എന്തിനാണ് എല്ലാ വര്‍ഷവും നോര്‍വേക്കാര്‍ ഇംഗ്ലണ്ടിന് ഒരു ക്രിസ്തുമസ് ട്രീ സമ്മാനമായി നല്‍കുന്നത്

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഓരോ ക്രിസ്തുമസും പകരുന്നത്. ആനന്ദത്തിന്റെ ഈ വേളയെ നന്ദിപ്രകാശനത്തിന്റെ അവസരമാക്കിമാറ്റുന്ന ഒരു രാജ്യമുണ്ട് – നോർവേ. എങ്ങനെയെന്നല്ലേ? കേട്ടോളൂ…

വളരെ ലളിതവും പരമ്പരാഗതവുമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്നവരാണ് നോർവേയിലെ ക്രിസ്ത്യാനികൾ. സന്തോഷത്തോടെ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതിനുള്ള അവസരമാണ് നോർവേക്കാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്. ക്രിസ്തുമസിനോടനുബന്ധിച്ച് നോർവേയിൽ നടക്കുന്ന ഒരു വലിയ ചടങ്ങുണ്ട്. അത് നോർവേയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക്  സമ്മാനമായി ക്രിസ്തുമസ് ട്രീ നൽകുക എന്നതാണ്.

എല്ലാവർഷവും നടത്തിവരുന്ന ഈ പതിവിനുപിന്നിൽ നന്ദിയുടേതായ ഒരു ഘടകമുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇംഗ്ലണ്ടിലെ ജനങ്ങൾ നോർവേയ്ക്കുനൽകിയ സഹായത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് ഓരോവർഷവും ഈ ട്രീ കൈമാറുന്നത്. 1947 മുതല്‍ ആരംഭിച്ച പതിവാണിത്.

50 – 60 വര്‍ഷംവരെ പ്രായമുള്ള, 20 മീറ്റര്‍ ഉയരമുള്ള പൈന്‍ മരമാണ് ക്രിസ്തുമസ് ട്രീയായി നല്‍കുന്നത്. ലണ്ടൻ നഗരത്തിന്റെ നടുവിലെ ട്രഫ്രൽഗാര്‍ സ്ക്വയറിൽ സ്ഥാപിക്കപ്പെടുന്ന അലംകൃതമായ ഈ ട്രീ കാണാൻ ആയിരക്കണക്കിന്‌ ആളുകളാണ് എത്തുന്നത്. പരമ്പരാഗതമായ രീതിയിലാണ്‌ നോർവേക്കാർ ക്രിസ്തുമസ് ട്രീ അലങ്കരിക്കുക. പേപ്പറുകൾകൊണ്ട് ഹൃദയത്തിന്റെ ആകൃതിയിൽ നിർമ്മിച്ച ബാസ്കറ്റുകൾ കൊണ്ടാണ് ട്രീ അലങ്കരികുന്നത്. 1860 -കളിൽ ആരംഭിച്ച ഈ രീതിക്കുപിറകിൽ, എഴുത്തുകാരനായ ക്രിസ്റ്റിൻ ആൻഡേഴ്സിന്റെ കരങ്ങളായിരുന്നു.

ക്രിസ്തുമസ് രാത്രികളിൽ ബൈബിൾ കഥാപാത്രങ്ങളുടെ വേഷംകെട്ടി കുട്ടികൾ കരോളിനിറങ്ങും. സമീപത്തുള്ള വീടുകളിൽകയറി ക്രിസ്തുമസ് ഗാനങ്ങൾ പാടുകയും ആശംസകൾ നേരുകയും ചെയ്യുന്ന കുട്ടികളുടെ കൈവശം മിക്കപ്പോഴും പേപ്പർനിർമ്മിതമായ നക്ഷത്രങ്ങൾ കാണാറുണ്ട്. ക്രിസ്തുമസ് രാത്രി മുതൽ പുതുവർഷം വരെയുള്ള രാത്രികളിൽ തിരികൾ തെളിക്കുക നോർവേക്കാരുടെയിടയിലെ മറ്റൊരു ആചാരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.