പോരാടാനുറച്ച് ഉക്രൈനിലെ വയോധികര്‍

ഫെബ്രുവരിയില്‍ റഷ്യന്‍ സൈന്യം ഉക്രൈനിലേക്ക് പൂര്‍ണ്ണതോതില്‍ അധിനിവേശം നടത്തുന്നതിനും ആക്രമണം ആരംഭിക്കുന്നതിനും മുമ്പ് കിഴക്കന്‍ ഉക്രൈനിലെ സെര്‍ഹിവ്ക എന്ന ചെറിയ ഗ്രാമത്തില്‍ 1,500 പേര്‍ ഉണ്ടായിരുന്നു. പക്ഷേ ഇന്ന്, അവിടെ ഏകദേശം 300 നിവാസികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. റഷ്യ ആക്രമണം വ്യാപിപ്പിക്കുമ്പോള്‍ കൂടുതല്‍ പേര്‍ അവിടെ നിന്ന് പലായനം ചെയ്യുകയാണ്.

സെര്‍ഹിവ്ക ഒരു വ്യാവസായിക-കാര്‍ഷിക ഗ്രാമമാണ്. ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരോ, പ്രാദേശിക കല്‍ക്കരി സമ്പുഷ്ടീകരണ ഫാക്ടറിയിലെ ജീവനക്കാരോ ആണ്. അവിടുത്തെ ചെറുപ്പക്കാരാണ് കൂടുതലായും പലായനം ചെയ്യുന്നതും സുരക്ഷിതസ്ഥാനങ്ങള്‍ തേടിപ്പോകുന്നതും. അതേസമയം അവരുടെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും ഉള്‍പ്പെടുന്ന പ്രായമായവര്‍ തങ്ങളുടെ ഗ്രാമത്തില്‍ തന്നെ തുടരാനാണ് താത്പര്യപ്പെടുന്നത്.

“ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ഇവിടെയാണ് ജീവിച്ചത്; ഞാന്‍ എവിടെയും പോകുന്നില്ല” 59 -കാരനായ മൈക്കോള ലുഹൈനെറ്റ്‌സ് പറഞ്ഞു. അദ്ദേഹം എപ്പോഴും ഒരു റൈഫിള്‍ കൈവശം വയ്ക്കുന്നുണ്ട്. “ഞാന്‍ സെര്‍ഹിവ്കയില്‍ തന്നെ താമസിക്കുകയും ആവശ്യമെങ്കില്‍ റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയും ചെയ്യും” – അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍, ഇവിടെയുള്ള പ്രായമായവര്‍ക്ക് റോഡിലിറങ്ങാന്‍ പോലും ബുദ്ധിമുട്ടാണ്. എങ്കിലും അവര്‍ താമസിക്കുന്ന സ്ഥലവുമായി അവര്‍ക്ക് ശക്തമായ വൈകാരികബന്ധമുണ്ട്. സ്വന്തം വീട്ടിലല്ലാതെ മറ്റെവിടെയും മരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

“ഞങ്ങള്‍ക്ക് ഇവിടെ ലളിതമായ ഷെല്‍ട്ടറുകള്‍ മാത്രമേയുള്ളൂ. പക്ഷേ ഞങ്ങള്‍ ഇവിടെ എന്തിനും തയാറായിരിക്കുകയാണ്” – ഗ്രാമത്തിന്റെയും പ്രാദേശിക ടെറിട്ടോറിയല്‍ ഡിഫന്‍സ് യൂണിറ്റുകളുടെയും തലവനായ വലേരി ഡുഹെല്‍നി (59) പറഞ്ഞു.

ചാരിറ്റി സംഘടനയായ ഹെല്‍പ് ഏജ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, റഷ്യന്‍ ആക്രമണത്തിന്റെ ഫലമായി രാജ്യത്തിന്റെ കിഴക്കുഭാഗത്ത് രണ്ട് ദശലക്ഷത്തിലധികം പ്രായമായ ആളുകള്‍ അത്യധികം അപകടത്തിലാണ്. ചിലര്‍ക്ക് എവിടേക്കെങ്കിലും പലായനം ചെയ്യാനുള്ള പണമോ, പോകാന്‍ വ്യക്തമായ സ്ഥലമോ ഇല്ല.

സെര്‍ഹിവ്കയിലെ ഒരു ചെറിയ വീട്ടില്‍ മകളോടൊപ്പം താമസിക്കുന്ന 66 -കാരിയായ റയിസ ഹോറിസ്ലാവെറ്റ്‌സ് പറഞ്ഞു: “ഞാന്‍ റിട്ടയര്‍ ചെയ്ത ആളാണ്. എനിക്ക് കാര്യമായൊന്നുമില്ല; ചെറിയ പെന്‍ഷന്‍ മാത്രം. അതുകൊണ്ട് എനിക്ക് സുരക്ഷിതമായ എവിടെയെങ്കിലും ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുക്കാന്‍ കഴിയില്ല. ഇവിടെ താമസിക്കുന്നത് അപകടമാണെന്നുമറിയാം. പക്ഷേ എനിക്ക് മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല” – അവര്‍ പറഞ്ഞു.

ഇതുവരെ സെര്‍ഹിവ്ക സമാധാനപരമായിരുന്നു. അത് അങ്ങനെ തന്നെ തുടരുമെന്നാണ് അവിടെ തുടരുന്നവര്‍ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എന്തും നേരിടാന്‍ അവര്‍ തയ്യാറെടുക്കുകയാണ്. കാരണം, വടക്ക് ഖാര്‍കിവിന്റെയും തെക്ക് മരിയുപോളിന്റെയും നാശവും ഡൊനെറ്റ്‌സ്‌കിലെ യുദ്ധവും അവര്‍ കണ്ടുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.