വയോധികർക്ക് പ്രചോദനമേകുന്ന മാർപാപ്പായുടെ അഞ്ച് സന്ദേശങ്ങൾ 

സുവിശേഷം പങ്കുവയ്ക്കുന്നതിൽ നിന്നും നിങ്ങളുടെ കൊച്ചുമക്കൾക്ക് വിശ്വാസം പകരുന്നതിൽ നിന്നുമെല്ലാം വിരമിക്കാൻ ഒരു പ്രായമില്ല എന്ന് ഫ്രാൻസിസ് മാർപാപ്പ വയോജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. വയോധികരുടെ സാന്നിധ്യം പകരംവയ്ക്കാനാകാത്തതാണെന്നും യുവജനങ്ങൾക്ക് അവർ ഒരു മുതൽക്കൂട്ടാണെന്നും മനസ്സിലാക്കിയതുകൊണ്ടുതന്നെ അവരെ അനുസ്മരിക്കാനും ആദരിക്കാനും മാർപാപ്പ, 2021-ൽ ആഗോള വയോജനദിനം പ്രഖ്യാപിച്ചു. എല്ലാ ജൂലൈ മാസത്തിലും നാലാമത്തെ ഞായറായി വരുന്ന ദിനം വയോജനദിനമായി കൊണ്ടാടുന്നു. വിശുദ്ധ വൃദ്ധദമ്പതികളായ അന്നയുടെയും ജോവാക്കിമിന്റെയും തിരുനാൾദിനമായ ജൂലൈ 26-നോടടുത്ത ദിനങ്ങളിലാണ് ഈ ദിനം കൊണ്ടാടുന്നത്. ഇതുപ്രകാരം 2023-ലെ വയോജനദിനം ജൂലൈ 23-നാണ് കൊണ്ടാടുന്നത്. വയോധികരുടെ സമ്പന്നതയെക്കുറിച്ച് മാർപാപ്പ പറയുന്ന ഏതാനും ചില കാര്യങ്ങളിലൂടെ കടന്നുപോകാം.

1. പ്രായമായവർ സമ്പന്നതയുടെ ഉറവിടങ്ങളാണ്  

“യുവജനദിനത്തിനായി നന്നായി തയാറെടുക്കാൻ നിങ്ങളുടെ വേരുകളിലേക്കു നോക്കുന്നത് നല്ലതാണ്. പ്രായമായവരോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വൃദ്ധമാതാപിതാക്കളോടു സംസാരിക്കുക. അവർ നിങ്ങൾക്ക് ജ്ഞാനം നൽകും” എന്നാണ് ലിസ്ബണിൽ നടക്കുന്ന ആഗോള യുവജനദിനത്തിനൊരുക്കമായുള്ള സന്ദേശത്തിൽ മാർപാപ്പ യുവജനങ്ങളോട് പങ്കുവച്ചത്. പ്രായമായവരിൽ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും അവരുടെ സാന്നിധ്യംപോലും അനുഗ്രഹകാരണമാകുന്നുവെന്നും മറക്കാതിരിക്കാം.

ലോക വയോജനദിനത്തിനുള്ള ആദ്യസന്ദേശത്തിൽ മാർപാപ്പ, വൃദ്ധരായ മാതാപിതാക്കളെ അവരുടെ ദൗത്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. “ഈ പ്രായത്തിൽ എന്താണ് നമ്മുടെ വിളി എന്ന് നമുക്ക് ചിന്തിക്കാം. നമ്മുടെ വേരുകൾ സംരക്ഷിക്കാനും യുവജനങ്ങൾക്ക് വിശ്വാസം കൈമാറാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും നിങ്ങൾ ഒരിക്കലും മറക്കരുത്.”

യുവാക്കളും വയോജനങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ കൂടുതൽ മാനുഷികവും ഊഷ്മളവുമായ ഒരു ലോകം കെട്ടിപ്പടുക്കാമെന്നും  ചരിത്രത്തിൽ നിന്നുതന്നെ ദുരന്തങ്ങൾ ഒഴിവാക്കാൻ അത് ഉപകരിക്കുമെന്നും മാർപാപ്പ ഓർമ്മപ്പെടുത്തുന്നുണ്ട്. പ്രായമായവർക്ക് ജീവിതാനുഭവങ്ങളിൽ നിന്നുള്ള അനുഭവജ്ഞാനം ഉള്ളതുകൊണ്ട് യുവജനങ്ങളെ ശരിയായ രീതിയിൽ നയിക്കാൻ സാധിക്കുന്നു. സുവിശേഷം പ്രഘോഷിക്കാനും കൊച്ചുമക്കളിലേക്ക് വിശ്വാസം കൈമാറാനും പ്രായപരിധിയില്ല എന്നുകൂടി മാർപാപ്പ വയോജനങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട്.

2. യുവജനങ്ങളേ, നിങ്ങൾ മുതിർന്നവരുടെ അരികിലേക്കു പോകുക 

മനുഷ്യരാശിയിൽ ജ്ഞാനത്തിന്റെ കൈമാറ്റം സാധ്യമാകുന്നത് യുവജനങ്ങളും മുതിർന്നവരും തമ്മിലുള്ള ദൂരം കുറയുന്നതിലൂടെയാണെന്ന് മാർപാപ്പ വ്യക്തമാക്കുന്നു. പരിശുദ്ധ മറിയവും എലിസബത്തും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ജ്ഞാനം പകർന്നതുപോലെ, പ്രായമായവരുടെ ഹൃദയത്തിൽ ആനന്ദം പകരാൻ യുവജനങ്ങൾക്കു കഴിയുന്നുവെന്നും ലോക വയോജനദിന സന്ദേശത്തിൽ മാർപാപ്പ പങ്കുവയ്ക്കുന്നു.

യാഥാർഥത്തിൽ യുവാക്കളില്ലെങ്കിൽ പ്രായമായവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ആർക്കാണ് കഴിയുക എന്നും മാർപാപ്പ ചോദിക്കുന്നു. നീതിയും സമാധാനവും ഐക്യവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള മുതിർന്നവരുടെ സ്വപ്നങ്ങളാണ് യുവജനങ്ങളിലൂടെ പൂർത്തീകരിക്കപ്പെടുന്നത്. അതിനു കഴിയുന്നത് തലമുറകളുടെ വിടവ് നികത്തുന്നതിലൂടെ മാത്രമാണ്. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് പരസ്പരസംഭാഷണത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും യുവാക്കളും പ്രായമായവരും കൈകോർക്കണമെന്ന് മാർപാപ്പ ഉദ്‌ബോധിപ്പിക്കുന്നത്.

3. വാർധക്യത്തിലും നിങ്ങൾക്ക് ഫലം നൽകുന്നവരാകാം 

ലോക വയോജനദിനത്തിനായുള്ള രണ്ടാം സന്ദേശത്തിൽ, “വാർധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും” എന്ന സങ്കീർത്തന വചനങ്ങൾ (92:14) ഉദ്ധരിച്ച്, പ്രായമായവരെ അവരുടെ പ്രായത്തിന്റെ സൗന്ദര്യം വീണ്ടും കണ്ടെത്തുന്നതിന് മാർപാപ്പ പ്രോത്സാഹിപ്പിച്ചു.

ശരീരത്തിലെ ചുളിവുകൾ മറച്ചുവച്ച് വാർധക്യത്തെ അകറ്റാൻ പ്രലോഭിപ്പിക്കപ്പെടുകയാണ് ഇന്നത്തെ വൃദ്ധമാതാപിതാക്കൾ. എന്നും ചെറുപ്പമായിരിക്കാൻ പരിശ്രമിക്കുന്ന അവരെ നയിക്കുന്ന ചിന്ത ‘ഇനിയും ഫലം പുറപ്പെടുവിക്കാൻ’ കഴിയില്ലെന്നതാണ്. എന്നാൽ, മാർപാപ്പ അവരുടെ ഈ ചിന്തയെ തിരുത്തിക്കൊണ്ട് വാർധക്യത്തിലും ഫലം പുറപ്പെടുവിക്കാൻ ക്ഷണിക്കുന്നു.  “പ്രായമായവർ ഒരു വാഗ്ദാനമാണ്; വാഗ്ദാനത്തിന്റെ സാക്ഷിയാണ്. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ” എന്ന് മാർപാപ്പ പറയുന്നു.

പ്രായമായവർക്ക് കൊച്ചുകൊച്ചു സഹായത്തിലൂടെയും പ്രാർഥനയിലൂടെയും സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ്  മാർപാപ്പ ഓർമ്മപ്പെടുത്തി. ഇതാണ്  പ്രായമായവരുടെ കൈവശമുള്ള ഏറ്റവും വിലപ്പെട്ട ഉപകരണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.

4. പ്രായമായവരെ ഒഴിവാക്കുന്ന സംസ്കാരത്തെ ചെറുക്കുക  

പ്രായമായവർക്ക് കൃത്യമായ ചികിത്സ നൽകാതെ ദയാവധത്തിലേക്കു തള്ളിവിടുന്ന രീതിയും അവരെ ‘എറിഞ്ഞുകളയുന്ന’ സംസ്കാരവും ഒരിക്കലും നല്ലതല്ലെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. ഇന്ന് നിലനിൽക്കുന്ന ലാഭത്തിന്റെ സംസ്കാരമാണ് പഴയതിനെ ഭാരമായി കരുതുന്നതും അവ ഒഴിവാക്കാൻ ശ്രമിക്കുന്നതും. പ്രായമായവർ ഉത്പാദനക്ഷമത ഉള്ളവരല്ല എന്ന ചിന്തയാണ് അവരെ വലിച്ചെറിയാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇത് ക്രൂരമായ നിലപാടാണ്.

തങ്ങൾ വേണ്ടപ്പെട്ടവരല്ല എന്ന അനുഭവങ്ങളാണ് പ്രായമായവരെ ഉത്കണ്ഠയിലേക്കും അസഹിഷ്ണുതയിലേക്കും നയിക്കുന്നത്. പ്രായമായവരുടെ അസ്വസ്ഥതകൾ അവരുടെ മാത്രമല്ല അത് മറ്റുള്ളവരെ കൂടി ബാധിക്കും. വാർധക്യം വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. അത് സുന്ദരവും ചെറുപ്പമായിരിക്കുന്നതുപോലെ തന്നെ പ്രധാനവുമാണ്.

5. വാർധക്യം മരണത്തിൽ എത്തിനിൽക്കുന്ന ദിനങ്ങളല്ല അത് സംതൃപ്തിയുടെ ദിനങ്ങളാണ്  

ജീവിതത്തിന്റെ യഥാർഥ ലക്ഷ്യസ്ഥാനം എന്താണെന്ന് വ്യക്തമായി കാണാനുള്ള കഴിവ് പ്രായമായവർക്കുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ പൊതുസദസ്സിൽ പറയുന്നുണ്ട്. വാർധക്യത്തിൽ തന്നെയും മറ്റുള്ളവരെയും ദൈവരാജ്യത്തിലേക്കു  നയിക്കുന്ന വിശ്വാസപ്രവൃത്തികൾ യുവത്വത്തിന്റെ ഊർജ്ജത്തേക്കാൾ വിലപ്പെട്ടതാണെന്ന് മാർപാപ്പ മറ്റൊരവസരത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

“മരണം ഭയക്കേണ്ട ഒരു കാര്യമല്ല. മരണത്തിലൂടെ മാത്രമേ ദൈവസന്നിധിയിലേക്ക് എത്തിച്ചേരാൻ കഴിയൂ. അതിനാൽ ദൈവം എന്ന ലക്ഷ്യസ്ഥാനത്തിലേക്കുള്ള യാത്രയാകുന്ന മരണത്തെ സ്നേഹത്തോടും തുറവിയോടും കൂടിയാണ് സ്വീകരിക്കേണ്ടത്. കർത്താവിന്റെ കരം എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് മറക്കാതിരിക്കാം” – മാർപാപ്പ വയോജനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.