ഒരു കുടുംബത്തിൽ നിന്നും എട്ട് വൈദികർ! വൈദികാർഥികൾ ആയിരിക്കുന്നവർ വേറെയും

അമേരിക്കയിലെ അർക്കൻസാസ് (Arkansas) സ്വദേശിനിയായ ഒരമ്മയ്ക്ക് ഈ അനുഭവം ഒന്നല്ല, രണ്ടുതവണയാണ് ഉണ്ടായത്. ലിറ്റിൽ റോക്കിലെ ശിശുരോഗവിദഗ്ധനായ ഡോ. ജോസഫ് എൽസറും ഭാര്യ ആഞ്ചിയും തങ്ങളുടെ ആറ് മക്കളെയും കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്നതിനാണ് മുൻഗണന നൽകിയത്.

കത്തോലിക്കാ സ്കൂളുകളിലെ അന്തരീക്ഷം

“കിന്റർഗാർട്ടൻ മുതൽ ഹൈസ്കൂൾ വരെ ഞങ്ങളുടെ എല്ലാ മക്കളും കത്തോലിക്കാ സ്കൂളുകളിലാണ് പഠിച്ചത്” ആഞ്ചി പറയുന്നു. ആ സ്കൂൾകാലഘട്ടമാണ് തങ്ങളുടെ രണ്ട് മക്കളിൽ ദൈവവിളി രൂപപ്പെടുന്നതിൽ പ്രധാനപങ്ക് വഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

എൽസർ ദമ്പതികളുടെ മൂത്ത മകനായ ഫാദർ സ്റ്റീഫൻ എൽസറിന് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ വൈദികനാകാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ 2018 ജൂൺ 2-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. നിലവിൽ സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് ഇടവകകളിലും ഒരു സ്കൂളിലുമായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

സ്റ്റീഫൻ സെമിനാരിയിൽ ചേരുമ്പോൾ അദ്ധേഹത്തിന്റെ സഹോദരൻ ക്രിസ്റ്റഫർ മൂന്നാം ക്ലാസിലായിരുന്നു. “ജ്യേഷ്ഠൻ സെമിനാരിയിൽ പഠിക്കുന്നത് കണ്ടപ്പോഴാണ് എന്നെയും ആ സ്ഥാനത്ത് ഞാൻ സങ്കൽപ്പിച്ചു തുടങ്ങിയത്” സെന്റ് മെയ്ൻരാഡ് സെമിനാരിയിൽ പഠിക്കുന്ന ക്രിസ്റ്റഫർ ഓർക്കുന്നു

ദിവ്യകാരുണ്യത്തോടും തിരുഹൃദയത്തോടുമുള്ള ഭക്തി

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അൾത്താര ബാലനായതാണ് ക്രിസ്റ്റഫറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 2011 മെയ് 30-നായിരുന്നു ക്രിസ്റ്റഫർ ആദ്യമായി അൾത്താരയിൽ ശുശ്രൂഷ ചെയ്തത്. കൃത്യം 15 വർഷങ്ങൾക്ക് ശേഷം, അതേ തീയതിയിലാണ് (മെയ് 30) ക്രിസ്റ്റഫറും വൈദികനായി അഭിഷിക്തനായത്. “ഇത് ദൈവത്തിന്റെ വലിയൊരു കരുതലിന്റെ അടയാളമായി ഞങ്ങൾ കാണുന്നു” ആഞ്ചി പറയുന്നു.

അവർ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർ കുട്ടികളെ പതിവായി ആരാധനാലയത്തിൽ കൊണ്ടുപോകുമായിരുന്നു. കുടുംബത്തോടൊപ്പം ദിവ്യകാരുണ്യ ആരാധനയ്ക്കായി സമയം കണ്ടെത്തുന്നതും എൽസർ ദമ്പതികളുടെ പതിവായിരുന്നു. മക്കൾ ചെറുതായിരിക്കുമ്പോൾ തന്നെ അവർ തങ്ങളുടെ ഭവനം ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു.

ദിവ്യകാരുണ്യമാണ് തന്നെ പൗരോഹിത്യത്തിലേക്ക് ആകർഷിച്ചതെന്ന് ഫാദർ ക്രിസ്റ്റഫർ സാക്ഷ്യപ്പെടുത്തുന്നു; ഒപ്പം ഈശോയുടെ തിരുഹൃദയത്തോടും ക്രിസ്റ്റഫറിന് വലിയ ഭക്തിയുണ്ടായിരുന്നു.

വൈദികരുടെ ഒരു വലിയ കുടുംബം!

ഫാദർ ജിം ഷാഫറും, ക്രിസ്റ്റഫറിന്റെ മറ്റൊരു അമ്മാവനായ ഫാദർ ബിൽ എൽസറും ക്രിസ്റ്റഫറിന്റെ കുട്ടിക്കാലത്ത് വലിയ സ്വാധീനം ചെലുത്തിയവരാണ്. അടുത്തിടെയാണ് ഫാദർ ജിം ഷാഫർ തന്റെ പൗരോഹിത്യത്തിന്റെ 70-ാം വാർഷികവും, ഫാദർ ബിൽ എൽസർ 40-ാം വാർഷികവും ആഘോഷിച്ചത്. ഇവരുടെ ജീവിതം കണ്ടിട്ടാണ് ക്രിസ്റ്റഫർ തന്റെ ദൈവവിളി ഉറപ്പിച്ചത്.

എൽസർ കുടുംബത്തിൽ ഈ നാലുപേർ മാത്രമല്ല വൈദികരായിട്ടുള്ളത്. അവരുടെ കുടുംബപശ്ചാത്തലത്തിൽ വൈദികരുടെ ഒരു വലിയ നിര തന്നെയുണ്ട്. ഒരു ആത്മീയപിതാവായി (ഫാ. ക്രിസ്റ്റഫർ എന്ന് വിളിക്കപ്പെടാൻ) ജീവിതം സമർപ്പിക്കുന്നതിൽ താൻ ഏറെ ആവേശഭരിതനാണെന്ന് തിരുപ്പട്ട ശുശ്രൂഷയ്ക്ക് തൊട്ടുമുമ്പ് ക്രിസ്റ്റഫർ പറഞ്ഞിരുന്നു.

ഇന്നത്തെ സാഹചര്യത്തിൽ ദൈവത്തെയും ജനങ്ങളെയും സേവിക്കാൻ ജീവിതം മാറ്റിവെക്കുക എന്നത് വലിയൊരു തീരുമാനമാണെന്നും, അതിന് മറ്റ് മക്കളുടെ വലിയ പിന്തുണ ഉണ്ടായിരുന്നുവെന്നും അമ്മ ആഞ്ചി പറയുന്നു.

“നമ്മുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ യേശുവിൽ പൂർണ്ണമായി ആശ്രയിക്കാൻ ഞങ്ങളുടെ കുടുംബത്തിലെ പ്രതിസന്ധികൾ ഞങ്ങളെ പഠിപ്പിച്ചു.” ക്രിസ്റ്റഫർ പറയുന്നു. കൽക്കട്ടയിലെ വി. മദർ തെരേസ പറഞ്ഞതുപോലെ, “നിങ്ങൾ വിശുദ്ധ കുർബാനയുടെ മുൻപിൽ ചിലവഴിക്കുന്ന സമയമാണ് ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ സമയം” എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

“ഒരു ദൈവവിളി ഉണ്ടാകുന്നത് ദൈവത്തിന്റെ ഹൃദയത്തിൽ നിന്നാണ്, എന്നാൽ അത് കടന്നുപോകുന്നത് ഒരു അമ്മയുടെ ഹൃദയത്തിലൂടെയാണ്.” പത്താം പീയൂസ് മാർപാപ്പയുടെ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആഞ്ചി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.