കുഞ്ഞുങ്ങളിൽ നല്ല വ്യക്തിത്വം രൂപപ്പെടുത്താൻ സഹായിക്കുന്ന അഞ്ചു നുറുങ്ങുവഴികൾ

കുട്ടികളെ നല്ലവരായി വളർത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. നിഷ്കളങ്കതയുടെയും അത്ഭുതങ്ങളുടെയും ഒരു ലോകമാണ് കുഞ്ഞുങ്ങളുടേത്. കുഞ്ഞുങ്ങളെ മനസ്സിലാക്കിക്കൊണ്ട് അവരെ ശരിയായ രീതിയിൽ നയിക്കാൻ കഴിഞ്ഞാൽമാത്രമേ അവരിൽ നല്ല വ്യക്തിത്വം രൂപപ്പെടുത്താൻ മാതാപിതാക്കൾക്ക് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കുട്ടികളെ മനസ്സിലാക്കിക്കൊണ്ട് അവരിൽ നല്ല വ്യക്തിത്വം രൂപപ്പെടുത്താൻ സഹായിക്കുന്ന ഏതാനും ചില മാർഗങ്ങൾ പരിചയപ്പെടാം.

1. സ്നേഹം

നമ്മുടെ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ നമുക്ക് നിരവധി മാർഗങ്ങളുണ്ടെങ്കിലും അവരെ അനുസരിപ്പിക്കാൻ പലപ്പോഴും ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. എന്നാൽ, ഇതിനുള്ള ഏകമാർഗം നിങ്ങളുടെ സ്നേഹം പ്രകടമാക്കുക എന്നതുതന്നെയാണ്. ഒരു കുടുംബത്തിൽ തുറവിയും ആർദ്രതയും അനുസരണവും രൂപപ്പെടുത്താൻ സ്നേഹം എന്ന ശക്തിക്കു സാധിക്കും. ആത്മാർഥമായി സ്നേഹിക്കുന്ന മാതാപിതാക്കളെ വേദനിപ്പിക്കാനോ, അവരെ അനുസരിക്കാതിരിക്കാനോ കുഞ്ഞുങ്ങൾക്ക് സാധിക്കുകയില്ല. അതിനാൽ നമ്മുടെ സ്നേഹം നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കാൻ തക്കവിധം പക്വമായ രീതിയിൽ പ്രകടിപ്പിക്കാനും സ്നേഹപൂർവം അരുതുകൾ നിശ്ചയിക്കാനും സാധിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ നല്ല വ്യക്തിത്വം രൂപപ്പെടുന്നു. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് പല മാർഗങ്ങളും കണ്ടെത്താൻ സാധിക്കും. ചുംബനത്തിലൂടെയും പ്രോത്സാഹനവാക്കുകളിലൂടെയും ശ്രവണത്തിലൂടെയും തലോടലിലൂടെയും നിങ്ങളുടെ സ്നേഹം നിങ്ങൾക്ക് പ്രകടിപ്പിക്കാം.

2. വിഷ്വൽ എയ്ഡ്സ്

കുട്ടികളുടെ ലോകത്തിൽ കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒന്നിൽകൂടുതൽ കുട്ടികളുള്ള ഭവനത്തിൽ പലപ്പോഴും വഴക്കുകളുണ്ടാകാറുള്ളത് അപരന് കൂടുതൽ കൊടുത്തു എന്നും അപരനെ കൂടുതൽ സ്നേഹിച്ചു എന്ന പേരിലുമാണ്. കാരണം കുഞ്ഞുങ്ങൾ എപ്പോഴും കുടുംബത്തിലും മാതാപിതാക്കളുടെ ഇടയിലും തങ്ങളുടെ സ്ഥാനം എന്താണെന്ന് കണ്ടെത്താനും സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രായമാണ്. അതിനാൽ, മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നുവെന്ന് അവരുടെ കണ്ണുകൾക്കും കാതുകൾക്കും ഗ്രഹിക്കാവുന്നവിധത്തിൽ അവർക്ക് അനുഭവവേദ്യമാക്കുക എന്നത് വലിയ കാര്യമാണ്. ‘ഞാൻ സ്നേഹിക്കപ്പെടുന്നു’, ‘എനിക്കും കുടുംബത്തിൽ എന്റെ സഹോദരനെപ്പോലെ സ്ഥാനമുണ്ട്’ എന്നും ചിന്തിക്കാനും അനുഭവിക്കാനും കഴിയുന്നവിധത്തിലുള്ള സാഹചര്യങ്ങളൊരുക്കുന്നതിലൂടെയും കുഞ്ഞുങ്ങളിൽ പക്വമായ വ്യക്തിത്വം ഉടലെടുക്കുന്നു.

3. കഥ പറച്ചിൽ

കഥകൾ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. അതിനാൽ കുഞ്ഞുപ്രായം മുതലേ ഗുണപാഠമുള്ള കഥകൾ പറഞ്ഞുകൊടുത്ത് വളർത്തുന്നത് അവരെ പരോക്ഷമായി സ്വാധീനിക്കും. മറ്റു കഥകൾ പറയുന്നതുപോലെ തന്നെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ചും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും കുഞ്ഞുങ്ങളോടു പങ്കുവയ്ക്കുന്നതും യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടുജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

4. സമയപരിധി നിശ്ചയിക്കുക

കുഞ്ഞുങ്ങളുടെ കൊച്ചുകൊച്ചു വഴക്കുകളിലൂടെ മറ്റുള്ളവരോട് മിണ്ടാതിരിക്കുന്ന സ്വഭാവരീതി പത്തുമിനിറ്റിൽ കൂടുതൽ അനുവദിക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചുസമയം അവരെ തനിയെവിടണം. കാരണം, കുഞ്ഞുങ്ങൾ സ്വയമായി നടത്തുന്ന വിലയിരുത്തലിലൂടെ ഉത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ അവർക്കു കഴിഞ്ഞാൽ അത് വലിയ വിജയമായിരിക്കും. അതിൽ കൂടുതൽ സമയമെടുക്കുന്ന സന്ദർഭങ്ങളിൽ, മാതാപിതാക്കൾ മക്കളെ സ്നേഹപൂർവം അടുത്തിരുത്തി അവരോടു സംസാരിക്കുകയും ആരോഗ്യകരമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുകയും ചെയ്യണം. ഇത്തരം സാഹചര്യങ്ങളിലൂടെ ജീവിതാനുഭവങ്ങളെ വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യാനുള്ള സിദ്ധി അവർ ആർജിച്ചെടുക്കുന്നു.

5. വികാരങ്ങളെ മനസ്സിലാക്കുക

നമ്മെപ്പോലെ തന്നെ കുഞ്ഞുങ്ങളും പൂർണ്ണമനുഷ്യരാണ്. അവർക്കും ദേഷ്യവും പിരിമുറുക്കങ്ങളും സങ്കടവും തുടങ്ങി നിരവധി വികാരങ്ങളുണ്ട്. അവയെല്ലാം ഒരു മുതിർന്ന വ്യക്തിയുടെ കാഴ്ചപ്പാടോടെ സമീപിക്കാതെ കുഞ്ഞുങ്ങളുടെ ലോകത്ത് നിന്നുകൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അവരെ കൂടുതൽ ഉൾക്കൊള്ളാനും അവരെ എളുപ്പത്തിൽ സഹായിക്കാനും നിങ്ങൾക്ക് സാധിക്കും. രാജാവിന് രാജ്യം നഷ്ടപ്പെടുന്നതിലും കുഞ്ഞിന് കളിപ്പാട്ടം നഷ്ടപ്പെടുന്നതിലും ഒരേ വേദനയാനുള്ളത് എന്നതുപോലെ കുഞ്ഞുങ്ങളുടെ വികാരങ്ങൾക്കും പ്രാധാന്യമുണ്ട് എന്നു ചിന്തിച്ചുതുടങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.