മൊസാംബിക്കിൽ കൊല്ലപ്പെട്ട ബിഷപ്പ് അഫോൺസോ, സമാധാനത്തിനായി നിലകൊണ്ട ഇടയൻ

മൊസാംബിക്കിലെ കെലിമാൻ (Quelimane) രൂപത ബിഷപ്പ് ഒസോറിയോ സിറ്റോറ അഫോൺസോയെ (54) ജൂൺ ആറിന് പുലർച്ചെയുണ്ടായ വെടിവെപ്പിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് മൊസാംബിക്കിലെ ക്രൈസ്തവ സമൂഹം. കെലിമാൻ രൂപതയുടെ നാലാമത്തെ ബിഷപ്പായ അദ്ദേഹം വെടിയേറ്റ മുറിവുകളെത്തുടർന്നാണ് വസതിയിൽ വച്ച് മരണപ്പെട്ടതെന്ന് മൊസാംബിക്കിലെ സാംബേസിയ പ്രവിശ്യയിലെ നാഷണൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് (SERNIC) സ്ഥിരീകരിച്ചു.

SERNIC വക്താവ് മാക്സിമിനോ അമിൽകാർ നൽകിയ വിവരങ്ങൾ പ്രകാരം, ശനിയാഴ്ച പുലർച്ചെ ഒരു കൂട്ടം അക്രമികൾ ബിഷപ്പിന്റെ വസതിയിൽ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ബിഷപ്പ് അഫോൺസോയുടെ നെഞ്ചിലാണ് വെടിയേറ്റത്. “കേസിന്റെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ബിഷപ്പ് അഫോൺസോ അസ്വാഭാവികമായ സാഹചര്യങ്ങളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്നും ഇത് വ്യക്തമാകേണ്ടതുണ്ടെന്നും മൊസാംബിക് എപ്പിസ്കോപ്പൽ കോൺഫറൻസ് (CEM) പ്രസിഡന്റും നമ്പൂല അതിരൂപത ആർച്ച് ബിഷപ്പുമായ ഇനാസിയോ സൗറെ അറിയിച്ചു. കെലിമാൻ രൂപതയിലെ കോളേജ് ഓഫ് കൺസൾട്ടേഴ്‌സ് അംഗങ്ങളും അതീവ ദുഃഖത്തോടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ആത്മീയ ജീവിതവും ശുശ്രൂഷകളും

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC) കിൻഷാസ അതിരൂപതയിലുള്ള സെന്റ് യൂജിൻ മസെനോഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് വൈദികപഠനം പൂർത്തിയാക്കിയ ബിഷപ്പ് അഫോൺസോ 2002 നവംബറിലാണ് പൗരോഹിത്യം സ്വീകരിച്ചത്. ഒരു വൈദികൻ എന്ന നിലയിൽ അദ്ദേഹം ഇടവക വികാരി, കിൻഷാസ അതിരൂപതയുടെ സാമ്പത്തിക കാര്യ ചുമതലക്കാരൻ (Bursar), സെമിനാരി ഫോർമേറ്റർ, കോംഗോയിലെ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിലെ പ്രാദേശിക സഹകാരി തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

2017 ൽ വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയിൽ (Dicastery for Evangelization) ഉദ്യോഗസ്ഥനായി നിയമിതനായി. 2023 സെപ്റ്റംബറിൽ മാപുട്ടോ കത്തോലിക്കാ അതിരൂപതയുടെ സഹായ മെത്രാനായി. 2024 ജനുവരി 28-ന് ലൂയിസ് അന്റോണിയോ കർദിനാൾ ടാഗ്ലെയിൽ നിന്ന് ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് 2025 ജൂലൈയിൽ കെലിമാൻ രൂപതയുടെ മെത്രാനായി ചുമതലയേറ്റു. 2026 ൽ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഡല്ല സുവാന്ന രാജിവെച്ചതിനെ തുടർന്ന് ബെയ്‌റ കത്തോലിക്കാ അതിരൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ബിഷപ്പ് അഫോൺസോയുടെ വിയോഗത്തിൽ മൊസാംബിക് പ്രസിഡന്റ് ഡാനിയൽ ചാപ്പോ ആഴമായ അനുശോചനം രേഖപ്പെടുത്തി. “മൊസാംബിക് സമൂഹത്തിനും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണിത്. തന്റെ ജീവിതത്തിലുടനീളം വിനയം, അജപാലന സമർപ്പണം, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം,” പ്രസിഡന്റ് അനുസ്മരിച്ചു.

അടുത്ത കാലത്തായി, വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ (Cabo Delgado) പ്രവിശ്യയിലുണ്ടായ അക്രമങ്ങൾക്കെതിരെ ബിഷപ്പ് അഫോൺസോ ശക്തമായി സംസാരിച്ചിരുന്നു. അവിടെ ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിലും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യേണ്ടി വരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മെയ് 31-ന് തന്റെ ഒരു അജപാലന സന്ദർശനത്തിന്റെ സമാപന പ്രസംഗത്തിലും, ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന നിലപാടുകൾ ഉപേക്ഷിച്ച് സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളർത്താൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.