നൈജീരിയ: ഓരോ രണ്ടു മണിക്കൂറിലും ഒരു ക്രിസ്ത്യാനി വീതം രക്തസാക്ഷിത്വം വരിക്കുന്ന വിശുദ്ധ മണ്ണ്

ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള സംസ്ഥാനമാണ് നൈജീരിയ. 87 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളാണ് നൈജീരിയയിലുള്ളതെന്ന് പ്യൂ റിസർച്ച് സെന്റർ വെളിപ്പെടുത്തുന്നു. വരുംദശകങ്ങളിൽ ഇവിടെ ക്രൈസ്തവരുടെ എണ്ണം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടുകൾപ്രകാരം, 12 മാസത്തിനിടെ 5,000-ത്തിലധികം ക്രിസ്ത്യാനികളാണ് നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. അതായത്, പ്രതിദിനം ശരാശരി 13 ക്രിസ്ത്യാനികൾ. ഓരോ രണ്ട് മണിക്കൂറിലും നൈജീരിയയിൽ ഒരു ക്രിസ്ത്യാനി വീതം കൊല്ലപ്പെടുന്നു!

നൈജീരിയയിലെ 4,700-ലധികം ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോയത്, അവർ ക്രിസ്തുവിനെ അനുഗമിച്ചു എന്ന ഒറ്റക്കാരണത്താലാണ്. കുറഞ്ഞത് ആയിരം വിശ്വാസികളെങ്കിലും അവരുടെ വിശ്വാസത്തിന്റെ പേരിൽ ബലാത്സംഗം ചെയ്യപ്പെടുകയോ, ലൈംഗികമായി ആക്രമിക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പീഡനങ്ങളെ തുടർന്ന് ക്രൈസ്തവർ പലായനം ചെയ്യാനും ഒളിവിൽ പോകാനും നിർബന്ധിതരായി. പതിനായിരത്തിലധികം ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു. ഈ കണക്കുകൾ അമ്പരപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

സ്വന്തം പിതാവിനെ നഷ്ടപ്പെട്ട അയൂബ എന്ന യുവാവ്

നൈജീരിയയിലെ ക്രൈസ്തവർക്ക് ഇവ വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല. എല്ലാം നഷ്ടപ്പെട്ട, ജീവൻ പോലും പണയപ്പെടുത്തി നെഞ്ചോട് ചേർക്കുന്ന വിശ്വാസസാക്ഷ്യങ്ങൾ ഇവർക്ക് പങ്കുവയ്ക്കാനുണ്ട്. അത്തരമൊരു സംഭവമാണ് അയൂബയുടെ ജീവിതകഥ. കുപ്രസിദ്ധ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം ആക്രമിച്ച നൈജീരിയൻ യുവാവാണ് അയൂബ.

അയൂബയും സഹോദരങ്ങളും ആക്രമണത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പിതാവിൽ നിന്ന് വേർപിരിയേണ്ടി വന്നു. പിറ്റേന്ന് രാവിലെ അവർ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയപ്പോൾ എല്ലായിടവും നിശബ്ദമായിരുന്നു. ആ രാത്രി തന്റെ സഹോദരങ്ങൾക്കൊപ്പം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അയൂബ പറയുന്നു: “ഞങ്ങൾ ഞങ്ങളുടെ വീടിനടുത്തെത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നത് ഞാൻ കണ്ടു. മൃതശരീരത്തിലെ വസ്ത്രം കണ്ടാണ് ഞാൻ എന്റെ പിതാവിനെ തിരിച്ചറിഞ്ഞത്. ഞാൻ അദ്ദേഹത്തിനരികിൽ ചെന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു.”

വടക്കുകിഴക്കൻ നൈജീരിയയിൽ അന്നു രാത്രി ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയ ഒമ്പത് ക്രൈസ്തവരിൽ ഒരാളായിരുന്നു അയൂബയുടെ പിതാവ്. അയൂബയുടെ പിതാവിനോട്, നിങ്ങൾ മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ എന്ന് തീവ്രവാദികൾ ചോദിച്ചിരുന്നു. അവൻ യേശുവിലുള്ള വിശ്വാസം മറച്ചുവയ്ക്കാൻ വിസമ്മതിക്കുകയും ‘ക്രിസ്ത്യാനി’ എന്ന് മറുപടി പറയുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചുതന്നെ തീവ്രവാദികൾ അദ്ദേഹത്തിന്റെ തലയറുത്തു. ബോക്കോ ഹറാം തീവ്രവാദികളുടെ പട്ടികയിൽ തന്റെ പേരും ഉണ്ടെന്ന് അയൂബ പിന്നീട് മനസിലാക്കി. അതിനാൽ അയൂബക്ക്‌ തന്റെ ഗ്രാമത്തിൽ നിന്നും പലായനം ചെയ്യേണ്ടിവന്നു.

ധീരരായ ക്രൈസ്തവർ പ്രയാസകരമായ സാഹചര്യങ്ങളിലും സുവിശേഷം ജീവിക്കുന്നു. പിതാവിനെ നഷ്ടപ്പെട്ട അയൂബ എന്ന യുവാവ് ഇതിന്റെ ഉത്തമ ഉദാഹരണമാണ്.

പിതാവിന്റെ കൊലപാതകത്തെ തുടർന്ന് അയൂബ രോഷാകുലനായി. തന്റെ പിതാവിനെ കൊലപ്പെടുത്തിയവരോടുള്ള പ്രതികാരം അവനിൽ അഗ്നി പോലെ പടർന്നു. പ്രതികാരമല്ലാതെ അവൻ മറ്റൊന്നും ആഗ്രഹിച്ചില്ല. എന്നാൽ നൈജീരിയയിലെ ട്രോമ സെന്ററായ ഓപ്പൺ ഡോർസ് ഷാലോം സെന്ററിൽ അദ്ദേഹം രോഗശാന്തിയും പ്രതീക്ഷയും കണ്ടെത്തി.

അവിടെ വച്ച് താൻ പഠിച്ച കാര്യങ്ങൾ ഒരൊറ്റ വാക്കിൽ അദ്ദേഹം സംഗ്രഹിച്ചു – ‘ക്ഷമ.’ അവൻ പുഞ്ചിരിയോടെ പറയുന്നു: “എന്റെ ദേഷ്യം അകറ്റി സമാധാനമായിരിക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാം യേശുവിന്റെ കാൽക്കൽ അർപ്പിക്കാൻ ഞാൻ പഠിച്ചു.”

നൈജീരിയയിൽ ഓരോ രണ്ട് മണിക്കൂറിലും കൊല്ലപ്പെടുന്ന ക്രിസ്ത്യാനികൾ അയൂബയുടെ പിതാവിനെപ്പോലെ ഒരാളായിരിക്കാം. സ്ഥിതിവിവരക്കണക്കുകൾക്കു പിന്നിൽ എണ്ണമറ്റ കഥകളുണ്ട്. കൊല്ലപ്പെട്ട ഓരോ വ്യക്തിയും അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി, സുഹൃത്ത്, സഹപ്രവർത്തകൻ എന്നിവരായിരുന്നു. ഓരോ ക്രൈസ്തവന്റെയും മരണത്തിലൂടെ അവരെയോർത്ത് ദുഃഖിക്കുന്ന ഒരു സമൂഹം അവശേഷിക്കുന്നു. ഒപ്പം ക്രിസ്തുവിശ്വാസം നൽകുന്ന പ്രതീക്ഷയും ധൈര്യവും.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.