സംതൃപ്തം ഈ ജീവിതം: മിണ്ടാമഠത്തിൽ നിന്നും ഒരു യുവസന്യാസിനി സംസാരിക്കുന്നു 

സി. സൗമ്യ DSHJ

22 വർഷങ്ങൾക്കു മുൻപാണ് സി. മരിയ എന്ന യുവസന്യാസിനി, ആന്ധ്രയിലെ ‘നിഷ്പാദുക കർമ്മലീത്താ സന്യാസിനിമാർ’ എന്ന മിണ്ടാമഠത്തിൽ പ്രവേശിച്ചത്. മിണ്ടാമഠത്തിലേത്, നാലു ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട ജീവിതമല്ല. ഈ ലോകം മുഴുവനിലേക്കും പ്രാർത്ഥനയോടെ തുറക്കപ്പെട്ട ഒരു ജീവിതമാണ് എന്ന് ആ സന്യാസിനി ഇന്ന് സാക്ഷ്യം നൽകുന്നു. ആനന്ദകരവും  മനോഹരവുമായ ആ ജീവിതത്തിലൂടെ ഒരു സഞ്ചാരം.

ആദ്യമായി മിണ്ടാമഠത്തിന്റെ പടികൾ കയറിയപ്പോൾ, ജീവിതത്തിൽ സ്വപ്നം കണ്ടതും പ്രതീക്ഷിച്ചതും ലഭിച്ച സംതൃപ്തിയായിരുന്നു സി. മരിയയുടെ മനസിൽ. മിണ്ടാമഠത്തിൽ പ്രവേശിച്ചിട്ട് 22 വർഷങ്ങൾ പിന്നിടുമ്പോഴും ആ സന്തോഷത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എപ്പോഴും ‘ഇതായിരുന്നു എനിക്കുള്ള ഇടം’ എന്ന ആത്മസംതൃപ്തി മാത്രം! ആന്ധ്രയിലെ നിഷ്പാദുക കർമ്മലീത്താ സന്യാസിനിമാർ (Discalced Carmelites of blessed virgin Mary of Mount Carmel) എന്ന മിണ്ടാമഠത്തിന്റെ സുപ്പീരിയറായ സി. മരിയ പറയുന്നു: “മിണ്ടാമഠത്തിലേത്, നാലു ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട ജീവിതമല്ല. ഈ ലോകം മുഴുവനിലേക്കും പ്രാർത്ഥനയോടെ തുറക്കപ്പെട്ട ഒരു ജീവിതമാണ് ഇത്.” സി. മരിയ എന്ന യുവസന്യാസിനി മിണ്ടാമഠത്തിൽ നിന്നും തന്റെ ദൈവവിളിയെക്കുറിച്ച് സംസാരിക്കുന്നു.

വഴിതെറ്റി ചെന്ന മിണ്ടാമഠം

“എനിക്ക് ചെറുപ്പം മുതൽ തന്നെ സിസ്റ്റർ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം. ക്ലാരിസ്റ്റ് മഠത്തിലുള്ള എന്റെ ഒരു ആന്റി, സി. ബാർബര, വീട്ടിൽ വന്നിരുന്നു. ആന്റിയോട് സംസാരിക്കുന്നതിനിടയിൽ അവരുടെ മഠത്തിന്റെ അടുത്തുള്ള ക്ലാരിസ്റ്റ് മിണ്ടാമഠത്തെക്കുറിച്ച് അറിഞ്ഞു. ആന്റി മിണ്ടാമഠത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പറഞ്ഞു. അത് കേട്ടപ്പോൾ അന്ന് എന്റെ മനസിൽ തോന്നിയത് ‘എനിക്കും മിണ്ടാമഠത്തിൽ പോകണം’ എന്നതായിരുന്നു.”

“ആ ആഗ്രഹം മനസിൽ സൂക്ഷിച്ചു. പിന്നീട്, ഒൻപതാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ആലുവയിൽ ആന്റി സിസ്റ്ററിനെ കാണാനായി പോയി. ഓട്ടോക്കായിരുന്നു പോയത്. ക്ലാരിസ്റ്റ് മഠം എവിടെയാണെന്ന് ആ ഓട്ടോക്കാരന് അറിയില്ലായിരുന്നു. അദ്ദേഹം ഓട്ടോ നിർത്തിയത് മിണ്ടാമഠത്തിലായിരുന്നു. സ്ഥലം മാറിയെന്ന് മനസിലായെങ്കിലും അന്ന് അവിടെ നിന്നപ്പോൾ മനസിലേക്ക് കടന്നുവന്നത് ‘ഞാൻ ജീവിതകാലം മുഴുവൻ ജീവിക്കേണ്ട സ്ഥലമാണ് ഇത്’ എന്നായിരുന്നു. പിന്നീട് അവിടെ നിന്നും ആന്റിയുടെ മഠത്തിലേക്ക് പോന്നു” – സി. മരിയ വെളിപ്പെടുത്തുന്നു.

1999 -ലായിരുന്നു മരിയ എസ്.എസ്.എൽ.സി പാസായത്. ആ വർഷം തന്നെ മിണ്ടാമഠത്തിൽ ചേരാൻ മരിയ ആഗ്രഹിച്ചിരുന്നു. ഇത്രയും ചെറുപ്പത്തിലേ എങ്ങനെ ഈ തീരുമാനത്തിലെത്തി എന്നു ചോദിക്കുന്നവരോട് മരിയ സിസ്റ്ററിന്റെ മറുപടി, അതിലും ചെറുപ്പത്തിലേ ഞാൻ തീരുമാനിച്ചതായിരുന്നു എന്നാണ്!

മലയാറ്റൂരിൽ ഒരു മിണ്ടാമഠമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മരിയ അവിടെച്ചെന്ന് തന്റെ ആഗ്രഹം പറഞ്ഞു:

“എനിക്ക് ഈ മഠത്തിൽ ചേരാൻ ആഗ്രഹമുണ്ട്. എന്നെ ഇവിടെ എടുക്കാമോ?”

അപ്പോൾ മദർ പറഞ്ഞു. “പതിനഞ്ചു വയസല്ലേ ഉള്ളൂ. ഇപ്പോൾ എടുക്കാൻ പറ്റുകയില്ല. പതിനേഴ് വയസെങ്കിലും വേണം.”

അങ്ങനെ പ്ലസ് ടു കഴിഞ്ഞിട്ട് ചേരാമെന്ന് തീരുമാനിച്ച് തിരിച്ചുപോന്നു.

പ്ലസ് ടുവിന് ചേർന്ന് രണ്ടുമൂന്നു മാസം കഴിഞ്ഞ സമയത്ത് സി.എം.സി സിസ്റ്റർമാർ വീട്ടിൽ വന്നു. അവർക്ക് അറിയാമായിരുന്നു ഞാൻ മിണ്ടാമഠത്തിലേ പോവുകയുള്ളൂ എന്ന്. എങ്കിലും മേരി ഗ്രേസ് എന്ന സിസ്റ്റർ എന്റെ അടുത്തു വന്നു പറഞ്ഞു.

“ആന്ധ്രായിൽ ഒരു കർമ്മലൈറ്റ് മിണ്ടാമഠം ഉണ്ട്. ആ മഠത്തിൽ ഞാൻ ധ്യാനിച്ചിട്ടുണ്ട്. അപ്പോൾ അവിടുത്തെ മദർ പറഞ്ഞിരുന്നു. ദൈവവിളി ഉള്ളവരെ കണ്ടാൽ റഞ്ഞുവിടണമെന്ന്.” അങ്ങനെ സിസ്റ്റർ ആ മിണ്ടാമഠത്തെക്കുറിച്ച് എന്നോട് സംസാരിച്ചു.

എന്റെ അന്നത്ത ആഗ്രഹം “എനിക്ക് മിണ്ടാമഠത്തിൽ പോകണം, അത് എവിടെയാണെങ്കിലും കുഴപ്പമില്ല എന്നതായിരുന്നു.”

അങ്ങനെയാണ് പ്ലസ് ടുവിനു സിസ്റ്റർ ശേഷം ആന്ധ്രായിലെ മിണ്ടാമഠത്തിൽ വന്നു ചേരുന്നത്.

എതിർപ്പിനിടയിൽ മിണ്ടാമഠത്തിലേക്ക്

മിണ്ടാമഠത്തിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാരും മറ്റു ബന്ധുക്കളുമൊക്കെ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഡാഡി ദേവസിക്കുട്ടിക്കും മമ്മി മേരിക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. രണ്ടു മക്കളാണ് ഇവർ; സി. മരിയയും മൂത്ത സഹോദരി റൂണിയും. സഹോദരി അധ്യാപികയായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. മമ്മിയും ഡാഡിയും മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. ഡാഡി കോൺട്രാക്ടറും മമ്മി വീട്ടമ്മയും. മരിയ സിസ്റ്ററിന്റെ വീട്ടിലെ പേര് ട്യൂണി എന്നായിരുന്നു.

ആദ്യം കാലടിയിൽ ആയിരുന്നു വീടെങ്കിലും പിന്നീട് സ്ഥലം വിറ്റ് കൊരട്ടിക്കു മാറി. മിണ്ടാമഠത്തിൽ പോകണ്ട എന്ന് അങ്കിൾമാരൊക്കെ പറഞ്ഞു. അതിനുള്ള പ്രധാന കാരണമായി അവർ പറഞ്ഞത്, ഇപ്പോൾ ചെറുപ്പമാണ്, ഒരു മുപ്പത്തിയഞ്ചു വയസൊക്കെ ആകുമ്പോൾ ഇത് വേണ്ടായിരുന്നു എന്നൊക്കെയുള്ള തോന്നലുണ്ടാകും എന്നൊക്കെയായിരുന്നു.

അത് കേട്ടപ്പോൾ തന്റെ തീരുമാനം ഒരു ചലഞ്ച് ആയിട്ട് എടുക്കാനാണ് മരിയക്ക് തോന്നിയത്. ആരൊക്കെ പോകണ്ട എന്നു പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ നല്ല ആത്മവിശ്വാസം മരിയക്കുണ്ടായിരുന്നു. “ഇതാണ് എന്റെ വിളി” എന്ന ഉറച്ച ആത്മവിശ്വാസം! മിണ്ടാമഠത്തിൽ പോകണ്ട എന്നുള്ള എതിർപ്പുകൾ യഥാർത്ഥത്തിൽ സി. മരിയക്ക് പകർന്നത് ആത്മവിശ്വാസമായിരുന്നു.

ഒരിക്കൽ മിണ്ടാമഠത്തിലെ മദറിന്, ‘എനിക്ക് മിണ്ടാമഠത്തിൽ ചേരാൻ ആഗ്രഹമുണ്ടെന്നു’ പറഞ്ഞു കത്തെഴുതിയിരുന്നു. അപ്പോൾ മദർ ആ കത്തിന് ഒരു മറുപടി എഴുതി. മിണ്ടാമഠത്തിലെ ജീവിതക്രമങ്ങൾ എപ്രകാരമുള്ളതാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്തായിരുന്നു അത്. അത് വായിച്ചപ്പോൾ സി. മരിയക്ക് തോന്നി “ഞാൻ എന്റെ ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്ന ജീവിതമാണ് ഇവിടുത്തേത്” എന്ന്.

മമ്മിയിലൂടെ മിണ്ടാമഠത്തിലേക്കുള്ള വഴി തെളിച്ച ദൈവം!

മിണ്ടാമഠത്തിൽ പോകാൻ തക്ക അനുകൂലമായ സാഹചര്യങ്ങളാണ് കുടുംബത്തിൽ നിന്നും സിസ്റ്ററിന് ലഭിച്ചിരുന്നത്. സി. മരിയയുടെ മമ്മി വിവാഹം കഴിക്കുന്നതിനു മുൻപ് സെന്റ് ആൻസ് സിസ്റ്റേഴ്സിന്റെ അടുത്ത് മഠത്തിൽ ചേരാൻ പോയതായിരുന്നു. പത്താം ക്ലാസിൽ തോറ്റതു കാരണം മഠത്തിൽ നിൽക്കാൻ സാധിച്ചില്ല. വീണ്ടും പരീക്ഷ എഴുതാൻ നോക്കി, പക്ഷേ, സാധിച്ചില്ല. അങ്ങനെ തിരിച്ചുപോരേണ്ടി വന്നു.

ഈശോക്കു വേണ്ടി ജീവിക്കണമെന്ന വലിയ ആഗ്രഹമുണ്ടായിട്ടും അത് സാധിച്ചില്ല. എന്നാൽ, അത് സാധിക്കാതെ വന്നപ്പോൾ മമ്മി ആകെ മാറിപ്പോയി. ഭയങ്കര സ്റ്റൈലും ഫാഷനും ഒക്കെ മമ്മിയുടെ ജീവിതത്തിലേക്ക് വന്നുചേർന്നു. വിവാഹം കഴിഞ്ഞിട്ടും അതിനൊന്നും ഒരു മാറ്റവും ഉണ്ടായില്ല.

ആദ്യത്തെ കുട്ടി ഉണ്ടായി. മരിയ ഉണ്ടാകുന്നതിനു തൊട്ടുമുൻപായി മമ്മി മഞ്ഞുമ്മൽ ധ്യാനകേന്ദ്രത്തിൽ ധ്യാനിക്കാൻ പോയി. അത് വലിയൊരു മാനസാന്തരത്തിന്റെ സമയമായിരുന്നു. വലിയ സ്റ്റൈലിൽ  നടന്നുകൊണ്ടിരുന്ന മമ്മി ആ ധ്യാനത്തിനു ശേഷം എല്ലാം ഉപേക്ഷിച്ചു. വില കൂടിയ സാരികൾ, ചെരിപ്പുകൾ, മേക്കപ്പ് എല്ലാം. മുൻപ് വിലകൂടിയ ഹൈ ഹീൽഡ് ചെരുപ്പുകൾ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന മമ്മി വെറും സാധരണ ചെരിപ്പുകൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി.

ആ ധ്യാനത്തിനു ശേഷം മമ്മി ഈശോയിലേക്ക് കൂടുതൽ അടുത്തു. നിരവധി വിശുദ്ധരുടെ പുസ്തകങ്ങൾ വായിക്കുമായിരുന്നു. അമ്മയുടെ  ജീവിതത്തിലെ ഈ നിർണ്ണായക മാറ്റത്തിനു ശേഷമാണ് മരിയ ജനിക്കുന്നത്. ആ സമയങ്ങളിൽ മമ്മി ദൈവത്തോട് കൂടുതൽ അടുത്തിരുന്നതിനാൽ ആ ദൈവാംശം മരിയക്കും ലഭിച്ചു. അതുകൊണ്ടാവണം ചെറുപ്പം മുതൽ തന്നെ ഒരു സന്യാസിനിയാകണം എന്ന താത്പര്യം സിസ്റ്ററിന് ഉണ്ടായിരുന്നു. ഡാഡിക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഈ കുടുംബം എല്ലാ ദിവസവും രാവിലെ പള്ളിയിൽ പോയിരുന്നു. വിശുദ്ധ കുർബാന മുടക്കാറില്ലായിരുന്നു.

ആനന്ദകരം ഈ ജീവിതം

മഠത്തിൽ ചേർന്നയുടനെ ഡാഡിയും മമ്മിയും വർഷത്തിൽ രണ്ടുമൂന്നു പ്രാവശ്യമെങ്കിലും സിസ്റ്ററിനെ കാണാൻ ആന്ധ്രായിലെത്തിയിരുന്നു. പിന്നീട് അത് വർഷത്തിൽ ഒരു പ്രാവശ്യമായി. പിന്നീട് കോവിഡിനു  ശേഷം അവർ ആന്ധ്രായിലേക്കുള്ള വരവ് നിർത്തി. മഠത്തിൽ ചേർന്നിട്ട് ഇപ്പോൾ 22 വർഷത്തോളമായി. 2001- ലായിരുന്നു മിണ്ടാമഠത്തിൽ ചേർന്നത്. അതിനു ശേഷം ഒൻപതു വർഷത്തെ പരിശീലന കാലഘട്ടം. 2010 -ലായിരുന്നു നിത്യവ്രതവാഗ്ദാനം. പിന്നീട് ഒൻപതു വർഷങ്ങൾക്കു ശേഷം ഇപ്പോൾ ആന്ധ്രായിലെ മിണ്ടാമഠത്തിലെ മദർ സുപ്പീരിയർ ആണ് സി. മരിയ.

“ഞാൻ മിണ്ടാമഠത്തിൽ ചേർന്നപ്പോൾ എന്റെ ഏകലക്ഷ്യം ഈശോയുടെ സാന്നിധ്യത്തിൽ ജീവിക്കുക എന്നതായിരുന്നു. എങ്ങനെ, കൂടുതൽ കൂടുതൽ ഈശോയുടെ സാന്നിധ്യത്തിൽ ജീവിക്കാം എന്നതിന്റെ കണ്ടെത്തൽ കൂടിയായിരുന്നു അത്. എന്റെ ജീവിതത്തിൽ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം വരെ ഞാൻ സിനിമകളൊക്കെ ധാരാളം കാണുന്ന ഒരാളായിരുന്നു. അതിനു ശേഷം ഒരു ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുത്തു. പിന്നീട് എല്ലാം നിർത്തി. അന്നു മുതൽ ഒരുപാട് ജപമാലയൊക്കെ ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം തന്നെ മുപ്പതു ജപമാല വരെയൊക്കെ ചൊല്ലിയിരുന്ന ദിവസങ്ങൾ അന്നുണ്ടായിരുന്നു. മഠത്തിൽ ചേരുന്നതു വരെ ഒഴിവുസമയമെല്ലാം അങ്ങനെ ചെയ്യുമായിരുന്നു. മഠത്തിൽ ചേർന്നതിനു ശേഷം ഈശോയോട് ഒരു സുഹൃത്തിനോടെന്നതുപോലെ എല്ലാ കാര്യവും സംസാരിക്കാൻ തുടങ്ങി. പിന്നീട്  ഉള്ളിലുള്ള ഈശോയുടെ സാന്നിധ്യത്തെ അനുഭവിക്കാൻ ആരംഭിച്ചു” – സിസ്റ്റർ തന്റെ ആത്മീയജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ച് പറയുന്നു.

സി. മരിയ അധികം സംസാരിക്കാത്ത ആളാണ്. അതിനാൽ തന്നെ മിണ്ടാമഠത്തിന്റെ നിശ്ശബ്ദതയൊന്നും വലിയ പ്രശ്‌നമായി തോന്നിയിട്ടില്ല. മിണ്ടാമഠത്തിലെ ജീവിതം സിസ്റ്റർ വളരെ ആനന്ദകരമായിട്ടാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. മിണ്ടാമഠത്തിൽ ചേരുന്നതിനു മുൻപ് മൂന്നു മാസം ഇവിടെ വന്നു ജീവിച്ച ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. ആ മൂന്നു മാസം ഇവിടെ വന്നു ജീവിച്ചപ്പോൾ സി. മരിയയുടെ ഉള്ളിന്റെയുള്ളിൽ തോന്നിയത് ഇപ്രകാരമായിരുന്നു: “ഞാൻ ജീവിതത്തിൽ ആഗ്രഹിച്ചതും ഇവിടെ കണ്ടതും ഒരുപോലെ. ജീവിതത്തിൽ സ്വപ്നം കണ്ടതും പ്രതീക്ഷച്ചതും ലഭിച്ച സംതൃപ്തിയായിരുന്നു എന്റെ മനസിൽ.” ആ വാക്കുകളിൽ മുഴുവൻ നിറഞ്ഞുനിന്നത് സന്തോഷവും സംതൃപ്തിയും മാത്രം!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.