സമര്‍പ്പിതര്‍ക്കെതിരെയുള്ള ഫോട്ടോഷൂട്ടിന് ‘മറുപടി’ കൊടുത്തൊരു ഹ്രസ്വചിത്രം

‘മറുപടി’ എന്ന പേരോടെ ഇറങ്ങിയ ഹ്രസ്വചിത്രം ഇറങ്ങി ഒറ്റ ദിവസംകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമർപ്പിതർക്കെതിരെയും സമർപ്പിതർ വിശുദ്ധമായി കരുതുന്ന തിരുവസ്ത്രത്തിനെതിരെയും സോഷ്യൽ മീഡിയവഴി ഫോട്ടോ ഷൂട്ടിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും നടത്തിയ അതിക്രമങ്ങൾക്ക് ചുട്ട ‘മറുപടി’ തന്നെ നൽകിയിരിക്കുകയാണ് ഈ ചിത്രം. കേരളം ആളിക്കത്തിക്കാൻ ഇറങ്ങിയവർക്കുള്ള മറുപടിയായിരുന്നു ഈ ഹ്രസ്വചിത്രം നൽകിയത്. സി. സെബി തോമസ് എം എസ് എം ഐ കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരുനല്ല ‘മറുപടി’ തന്നെയാണ്.

ഒറ്റ ദിവസംകൊണ്ടാണ് സി. സെബി ഈ ഹ്രസ്വചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ഒരാഴ്ചകൊണ്ട് ഷൂട്ടിങ്ങും എഡിറ്റിംഗും പൂർത്തിയാക്കി. എം എസ് എം ഐ സന്യാസിനി സമൂഹത്തിന്റെ സപ്പോർട്ടും സഹകരണവും കൊണ്ട് മാത്രമാണ് ഇത്രവേഗം ഈ ഹ്രസ്വചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് സി. സെബി പറയുന്നു. കേരളത്തെ ആളിക്കത്തിക്കാൻ ലെസ്ബിയൻ ഫോട്ടോഷൂട്ട് ഒരുക്കിയവർക്ക് വിശ്വാസ തീക്ഷണതയോടെ കൊടുത്ത മറുപടിയാണ് ഈ ചിത്രം.

“കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രവർത്തങ്ങളെല്ലാം പുരോഗമിച്ചത്. ദൈവത്തിന്റെ പ്രത്യേകമായ സംരക്ഷണം ഈ ദിനങ്ങളിൽ എല്ലാം ഉണ്ടായിരുന്നു. ഇത്തരം ഫോട്ടോഷൂട്ടുകൾ ജനങ്ങളിലേക്ക് എത്തുമ്പോൾ വലിയ അപകടം ഉണ്ട്. അതിനാൽ, അതിനെതിരെ പോസിറ്റീവ് ആയ രീതിയിൽ പ്രതികരിക്കേണ്ടത് ആവശ്യമായി എനിക്ക് തോന്നി. എന്റെ സന്യാസിനീ സമൂഹത്തിന്റെ എല്ലാവിധ സഹകരണവും ഈ ചിത്രത്തിന്റെ പൂർത്തീകരണത്തിന് എനിക്ക് ലഭിച്ചു.” -ഈ ചിത്രം പുറത്തിറങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സിസ്റ്റർ പറയുന്നു.

മലയാളത്തിനും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുള്ള വയനാട്ടുകാരിയായ ജിമി മാനുവൽ ആണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന അർജുൻ, അരുൺ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവര്‍. ഇതിൽ അമ്മയുടെ റോൾ അഭിനയിച്ച വത്സ എന്ന അമ്മച്ചി കാമറയുടെ മുന്നിൽ വരുന്നത് തന്നെ ആദ്യമാണ്. കാമറ ചെയ്തിരിക്കുന്നത് മനു ആണ്.

ഈ ഹ്രസ്വചിത്രത്തിന് വളരെയധികം പോസിറ്റിവ് പ്രതികരണങ്ങൾ ആണ് പൊതുജനങ്ങളിൽ നിന്ന് തന്നെ ലഭിക്കുന്നത്. ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി സമർപ്പിതർക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി നടന്ന ആക്രമണങ്ങള്‍ക്കെല്ലാം സോഷ്യൽമീഡിയയിൽ കൂടി തന്നെ ഒരു കൊടുത്തിരിക്കുന്ന ‘മറുപടി’ ആണ് ഈ ഹ്രസ്വചിത്രം.

എം എസ് എം ഐ ക്രിസ്തുജ്യോതി പ്രൊവിന്‍സിലെ പ്രൊവിൻഷ്യൽ സി. ലിറ്റിൽ ഫ്ലവറിന്റെയും  കൗൺസിലേഴ്‌സിന്റെയും സഹകരണം എടുത്ത് പറയേണ്ടതാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയാണ് തനിക്ക് ഈ ചിത്രം ചെയ്യാൻ സാധിച്ചതെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു. ആനുകാലികമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രതികരിക്കാനുള്ള പ്രചോദനം നൽകുന്നത്  പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്ന് സിസ്റ്റർ ഉറച്ചു വിശ്വസിക്കുന്നു.

മുൻപും നിരവധി ഹ്രസ്വചിത്രങ്ങൾ സിസ്റ്റർ ചെയ്തിട്ടുണ്ട്. പൗരോഹിത്യ ജീവിതത്തിന്റെ മഹനീയത ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള ‘നിന്നെപ്പോലെ ഒരാള്‍’, സമർപ്പിത ജീവിതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ‘തിരിച്ചറിവ്’, ജീവന്റെ മൂല്യത്തെ പങ്കുവെയ്ക്കുന്ന ‘അതിഥി’, ഈശോയുടെ നാമത്തിന്റെ ശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ഈശോ – യെസ് ഫ്രം ദി ബൈബിൾ’ എന്നിവയാണ് അവ.

ഇനിയും തന്റെ കഴിവുകളെ ഉപയോഗപ്പെടുത്തി കാലഘട്ടത്തിന്റെ ശബ്ദമായി മാറുവാനും അങ്ങനെ നവമാധ്യമങ്ങളിലൂടെ സുവിശേഷത്തിന്റെ മൂല്യം പങ്കുവെക്കുവാനും സിസ്റ്ററിന് സാധിക്കട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.