സ് മാത്രമായിരുന്നു. പോളണ്ടിലെ കീൽസിലുള്ള ഈ യുവാവ് കത്തോലിക്കാ സഭയോട് വളരെ എതിർപ്പ് സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. ആധുനിക ലോകവീക്ഷണവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പിന്നോക്ക സ്ഥാപനമാണ് സഭ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. വർഷങ്ങളോളം അദ്ദേഹം ഒരു ദേവാലയത്തിന്റെ പടി പോലും ചവിട്ടിയിരുന്നില്ല. എന്നാൽ, 2002 ആഗസ്റ്റിൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പോളണ്ടിലേക്കു സന്ദർശനത്തിന് വന്നതോടെ ക്രിസ്റ്റഫറിന്റെ ജീവിതം മാറിമറിഞ്ഞു.

മാർപാപ്പയുടെ സന്ദർശനദിവസം ക്രിസ്റ്റഫറിന് വളരെയധികം അലോസരമനുഭവപ്പെട്ടു. രാജ്യത്തെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഈ സംഭവത്തെ താൻ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. എല്ലാ ടെലിവിഷൻ ചാനലുകളും പ്രക്ഷേപണം ചെയ്യുന്ന മാർപാപ്പായുടെ സന്ദർശനം സംബന്ധിച്ച പരിപാടി കാണാൻ പോലും ക്രിസ്റ്റഫറിന് ഉദ്ദേശമില്ലായിരുന്നു.

“ടെലിവിഷൻ ഓണാക്കാൻ പോലും എനിക്ക് ആഗ്രഹം തോന്നിയില്ല. എന്നാൽ അന്ന് എനിക്ക് ഭയങ്കരമായ ഒരു ആന്തരിക സമ്മർദ്ദം അനുഭവപ്പെട്ടു; മാർപാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കാനുള്ള സമ്മർദ്ദം. അങ്ങനെ ഞാൻ ടെലിവിഷൻ ശ്രദ്ധിച്ചു. അപ്പോൾ മാർപാപ്പ പറഞ്ഞ, ബൈബിളിൽ നിന്നുള്ള ഒരു വാചകമായിരുന്നു എന്നെ പിടിച്ചുലച്ചത് – “ദൈവം കരുണയാൽ സമ്പന്നനാണ്” (എഫേ. 2:4). എല്ലാ മനുഷ്യർക്കും വേണ്ടിയാണ് യേശു മരിച്ചത് എന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. ആ വാക്കുകൾ എന്നെ വളരെയധികം സ്വാധീനിച്ചു. എനിക്ക് എന്റെ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല” – കുറച്ചു വർഷങ്ങൾക്കു ശേഷം ഫാ. ക്രിസ്റ്റഫർ ആയിത്തീർന്ന ആ മനുഷ്യൻ വെളിപ്പെടുത്തുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ക്രിസ്റ്റഫറിന്, ഒരുതരം ആഹ്ളാദം അനുഭവിക്കാൻ സാധിക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞു.

ക്രിസ്റ്റഫറിന്റെ മാതാപിതാക്കളെ പൂന്തോട്ടപരിപാലനത്തിൽ സഹായിക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, താൻ മാർപാപ്പയെ ടെലിവിഷനിൽ കണ്ടുകൊണ്ടിരിക്കുന്നതിനാൽ തനിക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. “അവരെ സഹായിക്കാതിരിക്കുന്നതിന് ഞാൻ പറഞ്ഞ ഒരു ഒഴികഴിവാണ് അതെന്ന് അവർ കരുതി! എന്നാൽ എനിക്ക് ദൈവത്തിന്റെ ഒരു പ്രത്യേക അനുഭവം അപ്പോൾ ഉണ്ടായിരുന്നു. ആ നിമിഷം എനിക്ക് സന്തോഷവും സ്വാതന്ത്ര്യവും വലിയ സമാധാനവും തോന്നി. അത് പരിശുദ്ധാത്മാവായിരുന്നുവെന്ന് ഇപ്പോൾ എനിക്കറിയാം. ഒരു പ്രത്യേക സമ്മാനം ലഭിക്കുമെന്ന് ഒരു ആന്തരിക ശബ്ദം എന്നോട് മന്ത്രിച്ചു” – ആ നിമിഷത്തെക്കുറിച്ച് ഫാ. ക്രിസ്റ്റഫർ പറയുന്നു.

“ഞാൻ ദൈവത്തെ തിരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞപ്പോൾ, ‘ഒരു പുരോഹിതനാകൂ’ എന്ന ദൈവത്തിന്റെ ഉത്തരം ഞാൻ ഉടൻ തന്നെ എന്റെ ഹൃദയത്തിൽ കേട്ടു” – അദ്ദേഹം പറയുന്നു.

ഈ നിമിഷം കഴിഞ്ഞയുടനെ, ഇത് സത്യമാണോ, മിഥ്യയാണോ എന്നുപോലും സംശയിച്ചുവെന്ന് ക്രിസ്റ്റഫർ സമ്മതിക്കുന്നു. “ഞാൻ മാർപാപ്പയെ ശ്രദ്ധിക്കുന്നത് നിർത്തിയ ശേഷം എനിക്ക് ഒരു സംശയം തോന്നി. ആ സമയത്ത്, ഞാൻ പറഞ്ഞു ‘ഇല്ല! എനിക്ക് എന്നെത്തന്നെ ഒരു പുരോഹിതനായി സങ്കൽപ്പിക്കാൻ കഴിയുന്നില്ല.’ നിരീശ്വരവാദിയായ ഒരു വ്യക്തിയുടെ ഉത്തമോദാഹരണമായിരുന്നു ഞാൻ.

എന്നെ സംബന്ധിച്ചിടത്തോളം പുരോഹിതന്മാർ താഴ്ന്ന ആളുകളായിട്ടാണ് തോന്നിയത്. മാനുഷികമായി പറഞ്ഞാൽ, ഇത് ഏറ്റവും മോശം തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതി. എന്നാൽ ആന്തരികമായ അനുഭവത്തിലേക്ക് വളരാൻ ക്രിസ്റ്റഫറിന് അധിക നാൾ വേണ്ടിവന്നില്ല. ദൈവം അദ്ദേഹത്തിനായി ഒരുക്കിയ പാത സന്തോഷത്തോടെയും ആശ്വാസത്തോടെയും അദ്ദേഹം തിരിച്ചറിഞ്ഞു. ആ പാതയാണ് തന്നെ മാനസാന്തരപ്പെടുത്തിയതും സന്തോഷിപ്പിക്കുന്നതുമെന്ന് ക്രിസ്റ്റഫർ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടാണ്, ഏകദേശം 30 സെക്കൻഡിനു ശേഷം, ക്രിസ്റ്റഫർ ദൈവത്തോട് ‘യെസ്’ എന്ന മറുപടി നൽകിയത്.

“അത് പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നു. ഒന്നുകിൽ ഞാൻ അതുവരെ ജീവിച്ചിരുന്നതുപോലെ, അതായത് പാപത്തിൽ മുഴുകിയിരിക്കുന്ന ഒരു ജീവിതം നയിക്കും. അല്ലെങ്കിൽ ഞാൻ ഒരു പുരോഹിതനായി ഒരു ജീവിതം തിരഞ്ഞെടുക്കുമെന്ന് ഞാൻ മനസ്സിലാക്കി. അത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു” – അദ്ദേഹം പറയുന്നു.

മുമ്പ്, ഫാ. ക്രിസ്റ്റഫറിന്റെ ജീവിതം നിരന്തരം മുഖംമൂടികൾ ധരിച്ച, വളരെ മോശപ്പെട്ട ഒരു ജീവിതമായിരുന്നു. എന്നാൽ ദൈവത്തിന് ആ വ്യാജത്തെയെല്ലാം തകർക്കാൻ കഴിഞ്ഞു. “അവൻ എന്നെ നിരീക്ഷിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നു എന്നതിൽ എനിക്ക് സംശയമില്ല. യുവാക്കളെ സുവിശേഷവത്ക്കരിക്കാൻ ദൈവം എന്നെ ഉപകരണമാക്കുകയായിരുന്നു” – ഈ വൈദികൻ വ്യക്തമാക്കുന്നു.

അദ്ദേഹം തുറന്നു സമ്മതിക്കുകയാണ് യേശുവിന് തന്റെ ഹൃദയം കീഴടക്കാൻ വെറും 30 സെക്കൻഡ്സ് മാത്രമേ വേണ്ടിവന്നുള്ളൂവെന്ന്. 2009 മുതൽ ഒരു പള്ളോട്ടിൻ വൈദികനാണ് ഫാ. ക്രിസ്റ്റഫർ.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.