ബുർക്കിന ഫാസോയിലെ ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ഒരു വൈദികൻ

ഇവിടെ വൈദികർ പതിവായി കൊല്ലപ്പെടുന്നു. ക്രിസ്ത്യൻ പെൺകുട്ടികൾ തട്ടിക്കൊണ്ടു പോകപ്പെടുന്നു. ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സ്കൂളുകൾ ലക്ഷ്യമിടുന്നു. ബുർക്കിന ഫാസോയിൽ രൂക്ഷമാകുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് ഫാ. വെൻസെസ്ലാവോ ബെലെം വെളിപ്പെടുത്തുന്നു.

‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എസിഎൻ) സംഘടിപ്പിച്ച പരിപാടിയിൽ, ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവപീഡനത്തിന്റെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു. ബുർക്കിന ഫാസോയിലെ ഫാ. വെൻസെസ്‌ലാവോ ബെലെം, ഇസ്ലാമിക തീവ്രവാദികളുടെ ഉപദ്രവങ്ങൾ, തട്ടിക്കൊണ്ടു പോകൽ, ആക്രമണങ്ങൾ എന്നിവയെപ്പറ്റി പങ്കുവയ്ക്കുകയാണ്.

ബുർക്കിന ഫാസോയിൽ ക്രൈസ്തവർ നിരന്തരമായ അക്രമഭീഷണിയിലും സ്വാതന്ത്ര്യമില്ലായ്മയിലുമാണ് ജീവിക്കുന്നത്. ബുർക്കിന ഫാസോയിലെ ദേവാലയങ്ങൾ, പെട്ടെന്നുള്ള ആക്രമണത്തിന് ഇരയാകാതിരിക്കാൻ ശുശ്രൂഷകൾക്കിടയിൽ കാവൽ ഏർപ്പെടുത്തണമെന്ന് വൈദികൻ ആവശ്യപ്പെട്ടു. അതുപോലെ, തട്ടിക്കൊണ്ടു പോകൽ ഒഴിവാക്കാൻ, ക്രിസ്ത്യൻ പെൺകുട്ടികൾ സ്‌കൂളിലേക്കുള്ള അവരുടെ യാത്രകളിൽ മുഖം മൂടിയിരിക്കണം. കൂടാതെ, കത്തോലിക്കാ നഴ്‌സുമാർ രോഗികളെ ചികിത്സിക്കാൻ ഗ്രാമങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് മുസ്ലീം വേഷം ധരിക്കണം. ക്രിസ്ത്യൻ സ്‌കൂളുകളിലാണ് തീവ്രവാദികൾ കൂടുതലായും ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നത്.

“ഭീകരതയുടെ തുടക്കം മുതൽ രണ്ടായിരത്തിലധികം ക്രൈസ്തവ സ്‌കൂളുകൾ അടച്ചുപൂട്ടി. അവർ കത്തോലിക്കാ സ്കൂളുകളെ ആക്രമിക്കുകയും അവയെ ഖുറാനിക് സ്കൂളുകളാക്കി മാറ്റുകയും ചെയ്യുന്നു. ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് മതബോധന അധ്യാപകർ, വൈദികർ, അത്മായർ എന്നിവരെ കൊല്ലുകയോ, തട്ടിക്കൊണ്ടു പോകുകയോ ചെയ്യുന്നു. മതം നോക്കാതെ സ്ത്രീകൾ മുഴുവൻ ബുർഖ ധരിക്കാൻ നിർബന്ധിക്കപ്പെടുന്നു” – ഫാ. വെൻസെസ്ലാവോ പറയുന്നു.

ശക്തമായ ക്രിസ്ത്യൻ സാന്നിധ്യമുള്ള ഗ്രാമങ്ങളിലേക്കുള്ള വഴികളിൽ ചില തീവ്രവാദ ഗ്രൂപ്പുകൾ കുഴിബോംബുകൾ സ്ഥാപിക്കാറുണ്ട്. സഹായങ്ങൾ എത്തുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. പുരോഹിതന്മാർ അത്തരം പ്രദേശങ്ങളിലേക്ക് പോകുന്നതിനു മുമ്പ് പ്രാർത്ഥിക്കുകയും കുമ്പസാരിക്കുകയും തിരിച്ചുവരുമോ എന്നറിയാത്ത സാഹചര്യത്തിൽ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

ക്രിസ്ത്യൻ പുരോഹിതന്മാർക്ക് യാത്രക്കിടെ അപകടങ്ങൾ ഉണ്ടാവുക ഇവിടെ പതിവാണ്. വൈദികർ അവരുടെ ഇടവകകളിൽ വച്ചും ആക്രമിക്കപ്പെടുന്നു. 2023 ജനുവരിയിൽ കൊല്ലപ്പെട്ട ഫാ. ജാക്വസ് യാരോ സെർബോയുടെ കാര്യം അദ്ദേഹം അനുസ്മരിച്ചു. ശവസംസ്കാര ചടങ്ങുകൾക്കായി ഒരു ഗ്രാമത്തിലേക്ക് കാറിൽ പോവുകയായിരുന്ന ഫാ. സെർബോയെ ഭീകരർ തടഞ്ഞുനിർത്തി അദ്ദേഹത്തിന്റെ കാർ അപഹരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ ചാപ്പലിനു സമീപമാണ് കൊലപാതകം നടന്നത്.

നിയമപരമായി യാതൊരു സഹായവുമില്ലാതെ, ബുർക്കിന ഫാസോയിലെ ക്രിസ്ത്യാനികൾക്ക് സ്വയം പ്രതിരോധിക്കാനുള്ള ഏക ആയുധം പ്രാർത്ഥനയും സമാധാനത്തിന്റെ ചൈതന്യവുമാണെന്ന് ഫാ. ബെലെം പറയുന്നു. “ദൈവത്തിൽ എപ്പോഴും രക്ഷയുണ്ട്. നമ്മുടെ അദൃശ്യവും എന്നാൽ വളരെ ഫലപ്രദവുമായ ആയുധം പ്രാർത്ഥന, കൂദാശകൾ, വിശുദ്ധ കുർബാന, ജപമാല എന്നിവയാണ്” – വൈദികൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.