നിശബ്ദതയില്‍ നിന്നും നിത്യതയിലേക്ക്: ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ എം.സി.ബി.എസ്

സഹനത്തിന്റെ കടല്‍ താണ്ടി കടന്നുപോയ ഒരു വിശുദ്ധ സഞ്ചാരിയായിരുന്നു അദ്ദേഹം. ‘അവന്‍ തര്‍ക്കിക്കുകയോ, ബഹളം വയ്ക്കുകയോ ചെയ്തില്ല’ എന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള വ്യക്തിത്വം. നിഷ്‌കളങ്കതയുടെ ആള്‍രൂപമായും പ്രാര്‍ത്ഥയുടെ മനുഷ്യനായും തീക്ഷ്ണതയേറിയ മിഷനറിയായും ആത്മാക്കളെ തേടിയിറങ്ങിയിരുന്ന അജപാലകനായും നിശബ്ദതയുടെ പുരോഹിതനായും അദ്ദേഹം നമുക്കിടയില്‍ ജീവിച്ചു -ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ എം.സി.ബി.എസ്. നിത്യതയിലേക്ക് യാത്രയായ ആ വിശുദ്ധി നിറഞ്ഞ ജീവിതത്തിലൂടെ നമുക്കൊന്ന് കടന്നുപോകാം.

ജനനം – ബാല്യം

പാലാ രൂപതയിലെ കടനാട് ഇടവകയില്‍ പൂവത്തിങ്കല്‍താഴത്തേല്‍ കുടുംബത്തിലെ അബ്രാഹം – ഏലിയാമ്മ ദമ്പതികളുടെ മൂത്ത പുത്രനായി 1938 മെയ് 13-ന് ഫാ. സെബാസ്റ്റ്യന്‍ ജനിച്ചു. കടനാട് ഇടവകപ്പള്ളിയിലായിരുന്നു മാമ്മോദീസ. ദേവസ്യാ എന്ന പേര് മാമ്മോദീസായില്‍ സ്വീകരിച്ചു. പി.എ. അഗസ്റ്റിന്‍, പി.എ. ജോസ് എന്നിവരായിരുന്നു സഹോദരങ്ങള്‍.

സെബാസ്റ്റ്യന് ഏഴു വയസ്സ് പൂര്‍ത്തിയായപ്പോള്‍ കടനാട് വല്യാത്ത് ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. തുടര്‍ന്ന് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് മിഡില്‍ സ്‌കൂളില്‍ പഠനം തുടര്‍ന്നു. പള്ളിവക സ്‌കൂളില്‍ ആയിരുന്നതുകൊണ്ട് മതപഠനവും വാര്‍ഷിക ധ്യാനങ്ങളുമുണ്ടായിരുന്നു. ഓരോ ക്ലാസ്സിനും അഞ്ച് സാഹിത്യസദസ്സ് ഉണ്ടായിരുന്നു. കഥകള്‍ പറയാനും പ്രസംഗിക്കാനും അധ്യാപകര്‍ സെബാസ്റ്റ്യനെ പ്രേരിപ്പിച്ചു. മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇടവകപ്പള്ളിയില്‍ എല്ലാ ആദ്യവെള്ളിയാഴ്ചയും വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും പങ്കെടുത്തത് ഒരു മിഷനറിയാകാന്‍ അദ്ദേഹത്തിനു പ്രചോദനം നല്‍കി. 1957-ല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഒരു മിഷനറി ആകാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ മനസില്‍ അപ്പോഴേക്കും തീക്ഷ്ണമായി വളര്‍ന്നിരുന്നു. ഒപ്പം ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍മാരായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെയും (പിന്നീട് തലശേരി രൂപതയുടെ മെത്രാനായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി) ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാതൃക അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ചിരുന്നു.

സെമിനാരിയിലേക്ക്

1958-ല്‍ മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ, ദിവ്യകാരുണ്യ മിഷനറി സഭയുടെ അതിരമ്പുഴയിലുള്ള ലിസ്യു ഹോളിഹോസ്റ്റ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. നവസന്യാസ പരിശീലനം ഫാ. ജോര്‍ജ് കാനാട്ടിന്റെ കീഴില്‍ കോട്ടയം കടുവാക്കുളം ആശ്രമത്തില്‍ വച്ചായിരുന്നു. 1960 മെയ് 25-ന് പ്രഥമവ്രതവാഗ്ദാനം നടത്തി. തുടര്‍ന്ന് ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ ഫിലോസഫിയും മംഗലപ്പുഴ സെമിനാരിയില്‍ തിയോളജിയും പഠിച്ചു. തിയോളജി പഠിച്ചുകൊണ്ടിരുന്നപ്പോള്‍, 1964 ഡിസംബറില്‍ ബോംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിച്ചത് ബ്രദര്‍ സെബാസ്റ്റ്യനില്‍ വലിയ ആവേശം നിറച്ചു.

പൗരോഹിത്യം

തിയോളജി നാലാം വര്‍ഷം പൂര്‍ത്തിയാകും മുന്‍പേ, 1967 ഡിസംബര്‍ 16-ന് മംഗലപ്പുഴ സെമിനാരിയില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പിറ്റേന്ന് സ്വന്തം ഇടവകയില്‍ പ്രഥമദിവ്യബലി അര്‍പ്പണം നടത്തി. രണ്ടാഴ്ചത്തെ അവധിക്കു ശേഷം തിയോളജി നാലാം വര്‍ഷ ക്ലാസ്സുകള്‍ തുടര്‍ന്നു. 1968 മാര്‍ച്ചില്‍ തിയോളജി പഠനം പൂര്‍ത്തിയാക്കി. ആ വര്‍ഷം ആലുവ സെമിനാരിയില്‍, ഡിസംബറില്‍ തിരുപ്പട്ട സ്വീകരണം നടത്തിയതിനു ശേഷം, മാര്‍ച്ചുമാസത്തില്‍ തിയോളജി പഠനം പൂര്‍ത്തിയാകുന്ന രീതിയിലായിരുന്നു ക്രമീകരണം.

തിരുപ്പട്ട സ്വീകരണ ശേഷം, സെബാസ്റ്റ്യനച്ചന്റെ ആദ്യ നിയമനം എം.സി.ബി.എസ് ആലുവ സ്റ്റഡി ഹൗസിലെ അംഗം ആയിട്ടായിരുന്നു. അവിടെ താമസിച്ചുകൊണ്ട് സമീപ ഇടവകകളില്‍ വൈദിക ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. 1969-ല്‍ കാഞ്ഞൂര്‍ ഫൊറോനാ പള്ളിയില്‍ മൂന്നു മാസം അസിസ്റ്റന്റായി നിയമിതനായി.

മിഷനിലേക്ക്

1969 ഏപ്രില്‍ മാസത്തില്‍ ഛത്തിസ്ഗഡിലെ റൈഗാര്‍ – അംബികപ്പൂര്‍ രൂപതയിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി അച്ചന്‍ യാത്രയായി. വടക്കേ ഇന്ത്യയിലെ ഛോട്ടാ നാഗ്പ്പൂര്‍ മിഷന്റെ ഭാഗമായിരുന്നു ഈ രൂപത. റൈഗര്‍ – അംബികപ്പൂര്‍ രൂപതയിലെ പള്ളികളിലെ രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഗ്രാമപ്രദേശങ്ങളിലായിരുന്നു. അച്ചന് ആദ്യം നിയമനം കിട്ടിയത് റൈഗര്‍ ടൗണ്‍ പള്ളിയിലായിരുന്നു. അവിടെ വികാരിയായിരുന്ന സി.എം.ഐ. അച്ചന്റെയും അസിസ്റ്റന്റായിരുന്ന ബെല്‍ജിയംകാരന്‍ ജെസ്യൂട്ട് വൈദികന്റെയും ഒപ്പം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹിന്ദി ഭാഷയും അവിടത്തെ ആദിവാസി ഹരിജന്‍ കത്തോലിക്കരുടെ ഭാഷയും ഇക്കാലത്താണ് പഠി ച്ചത്.

എല്ലാ ഇടവകകളിലും കുട്ടികളുടെ ബോര്‍ഡിംഗും മിഡില്‍ സ്‌കൂള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ചില ഗ്രാമങ്ങളില്‍ എല്‍.പി സ്‌കൂളുകളുണ്ടായിരുന്നു. ഗ്രാമീണരെ കൃഷികാര്യങ്ങളില്‍ ‘ഫുഡ് – ഫോര്‍ – വര്‍ക്ക്’ പ്രോഗ്രാമിലൂടെ അച്ചനുള്‍പ്പെടെയുള്ള മിഷനറിമാര്‍ സഹായിച്ചുപോന്നു. 1969 മുതല്‍ 1983 വരെയുള്ള കാലയളവില്‍ രാജ് ഘട്ട്, ജിനാബാഹര്‍, ലുഡേഗ്, ധര്‍മ്ജയ്ഘട്ട്, ഘാഗ്ര, മുസ്ങ്ട്രി, ശാദിപ്പാറ, മാന്‍പൂര്‍ തുടങ്ങിയ എട്ടു പള്ളികളില്‍ സെബാസ്റ്റ്യനച്ചന്‍ അസിസ്റ്റന്റായി ശുശ്രൂഷ ചെയ്തിരുന്നു. ശാദിപ്പാറയിലെ അസിറ്റന്റ് ആയിരിക്കുന്ന സമയത്തു തന്നെ അച്ചന്‍ അവിടുത്തെ ദീപക് യു.പി സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ആയിരുന്നു. അതിനിടയില്‍ റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എയും ഇംഗ്ലീഷില്‍ എം.എയും പാസ്സായി. റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട് സെമിനാരിയും ഈശോസഭാ വൈദികരുടെ മന്റേസാ ഭവനും സെബാസ്റ്റ്യനച്ചന്റെ ആത്മീയവളര്‍ച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്.

വീണ്ടും കേരളത്തിലേക്ക്

1983 ജൂണില്‍ 14 വര്‍ഷത്തെ മിഷന്‍ പ്രവര്‍ത്തനത്തിനു ശേഷം അച്ചന്‍ കേരളത്തിലേക്ക് തിരിച്ചു വന്ന്, ആലുവ എം.സി.ബി.എസ് സ്റ്റഡി ഹൗസിലെ ഫിലോസഫി വിദ്യാര്‍ത്ഥികളുടെ സ്പിരിച്ച്വല്‍ ഡയറക്ടറായി. 1985 മുതല്‍ 1990 വരെ കരിമ്പാനി മേരി മാതാ കോളജിന്റെ പ്രിന്‍സിപ്പാളായി സേവനം ചെയ്തു. 1990 മുതല്‍ 1993 വരെ കരിമ്പാനി ആശ്രമ സുപ്പീരിയറായിരുന്നു. 1994-95 വര്‍ഷങ്ങളില്‍ നെല്ലിക്കുറ്റിയിലുള്ള കോട്ടക്കുന്ന് ആശ്രമത്തില്‍ ഡയറക്ടറായി. 1995 മെയ് മാസത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ കുറ്റിക്കോണം, നരിക്കല്‍ പള്ളികളുടെ വികാരിയായി. അവിടെ ‘ദൈവപരിപാലനയുടെ സിസ്റ്റേഴ്‌സിന്റെ’ (Little Servants of Divine Providence) ഒരു മഠം സ്ഥാപിക്കാന്‍ അച്ചന്‍ സഹായിച്ചു. 1999-ല്‍ തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലുള്ള ഭവനത്തില്‍ സുപ്പീരിയറായി. 2000 ഏപ്രില്‍ മാസം മുതല്‍ കോമ്പയാര്‍ ആശ്രമ സുപ്പീരിയര്‍, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. 2005 മെയ് മാസത്തില്‍ എറണാകുളം ജില്ലയിലെ ആനപ്പാറ ബാലഭവനിലെ സുപ്പീരിയറായി നിയമിക്കപ്പെട്ടു. 2007 ഒക്ടോബറില്‍ കാലടി – താന്നിപ്പുഴ ദിവ്യകാരുണ്യ ആശ്രമത്തിലെ അംഗമായി നിയമിതനായി. താന്നിപ്പുഴ ധ്യാനകേന്ദ്രത്തിലേയും പോട്ട, ഡിവൈന്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രങ്ങളിലേയും കുമ്പസാരം കേള്‍ക്കുക, അടുത്തുള്ള ഇടവകപ്പള്ളികളില്‍ ആത്മീയ കാര്യങ്ങളില്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇക്കാലയളവില്‍ അച്ചന്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.

രോഗാവസ്ഥ

2019 മുതല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച കോവിഡ് 2021-ല്‍ സെബാസ്റ്റ്യനച്ചനെയും തേടിയെത്തി. വാര്‍ദ്ധക്യവും കോവിഡും ഒരുപോലെ അച്ചനെ തളര്‍ത്തിത്തുടങ്ങി. കോവിഡ് ഭേദമായെങ്കിലും അതിനെത്തുടര്‍ന്നുണ്ടായ ക്ഷീണവും മറ്റ് ശാരീരീരിക അസ്വസ്ഥതകളും അച്ചനെ അലട്ടിയിരുന്നു. അതിനെ തുടര്‍ന്ന് 2022-ല്‍ അച്ചന്‍ കോട്ടയത്ത്, പ്രായമായ അച്ചന്മാര്‍ താമസിക്കുന്ന ‘കാസാ ഫ്രത്തേല്ലി’ ഹൗസിലെ അംഗമായി.

കാസാ ഫ്രത്തേലിയിലെ വാസം അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പര്യാപ്തമായിരുന്നു. സമൂഹത്തിലെ പൊതുപ്രാര്‍ത്ഥനകളിലും മറ്റു പൊതുവായ ക്രമങ്ങളിലുമെല്ലാം സെബാസ്റ്റ്യനച്ചന്‍ ഉത്സാഹത്തോടെ പങ്കെടുത്തു. എങ്കിലും 2022-ന്റെ അവസാനഭാഗമായപ്പോഴേക്കും വ്യത്യസ്തങ്ങളായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിത്തുടങ്ങിയിരുന്നു. ആശുപത്രിവാസവും വിവിധ മരുന്നുകളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.

2023 ജനുവരി 20-നായിരുന്നു അദ്ദേഹത്തിന്റെ നാമഹേതുക തിരുനാള്‍. സമൂഹത്തില്‍ ഫീസ്റ്റ് ആഘോഷം നടന്നത് 18-ാം തീയതി ആയിരുന്നു. അതില്‍ അദ്ദേഹം ആരോഗ്യവാനായി പങ്കെടുത്തു. എങ്കിലും നാമഹേതുക തിരുനാളായിരുന്ന ജനുവരി 20-നു തന്നെ, പനിയും മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുമായി അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അത് ക്രമേണ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളായി വളര്‍ന്നു.

ആശുപത്രിയിലും ആശ്രമത്തിലുമായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള നാളുകള്‍. ഫെബ്രുവരി 20-ന് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ജോമി മെഡിക്കല്‍ സയന്‍സില്‍ ഇനി നല്‍കാനായി ചികിത്സാവിധികളൊന്നും ഇല്ലെന്ന് അറിയിച്ചു. അതിനെ തുടര്‍ന്ന് സെബാസ്റ്റ്യനച്ചനെ ആശ്രമത്തിലേക്ക് കൊണ്ടുവന്നു. എന്നാലും പിന്നീട് മൂന്നു പ്രാവശ്യം കൂടി അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. 2023 മാര്‍ച്ച് 16-ന് കാസാ ഫ്രത്തേലിയിലെ പ്രൊക്കുറേറ്റര്‍ ഫാ. ജോബി തെക്കേടത്ത്, സെബാസ്റ്റ്യന്‍ പൂവത്തിങ്കലച്ചന് കോട്ടയം മെഡിക്കല്‍ സെന്ററില്‍ വച്ച് രോഗീലേപന കൂദാശ നല്‍കി. അതിനു മുമ്പ് ഫെബ്രുവരി 9-ന് ബഹുമാനപ്പെട്ട പ്രൊവിന്‍ഷ്യള്‍ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് ചെവ്വേലിക്കുടി, കൗണ്‍സിലര്‍ അച്ചന്മാരുടെയും കാസാ ഫ്രത്തേലിയിലെ അച്ചന്മാരുടെയും സാന്നിധ്യത്തില്‍ രോഗീലേപനം നല്‍കിയിരുന്നു.

സഹനകാലം

ജനുവരി 20-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം തന്റെ പഴയ ആരോഗ്യാവസ്ഥയിലേക്ക് തിരികെ പ്രവേശിച്ചില്ല. രോഗക്കിടക്കയിലും അച്ചന്‍ സന്തോഷവാനും പുഞ്ചിരി തൂകുന്നവനുമായിരുന്നു. ഒരിക്കലും രോഗത്തെക്കുറിച്ചോ, അനുഭവിക്കുന്ന വേദനകളെക്കുറിച്ചോ ആരോടും പറഞ്ഞില്ല. വേദനയൊക്കെ പ്രാര്‍ത്ഥിച്ച് മറ്റാരെയും അറിയിക്കാതെ സഹിച്ചു. അദ്ദേഹത്തിന്റെ അവസാനകാലം സഹനപൂര്‍ണ്ണതയുടെ കാലമായിരുന്നു. സംസാരിക്കാതെയും ചലിക്കാതെയും മരുന്നുകളോട് ശരീരം പ്രതികരിക്കാതെയുമായിരുന്നു സെബാസ്റ്റ്യനച്ചന്റെ അവസാന രണ്ടു മാസങ്ങള്‍. കണ്ടുനില്‍ക്കുന്നവരുടെ കണ്ണുകള്‍ വരെ നിറയുന്ന അവസ്ഥയായിരുന്നു അത്. പക്ഷേ, അദ്ദേഹം കരയുകയോ, നിലവിളിക്കുകയോ ചെയ്തില്ല. ‘പൂവത്തിങ്കലച്ചാ’ എന്നു വിളിച്ചാല്‍ ദുര്‍ബലമായി പ്രതികരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

മരണം

ഒടുവില്‍ 2023 എപ്രില്‍ 8-ന് ദുഃഖശനിയാഴ്ച രാത്രി എട്ടു മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. വൈകാതെ, അച്ചനെ ആശുപത്രിയിലെത്തിച്ചു. രാത്രി 11 മണിയോടെ ഭൂമിയിലെ ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി. തുടര്‍ന്ന് പ്രൊവിന്‍ഷ്യാളച്ചന്റെ കാര്‍മ്മികത്വത്തില്‍ ഒപ്പീസ് ചൊല്ലിയതിനു ശേഷം ഭൗതികദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

ജീവിതമാതൃക

സഹനത്തിന്റെ കടല്‍ താണ്ടി കടന്നുപോയ ഒരു വിശുദ്ധ സഞ്ചാരിയായിരുന്നു ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ എം.സി.ബി.എസ്.

എം.സി.ബി.എസ് സന്യാസ സമൂഹത്തിലെ വിശുദ്ധി നിറഞ്ഞ, നിശബ്ദനായ ഒരു ദിവ്യകാരുണ്യ പ്രേഷിതനായിരുന്നു സെബാസ്റ്റ്യനച്ചന്‍. പൂവത്തിങ്കല്‍താഴത്തേല്‍ എന്നായിരുന്നു പൂര്‍ണ്ണമായ വീട്ടുപേരെങ്കിലും പൂവത്തിങ്കല്‍ എന്നായിരുന്നു സഭയില്‍ അറിയപ്പെട്ടിരുന്നത്. നിഷ്‌കളങ്കതയും നിശബ്ദതയും നീതിനിഷ്ഠയും ജീവിതത്തില്‍ പുലര്‍ത്തിയ ഒരാള്‍. അദ്ദേഹം സ്വരമുയര്‍ത്തുകയോ, വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുമായിരുന്നില്ല. എല്ലാവരെയും എല്ലാത്തിനെയും പുഞ്ചിരിയോടെ, മൗനത്തോടെ സ്വീകരിച്ചു. ആരെയും അദ്ദേഹം മാറ്റിനിര്‍ത്തിയില്ല. ആരില്‍ നിന്നും അകന്നുനിന്നതുമില്ല.

സെമിനാരിക്കാലം മുതലേ ശാന്തസ്വഭാവക്കാരനായിരുന്നു സെബാസ്റ്റ്യനച്ചന്‍ എന്ന് ബാച്ചുകാരനായ ഫാ. സിറിയക് കോട്ടയരുകില്‍ സാക്ഷ്യപ്പെടുത്തുന്നു. ആരുമായും അദ്ദേഹത്തിന് ഒരു പ്രശ്‌നങ്ങളുമില്ലായിരുന്നു. കാര്യങ്ങളെ സൂക്ഷ്മമായി മനസിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം സമയമെടുത്ത് പഠിച്ച് ചെയ്യുന്ന ഒരാളായിരുന്നു സെബാസ്റ്റ്യനച്ചന്‍.

കുമ്പസാരക്കൂടിനെ സ്വര്‍ഗത്തിലേക്കു തുറക്കുന്ന പ്രവേശനകവാടമാക്കിയ തീക്ഷ്ണത നിറഞ്ഞ പുരോഹിതനാണ് സെബാസ്റ്റ്യനച്ചന്‍. കുമ്പസാരക്കൂട്ടില്‍ അനേക മണിക്കൂറുകള്‍ അദ്ദേഹം ചെലവഴിച്ചിരുന്നു. ഏതൊക്കെ ആശ്രമങ്ങളില്‍ ആയിരുന്നോ, അവിടെയും സമീപമുള്ള ഇടവകകളിലുമെല്ലാം അജപാലനദൗത്യം അദ്ദേഹം അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിച്ചിരുന്നു. അജപാലന ആവശ്യവുമായി ആരെങ്കിലും സമീപിച്ചാല്‍ എപ്പോഴും തയ്യാറായിരുന്നു അച്ചന്‍. അദ്ദേഹത്തില്‍ നിന്ന് ആത്മീയതയുടെ പ്രകാശം സ്വീകരിക്കാന്‍ അനേകരാണ്. പൗരോഹിത്യത്തിന്റെ ആദ്യകാലം മുതല്‍ ആരോഗ്യം നഷ്ടമാകാന്‍ തുടങ്ങിയ കാലം വരെ അദ്ദേഹം ക്രിസ്തുവിന്റെ തീക്ഷ്ണതയേറിയ അജപാലകനായിരുന്നു.

പഠിക്കാനും പഠിപ്പിക്കാനും താല്‍പര്യമുള്ളയാളായിരുന്നു സെബാസ്റ്റ്യനച്ചന്‍. ഛത്തീസ്ഗഡിലെ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നതും കരിമ്പാനി കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്നതും കോമ്പയാര്‍ സ്‌കൂളിലെ മാനേജര്‍ ആയിരുന്നതും അതാണ് വെളിപ്പെടുത്തുന്നത്. അച്ചന്റെ മരണം അറിഞ്ഞ ഒരു കോമ്പയാറില്‍ നിന്നുള്ള ഒരാള്‍ സോഷ്യല്‍ മീഡിയായില്‍ ഇങ്ങനെ എഴുതി:

“ഒന്നിച്ചിരുന്നു പഠിക്കാന്‍ ഒരു വാതിലും തുറക്കാത്ത കാലത്ത് പാവനമായ വിദ്യാലയത്തിന്റെ വാതിലുകള്‍ സ്‌നേഹത്തോടെ തുറന്നുതന്ന് കോമ്പയാര്‍ നിവാസികളായ ചെറുപ്പക്കാരെ സര്‍ക്കാര്‍ ജോലിക്ക് പഠിക്കുന്നതിനും ജോലി നേടുന്നതിനും അവസരമുണ്ടാക്കിത്തന്ന സ്‌നേഹനിധിയായ പിതാവ്. ഒരിക്കലും മറക്കില്ല ഞങ്ങള്‍.”

മറ്റൊരാള്‍ ഇങ്ങനെ കുറിച്ചു:

“കോമ്പയാര്‍ പ്രദേശത്തുള്ള യുവാക്കള്‍ക്ക് പി.എസി.സി പഠനത്തിന് എല്ലാ അവസരവും ഒരുക്കിത്തന്ന ഒരു നല്ല വൈദികന്‍.”

ഈ വാക്കുകളിലൂടെ പൂവത്തിങ്കലച്ചന്‍ ജനങ്ങള്‍ക്ക് ആരായിരുന്നുവെന്നും അവര്‍ എങ്ങനെ അച്ചനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നും മനസിലാക്കാന്‍ സാധിക്കും. താന്‍ ചെയ്ത കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ മുമ്പില്‍ വച്ച് പറയുകയോ, അതിന്റെ പേരില്‍ എന്തെങ്കിലും മേന്മ നടിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല.

അച്ചനൊപ്പം ഏഴു വര്‍ഷങ്ങള്‍ കാലടി ആശ്രമത്തില്‍ താമസിച്ച ഫാ. സൈജു തുരുത്തിയില്‍ പൂവത്തിങ്കലച്ചനെ ഓര്‍മ്മപ്പെടുത്തുന്നത് ഇപ്രകാരമാണ്:

“നിശബ്ദതയുടെ ആചാര്യന്‍, ആവശ്യമില്ലാത്ത ഒരു വാക്ക് പോലും സംസാരിക്കാത്തയാള്‍, ദാരിദ്ര്യചൈതന്യത്തില്‍ ജീവിച്ച പുരോഹിതന്‍, ഒരിക്കലും സമൂഹപ്രാര്‍ത്ഥന മുടക്കാത്ത സന്യാസി, ഒരുക്കത്തോടെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികന്‍, കൃത്യസമയത്ത് ഭക്ഷണം, വ്യായാമം, ജോലി എന്നിവ എല്ലാ ദിവസവും നിര്‍വ്വഹിച്ചിരുന്ന സമൂഹാംഗം, ഒരു പരാതികളും ഒരിക്കലും പറയാത്തയാള്‍, ആരെക്കുറിച്ചും കുറ്റം പറയാത്ത വ്യക്തിത്വം, ആരെയും ബുദ്ധിമുട്ടിക്കാത്ത മനുഷ്യസ്‌നേഹി, നമ്മള്‍ വിഷമങ്ങള്‍ പറയുമ്പോള്‍ മുഴുവനും നിശബ്ദമായി കേട്ടുകൊണ്ടിരിക്കുന്ന സ്‌നേഹസമ്പന്നനായ പിതാവ് – ഇതായിരുന്നു ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍.”

ഒരിക്കലും പരാതി പറയാത്ത, ആരെയും കുറ്റപ്പെടുത്താത്ത വിശുദ്ധനായ വൈദികനായിരുന്നു അദ്ദേഹം. കാസാ ഫ്രത്തേലിയില്‍ സെബാസ്റ്റ്യനച്ചന്റെ സൂപ്പീരിയര്‍ ആയിരുന്ന ഫാ. തോമസ് പുല്ലാട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

“അദ്ദേഹം സമൂഹത്തില്‍ ഒരിക്കല്‍പ്പോലും പരാതി പറയുകയോ, മറ്റൊരളുടെ കുറ്റം പറയുകയോ ചെയ്തിട്ടില്ല. ആഡംബരജീവിതമോ, അധികം സാധനങ്ങളോ അച്ചന് ഇല്ലായിരുന്നു. ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളും മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു രീതിയില്‍ പറഞ്ഞാല്‍ ശൂന്യമായ മുറിയാണ് അദ്ദേഹത്തിന്റേത്. തന്റെ ആവശ്യങ്ങള്‍ക്കായി സഭയെ ബുദ്ധിമുട്ടിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. രോഗവും വേദനയും മൂര്‍ച്ഛിച്ച കാലത്തും തന്റെ വേദനയോ, അസ്വസ്ഥതയോ സെബാസ്റ്റ്യനച്ചന്‍ പ്രകടിപ്പിച്ചിട്ടില്ല. നിശബ്ദമായി എല്ലാം സഹിച്ചു. ഭക്ഷണത്തെക്കുറിച്ചോ, വസ്ത്രത്തെക്കുറിച്ചോ, മരുന്നിനെക്കുറിച്ചോ, ആശുപത്രിയെക്കുറിച്ചോ, ചികിത്സിച്ചവരെക്കുറിച്ചോ, വേദനയെക്കുറിച്ചോ ഒരു പരാതിയും ഒരിക്കലും പറഞ്ഞിട്ടില്ല. സഹിക്കാന്‍ പറ്റാത്ത വേദന അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ മുഖത്തിനു വരുന്ന മാറ്റത്തില്‍ നിന്നായിരുന്നു. അതുപോലും ഞങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ അച്ചന്‍.”

അവസാനകാലത്ത് അച്ചനെ ശുശ്രൂഷിച്ച ഫാ. വിപിന്‍ ചേറാടിക്കും ഫാ. ജോബി തെക്കേടത്തിനും ബ്ര. എബിന്‍ പുത്തന്‍കളത്തിനും ബ്ര. ഡിനോ പെരുമ്പാത്രക്കും ബേബിച്ചന്‍ വേലിക്കകത്തിനും റ്റിബിന്‍ അഗസ്റ്റിനും മധുസൂദനന്‍ കെ.എ-ക്കും പറയാനുള്ളത് ഇതു തന്നെയാണ്.

“സഹനങ്ങളെ ഇത്രമാത്രം നിശബ്ദമായി ഏറ്റെടുക്കുന്ന യാതൊരു വിധത്തിലുമുള്ള നിഷേധാത്മക പ്രതികരണവും നടത്താത്ത, എല്ലാറ്റിനോടും പൂര്‍ണ്ണമായും സഹകരിക്കുന്ന, നിഷ്‌കളങ്കനായ ഒരു വൈദികന്‍. അദ്ദേഹത്തെപ്പോലെ ഞങ്ങള്‍ മറ്റാരെയും കണ്ടിട്ടില്ല.”

സെബാസ്റ്റ്യന്‍ പൂവത്തിങ്കലച്ചന് സംസാരിക്കാനോ, ചലിക്കാനോ സാധിക്കാതിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച ജോര്‍ജ് കരിന്തോളിലച്ചന്‍, വി. പത്രോസിനെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞു: “ശരീരത്തില്‍ പീഡനമേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍ ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍ പാപത്തോട് വിട വാങ്ങിയിരിക്കുന്നു” (1 പത്രോസ് 4:1). “ഈശോ കുരിശില്‍ കിടന്ന് സഹിച്ചതുപോലെ അച്ചന്‍ സ്വന്തം ശയ്യയില്‍ കിടന്നു സഹിക്കുന്നു. ഈ സഹനം രക്ഷാകരമാണ്. തന്റെ കുരിശിലെ സഹനത്തില്‍ പങ്കാളിയാകാനാണ് ഈശോ നമ്മുടെ പൂവത്തിങ്കലച്ചനെ വിളിച്ചിരിക്കുന്നത്.” മറ്റുള്ളവരുടെ പാപങ്ങള്‍ക്കു പരിഹാരമായാണ് പൂവത്തിങ്കലച്ചന്‍ ഈ സഹനം ഏറ്റുവാങ്ങുന്നതെന്നും അച്ചന്‍ അന്ന് പ്രാര്‍ത്ഥിച്ചിട്ടു പറഞ്ഞിരുന്നു.

‘തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്’ എന്ന് സങ്കീര്‍ത്തകന്‍ പറയുന്നു (സങ്കീ. 116:15). ഈ നീതിമാന്റെ മരണവും കര്‍ത്താവിന്റെ സന്നിധിയില്‍ അമൂല്യമാണ്. മാസങ്ങളോളം തീവ്രമായ സഹനത്തില്‍ക്കൂടി കടന്ന്, ഉയിര്‍പ്പു ഞായറാഴ്ച ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കര്‍ത്താവിന്റെ സന്നിധിയിലേക്ക് കടന്നുപോയ സെബാസ്റ്റ്യന്‍ പൂവത്തിങ്കലച്ചന്‍ ദൈവത്തിന് ഏറ്റവും പ്രിയമുള്ള ആളാണ് എന്നത് തീര്‍ച്ചയാണ്.

പ്രാര്‍ത്ഥനയുടെ മനുഷ്യന്‍, നിശബ്ദനായ ദിവ്യകാരുണ്യ പ്രേഷിതന്‍, തീക്ഷ്ണതയുള്ള മിഷനറി, നിഷ്‌കളങ്കനായ സന്യാസി, ആരെയും കുറ്റം പറയാത്ത നന്മ നിറഞ്ഞ വൈദികന്‍ എന്നൊക്കെ നമുക്ക് സെബാസ്റ്റ്യന്‍ പൂവത്തിങ്കലച്ചനെ അടയാളപ്പെടുത്താം. അദ്ദേഹം നടന്ന വഴികള്‍ വിശുദ്ധിയുടേതായിരുന്നു. അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ധന്യമായിരുന്നു, അദ്ദേഹം ഏറ്റെടുത്ത സഹനങ്ങള്‍ മറ്റുള്ളവര്‍ക്കായിരുന്നു.

സഹനത്തിന്റെ കടല്‍ താണ്ടി കടന്നുപോയി ഈ നിഷ്‌കളങ്കനായ, നിശബ്ദനായ, നീതിനിഷ്ഠനായ ജേഷ്ഠസഹോദരന്‍ നമുക്ക് വഴിയും വിളക്കുമാണ്.

എം.സി.ബി.എസ് സന്യാസ സമൂഹത്തിന് സെബാസ്റ്റ്യനച്ചനെ നല്‍കിയ പൂവത്തിങ്കല്‍ കുടുംബത്തിന് നന്ദിയും സര്‍വ്വശക്തനായ ദൈവത്തിനു മഹത്വവും.

ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ!

ഫാ. ജോര്‍ജ് കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.