മണിപ്പൂരിൽ തകർന്നടിഞ്ഞത് ഒരു ജനതയുടെ ഭാവിയും സ്വപ്‍നങ്ങളും; ഉറക്കം നഷ്ട്ടപ്പെട്ട് ഒരുകൂട്ടം ക്രൈസ്തവർ

“എല്ലാം നശിച്ചു. ഒന്നും ബാക്കിയില്ല”- ഇംഫാലിലെ പാംഗേയ് ഏരിയയിലെ ഒരു താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിന്റെ ഒരു മൂലയിൽ ഇരുന്നു സംസാരിക്കുമ്പോൾ ബസന്ത സിംങിന് കണ്ണീരടക്കൻ കഴിഞ്ഞില്ല. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സൈകുലിൽ നിന്ന് കഴിഞ്ഞയാഴ്ച്ച വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജീവരക്ഷാർത്ഥം കുടുംബത്തെയും കൊണ്ട് ഓടി രക്ഷപ്പെട്ട വ്യക്തിയാണ് ബസന്ത സിംഗ്. കലാപം കെട്ടടങ്ങി മണിപ്പൂർ ശാന്തതയിലേയ്ക്ക് മടങ്ങുമ്പോൾ അവിടെ അവശേഷിക്കുന്നത് അനേകരുടെ കത്തിക്കരിഞ്ഞ സ്വപ്നങ്ങളാണ് എന്നതിന്റെ പ്രതീകമാണ് ഈ കുടുംബം.

മെയ്തേയ് സമുദായത്തിൽ പെട്ടയാളാണ് സിംഗ്. രണ്ട് പതിറ്റാണ്ടിലേറെയായി കുക്കി സമൂഹം കൂടുതലായും താമസിക്കുന്ന മലയോര പ്രദേശമായ സൈകുലിലാണ് അദ്ദേഹം താമസിക്കുന്നത്. പലചരക്ക് കടയായിരുന്നു സിംഗിന്റെ ഉപജീവനമാർഗം. ഏറ്റുമുട്ടലുകൾ ആരംഭിച്ചപ്പോൾ, സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ തന്റെ കുക്കി സുഹൃത്തുക്കൾ ഉപദേശിച്ചതായി അദ്ദേഹം പറയുന്നു. “ഞങ്ങൾ ഇത്രയും കാലം അവിടെ താമസിച്ചു. അവിടെയുള്ള കുക്കി ആളുകളുമായി ഞങ്ങൾ നല്ല ബന്ധത്തിലായിരുന്നു. “എനിക്ക് പോവുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. കാരണം ഇതൊരു യുദ്ധമാണ്” സിംഗ് വെളിപ്പെടുത്തി.

കലാപത്തിലേക്ക് വഴിതിരിച്ച തെറ്റിദ്ധാരണ

സംസ്ഥാനത്തെ ജനസംഖ്യയുടെ 53% മെയ്തേയ് സമുദായത്തിലെ അംഗങ്ങളാണ്. അവരെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കാൻ അവരെ പ്രാപ്തരാക്കും. കൂടാതെ, ഒരു പട്ടികവർഗ പദവി അവർക്ക് വനഭൂമിയിലേക്ക് പ്രവേശനം അനുവദിക്കും. മെയ്തേയ് സമുദായത്തിന് ഗോത്രപദവി അനുവദിക്കുന്നത് സംവരണത്തിന്റെ സ്വന്തം വിഹിതം പങ്കുവയ്ക്കപ്പെടുക മാത്രമല്ല, നൂറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന വനഭൂമി അപകടത്തിലാക്കുകയും ചെയ്യുമെന്ന് ഇതിനകം പട്ടികവർഗക്കാരായി അംഗീകരിക്കപ്പെട്ട സമുദായങ്ങൾ ഭയപ്പെട്ടു.

കലാപം പൊട്ടിപ്പുറപ്പെടുന്നു

ഈ ധാരണ കലാപത്തിലേക്ക് മണിപ്പൂർ ജനത്തെ നയിച്ചു. മണിപ്പൂരിലെ താഴ്‌വര പ്രദേശത്ത് കൂടുതലും താമസിക്കുന്നത് മെയ്തേയ് സമൂഹത്തിലെ ആളുകൾ ആണെങ്കിൽ, മലയോര പ്രദേശങ്ങളിൽ പ്രധാനമായും കുക്കികളാണ് പാർക്കുന്നത്. എന്നാൽ ഇരു സമുദായങ്ങളിലെയും പെട്ട കുറച്ചു ആളുകൾ മറ്റുള്ളവരുടെ ആധിപത്യമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നു. അക്രമം തുടങ്ങിയപ്പോൾ ക്രോസ്‌ഫയറിൽ ആദ്യം കുടുങ്ങിയത് ഇവരാണ്. കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ മെയ്തേയ് വിഭാഗക്കാർ ആക്രമിക്കപ്പെട്ടു. മെയ്തേയ് ആധിപത്യമുള്ള സ്ഥലങ്ങളിൽ കുക്കികളും അക്രമത്തിന് ഇരയായി.

വൈകാതെ തന്നെ ഗ്രാമം കത്തുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വീടുകൾ കത്തിച്ചു, വാഹനങ്ങൾ കത്തിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, മിസ്റ്റർ സിംഗിനെപ്പോലുള്ള ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. സ്ഥിതിഗതികൾ വഷളായതോടെ ഇന്ത്യൻ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിളിച്ചുവരുത്തി. ഇരുസമുദായങ്ങളിലെയും ആളുകളെ അവർ ന്യൂനപക്ഷങ്ങളായ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുക എന്നതായിരുന്നു സൈന്യത്തിന്റെ ആദ്യ ജോലി. സിങ്ങിനെയും കുടുംബത്തെയും മറ്റു ആയിരക്കണക്കിന് ആളുകളെയും മലയോര പ്രദേശമായ സൈകുലിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ സമതലങ്ങളിലേക്ക് സൈന്യം മാറ്റിപ്പാർപ്പിക്കുകയും അവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ അഭയം നൽകുകയും ചെയ്തു.

ധരിച്ചിരുന്ന വസ്ത്രങ്ങളും ഏതാനും ആഭരണങ്ങളും അല്ലാതെ മറ്റൊന്നും കൊണ്ടുപോകാൻ പറ്റാത്ത വിധം വേഗത്തിലാണ് കാര്യങ്ങൾ നടന്നതെന്ന് അദ്ദേഹം പറയുന്നു. “ഞങ്ങൾക്ക് എല്ലാം സൈകുലിൽ ഉണ്ടായിരുന്നു. എന്റെ കുട്ടികൾക്ക് അവരുടെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ ഇവിടെ വന്നപ്പോൾ മുതൽ, എന്റെ മകൻ എന്നോട് അവന്റെ ഷൂസ് എവിടെയാണെന്ന് ചോദിക്കുന്നു. അവന് ഫുട്ബോൾ കളിക്കണം, പക്ഷേ ഷൂസ് ഇല്ല. അവന്റെ ഓരോ ചോദ്യങ്ങളും എന്റെ ഹൃദയം തകർക്കുന്നു” അദ്ദേഹം കണ്ണീരോടെ പറയുന്നു.

ദിവസങ്ങളായി തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. “എന്റെ മക്കൾക്ക് ഞാൻ എങ്ങനെ വിദ്യാഭ്യാസം നൽകും? എനിക്ക് സമ്പാദിക്കാൻ വകയില്ല. പണമില്ല, വീടില്ല. ഇവിടെ എത്രകാലം ജീവിക്കാനാകും? ഞങ്ങൾ ഇവിടെ നിന്ന് എങ്ങോട്ട് പോകും. എന്റെ ചിന്ത മുഴുവൻ ഇതിനെക്കുറിച്ചാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ ക്യാമ്പിൽ സിംഗ് തനിച്ചല്ല. ഇംഫാലിൽ നിന്ന് 40 കിലോമീറ്റർ അകലെ, സൈഖോ ഗ്രാമത്തിലെ ഒരു പള്ളിയുടെ പരിസരത്ത് സ്ഥാപിച്ച താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിൽ പി ഗിൻലാൽ എന്ന ആളും കുടുംബവുമുണ്ട്. കുക്കി ഗോത്രത്തിൽ നിന്നുള്ള ഗിൻലാലിന് അക്രമാസക്തമായ ഒരു ജനക്കൂട്ടം തന്റെ ഗ്രാമത്തിൽ തീയിടാൻ തുടങ്ങിയപ്പോൾ വീട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നതാണ്.

“അവർ ഞങ്ങളുടെ വീടുകൾ കത്തിച്ചു. ഞങ്ങൾ തൽക്ഷണം രക്ഷപ്പെട്ടു, ഇല്ലെങ്കിൽ മരിക്കുമായിരുന്നു,” ഗിൻലാൽ പറയുന്നു. സൈന്യം രക്ഷപ്പെടുത്തി ഒഴിപ്പിക്കുന്നതിന് മുമ്പ് താനും കുടുംബവും ഒരു ദിവസം കാട്ടിൽ ഒളിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി.

ചുരുക്കത്തിൽ മണിപ്പൂർ ശാന്തമാകുന്നു എന്ന വാർത്തകൾ വരുമ്പോഴും അനേകായിരം ആളുകളുടെ മനസ്സിൽ നഷ്ടബോധം ആളികത്തുകയാണ്. കലാപത്തിന് ഇരയായ ആളുകൾക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. തിരികെ ചെന്ന് കയറുവാൻ വീടില്ല. പകരം ഒരു പിടി ചാരമാണ് അവശേഷിക്കുന്നത്. അതിനാൽ തന്നെ അഭയാർത്ഥി ക്യാമ്പുകളിൽ പലരും ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.