മരണമുറികളിൽ കരുണ നിറയ്ക്കുന്നവർ 

സി. നിമിഷ റോസ് CSN

ഈ അടുത്ത നാളുകളില്‍, വീട്ടുകാർ ഉപേക്ഷിച്ച കാൻസർ രോഗിയെ അവരുടെ പഞ്ചായത്ത് മെമ്പർ ഇവിടെ കൊണ്ടെത്തിച്ചു. ഞങ്ങളുടെ ഭവനത്തിൽ എത്തിയതിനുശേഷം അധികം വൈകാതെതന്നെ അദ്ദേഹം മരണമടഞ്ഞു. ഏറെ മനോഹരമായാണ് അദ്ദേഹത്തെ ഞങ്ങൾ ഒരുക്കിയത്. അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ച പഞ്ചായത്ത് മെമ്പർ ‘നിങ്ങളുടെ കയ്യിൽകിടന്നു മരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായല്ലോ’ എന്ന് പറഞ്ഞുകൊണ്ടാണ് കണ്ണുകൾ തുടച്ചത്. ഒരു മാസത്തിൽ അഞ്ചോ, ആറോ മരണങ്ങൾ ഇവിടെ സാധാരണമാണ്. മരണമുറികളിൽ കരുണ നിറയ്ക്കുന്ന കോട്ടയം ആർപ്പൂക്കരയിലുള്ള സെന്റ് ജോസഫ്സ് ഹോമിലെ സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ… 

ഈ ഭൂമിയിൽ ഒരാൾ പിന്നിടുന്ന അവസാന നിമിഷങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ആ മരണമുഖത്ത് ഒറ്റയ്ക്ക് നിൽക്കേണ്ടിവരുന്ന നിമിഷങ്ങളെ അഭിമുഖീകരിക്കാൻ ഒരാളെ ഒരുക്കാനാകുക എത്രവലിയ കാര്യമാണ്. അതും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരാളാണെങ്കിലോ? തീർച്ചയായും അവർ ആ മരണമുഖത്തു നിൽക്കുമ്പോൾ, തന്നെ ചേർത്തുപിടിച്ചവരെ ഓർക്കാതിരിക്കില്ല. ഒരുപക്ഷേ, അവർ ദൈവത്തെ മുഖാമുഖം കാണുന്ന ആ നിമിഷങ്ങളിൽ, അവസാന നിമിഷം തനിക്ക്  താങ്ങായ ആളുകളെക്കുറിച്ചായിരിക്കും ആദ്യം പറയുക. ഇങ്ങനെ ദൈവത്തിന്റെ അനേകം മക്കളെ നല്ല മരണത്തിനായൊരുക്കി ദൈവകരങ്ങളിൽ ഭരമേല്പിക്കുന്ന ഒരു ഭവനമുണ്ട് – ദൈവം തന്റെ പ്രിയപ്പെട്ടവരെ കൊണ്ടുപോകാൻ പതിവായെത്തുന്ന ആ ഇടമാണ് കോട്ടയം ആർപ്പൂക്കരയിലുള്ള സെന്റ് ജോസഫ്സ് ഹോം. 

സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്സ് നടത്തുന്ന ഈ ഭവനം അനേകം കാൻസർ രോഗികൾക്ക് ആശ്വാസവും സാന്ത്വനവും നൽകി നല്ല മരണത്തിനായി അവരെ ഒരുക്കുന്നു. സി. മേഴ്സിൻ, സി. അലോഷി, സി. ക്രിസ്പിൻ, സി. എൽസി മരിയ, സി. ജോസ്‌നി, സി. കൃപ, സി. റ്റോമിത, സി.മരിയ എന്നീ സന്യസിനിമാരാണ് ഇപ്പോള്‍ ഇവിടെ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നത്.

‘മരണവാറണ്ട്’ കിട്ടിയവർ 

‘വിദൂരത്തല്ലാത്ത സ്വന്തം മരണത്തിന്റെ കുറിപ്പടി’ കിട്ടിയവരാണ്  കാൻസർ രോഗത്തിന്റെ അവസാനഘട്ടങ്ങളിൽ എത്തിയവര്‍. അവർ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ എത്രയോ വലുതായിരിക്കും. അത്തരം രോഗികളെ സ്വന്തപ്പെട്ടവർകൂടി ഉപേക്ഷിച്ചാലോ? അവരുടെ വേദന അതിലും ആഴമുള്ളതായിരിക്കും. ഇങ്ങനെ മരണവാറണ്ട് ലഭിച്ച കാൻസർ രോഗികളാണ് സെന്റ് ജോസഫ്സ് ഹോമിലെ അംഗങ്ങൾ. അവസാനശ്വാസംവരെയും പൂർണ്ണബോധത്തോടെ കഴിയേണ്ടിവരുന്ന അവരുടെ സ്വപ്നം, എങ്ങനെയും മരണത്തെ അതിജീവിക്കുക എന്നതുതന്നെയാണ്. ജീവനും മരണത്തിനും ഭീതിപ്പെടുത്തുന്ന ഒറ്റപ്പെടലിനും നടുവിൽ കഴിയേണ്ടിവരുന്ന അനേകം രോഗികളെ ഇവിടെയുള്ള സന്യാസിനിമാരും ശുശ്രൂഷകരും തങ്ങളുടെ സ്വന്തം മക്കളെപ്പോലെ വലിയ കരുതലോടെയാണ് ശുശ്രൂഷിക്കുന്നത്.

വാഴ്ത്തപ്പെട്ട തൊമ്മിയച്ചന്റെ സ്വപ്നം 

“മരണത്തോട് അടുത്തവരെ നല്ല മരണത്തിനായി ഒരുക്കുക’ എന്നത് ഞങ്ങളുടെ സ്ഥാപകപിതാവായ, വാഴ്ത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചന്റെ ഒരു സ്വപ്നമായിരുന്നു” – സെന്റ് ജോസഫ്സ് ഹോമിന്റെ ഇപ്പോഴത്തെ ഡയറക്ടറായ സി. മേഴ്സിൻ പറഞ്ഞുതുടങ്ങി. “അച്ചന്റെ 50 -ാം ചരമവാർഷികദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് 1996 ഡിസംബർ 14 -ന് കാൻസർ രോഗികൾക്കായി ഞങ്ങൾ ഈ സ്ഥാപനം ആരംഭിക്കുന്നത്. ആദ്യം 15 പേരെ അധിവസിപ്പിക്കാവുന്ന സൗകര്യങ്ങളോടുകൂടി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 40 -ഓളം രോഗികളെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളിലേക്ക് വളരാൻ ദൈവം ഇടയാക്കി” എന്ന ആ സന്യാസിനിയുടെ വാക്കുകളിൽ, ഈ ഭവനത്തിന്റെ ആരംഭംമുതൽ കൂടുതൽ നാളുകൾ ഇവിടെ ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞതിന്റെ നിർവൃതിയുണ്ടായിരുന്നു.

അപ്പോഴും ആ സന്യാസിനി അടിവരയിട്ടുപറയുന്ന ഒരു കാര്യം ഇതാണ്, “ഈ ഭവനം കൂട്ടായ്മയുടെ ഒരു കൈകോർക്കലാണ്. സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെയും കോട്ടയം മെഡിക്കൽ കോളജിന്റെയും അനേകം ഉപകാരികളുടെയും ഗവൺമെന്റിന്റെയും വലിയ പിന്തുണയും ദൈവപരിപാലനയിലുള്ള ആശ്രയവുമാണ് ഇന്നും അനേകം കാൻസർ രോഗികൾക്ക് തീർത്തും സൗജന്യമായി ശുശ്രൂഷകൾ നിർവഹിക്കാൻ ഞങ്ങളെ സഹായിക്കുന്നത്.”

ആധാർ കാർഡും ഒരു ഫോട്ടോയും എടുക്കാനുണ്ടോ?

ആരോരുമില്ലാതെ ഇവിടെ എത്തിച്ചേരുന്ന മലയാളികളും അല്ലാത്തവരുമെല്ലാം ഇവരുടെ മക്കളാണ്. ഇവിടെയെത്തുന്നവരോട് സെന്റ് ജോസഫ്സ് ഹോമിലെ സന്യാസിനിമാർ അവരുടെ മതമേതെന്നോ, വിദ്യാഭ്യാസവും സാമ്പത്തികവും എത്രയുണ്ടെന്നോ തിരക്കാറില്ല. ആകെ ചോദിക്കുന്നത് ഇത്രമാത്രം, “ആധാർ കാർഡും ഒരു ഫോട്ടോയും എടുക്കാനുണ്ടോ?” കാൻസർ ആണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുംകൂടി ഇതിനൊപ്പം വേണം. ഇനി ആധാർ കാർഡില്ലെങ്കിലും രോഗിയുടെ ഫോട്ടോയെടുത്ത് പൊലീസ് സ്റ്റേഷനിൽ അറിയിച്ച് ഇവർ രോഗിയെ സ്വീകരിക്കും.

സെന്റ് ജോസഫ്സ് ഹോമിൽ നിന്നും ജീവിതത്തിലേക്കും മരണത്തിലേക്കും യാത്രയായവർ ആരുംതന്നെ ഇതുവരെ വേദനയോടെ ഇവിടെനിന്നും പോയിട്ടില്ല.

കൂപ്പുകൈകളോടെ യാത്രപറയുന്നവർ

ഇവിടെ എത്തുന്നവരിൽ അധികംപേരും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ളവരാണ്. ആരോരുമില്ലാത്തവരും വീട്ടുകാർ ഉപേക്ഷിച്ചവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഗുരുതരമായ കാൻസർ രോഗത്തിനിരയായ ഇവരിൽ പലരും സെന്റ് ജോസഫ്സ് ഹോമിലെത്തി അധികം വൈകാതെതന്നെ മരണമടയുന്നവരാണ്. ഒരു മാസത്തിൽ അഞ്ചോ, ആറോ മരണങ്ങൾ ഇവിടെ സാധാരണമാണ്.

“ഈ ദിവസങ്ങളിൽ വീട്ടുകാർ ഉപേക്ഷിച്ച കാൻസർ രോഗിയെ അവരുടെ പഞ്ചായത്ത് മെമ്പർ ഇവിടെ കൊണ്ടെത്തിച്ചു. ഞങ്ങളുടെ ഭവനത്തിൽ എത്തിയതിനുശേഷം അധികം വൈകാതെതന്നെ അദ്ദേഹം മരണമടഞ്ഞു. ഏറെ മനോഹരമായാണ് അദ്ദേഹത്തെ ഞങ്ങൾ ഒരുക്കിയത്. അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ച പഞ്ചായത്ത് മെമ്പർ, ‘നിങ്ങളുടെ കയ്യിൽകിടന്നു മരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായല്ലോ’ എന്ന് പറഞ്ഞുകൊണ്ടാണ് കണ്ണുകൾ തുടച്ചത്. കാരണം, അത്രയും മനോഹരമായാണ് ആ സന്യാസിനിമാർ അദ്ദേഹത്തെ ഒരുക്കിയത്. പല സാഹചര്യങ്ങളിലൂടെ ഇവിടെ എത്തിപ്പെടുന്നവർ എല്ലാവരുംതന്നെ വലിയ സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്. അവസാനശ്വാസം വരെയും അവർക്കുവേണ്ടതെല്ലാം നൽകാൻ ഇവിടുത്തെ സന്യാസിനിമാർ സന്നദ്ധരാണ്.

“ഇവിടെനിന്ന് മരണത്തിലേക്കും ജീവിതത്തിലേക്കും യാത്രയാകുന്നവർ കൂപ്പുകൈകളോടെ നന്ദിപറഞ്ഞാണ് പടിയിറങ്ങിയിട്ടുള്ളത്. പണത്തേക്കാൾ ഞങ്ങൾ വിലപ്പെട്ടതായി കരുതുന്നത് ഇവരുടെ നന്ദിനിറഞ്ഞ ഹൃദയമാണ്. അതാണ് ഞങ്ങളുടെ മൂലധനം” – സി. മേഴ്സിൻ പങ്കുവച്ചു.

“ഇല്ലമ്മേ, എനിക്ക് മരിക്കണ്ട…” 

“മരണത്തിന്റെ അവസാന നിമിഷംവരെയും ജീവിക്കാൻ കൊതിക്കുന്ന ഒരുപാട് മക്കൾ ഞങ്ങളുടെ കരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. മരണം എന്ന യാഥാർഥ്യത്തെ മനസ്സിലാക്കിക്കൊടുത്തുകൊണ്ട് മരണത്തിനായി അവരെ ഒരുക്കുക എന്നത് ഏറെ ഹൃദയഭേദകമായ കാര്യമാണ്” എന്നു പറഞ്ഞുകൊണ്ട് സി. മേഴ്സിൻ ഒരനുഭവം പങ്കുവച്ചത് ഇപ്രകാരമാണ്:

“34 -കാരനായ ആൻഡ്രൂസ്‌, ലങ് കാൻസറിന്റെ അവസാനഘട്ടത്തിലാണ് ഇവിടെയെത്തുന്നത്. ആ ചെറുപ്പക്കാരന് ഇനിയും കൂടുതൽകാലം ജീവിക്കണമെന്ന ആഗ്രഹമായിരുന്നു ഓരോ നിമിഷത്തിലും. രോഗത്തിന്റെ ക്ലേശങ്ങൾ ഏറിയിരുന്ന സന്ദർഭങ്ങളിൽപോലും ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അവൻ. ആൻഡ്രൂസിനെ ശുശ്രൂഷിക്കുമ്പോഴൊക്കെ മരണത്തെക്കുറിച്ച് ഒരോർമ്മ നൽകാൻ ഞാൻ അവനോട് ഇങ്ങനെ പറയുമായിരുന്നു: ‘ആൻഡ്രൂസേ, എനിക്കൊരു നല്ല മരണം തരണേ എന്ന് പ്രാർഥിക്കണേ.’ അത് കേൾക്കുന്നതും ആൻഡ്രൂസ്‌ പറയും: ‘ഇല്ലമ്മേ, എനിക്ക് മരിക്കണ്ട. എനിക്കിപ്പോൾ മരിക്കാൻ ഇഷ്ടമില്ല. അമ്മേ, എനിക്കു ജീവിക്കണം.’ ഇതുപോലെ ജീവനും മരണത്തിനുമിടയിലെ ദിനങ്ങളിൽ, ജീവിക്കാൻ കൊതിക്കുന്ന ഒരുപാട് ജീവിതങ്ങളെ ഇവിടെയുള്ള സന്യാസിനിമാർ നല്ല മരണത്തിനായി ഒരുക്കിയിട്ടുണ്ട്.

“സിസ്റ്ററേ, നിങ്ങൾ പൂജിക്കുന്ന ദൈവമാണ് ദൈവം” 

കർത്താവിന്റെ കരുണയുടെ മുഖമുള്ള ഈ സന്യാസിനിമാരുടെ ശുശ്രൂഷകളിൽ ക്രിസ്തുവിനെ കണ്ടവരും ഇക്കൂട്ടത്തിലുണ്ട്. ഒരിക്കൽ കാൻസർബാധിതനായ ഒരു നമ്പൂതിരി കോട്ടയം മെഡിക്കൽ കോളേജ് വഴി സെന്റ് ജോസഫ്സ് ഹോമിലെത്തി. അദ്ദേഹത്തിന് കുടുംബവും ഒരു മകളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണാനോ, അന്വേഷിക്കാനോ അവർ വന്നിരുന്നില്ല. അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്ന സി. മേഴ്സിനോട് ഒരു ദിവസം അദ്ദേഹം പറഞ്ഞു: “സിസ്റ്ററേ, നിങ്ങൾ പൂജിക്കുന്ന ദൈവമാണ് ദൈവം. ഇതിനപ്പുറം ഒരു ദൈവമില്ല. കാരണം, ചീഞ്ഞളിഞ്ഞ ഈ എന്നെ ഇത്ര സ്നേഹത്തോടെ ശുശ്രൂഷിക്കാമെങ്കിൽ ആ ദൈവം വലിയ ശക്തിയാണ് സിസ്റ്റർ.”

ക്രിസ്തുവിനെക്കുറിച്ചോ, ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചോ ആ സന്യാസിനിമാർ പങ്കുവയ്ക്കാതിരുന്നിട്ടുകൂടി അവരുടെ ജീവിതവും ശുശ്രൂഷകളുംകണ്ട് ആ നമ്പൂതിരി ക്രിസ്ത്യാനിയാകാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കോട്ടയത്തുള്ള മുടിയൂർക്കരപ്പള്ളിയിൽ പോയി മാമ്മോദീസാ സ്വീകരിച്ചു. മാമ്മോദീസാ സ്വീകരിച്ചതിന്റെ പിറ്റേദിവസമാണ് അദ്ദേഹം മരണമടയുന്നത്.

ഇത് മരിക്കുന്നതിനുമുമ്പുള്ള മോർച്ചറിയല്ല

“ഇത് മരിക്കുന്നതിനുമുമ്പുള്ള മോർച്ചറിയല്ല എന്ന്, ഇവിടെ ആദ്യകാലങ്ങളിൽ ജോലിചെയ്തിരുന്ന ഒരു ഡോക്ടർ പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ടുതന്നെ സാന്ത്വനപരിചരണം എന്ന വിഭാഗത്തിൽ, പ്രത്യേകിച്ച് ചികിത്സകളൊന്നുമില്ലാതെ ഇവിടെ ആരും കഴിയുന്നില്ല. ഓരോരുത്തർക്കും വേണ്ടചികിത്സകൾ കൃത്യമായി ഞങ്ങൾ നൽകുന്നു” – സി. മേഴ്‌സിൻ പങ്കുവയ്ക്കുന്നു.

സ്വന്തം മക്കളെപ്പോലെ ഇവിടെയുള്ള ഓരോ രോഗിക്കുംവേണ്ടി ശുശ്രൂഷ ചെയ്യുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ രോഗിയും വലിയ സംതൃപ്തിയുള്ളവരാണ്. വളരെ കൃത്യമായും വെടിപ്പോടുംകൂടി ഇവിടുത്തെ ഓരോ രോഗിയുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞുചെയ്യാൻ ഇവിടുത്തെ സന്യാസിനിമാരും ശുശ്രൂഷകരും ബദ്ധശ്രദ്ധരാണ്.

എല്ലാ രോഗികളെയും ദിവസവും കുളിപ്പിക്കും. അവരുടെ വസ്ത്രങ്ങളും ബെഡ് ഷീറ്റും ദിവസവും മാറ്റും. ഒരു ആശുപത്രിയിലെന്നപോലെ കൃത്യമായി ഓരോ രോഗിക്കും ഇവിടെ പ്രത്യേക പരിചരണം നൽകുന്നു. വ്യത്യസ്ത തരത്തിലുള്ള കാൻസർ ബാധിതരായതുകൊണ്ടുതന്നെ അവർക്ക് കഴിക്കാവുന്ന ഭക്ഷണവും വ്യത്യസ്തമാണ്. എങ്കിലും ഓരോ നേരവും ഓരോരുത്തർക്കും ആവശ്യമായ ഭക്ഷണത്തെക്കുറിച്ച് അന്വേഷിച്ചതിനുശേഷം ഓരോരുത്തർക്കും ഭക്ഷണം എത്തിച്ചുകൊടുക്കാൻ ഇവർ പുലർത്തുന്ന ആത്മാർഥത വളരെ വലുതാണ്. മരിക്കുന്ന അവസാന നിമിഷംവരെയും ഇവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നതിൽ ഇവിടെയുള്ളവർക്ക് മടുപ്പില്ല എന്നത് ഇവിടത്തെ രോഗികളുടെയും അനുഭവമാണ്.

രക്തബന്ധങ്ങൾ നൽകുന്ന ആശ്വാസം

“എത്രയൊക്കെ പരിചരിച്ചാലും വേണ്ടതെല്ലാം നല്കിയാലും സ്വന്തപ്പെട്ടവരുടെ സാമീപ്യം നൽകുന്ന ആശ്വാസത്തോളം ഒന്നുംവരില്ല. രോഗത്തിന്റെയും ഉപേക്ഷിക്കപ്പെട്ടതിന്റെയും കടുത്ത ഒറ്റപ്പെടലിൽ ഉറ്റവരെ കാണാൻ കൊതിക്കുന്ന അനേകർ ഈ സ്ഥാപനത്തിലൂടെ വന്നുപോയിട്ടുണ്ട്. സ്വന്തക്കാരുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവിൽ നിർവൃതിയോടെ മരണമടഞ്ഞ ഒത്തിരി അനുഭവങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് രോഗികൾ എത്ര അവശരാണെങ്കിലും വീട്ടുകാർ ആരുവന്നാലും അവരെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും ഞങ്ങൾ അനുവദിക്കും” എന്ന് പറഞ്ഞുകൊണ്ട് ആ സന്യാസിനി ഒരുപാട് അനുഭവങ്ങൾ പങ്കുവച്ചു. ആരുമില്ലാതെ ഇവിടെയെത്തുന്ന രോഗികളിൽനിന്നും ഫോൺ നമ്പർ ചോദിച്ചും കാര്യങ്ങൾ തിരക്കിയും എങ്ങിനെയും വീട്ടുകാരെ അറിയിക്കാൻ ഇവർ പ്രത്യേകം പരിശ്രമിക്കുന്നു.

ഒരിക്കൽ ഇരുപത്തിയേഴുകാരനായ അനീഷ് എന്ന ഒരു ചെറുപ്പക്കാരൻ, പാൻക്രിയാസ് കാൻസറിന്റെ അവസാനഘട്ടത്തിലാണ് മെഡിക്കൽ കോളേജിൽനിന്നും ഇവിടെ എത്തിച്ചേരുന്നത്. ഈ ചെറുപ്പക്കാരൻ പറഞ്ഞതനുസരിച്ച് അവന്റെ അമ്മയെ വിളിച്ച് അന്വേഷിച്ചപ്പോൾ ‘എനിക്കിങ്ങനെ ഒരു മകനുമില്ല; എനിക്കവനെ കാണുകയുംവേണ്ട’ എന്നായിരുന്നു അമ്മയുടെ ആദ്യമറുപടി. എന്നാൽ ആ ചെറുപ്പക്കാരന്റെ ആഗ്രഹമറിഞ്ഞ് ഈ സന്യാസിനിമാർ അമ്മയെ പലതവണ വിളിച്ചു. ഒടുവിൽ അവർ വരാമെന്നു സമ്മതിച്ച വിവരം ആ ചെറുപ്പക്കാരനെ അറിയിച്ചു.

അമ്മ കാണാൻവന്ന ദിവസത്തെക്കുറിച്ച് സിസ്റ്റർ പറയുന്നത് ഇപ്രകാരമായിരുന്നു: “അന്നവന് പതിവിൽകവിഞ്ഞ സന്തോഷമായിരുന്നു. നേരത്തെ കുളിച്ചൊരുങ്ങി, അമ്മയ്ക്ക് ഇഷ്ടമുള്ളതുപോലെ മുടിചീകി അമ്മയെ കാത്തിരിക്കുകയായിരുന്നു. ആ കൂടിക്കാഴ്ചയും കണ്ടുനിൽക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.”

ഗൾഫിൽ ജോലിചെയ്തിരുന്ന റിട്ടയേർഡ് നഴ്‌സായ അമ്മയും അവന്റെ സഹോദരനുമാണ് അന്ന് അവനെ കാണാൻവന്നത്. ഒരുദിവസം അവർ അവനോടൊപ്പം ചെലവഴിച്ചു തിരിച്ചുപോയി. അതിന് രണ്ടുദിവസങ്ങൾക്കുശേഷമാണ് ആ ചെറുപ്പക്കാരൻ മരണമടയുന്നത്.

“രണ്ടുതരത്തിലുള്ള കാൻസർ ബാധിച്ചാണ് സാലി ഇവിടെയെത്തിയത്. തീരെ അവശയാണെങ്കിലും ജീവിക്കുമെന്ന പ്രതീക്ഷയും വീട്ടിൽ പോകണമെന്ന ആഗ്രഹവുമായിരുന്നു ആ സ്ത്രീക്ക്. ക്രിസ്തുമസ്സിന് വീട്ടിൽ പോകണം എന്ന ആഗ്രഹം കൂടെക്കൂടെ എന്നോടു പറഞ്ഞപ്പോൾ, കൊണ്ടുപോകാം എന്ന ഉറപ്പുംനൽകി. രണ്ട് ആണ്മക്കളും കൂടെവേണം എന്ന അതിയായ ആഗ്രഹം കാരണം ഞങ്ങൾ അവരെ ക്രിസ്തുമസ്സ് ദിവസം വിളിച്ചുവരുത്തി. അവരെ കണ്ടതിന്റെ ആനന്ദമായിരുന്നു അവളുടെ മുഖത്ത്. മക്കളോടൊപ്പം ഏറെനേരം ചെലവഴിച്ച സാലി ഒരുമകന്റെ മടിയിൽക്കിടന്നാണ് മരിക്കുന്നത്. മറ്റേ മകൻ തൊട്ടടുത്തും ഇരിപ്പുണ്ടായിരുന്നു.”

അറിയപ്പെടുന്ന ഒരു കുടിയന്റെ സുവിശേഷവേല

ടോം എന്നയാള്‍ ഇവിടെയെത്തുന്നത് ലങ് കാൻസറായിട്ടാണ്. അറിയപ്പെടുന്ന ഒരു കുടിയനായിരുന്ന ടോമിന് മാതാപിതാക്കളില്ല. മദ്യപിച്ചുനടക്കുന്നതുമൂലം സഹോദരൻ മറ്റൊരിടത്താണ് താമസം. ആരോരുമില്ലാതെ, രോഗബാധിതനായി ടോം ഇവിടെ എത്തുമ്പോൾ ഏറെ അവശനായിരുന്നു. ഇവിടെ വന്നതിനുശേഷമാണ് കീമോയും മറ്റു ചികിത്സകളുംവഴി ടോമിന്റെ രോഗം ഭേദപ്പെട്ടത്. ഒടുവിൽ ഇവിടെനിന്നും സ്വന്തം നാട്ടിലെത്തിയതിനുശേഷം അദ്ദേഹം നാടുമുഴുവൻ സെന്റ് ജോസഫ്സ് ഹോമിനെക്കുറിച്ചും ഇവിടത്തെ ശുശ്രൂഷകളെക്കുറിച്ചും അനേകരോട് പങ്കുവച്ചു. “അങ്ങനെ ടോമിലൂടെ ആ നാട്ടിലെ പല യുവാക്കളും ഇവിടെവന്നു, ഇടവകക്കാർ വന്നു. സെന്റ് ജോസഫ്സ് ഹോം ടോമിലൂടെ ആ നാട് മുഴുവനും അറിയപ്പെട്ടു. അവിടെ നിന്നും കെട്ടുകണക്കിന് തുണികൾ ഇവിടെയെത്തി. പല ദിവസങ്ങളിലായി കപ്പയായും കപ്പളങ്ങയായും വണ്ടികൾ വരാൻതുടങ്ങി. ഇവിടെയുള്ള രോഗികളുടെ മുറികളിലിടാനുള്ള കലണ്ടറുകളും ആ നാട്ടില്‍നിന്നും കിട്ടിയതാണ്” – സി. മേഴ്‌സിൻ പങ്കുവച്ചു.

യുവഹൃദയങ്ങളെ സ്വാധീനിച്ച ശുശ്രൂഷകൾ

“ഹലോ, മേഴ്സിൻ സിസ്റ്ററാണോ? ഞാൻ ഗൾഫ് കൺട്രീസിൽ ചാർറ്റേർഡ് അക്കൗണ്ടന്റായി ജോലിചെയ്യുകയാണ്. പക്ഷേ, ഞാൻ ഏതു രാജ്യത്തുപോയാലും എവിടെയായിരുന്നാലും അവിടെയുള്ള പാവങ്ങളിലേക്ക് എന്റെ കണ്ണും കയ്യും തുറക്കാറുണ്ട്. അതിന് എന്നെ സഹായിച്ചത് സെന്റ് ജോസഫ്സ് ഹോമാണ്. അതുകൊണ്ട് ഞാനൊരിക്കലും നിങ്ങളെ മറക്കില്ല” – കട്ടപ്പനക്കാരനായ ഒരു യുവാവിന്റെ വാക്കുകളായിരുന്നു ഇത്. “ഈ വാക്കുകൾ ഇന്നുവരെയും എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല. അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആ ഫോണിന്റെ അരികിലിരുന്ന് കരഞ്ഞുപോയി” – സി.മേഴ്സിൻ പങ്കുവച്ചു.

യുവജനങ്ങളുടെ ഹൃദയത്തിൽ ഒരു നന്മ വന്നാൽ അത് ഈ ലോകം മുഴുവനെയും സ്വാധീനിക്കും. അവർ അത് പണമായും ആരോഗ്യമായും സേവനമായും കഴിവായും സമയമായും പങ്കുവയ്ക്കാൻ സന്നദ്ധരാണ് എന്നാണ് സിസ്റ്ററിന്റെ അനുഭവം.

ഒരിക്കൽ സ്കൂളിൽ നിന്നുമെത്തിയ കുട്ടികൾ ഇവിടത്തെ പ്രവർത്തനങ്ങൾകണ്ട് പ്രചോദിതരായി അവരുടെ വീടിന്റെ ചുറ്റുപാടുമുള്ള വിവിധ വീടുകളിൽ കയറിയിറങ്ങി സെന്റ് ജോസഫ്സ് ഹോമിലെ ശുശ്രൂഷയ്ക്കായി പണം ശേഖരിച്ചു. ഒരു രൂപ തുട്ടു മുതൽ അവർ ശേഖരിച്ച പണം ഏകദേശം 2000 രൂപയോളം ഉണ്ടായിരുന്നു. ഇവിടെയുള്ള രോഗികൾക്കായി ആ കുട്ടികൾ തങ്ങൾ സ്വരൂപിച്ച പണം ഇവിടെ കൊണ്ടുവന്നപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. കാരണം, ആരും പറയാതെതന്നെ ഇവിടത്തെ പ്രവർത്തനങ്ങൾ ഒരുപാട് യുവഹൃദയങ്ങളെ സ്വാധീനിക്കുന്നെന്നും അവരെ പരസ്നേഹപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും ഹൃദയവും നിറഞ്ഞു.

മൃതസംസ്കാര ശുശ്രൂഷകളും ഞങ്ങൾ തന്നെ നടത്തും

“ഇവിടെ മരണമടയുന്നവരിൽ, വീട്ടുകാർ കൊണ്ടുപോകാത്ത എല്ലാ രോഗികളുടെയും മൃതസംസ്കാര ശുശ്രൂഷകൾ നടത്തുന്നതും ഞങ്ങൾ തന്നെയാണ്. ഇവിടെയുള്ള സെമിത്തേരിയിലാണ് ഞങ്ങൾ അവരെ സംസ്കരിക്കുന്നത്. ക്രൈസ്തവരാണ് മരണമടയുന്നതെങ്കിൽ അവരുടെ സംസ്കാരപ്രാർഥനാശുശ്രൂഷകൾ നടത്താൻ ഒരു പുരോഹിതനെ വിളിക്കാറുണ്ട്. മറ്റുള്ള രോഗികൾ മരണമടഞ്ഞാൽ അവരെ മനോഹരമായി ഒരുക്കിയതിനുശേഷം മരണമടഞ്ഞവർക്കുള്ള അവസാന പ്രാർഥനകൾചൊല്ലി ഞങ്ങൾതന്നെ അവരെ അടക്കംചെയ്യും. സാധാരണയായി ഒരു മരപ്പലകയിൽ വെളളത്തുണി വിരിച്ച് അതിൽ കിടത്തിയാണ് സെമിത്തേരിവരെ എടുത്തുകൊണ്ടു പോകുന്നത്” – സി. മേഴ്സിൻ ലൈഫ് ഡേയോടു പറഞ്ഞു.

ഇതിനോടകം ആയിരത്തിലേറെ ആളുകൾ ഇവിടെ മരണമടഞ്ഞിട്ടുണ്ട്. ഗവൺമെന്റിന്റെ അംഗീകാരം ഉള്ളതുകൊണ്ടുതന്നെ ഇവിടെ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്നതിനുള്ള അനുവാദവുമുണ്ട്. ആരോരുമില്ലാതെ അനേകം രോഗികളെയാണ് ഏറെ സ്നേഹപൂർവം ശുശ്രൂഷിച്ചുകൊണ്ട് സമാധാനത്തോടെയുള്ള മരണത്തിനായി ഒരുക്കുന്നത്.

സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺഗ്രിഗേഷൻ (SJC)

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹം (SJC) 1928 ജൂലൈ മൂന്നിനാണ് ആരംഭിക്കുന്നത്. കോട്ടയത്തുള്ള ജനറലേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്.ജെ.സി സന്യാസിനീ സമൂഹം കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഒരു സന്യാസിനീ സമൂഹമാണ്. വി. യൗസേപ്പിതാവിനെ അനുകരിച്ച് സ്നേഹശുശ്രൂഷയിലൂടെ ദൈവമഹത്വത്തിനായി സ്വയം സമർപ്പിച്ചിരിക്കുന്ന നാനൂറോളം സന്യാസിനിമാർ ഈ സമൂഹത്തിലുണ്ട്.

കാരുണ്യമുള്ള ക്രിസ്തുവിന്റെ ഹൃദയത്തോടെ വികലാംഗരായവർക്ക് സംരക്ഷണവും പരിചരണവും നൽകുന്ന എസ്.ജെ.സി. സന്യാസിനിമാർ ഇന്ന് കാൻസർ രോഗികൾക്കുള്ള ഭവനങ്ങളിലൂടെയും എച്ച്‌.ഐ.വി രോഗികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങളിലൂടെയും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലൂടെയും സ്കൂളുകൾ ആശുപത്രികൾ, ഹോസ്റ്റലുകൾ, പാരിഷ് മിനിസ്ട്രി എന്നീ മേഖലകളിലൂടെയും ക്രിസ്തുവിന്റെ കരുണാർദ്രസ്നേഹം പങ്കുവയ്ക്കുന്നു. സമൂഹം മാറ്റിനിർത്തുന്ന മാരകരോഗികളെയും വൈകല്യങ്ങളുള്ളവരെയും സംരക്ഷിക്കുന്നതിനും പരിചരിക്കുന്നതിനുമായി കേരളത്തിനകത്തും പുറത്തുമായി വിവിധ ഭവനങ്ങളിൽ ഈ സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നു.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.