ബലക്ഷയം മൂലം നിലത്ത് ഉറയ്ക്കാത്ത കാലുകൾ; ഇന്ന് ബലിപീഠത്തിൽ ഉറച്ച ഹൃദയവുമായി വൈദികൻ

ജന്മനാ ബലക്ഷയമുള്ള കാലുകളുമായാണ് ഡോൺ ജനിച്ചത്. ചികിത്സകൊണ്ട് പ്രയോജനമില്ലായെന്ന് ഡോക്ടർമാർ വിധിയെഴുതി. ഒരിക്കലും ഒരു സാധാരണ ജീവിതം തനിക്ക് സാധ്യമല്ലെന്ന് ഡോണും ഉറപ്പിച്ചു. എന്നാൽ ദൈവത്തിന് ഡോണിനെ കുറിച്ച് ഒരു പദ്ധതി ഉണ്ടായിരുന്നു. അദ്ദേഹം ഇന്ന് ഫാ. ഡോണാണ്. ഈ വൈദികന്റെ ജീവിത വഴികളിലൂടെ.

1979 നവംബർ 10- ന് കാറ്റൻസാരോയിലാണ് ഡോൺ ഫ്രാൻസെസ്കോ ക്രിസ്റ്റോഫാരോ ജനിച്ചത്. അദ്ദേഹത്തിനു ജനനം മുതൽ കാലുകളിൽ ‘സ്പാസ്റ്റിക് പരേസിസ്’ എന്ന രോഗമുണ്ടായിരുന്നു. ഈ രോഗമുള്ളവരുടെ കാലുക്കൾക്ക് ബലക്ഷയമുണ്ടാകും. അങ്ങനെ വരുമ്പോൾ സാധാരണ മനുഷ്യരെ പോലെ വേഗത്തിൽ നടക്കാനോ, കഠിന ജോലികൾ ചെയ്യുവാനോ ഇവർക്കു സാധിക്കില്ല.

സാധാരണക്കാരായ ഡോണിന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ മകന്റെ രോഗത്തിന്റെ പേര് വളരെ വിചിത്രമായി തോന്നി. അദ്ദേഹത്തിന്റെ പിതാവ് ഒരു മരപ്പണിക്കാരനും അമ്മ ഒരു കുടുംബിനിയുമായിരുന്നു. അവർ തങ്ങളുടെ മകനെ പല ഡോക്ടർമാരെയും കാണിച്ചു. പലരും ആശ്വാസ വാക്കുകൾ പറഞ്ഞതല്ലാതെ മകന്റെ രോഗാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടായില്ല.

ഡോണിന് തന്റെ രോഗാവസ്ഥയെ സ്വയം അംഗീകരിക്കാൻ തന്നെ വർഷങ്ങൾ എടുത്തു. തനിക്ക് മറ്റുള്ളവരെ പോലെ ജീവിക്കാൻ കഴിയില്ലെന്ന ചിന്ത അവനെ വല്ലാതെ അലട്ടി. കൂട്ടുകാർ കളിക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നതുകാണുമ്പോൾ അവൻ ആരും കാണാതെ വിതുമ്പി. കൂട്ടുകാർ പോലും പല തവണ കളിയാക്കുന്ന സാഹചര്യവും ഡോണിന്ന് നേരിടേണ്ടി വന്നു.

ഡോൺ അങ്ങനെ പരിശുദ്ധ കന്യകാമാതാവിനോട് മാധ്യസ്ഥം പ്രാർത്ഥിക്കാൻ തുടങ്ങി. “തന്നെ സുഖപ്പെടുത്തണേ” എന്ന് തന്നെയായിരുന്നു നിഷ്കളങ്കമായി ഡോൺ പ്രാർഥിച്ചത്. എന്നാൽ അവനു സൗഖ്യം ലഭിച്ചില്ല. പിന്നീടുള്ള അവന്റെ പ്രാർത്ഥന ഒരു പരാതി ഉയർത്തലായിരുന്നു. എന്തുകൊണ്ടാണ് തന്നെ സുഖപ്പെടുത്താത്തതെന്ന് അവൻ മാതാവിനോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. താനൊരു മോശം കുട്ടിയായതു കൊണ്ടാണോ എന്ന് പോലും കുട്ടിയായിരിക്കുമ്പോൾ അവൻ സംശയിച്ചു.

ഒരിക്കൽ ഒരു രാത്രിയിൽ അവൻ മറ്റു കുട്ടികളെ പോലെ നടക്കുകയും കളിക്കുകയും ചെയ്യുന്നതായി സ്വപ്നം കണ്ടു. സുഖപ്പെടാനുള്ള അവന്റെ ആഗ്രഹത്തെ ഈ സ്വപ്നം വല്ലാതെ വർദ്ധിപ്പിച്ചു. ഒരിക്കൽ പരിശുദ്ധ കന്യക ഒരു അമ്മയുടെ വാത്സല്യത്തോടെ തന്നെ കൈപിടിച്ചു ഈശോയിലേക്ക് നടത്തുന്നതായി അവന് പ്രാർത്ഥനയിൽ അനുഭവപെട്ടു.

തനിക്ക് സൗഖ്യം ലഭിച്ചിരിക്കുന്നതായി ഡോൺ അപ്പോൾ തിരിച്ചറിഞ്ഞു. പക്ഷേ സൗഖ്യം ലഭിച്ചത് അവന്റെ ശരീരത്തിനല്ലായിരുന്നു പിന്നെയോ അവന്റെ മനസ്സിനായിരുന്നു. താൻ രോഗിയാണ്, ബലഹീനനാണ് എന്ന അവന്റെ ചിന്തകൾക്കാണ് പരിശുദ്ധ അമ്മ സൗഖ്യം നൽകിയത്. താൻ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണം ആണെന്ന് അവൻ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് അവനിൽ സന്തോഷം നിറച്ചു. അങ്ങനെ ഡോൺ തന്റെ ജീവിതത്തോട് പതിയെ പൊരുത്തപ്പെട്ട് തുടങ്ങി. പതിയെ അവനിൽ ആത്മവിശ്വാസം നിറഞ്ഞു. അങ്ങനെ ഒരു വൈദികനാകണം എന്ന ആഗ്രഹത്തെയും സാക്ഷാത്കരിക്കാൻ ഡോണിനായി.

ഇന്ന് ഡോൺ ഒരു വൈദികനാണ്. “എന്റെ കാലുകൾ ഇപ്പോഴും ഇടയ്ക്കിടെ ഇടറും. പക്ഷേ എന്റെ ഹൃദയം ഉറച്ചതും ദൈവത്തോടുള്ള എന്റെ സ്നേഹം ശക്തവുമാണ്”- ഫാ. ഡോൺ പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.