വിശുദ്ധ കുർബാനയെ പ്രണയിച്ച് പൗരോഹിത്യത്തിലേക്ക് നടന്നടുത്ത യുവ വൈദികൻ

മക്കളുടെ ദൈവവിളിയിൽ മാതാപിതാക്കളുടെ പങ്ക് എന്താണെന്നുള്ള ചോദ്യം വളരെ പ്രസക്തമാണ്. അതിനുള്ള ഉത്തരമാണ് സെയ്ൻ ലാംഗൻബ്രണ്ണർ എന്ന നവ വൈദികന്റെ ജീവിതം. ശനിയാഴ്ച തിരുപ്പട്ടം സ്വീകരിച്ച് കർത്താവിന്റെ പൗരോഹിത്യത്തിലേക്ക് നടന്നടുത്ത ഈ യുവ വൈദികന്റെ കണ്മുൻപിൽ ഇന്ന് തെളിയുന്നത്, കുഞ്ഞുനാൾ മുതൽ അമ്മ കാണിച്ചുകൊടുത്ത സക്രാരിയിലെ ക്രിസ്തുവാണ്. ഇതൊരു സാക്ഷ്യമാണ്. സക്രാരിയിലെ ക്രിസ്തുവിനെ കാണിച്ചുകൊടുത്ത അമ്മയുടെയും അമ്മ കാട്ടിക്കൊടുത്ത ക്രിസ്തുവിനെ പ്രാണനോട് ചേർത്തുവച്ച നവ വൈദികന്റെയും ജീവിതസാക്ഷ്യം.

ഈ ശനിയാഴ്ചയാണ് 29-കാരനായ സെയ്ൻ ലാംഗൻബ്രണ്ണർ വൈദികപട്ടം സ്വീകരിച്ചത്. “എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. വളരാനുള്ള പല വഴികളും യേശുവിന്റെ തിരുഹൃദയത്തോട് അനുരൂപപ്പെടാൻ ഇനിയും ബാക്കിയുണ്ട്” – ഈ യുവവൈദികൻ പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ തന്റെ വിളിയോടുള്ള തീക്ഷ്ണത നിറയുന്നു.

ഇന്ത്യാന സംസ്ഥാനത്തിലെ മിഷാവക പട്ടണത്തിൽ ഒരു കത്തോലിക്കാ കുടുംബത്തിലാണ് സെയ്ൻ ജനിച്ചത്. വിശ്വസികളുടെ സമൂഹത്താൽ ചുറ്റപ്പെട്ട ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അമ്മ കുഞ്ഞുസെയ്നുമായി പള്ളിയിൽ പോയിരുന്നു. മറ്റു കുട്ടികളെപ്പോലെ ദേവാലയത്തിനു പുരത്ത് കളിക്കാനും മറ്റുമായി ഓടിനടന്നിരുന്ന ദിനങ്ങൾ. ഒരിക്കൽ അതിന് അനുവദിക്കാതെ ‘അമ്മ കുഞ്ഞുസെയ്നെ ചേർത്തുനിർത്തി അവന്റെ ചെവിയിൽ പതിയെ പറഞ്ഞു: “നോക്കൂ സെയ്ൻ, എല്ലാ ഞായറാഴ്ചയും നമ്മൾ കുർബാനക്ക്  വരുമ്പോൾ ആ അൾത്താരയിൽ ഒരു അത്ഭുതം സംഭവിക്കുന്നു.” അന്നു മുതൽ ആ അൾത്താരയിൽ സംഭവിക്കുന്ന അത്ഭുതത്തെ അവൻ വീക്ഷിക്കാൻ തുടങ്ങി. അമ്മയുടെ ആ വാക്കുകൾ ആ ബാലൻ ജീവനോട് ചേർത്തുവച്ചു.

അതിനു ശേഷം സെയ്ന് വിശുദ്ധ കുർബാനയോട് ആഴത്തിലുള്ള ഒരു സ്നേഹം ഉണ്ടായതായി അദ്ദേഹത്തിന്റെ പിതാവും വെളിപ്പെടുത്തുന്നു. “വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവന് ഇഷ്ടമായിരുന്നു. കുർബാനയിൽ പാട്ടുകളും മറ്റും തന്റെ കളിപ്പാട്ട കീബോർഡ് ഉപയോഗിച്ച് വായിക്കാൻ അവൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും അവനെ ഒരു വൈദികൻ ആകുക എന്ന തീരുമാനത്തിലേക്ക്  എത്തിക്കുമെന്ന് കരുതിയിരുന്നില്ല.”

വളർച്ചയുടെ പാതയിൽ അതീവഭക്തനായിട്ടല്ല സെയ്ൻ നടന്നിരുന്നത്; കോളേജ് പഠന കാലഘട്ടത്തിൽ അദ്ദേഹത്തിന് ഒരു കാമുകിയും ഉണ്ടായിരുന്നു. എന്നാൽ ആ കാമുകി ഒരിക്കൽ വിട്ടുപോയപ്പോൾ അദ്ദേഹത്തിന് വലിയ വേദന ഉണ്ടായി. ആ വേദനയിൽ നിന്നും മോചനം നേടുന്നതിനായി അടുത്തുള്ള കോൺവെന്റിലെ ചാപ്പലിൽ പോയിത്തുടങ്ങി. അങ്ങനെ ഈശോയുമായി സങ്കടം പങ്കുവയ്ക്കുന്ന ശീലത്തിനിടയിലാണ് ഒരു വൈദികനാകുക എന്ന ആഗ്രഹം സെയ്നിൽ ഉടലെടുത്തത്.

“എന്റെ ജീവിതത്തിലെ പരിവർത്തനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരു സമയത്ത്, വിശുദ്ധ കുർബാനയിൽ നമ്മുടെ കർത്താവിനോടൊപ്പം ചിലവിട്ട പ്രാർത്ഥനയുടെ ആ നിമിഷങ്ങളിലാണ് ഒരു പുരോഹിതനാകാനുള്ള അവിടുത്തെ ക്ഷണം ഞാൻ ആദ്യമായി കേൾക്കുന്നത്. പിന്നീടങ്ങോട്ട് പരിശീലത്തിന്റെ വർഷങ്ങളിൽ തന്നെ നയിച്ചതും ദിവ്യകാരുണ്യ ഈശോയുടെ സ്നേഹമായിരുന്നു” – അദ്ദേഹം വിശദീകരിച്ചു.

കൂടാതെ, എപ്പോഴും ജപമാല ചൊല്ലുകയും എല്ലാവരോടും സ്നേഹത്തോടെ ഇടപെടുകയും ചെയ്യുന്ന മുത്തശ്ശിയും ദൈവവിളിയുടെ പാതയിൽ ഈ നവ വൈദികന് പ്രചോദനമായി. തുടർന്നുള്ള ശുശ്രൂഷാജീവിതത്തിലും ദൈവസ്നേഹത്തെ പുൽകാനും ആ സ്നേഹം അനേകരിലേക്ക് പകർന്നുനൽകാനും കഴിയണേ എന്ന പ്രാർത്ഥനയോടെ യാത്ര തുടരുകയാണ് ഈ നവ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.