ഗ്രൗണ്ടിലെ സുവിശേഷമായി ഒരു സന്യാസിനി

സുനീഷ വി.എഫ്.

വർഷങ്ങൾക്കു മുൻപ് കണ്ണൂർ സ്പോർട്സ് സ്‌കൂളിലെ സബീന എന്ന പെൺകുട്ടി സംസ്ഥാന സ്‌കൂൾ മീറ്റിൽ മെഡൽ നേടിയിരുന്നു. ഇന്ന് ആ പെൺകുട്ടി ആരാധനാ സന്യാസ സമൂഹാംഗമായ സിസ്റ്റർ സബീനയാണ്; മാത്രമല്ല ഒരു കായികാധ്യാപികകൂടിയാണ് അവർ. ഗ്രൗണ്ടിലിറങ്ങിയാൽ ആർജ്ജവം ഒട്ടും ചോർന്നുപോകാത്ത സ്പോർട്സ്‌കാരിയായ ആ സിസ്റ്ററിനെക്കുറിച്ചു വായിക്കാം.

‘അപ്…അപ്… അപ്…’ കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയിൽ നിന്ന് ആവേശത്തിര അലയടിക്കുകയാണ്. 2008- ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാനത്തെ മണിക്കൂറുകളാണ് സമയം. അധ്യാപികമാർക്കു വേണ്ടിയുള്ള 100 മീറ്റർ ഓട്ടമത്സരത്തിൽ കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിൽ നിന്നുമുള്ള പ്രഗത്ഭരായ അധ്യാപികമാർ ട്രാക്കിലുണ്ട്.

അതിലുമപ്പുറം വാശിയുള്ള മത്സരങ്ങൾ ഗ്രൗണ്ടിൽ നടന്നെങ്കിലും ഗാലറിയിൽ അന്ന് കാണികൾക്ക് അല്പം കൗതുകവും ആവേശവും കൂടുതലായിരുന്നു. കാരണം മത്സരിക്കുന്ന കായികാധ്യാപികമാരിൽ അല്പം വ്യത്യസ്തതയുള്ള ഒരു ‘അത്‌ലറ്റ്’ കൂടിയുണ്ടായിരുന്നു. നീളൻ കുപ്പായവും തലയിൽ വെയ്‌ലും ഉടുപ്പിനു മീതെയുള്ള ബെൽറ്റിൽ ജപമാലയും ധരിച്ചുകൊണ്ട് അന്ന് ട്രാക്കിലോടിയ ആ ‘ഓട്ടക്കാരി’ ഒരു സന്യാസിനിയായിരുന്നു – സി. സബീന എസ്.എ.ബി.എസ്. അന്ന് ഈ സന്യാസിനി കാണികളുടെ മനം കവർന്നത് രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടായിരുന്നു.

കേരളത്തിലെ സ്കൂളുകളിലെ കായികാധ്യാപകരുടെ കണക്കെടുത്താൽ ഒരേ സമയം സന്യാസിനിയും കായികാധ്യാപികയുമായിരിക്കുന്ന സിസ്റ്റർമാർ മൂന്നോ, നാലോ പേർ മാത്രമേയുള്ളൂ. അതിലൊരാളാണ് സി. സബീന. വയനാട് ജില്ലയിലെ മാനന്തവാടി രൂപതയുടെ വിവിധ സ്‌കൂളുകളിൽ കഴിഞ്ഞ 20 വർഷങ്ങളായി കായികാധ്യാപികയായി ജോലി ചെയ്യുന്ന സിസ്റ്റർ, തന്റെ സന്യാസ-കായിക അധ്യാപന ജീവിതത്തെക്കുറിച്ച് ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ്.

ഹാർഡിൽസ് ചാടിക്കടന്ന് മഠത്തിലെത്തിയപ്പോൾ

കാസർഗോഡ് ജില്ലയിലെ എണ്ണപ്പാറയിലെ മുളങ്ങാട് ജോസഫ് – മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണ് സി. സബീന. നാലാം ക്ലാസിൽ വച്ചാണ് കായികാധ്യാപകനായ ലൂക്കാ സാർ കുഞ്ഞുസബീനയിലെ സ്പോർട്സിലുള്ള കമ്പം തിരിച്ചറിയുന്നത്. ആദ്യം വീട്ടിൽ നിന്നും അൽപം താല്പര്യക്കുറവ് ഉണ്ടായിരുന്നെങ്കിലും അധ്യാപകന്റെ പ്രത്യേക ഇടപെടൽ സി. സബീനയെ ട്രാക്കിലെത്തിച്ചു. പിന്നീട് കണ്ണൂർ സ്പോർട്സ് സ്‌കൂളിലേക്കെത്തിയ സബീന എന്ന പെൺകുട്ടി നേടിയെടുത്തത് സംസ്ഥാന സ്‌കൂൾ മീറ്റിൽ (ഹർഡിൽസിൽ) വെള്ളി മെഡലാണ്. പിന്നീട് ദേശീയതലത്തിൽ പല മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. മനസ് നിറയെ സ്പോർട്സ് ആണെങ്കിലും സ്പോർട്സിലൂടെ ഒരു ജോലി എന്ന സ്വപ്നമായിരുന്നു അന്ന് ആ പെൺകുട്ടിക്ക് ഉണ്ടായിരുന്നത്.

സി. സബീന പ്രീ-ഡിഗ്രി പഠിച്ചത് പാലക്കാട് മേഴ്‌സി കോളേജിലായിരുന്നു. സി.എം.സി. സന്യാസിനി സഭയുടെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. “ഒരു ജോലി നേടണമെന്നതു മാത്രമായിരുന്നു എന്റെ മനസിലുണ്ടായിരുന്ന ഒരേയൊരു കാര്യം. പക്ഷേ, ഹോസ്റ്റലിൽ ആയിരുന്നപ്പോൾ സിസ്റ്റേഴ്സ് പ്രാർത്ഥിക്കുന്നതു കണ്ട് എനിക്കും മഠത്തിൽ ചേരാൻ വലിയ ആഗ്രഹം തോന്നി. വൈകുന്നേരങ്ങളിലുള്ള അവരുടെ പ്രത്യേക പ്രാർത്ഥനയൊക്കെ ഞാനും കൊതിയോടെ ദൂരെ നിന്ന് നോക്കിക്കാണുമായിരുന്നു. പ്രാർത്ഥനയും നിശബ്ദതയുമൊക്കെ കണ്ടപ്പോൾ എനിക്കും അതുപോലെ ഒരു സിസ്റ്ററായാൽ കൊള്ളാമെന്നു തോന്നി. എങ്കിലും എന്റെ ആഗ്രഹത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞില്ല. മേഴ്‌സി കോളേജിൽ നിന്ന് ഞാൻ നേരെ പോയത് സി.പി.എഡ്. ചെയ്യാനായിരുന്നു” – സിസ്റ്റർ പറയുകയാണ്.

കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനിങ് സെന്ററിലാണ് സിസ്റ്റർ പഠിച്ചത്. തിയറിയിലും പ്രാക്ടിക്കലിലും എല്ലാം ക്‌ളാസിൽ മികച്ച വിദ്യാർത്ഥിനിയാകാൻ കഴിഞ്ഞ സിസ്റ്ററിന്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്നു. പഠിച്ചിറങ്ങിയ ഉടൻ തന്നെ എണ്ണപ്പാറ സ്‌കൂളിൽ തന്നെ താല്ക്കാലികമായി കായികാധ്യാപികയായി ജോലിയും കിട്ടി. എങ്കിലും മനസിൽ കയറിക്കൂടിയ സന്യാസജീവിതമെന്ന രഹസ്യത്തെ വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർക്ക് അല്പം എതിർപ്പൊക്കെ ഉണ്ടായിരുന്നെന്ന് സിസ്റ്റർ ഓർമ്മിക്കുകയാണ്. എങ്കിലും മാതാപിതാക്കൾ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.

ജോലി ചെയ്യുന്നതിനിടയിൽ സിസ്റ്റർ വിവിധ മാസികകളിൽ കണ്ട മേൽവിലാസത്തിൽ വിവിധ സന്യാസ സഭകളിലേക്ക് കത്തയച്ചു. ഒടുവിൽ ആരാധനാ സന്യാസ സഭയിൽ അടുത്ത ബന്ധുക്കൾ ഉള്ളതിനാൽ അവിടെപ്പോയാൽ മതിയെന്ന നിർദ്ദേശം ചാച്ചനും അമ്മച്ചിയും വച്ചു.

അങ്ങനെ മാനന്തവാടി എസ്‌.എ.ബി.എസ്‌. മേരി മാതാ പ്രൊവിൻസിൽ സ്പോർട്സുകാരിയായ സബീന തന്റെ ഇരുപത്തിരണ്ടാം വയസിൽ സന്യാസാർത്ഥിനിയായി എത്തിച്ചേർന്നു. പിന്നീട് നടന്നതെല്ലാം ദൈവത്തിന്റെ വലിയ ഇടപെടലായിരുന്നു എന്ന് സിസ്റ്ററിന്റെ ജീവിതത്തിലൂടെ നമുക്ക് മനസിലാക്കാം.

കർത്താവിനു വേണ്ടി വേണ്ടെന്നു വച്ച പി.എസ്.സി  ഒന്നാം റാങ്ക്

മഠത്തിൽ ചേർന്നതോടെ തന്റെ കായികജീവിതം പൂർണ്ണമായും സിസ്റ്റർ ഉപേക്ഷിച്ചിരുന്നു. “മനസ് കൊണ്ട് എല്ലാം ഉപേക്ഷിച്ചതായിരുന്നു ഞാൻ. എന്റെ മനസിൽ ഈശോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സന്യാസിനിയാകുക, ഒരുപാട് പ്രാർത്ഥിക്കുക എന്ന ലക്ഷ്യം മാത്രം. മഠത്തിൽ വരുന്നതിനു മുൻപ് ഞാൻ ഒരു പി.എസ്.സി പരീക്ഷ എഴുതിയിരുന്നു. മഠത്തിൽ വന്ന് രണ്ടാം വർഷമായപ്പോഴായിരുന്നു അതിന്റെ റിസൾട്ട് വന്നത്. എനിക്കായിരുന്നു ഒന്നാം റാങ്ക്. ആ സമയത്ത് വീട്ടിൽ നിന്നും ചോദിച്ചിരുന്നു ‘മഠത്തിൽ നിന്ന് തിരികെ വന്ന് ജോലിയിൽ പ്രവേശിക്കുന്നുണ്ടോ’ എന്ന്. എന്നാൽ ഞാൻ മഠത്തിൽ തുടരാനായിരുന്നു ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും.” സിസ്റ്റർ പുഞ്ചിരിക്കുന്നു. ഈശോയോടുള്ള ഇഷ്ടത്തിനു മുൻപിൽ സർക്കാർ ജോലിയൊന്നും അവിടെ ഒരു മാനദണ്ഡമേ അല്ലായിരുന്നു.

എങ്കിലും ദൈവസ്നേഹത്തെപ്രതി സ്പോർട്സ് ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്കു വന്ന സബീന സിസ്റ്ററിനുണ്ടായിരുന്ന “സ്പോർട്സ്‌മെൻ സ്പിരിറ്റ്” കർത്താവ് നേരിട്ട് ഏറ്റെടുത്ത് ചില അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു. തന്റെ അധികാരികളിലൂടെ ദൈവം തന്റെ പ്രിയപ്പെട്ടവളെ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു. എങ്കിലും സിസ്റ്റർ സബീനക്കു സ്പോർട്സ് അപ്പോഴും തന്റെ ‘പൂർവ്വാശ്രമത്തിലെ ഒരു കാര്യം’ മാത്രമായിരുന്നു.

“മാനന്തവാടി രൂപതയിലെ സ്‌കൂളുകളിലേക്കുള്ള കായികാധ്യാപകരുടെ പരീക്ഷ നടക്കുന്ന സമയമായിരുന്നു അത്. ഫോർമേഷൻ സമയത്തെ എന്റെ മിസ്ട്രസ് ആയിരുന്ന സി. ആലിസ് എന്റെ കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. അങ്ങനെ പ്രൊവിൻഷ്യാളമ്മ എന്നോട് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടു. സത്യത്തിൽ എനിക്ക് യാതൊരു താല്പര്യവും ഇല്ലായിരുന്നു. എങ്കിലും സന്യാസജീവിതത്തിൽ അനുസരണം ഏറ്റവും പ്രധാനപ്പെട്ടതായതുകൊണ്ട് ഞാൻ അതിന് മനസില്ലാമനസോടെ സമ്മതം മൂളി” – സിസ്റ്റർ പുഞ്ചിരിയോടെ പറയുകയാണ്. എന്നാൽ ദൈവത്തിനു വേണ്ടി സാക്ഷ്യം വഹിക്കാൻ സന്യാസിനിയായ ഒരു സ്പോർസുകാരിയെ അവിടുന്ന് പ്രത്യേകമായി ‘കോച്ച്’ ചെയ്തു. അങ്ങനെ 1999- ൽ സിസ്റ്റർ കായികാധ്യാപികയായി ചുമതലയേറ്റു.

ട്രാക്ക് സ്യൂട്ടിനു പകരം സന്യാസവസ്ത്രം

‘ഒരു സിസ്റ്ററായിരുന്നുകൊണ്ട് ഒരു കായികാധ്യാപികയാകാൻ എങ്ങനെ സാധിക്കുന്നു?’ എന്ന ചോദ്യത്തിന് സിസ്റ്ററിനു പറയാൻ കൃത്യമായ മറുപടിയുണ്ട്.

ആദ്യമൊക്കെ, ഒരു സിസ്റ്റർ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനർ ആയി വരുന്നു എന്നു കേൾക്കുമ്പോൾ മറ്റുള്ളവർക്ക് അത്ഭുതത്തേക്കാളുപരി ആശങ്കയായിരുന്നു. ഒരു സിസ്റ്ററിന് ഇതൊക്കെ ചെയ്യാൻ പറ്റുമോ എന്ന ചോദ്യം പലപ്പോഴായി നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ദൈവം എന്നെ വീണ്ടും ഏല്പിച്ച ഒരു ഉത്തരവാദിത്വം എന്നിലൂടെ ഏറ്റവും ഭംഗിയായി ദൈവം കൊണ്ടുപോകുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപാട് ത്യാഗം ആവശ്യപ്പെടുന്ന ഒരു മേഖലയാണിത്. അതുകൊണ്ടു തന്നെ പ്രാർത്ഥനയും സമർപ്പണവും ഒരുപോലെ ആവശ്യമുണ്ട്. എങ്കിലും എല്ലാം ഭംഗിയായി മുന്നോട്ട് പോകുന്നതിൽ ഒരുപാട് സന്തോഷവും ദൈവത്തോട് നന്ദിയുമുണ്ട്” – സിസ്റ്റർ എളിമയോടെ പങ്കുവയ്ക്കുന്നു.

ഗ്രൗണ്ടിൽ കുട്ടികളെയും കൊണ്ട് പ്രാക്ടിസിനൊക്കെ പോകുമ്പോൾ സഭാവസ്ത്രം ബുദ്ധിമുട്ടാകാറുണ്ടോ എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പു തന്നെ, ‘ഇല്ല’ എന്നായിരുന്നു സിസ്റ്ററിന്റെ മറുപടി.

“എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ദൈവത്തിന്റെ ഒരു വലിയ സാന്നിധ്യം ഗ്രൗണ്ടിൽ അനുഭവപ്പെടാറുണ്ട്. ക്രിസ്തുവിന്റെ മണവാട്ടി ഗ്രൗണ്ടിൽ സഭാവസ്ത്രമൊക്കെ ഇട്ട് നിന്ന് കുട്ടികളെ ട്രെയിൻ ചെയ്യിക്കുമ്പോൾ അത് ഒരു സുവിശേഷവത്കരണത്തിനുള്ള വേദിയായി മാറുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്” – സിസ്റ്ററിന്റെ വാക്കുകളിൽ അഭിമാനം നിറയുന്നു.

സ്‌കൂളിലെത്തിയാലുടൻ ജപമാല ചൊല്ലുന്ന സിസ്റ്റർ വൈകുന്നേരങ്ങളിലും സമയം കിട്ടുമ്പോഴെല്ലാം പ്രാർത്ഥിക്കുന്നു. സിസ്റ്ററിന്റെ പ്രാർത്ഥനാചൈതന്യം കുട്ടികളിലേക്കും പകർന്നുകൊടുക്കാൻ യാതൊരു മടിയും കാണിക്കാറില്ല. ഒരു സിസ്റ്ററായതുകൊണ്ട് കുട്ടികൾ പലപ്പോഴും കുറെയേറെ അടുപ്പം കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവരിലെ കായികവാസനയും താത്പര്യവും പെട്ടന്നു തന്നെ കണ്ടെത്താനും അവരെ അനുയോജ്യമായ മേഖലയിലേക്ക് തിരിച്ചുവിടാനും സിസ്റ്ററിനു കഴിയുന്നുണ്ട്. അങ്ങനെ വലിയൊരു ശിഷ്യസമ്പത്തുള്ള സിസ്റ്ററിന് നിരവധി രാജ്യാന്തര താരങ്ങളെ കണ്ടെത്താനും അവരുടെ മേഖലകളിലേക്ക് വഴിതിരിച്ചു വിടാനും സാധിച്ചിട്ടുണ്ട്.

ജീന പി.എസ്. (KSEB), അമൽ ജോസഫ് (കേരളാ പോലീസ്), ദിയ, അനില (ഇരുവരും ഇന്ത്യൻ റെയിൽ വേയ്‌സിൽ) തുടങ്ങിയ പ്രഗത്ഭരായവരുടെ ഒരു കായികതാരനിര തന്നെ സിസ്റ്ററിന്റെ ശിഷ്യരായിട്ടുണ്ട് (ജീന പി. എസ്- നെക്കുറിച്ചുള്ള ഫീച്ചർ ലൈഫ് ഡേ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്).

“എന്നെ ശക്തനാക്കുന്നവനിലൂടെ  എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും”

ഒരു സിസ്റ്ററായതുകൊണ്ട് എവിടെ ചെന്നാലും നെറ്റി ചുളിച്ചുകൊണ്ട് വരവേറ്റിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് ‘സബീന സിസ്റ്ററോ, എന്നാൽ സ്‌കൂൾ ചാമ്പ്യനാകും’ എന്നുപറയാൻ തക്കവിധം മാറ്റമുണ്ടായത് ദൈവത്തിന്റെ വലിയ കരുതലാണെന്ന് സിസ്റ്റർ വിശ്വസിക്കുന്നു. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണം കൊട്ടിയൂർ IJM ഹൈസ്‌കൂളിൽ സിസ്റ്റർ കായികാധ്യാപികയായി ചുമതലയേറ്റപ്പോഴാണ്.

“കണ്ണൂർ ജില്ലയിലായിരുന്നതുകൊണ്ടു തന്നെ സ്പോർട്സ് ഡിവിഷനിൽ നിന്നും കുട്ടികൾ ഗ്രൗണ്ടിലിറങ്ങും. അവർ സ്പോർട്സിനു മാത്രം പ്രാധാന്യം കൊടുക്കുന്ന, പ്രത്യേകം ട്രെയിനിങ് നൽകുന്ന സ്‌കൂളല്ലേ. അതുകൊണ്ടു തന്നെ IJM -ലെ കുട്ടികളുടെ വിജയസാധ്യത കുറവാണ്. എങ്കിലും പ്രാർത്ഥന തന്ന വലിയൊരു വിജയത്തിന്റെ പാരമ്പര്യമുണ്ട്” – ട്രാക്കിലെ ദൈവസാന്നിധ്യത്തെക്കുറിച്ച്  സിസ്റ്റർ പറഞ്ഞുതുടങ്ങി.

“ദൈവത്തെ മാത്രം മുറുകെ പിടിച്ചുകൊണ്ടായിരുന്നു അന്ന് മക്കളെയും കൊണ്ട് ഗ്രൗണ്ടിലിറങ്ങിയത്. മത്സരിക്കുന്നവർ ഗ്രൗണ്ടിലിറങ്ങുമ്പോൾ ബാക്കിയുള്ളവർ ഗാലറിയിലിരുന്ന് കൊന്ത ചൊല്ലും. പ്രാർത്ഥനകളും ബൈബിൾ വാക്യങ്ങളും സുകൃതജപങ്ങളുമെല്ലാം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ ഒരിക്കൽപോലും ആരും അത് ഏറ്റുപറയാനോ, പ്രാർത്ഥിക്കാനോ വിമുഖത കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ധൈര്യപൂർവ്വം എല്ലാ മക്കളും പ്രാർത്ഥന ചൊല്ലാൻ ആരംഭിച്ചു. ജപമാലയുടെ രഹസ്യങ്ങളൊന്നും പല കുട്ടികൾക്കും അറിയില്ലായിരുന്നു. ഒരു ജപമാല പുസ്തകമൊക്കെ കൈവശം വച്ച് അതൊക്കെ നോക്കിയായിരുന്നു അവർ പ്രാർത്ഥിച്ചത്. തീക്ഷ്ണമായ പ്രാർത്ഥനയുടെ ഫലമെന്നവണ്ണം അത്ഭുതകരമായി, ഇറങ്ങുന്നവർക്കെല്ലാം ഒന്നാം സ്ഥാനം കിട്ടിക്കൊണ്ടിരുന്നു. സ്പോർട്സ് ഡിവിഷനിലെ കുട്ടികളോടൊപ്പം മാറ്റുരച്ച് വിജയം നേടുക എന്നത് സ്വപ്നതുല്യമായിരുന്നു. എങ്കിലും ആ വർഷത്തെ ഓവറോൾ ചാമ്പ്യന്മാരായി കൊട്ടിയൂർ സ്‌കൂൾ! ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടലായിട്ടാണ്” – ഇതു പറയുമ്പോൾ സിസ്റ്ററിന്റെ വാക്കുകളിൽ ദൈവാനുഭവം നിഴലിച്ചിരുന്നു.

അതോടൊപ്പം തന്നെ ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായി ഹൈസ്‌കൂൾ കൊട്ടിയൂർ തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ സബീന ആ വർഷത്തെ മികച്ച കായികാധ്യാപികക്കുള്ള അവാർഡിനും അർഹയായി. തിരുവന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബിൽ നിന്നും സിസ്റ്റർ അവാർഡ് ഏറ്റുവാങ്ങിയത് പത്രവാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. പിന്നീട് കായികാധ്യാപന രംഗത്തെ സമഗ്രസംഭാവനക്ക് മാനന്തവാടി രൂപത പ്രത്യേകം അവാർഡ് നൽകി സിസ്റ്ററിനെ ആദരിച്ചിട്ടുണ്ട്.

ഗ്രൗണ്ടിലിറങ്ങുമ്പോൾ കുട്ടികളെക്കൊണ്ട് ദിവ്യകാരുണ്യ ആരാധനാസഭയുടെ സ്ഥാപകയായ ഷന്താൾ അമ്മ രചിച്ച ഒരു കൊച്ചുപ്രാർത്ഥന സിസ്റ്റർ ചൊല്ലിക്കുമായിരുന്നു. ‘ദിവ്യകാരുണ്യ നാഥാ, ദൈവകാരുണ്യം വർഷിക്കേണമേ’ എന്നതായിരുന്നു ആ പ്രാർത്ഥന. പിന്നീട് “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” എന്ന ബൈബിൾ വാക്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കും. ഇത് പ്രാർത്ഥിച്ചേ മതിയാകൂ എന്ന് ഒരിക്കലും സിസ്റ്റർ ആരെയും നിര്ബന്ധിക്കാറില്ല. എങ്കിലും ജാതിമതഭേദമന്യേ എല്ലാ കുട്ടികളും സിസ്റ്റർ പഠിപ്പിക്കുന്ന സുകൃതജപങ്ങളും പ്രാർത്ഥനകളും ഇന്നും ഏറ്റുചൊല്ലുന്നു.

ഏതൊക്കെ മത്സരങ്ങളിൽ സബീന സിസ്റ്ററിന്റെ മക്കളിറങ്ങിയാലും ഗാലറിയിൽ മറ്റു കുട്ടികളും സിസ്റ്ററും പ്രാർത്ഥനയോടെ ആയിരിക്കുന്നത് സ്‌കൂൾ കായികമേളകളിൽ സ്ഥിരം കാഴ്ചയാണ്. അങ്ങനെ കർത്താവിന്റെ ഈ അത്‌ലറ്റ്, ഗ്രൗണ്ടിലെ സുവിശേഷമായി മാറി.

മാനന്തവാടി രൂപതയുടെ വിവിധ സ്‌കൂളുകളിൽ ജോലി ചെയ്തിട്ടുള്ള സിസ്റ്റർ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ദ്വാരക എ.യു.പി സ്ക്കൂളിലാണ് ഇപ്പോൾ സേവനം ചെയ്യുന്നത്. അവിടെയുള്ള 1500 കുട്ടികൾക്കും സിസ്റ്റർ പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥനയും സുകൃതജപങ്ങളും അതോടൊപ്പം ഗ്രൗണ്ടിലുള്ള പരിശീലനങ്ങളുമെല്ലാം വലിയ ഇഷ്ടമാണ്. ഗ്രൗണ്ടിലെ താരങ്ങളെ കണ്ടെത്താനും അവരെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി വലിയൊരു കായികതാരനിര തന്നെ സൃഷ്ടിക്കാനും ദൈവം സിസ്റ്ററിനു വലിയ കൃപ നൽകിയിട്ടുണ്ട്.

“എനിക്ക് പ്രാർത്ഥിക്കാനാണിഷ്ടം”

53- കാരിയായ സിസ്റ്റർ ഇന്നും ഗ്രൗണ്ടിലിറങ്ങിയാലും ആർജ്ജവം ഒട്ടും ചോർന്നുപോകാത്ത ഒരു സ്പോർട്സ്‌കാരി തന്നെയാണ്. എങ്കിലും മിണ്ടാമഠത്തിൽ ചേരാനാഗ്രഹിച്ച സിസ്റ്റർ, ഗാലറിയിലെ ആർപ്പുവിളികളിലും ട്രാക്കിലെ വിസിൽ മുഴക്കങ്ങളിലും നെഞ്ചോട് ചേർത്തുവച്ചിരിക്കുന്നത് ദിവ്യകാരുണ്യ ഈശോയെയാണ്. “എനിക്ക് പ്രാർത്ഥിക്കാനാണ് ഏറ്റവും ഇഷ്ടം. റിട്ടയർമെന്റിനു ശേഷം മുഴുവൻ സമയവും ദിവ്യകാരുണ്യ സന്നിധിയിലായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” – സിസ്റ്റർ തന്റെ അതിയായ ആഗ്രഹം പങ്കുവയ്ക്കുകയാണ്.

സന്യാസ സമൂഹങ്ങളിൽ കായികവിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്താൽ നന്നായിരിക്കുമെന്നാണ് സിസ്റ്ററിന്റെ പക്ഷം. “പ്രാർത്ഥനയോടും മിഷൻ പ്രവർത്തനങ്ങളോടുമൊപ്പം അല്പം കായികവിദ്യാഭ്യാസവും കൂടിയായാൽ നമ്മുടെ മനസും ശരീരവും ഒരുപോലെ ഏകാഗ്രമാകും. ദൈവത്തോട് അടുക്കുന്നതിന് ഏറ്റവും ആവശ്യം ഏകാഗ്രതയാണ്. അത് സ്പോർട്സിലൂടെയും ഗെയിംസിലൂടെയും നമുക്ക് ലഭിക്കും. ഇറ്റലിയിൽ സന്യാസിനിമാർക്കായി  ഒരു ഫുട്ബോൾ ടീം വരെയുണ്ട്; ഫ്രാൻസിസ് പാപ്പായുടെ പ്രോത്സാഹനവും അതിനുണ്ട്. സന്യാസവസ്ത്രം ധരിച്ചുകൊണ്ട് ഗ്രൗണ്ടിൽ സുവിശേഷം പ്രഘോഷിക്കാൻ സാധിക്കുന്നത് മനോഹരമല്ലേ? നല്ല മാറ്റങ്ങളെ നമുക്കും സ്വാഗതം ചെയ്യാം.” സിസ്റ്ററിന്റെ വാക്കുകളിൽ ഗ്രൗണ്ടിലെ അതേ ഊർജ്ജസ്വലത!

സി. സബീനയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്, ക്രിസ്തുവിനെപ്രതി നാം എന്ത് ഉപേക്ഷിക്കുന്നോ, പതിന്മടങ്ങായി അത് അവിടുന്ന് നമുക്ക് തിരികെ തരുമെന്നാണ്. ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന സ്പോർട്സ് ഉപേക്ഷിച്ച സിസ്റ്ററിന്റെ സ്പോർട്സമെൻ സ്പിരിറ്റ് കർത്താവ് ഉപേക്ഷിച്ചിട്ടില്ലായിരുന്നു. അവിടുന്ന് പതിന്മടങ്ങായി എല്ലാം തിരികെ നൽകിയപ്പോൾ സി. സബീന എക്കാലവും ഓർമ്മിക്കപ്പെടുന്ന ഗ്രൗണ്ടിലെ സുവിശേഷമായി മാറി. ഹർഡിലുകൾ ചാടിക്കടന്ന് കർത്താവിന്റെ ട്രാക്കിലോടുന്ന ക്രിസ്‌തുവിന്റെ മണവാട്ടി സി. സബീനയ്ക്ക് ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.